2009 ൽ പുറത്തിറങ്ങിയ അമീർ ഖാൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘3 idiot’s’ ആണ് ഞാൻ ആദ്യമായി ഒരു ഡ്രോൺ കാണുന്നത്. സിനിമ കണ്ടുകഴിഞ്ഞപ്പോഴും അത് തന്നെയായിരുന്നു മനസ്സിൽ. സിനിമയിൽ ഒരു കോളേജ് പ്രൊജക്റ്റ് ആയിട്ടാണ് അത് കാണിച്ചതെങ്കിലും അത്തരത്തിൽ ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയതെ ഇല്ല.
അതുമല്ല ഡ്രോൺ എന്നത് സിനിമക്ക് വേണ്ടി സൃഷ്ടിച്ച ഒരു മോഡൽ മാത്രമായിരിക്കും എന്നാണ് ആദ്യമൊക്കെ വിചാരിച്ചത്. എന്നാൽ ഫേസ്ബുക് യൂട്യൂബ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ സംഭവം ശരിക്കും ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. എന്നാലും ഒരെണ്ണം ഉണ്ടാക്കാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അല്ലെങ്കിൽ ഉറപ്പായും കോളേജിൽ അവസാന വർഷ പ്രൊജക്റ്റ് അത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാൻ ഉറപ്പായും ഒന്ന് ശ്രമിച്ചേനെ.
എന്തായാലും അതിനു യോഗം ഉണ്ടായത് വർഷങ്ങൾക്ക് ശേഷമാണ്, അതും ഇലക്ട്രോണിക്സ് പോലെ എല്ലാത്തിനോടും ഗുഡ്ബൈ പറഞ്ഞു സോഫ്റ്റ്‌വെയർ രംഗത്തേക്ക് തിരിഞ്ഞു കഴിഞ്ഞ്. ചില ആഗ്രഹങ്ങൾ അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്, നമ്മൾ ഉപേക്ഷിച്ചാലും ഒരു ദിവസം അത് നമ്മളെ തേടി ഇങ്ങോട്ട് വരും.
എന്തായാലും വർഷങ്ങൾക്ക് ശേഷം യാദൃശ്ചികമായി ഒരു ഡ്രോൺ ഉണ്ടാക്കി നോക്കിയാലോ എന്ന കൗതുകത്തിലേക്ക് എന്നെയും എന്റെ സുഹൃത്തായ അരുണിനെയും കൊണ്ട് എത്തിച്ചു. എല്ലാ പാർട്സും വാങ്ങാൻ കിട്ടും. അതെല്ലാം കൂട്ടി പിടിപ്പിച്ചു കുറച്ചു സെറ്റിംഗ്സ് ഉള്ളത് യൂട്യൂബ് നോക്കി ചെയ്താൽ മതി.
അതിൽ ഒരു ത്രില്ല് ഇല്ലാന്ന് തോന്നിയതുകൊണ്ട് സ്വന്തമായി നിർമ്മിക്കാൻ കഴിയുന്നതൊക്കെ അങ്ങനെ ചെയ്യുക ബാക്കി വാങ്ങിക്കുക എന്ന പ്ലാനിൽ എത്തി. അങ്ങനെ കുറച്ചു pvc പൈപ്പും പാഴ്വസ്തുക്കളും ഒക്കെ ഉപയോഗിച്ച് ആദ്യത്തെ ഡ്രോണിന്റെ ബോഡി ഉണ്ടാക്കി, മോട്ടോർ ഉൾപ്പെടെ ബാക്കി എല്ലാം വാങ്ങി അതിൽ പിടിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം ഇത്രയും ആക്രാന്തം കയറി ചെയ്ത വേറെ ഒരു പരിപാടിയും കാണില്ല. അത്രക്ക് സ്പിരിറ്റിൽ ഇരുന്നാണ് ഞങ്ങൾ രണ്ടും കൂടി അത് ഉണ്ടാക്കിയത്. ആദ്യത്തെ ദിവസം തന്നെ സന്ധ്യ ആകാറായപ്പോൾ ഉണ്ടായിരുന്ന soldering iron അടിച്ചു പോയി, അന്ന് തന്നെ പറത്തണം എന്ന ആഗ്രഹത്തിൽ അപ്പോൾ തന്നെ ടൗണിൽ പോയി പുതിയത് മേടിച്ചുകൊണ്ട് വന്നു. ആ പോക്ക് ഒക്കെ എന്തോരം വെപ്രാളം പിടിച്ചു ആയിരുന്നെന്നോ, പറക്കുകയായിരുന്നു.
അങ്ങനെ രാത്രി ആയപ്പോൾ എല്ലാം കഴിഞ്ഞു ആദ്യത്തെ പരീക്ഷണ പറക്കലിന് സമയമായി. വീഡിയോ എടുക്കാൻ ക്യാമറ ഓൺ ആക്കാൻ തുടങ്ങിയതും ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അത് നടന്നു.
സംഭവം ഒറ്റ പൊങ്ങലും, സൈഡിലേക്ക് ഒരു പോക്കും, എന്നിട്ട് ഭിത്തിയിൽ ഇടിച്ചു താഴെ വീണതും എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കി വന്നപ്പോഴേക്കും അത് താഴെ വീണു ഒരു set ബ്ലേഡ് അഥവാ പ്രൊപ്പല്ലർ ഒടിഞ്ഞു പോയിരുന്നു. അപ്പോഴാണ് ആ കാര്യം പിടി കിട്ടുന്നത്. സോഫ്റ്റ്‌വെയർ ചെയ്യുന്നത് പോലെ എളുപ്പമല്ല ഇതുപോലെ ഉള്ള മെക്കാനിക്കൽ ഐറ്റംസ് ടെസ്റ്റ് ചെയ്യുന്നത്.
അതിനുള്ള അന്തരീക്ഷം ഉണ്ടായിരിക്കണം, പാളി പോയാൽ എന്തൊക്ക സംഭവിക്കും എന്നതിന് വ്യക്തത ഉണ്ടാവണം, അതിനുള്ള പ്രധിവിധികളും ഉണ്ടായിരിക്കണം. എന്നിട്ടും ഇതുപോലെ എന്തെങ്കിലും സംഭവിച്ചാൽ പകരം ഘടിപ്പിക്കാൻ spare ആയിട്ട് ഓരോന്നും വേണം. അങ്ങനെ ആദ്യ പരീക്ഷണം അവിടെ തീർന്നു.
ഒരുപക്ഷെ എന്റെ ബോഡി ഡിസൈൻ ശരിയാകാഞ്ഞിട്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നുള്ള സംശയത്തിന്റെ പുറത്ത് ബോഡി കൂടി വാങ്ങിയായി അടുത്ത പരീക്ഷണം. പക്ഷെ അന്നും പറന്നില്ല, യാതൊരു നിയന്ത്രണവും ഇല്ലാതെ തെന്നി തെന്നി നടക്കുകയായിരുന്നു.
വീണ്ടും മോട്ടോർ, ബോഡി ഉൾപ്പെടെ ഒട്ടുമിക്ക ഭാഗങ്ങൾ എല്ലാം മാറ്റി വേറെ വാങ്ങി നോക്കി. ഇത്തവണ ചെറുതായിട്ട് പരീക്ഷണം ഫലം കണ്ടു, നിലത്തുനിന്ന് അൽപ്പം പൊങ്ങി. എന്നാലും നിയന്ത്രിക്കാൻ പറ്റുന്നില്ല.
കൂടുതൽ പരീക്ഷിക്കാൻ അത് മുഴുവൻ അഴിച്ചിട്ടു ഒരിക്കൽ കൂടി ഉണ്ടാക്കി നോക്കണം. ഇതുവരെ പിന്നെ അതിൽ പരീക്ഷിക്കാൻ സമയം കിട്ടാത്തത് കൊണ്ട് എന്റെ മുറിയിൽ ഒരു അലങ്കാര വസ്തുവായി ഇരിക്കുന്നു.
പക്ഷെ ഒരു ഹോബ്ബി എന്നതിൽ കവിഞ്ഞു അതിന് ഒരുപാട് സാദ്ധ്യതകൾ ഉണ്ടെന്നു ഈ കാലയളവിൽ ഞാൻ മനസിലാക്കി. പക്ഷെ അതിൽ ഓരോന്നും പരീക്ഷിച്ചു നോക്കാതെ നമ്മൾക്ക് ഒന്നും പറയാൻ ഒക്കുകയില്ല.