Wall E എന്ന അനിമേഷൻ സിനിമ കണ്ട ആർക്കും അതിലെ നായകനായ സദാസമയവും വിഷണ്ണനായി ഇരിക്കുന്ന കുഞ്ഞൻ റോബോട്ടിനെ മറക്കില്ല. ഭൂമി ഉപേക്ഷിച്ചു മനുഷ്യരെല്ലാം ബഹിരാകാശത്തു താമസം തുടങ്ങിയപ്പോൾ ഭൂമിയിൽ വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുക എന്ന തന്റെ ദൗത്യം നന്നായി നിർവഹിക്കാൻ നോക്കുന്ന റോബോട് ആണ് Wall E.
Artificial Intelligence ഉള്ള റോബോട്ടിനു മറ്റൊരു റോബോട്ടിനോട് പ്രണയം തോന്നുന്നതും തുടർന്ന് മനുഷ്യരുടെ തിരിച്ചു വരവിനു വരെ കാരണമാകുന്ന കുറെ സംഭവവികാസങ്ങളും ഒക്കെ അടങ്ങിയ പടമായിരുന്നു അത്.
ആദ്യമായി കണ്ടപ്പോൾ മുതലേ Wall E ഒന്ന് ഉണ്ടാക്കണം എന്ന് ആഗ്രഹം തോന്നിയിരുന്നു. ചെറുപ്പത്തിൽ അത് നടന്നില്ല, മുതിർന്നപ്പോൾ ഉണ്ടാക്കാൻ പറ്റും പക്ഷെ മടിയായി. പിള്ളേർ ഉണ്ടാക്കുന്നത് ഒക്കെ ഇപ്പോ ഉണ്ടാക്കിയാൽ മോശമല്ലേ എന്ന ചിന്തയിൽ അത് ഉപേക്ഷിച്ചു ഇട്ടിരിക്കുകയായിരുന്നു.
എന്നാൽ പിന്നീട് യൂട്യൂബിൽ ഒരുപാട് ആളുകൾ ഇതിനെ ഉണ്ടാക്കുന്ന വീഡിയോ കാണാൻ ഇടയായി. ഒക്കെ നല്ല പ്രായമുള്ള ആളുകൾ. അങ്ങനെ ലോകത്തുള്ള Wall E ഉണ്ടാക്കുന്നവർ എല്ലാം കൂടി ചേർന്ന Wall E Builders club എന്നൊരു സംഘടന വരെയുണ്ടെന്ന് കണ്ടപ്പോൾ വീണ്ടും ഒരു ആഗ്രഹം തോന്നി.
തുടർന്ന് അതിന് വേണ്ടി ഇന്റർനെറ്റിൽ കുറെ പരതിയപ്പോളാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ നിന്നു ഇത് ആരും ഉണ്ടാക്കിയിട്ടില്ല. അതുകൂടി കണ്ടപ്പോൾ ഭയങ്കര ആവേശമായി. അങ്ങനെ ഇത് ഉണ്ടാക്കണം എന്ന് ആഗ്രഹിച്ചു ഇരിക്കുമ്പോഴാണ് കൊറോണ വന്നു രണ്ടാമത്തെ ലോക്ക്ഡൌൺ വരുന്നത്.
പിന്നെ കൂടുതൽ ഒന്നും നോക്കിയില്ല രണ്ടും കല്പ്പിച്ചു അങ്ങിറങ്ങി.
ഒട്ടും വിചാരിച്ചത് പോലെയായിരുന്നില്ല, ഒത്തിരി complicated ആണ് അതിന്റെ ഡിസൈൻ. എന്നാൽ വെറുതെ നോക്കുമ്പോൾ അങ്ങനെ തോന്നുകയുമില്ല, detailed അയിട്ട് ശ്രദ്ധിക്കുമ്പോൾ മാത്രമേ അതിന്റെ complexity ശ്രദ്ധയിൽ പെടുകയുള്ളു.
എന്തായാലും ഉണ്ടായ ചലഞ്ച് എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അതിൽ ഓരോന്നും കുരുക്ക് അഴിച്ചെടുക്കുമ്പോൾ എന്റെ ആത്മവിശ്വാസം കൂടുന്നത് ശരിക്കും അറിയാൻ കഴിയുന്നുണ്ടായിരിന്നു. അതിലുപരി problem solving skill വർദ്ധിപ്പിക്കാനും ഇതെല്ലാം എന്നേ സഹായിച്ചു.
എന്നാൽ എനിക്ക് ഇതുവരെ പൂർത്തിയാക്കാൻ സമയം കിട്ടിയിട്ടില്ല. വെറുതെ ഒരു മോഡൽ എന്നല്ല, ഒരു വർക്കിങ് മോഡൽ ആയിട്ടാണ് ഞാൻ ഇതിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പൂർത്തിയായാൽ മൊബൈൽ ആപ്പ് വഴി നിയന്ത്രിക്കാൻ കഴിയും. ചില കാര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞു ചെയ്യിക്കാനും പദ്ധതിയുണ്ട്.
ഇപ്പോൾ ഞാൻ ഒഫീഷ്യൽ ആയി Wall E builders ക്ലബ്ബിൽ അംഗം കൂടിയാണ്.
ഒരിക്കലും പിള്ളേർ കളിയാണ് അല്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നെല്ലാം കരുതി നമ്മുടെ ഒരു ആഗ്രഹത്തെയും മാറ്റി വയ്ക്കരുത്. അത് ചെയ്യുമ്പോൾ കിട്ടുന്ന fun, മനസ്സുഖം, പറഞ്ഞാൽ തീരാത്ത ഒരുപാട് വികാരങ്ങൾ എല്ലാം നമ്മുടെ ഉള്ളിലൂടെ കടന്നു പോകുന്നത് അറിയാൻ കഴിയും.
ഏതെങ്കിലും രീതിയിൽ അത് നമ്മളെ ഇമ്പ്രൂവ് ചെയ്യാൻ സഹായിക്കും. അതുകൊണ്ട് ഉറപ്പിച്ചു പറയട്ടെ ഒരു ആഗ്രഹവും ചെറുതല്ല, ഒന്നിന്റെയും സമയം കഴിഞ്ഞിട്ടില്ല, അതിന്റെ സമയം ഇപ്പോഴാണ്.
നിർമ്മിക്കാൻ തുടങ്ങിയത് ഹോബി എന്ന നിലയിൽ മാത്രം ആണെങ്കിലും ഇത്രയും ആയി കഴിഞ്ഞപ്പോൾ കൂടുതൽ ആശയങ്ങൾ ലഭിക്കുന്നുണ്ട്.റോബോട്ടിനെ ജീവൻ വയ്പ്പിക്കാനും കൂടുതൽ പരീക്ഷങ്ങൾ നടത്താനും എന്റെ കമ്പനി ആയ Infusions Global Pvt Ltd ഈ റോബോട്ടിനെ ഏറ്റെടുത്തിട്ടുണ്ട്.