എന്റെ രണ്ട് സംരംഭങ്ങൾ പരാജയപ്പെട്ടു നിന്ന അവസ്ഥയിൽ നിന്ന് കരകയറാൻ ഒരുപാട് സഹായിച്ച ഒരു പ്രൊജക്റ്റ്‌ ആയിരുന്നു My Parish Diary.

എല്ലാ കത്തോലിക്കാ പള്ളികളിലും വർഷവർഷങ്ങളിൽ ഡയറക്ടറി പുസ്തക രൂപത്തിൽ പ്രിന്റ് ചെയ്തു ഇറക്കുന്ന പതിവുണ്ട്. ചില വർഷങ്ങളിൽ ഇടവക ജനങ്ങളുടെ മുഴുവൻ വിവരങ്ങൾ അടങ്ങിയ വലിയ ഡയറക്ടറികളും ഇത്തരത്തിൽ ഇറക്കാറുണ്ട്.

ഓരോ കുടുംബങ്ങളുടെ പേരും അംഗങ്ങളുടെ ഫോട്ടോകളും മറ്റും അടങ്ങിയ ഇത്തരം ഡയറക്ടറി പക്ഷെ ചിലവ് ഏറിയ ഒന്നാണ്. മാത്രമല്ല ഒരിക്കൽ പ്രിന്റ് ചെയ്താൽ പിന്നീട് എന്തെങ്കിലും അപ്ഡേറ്റ് ചെയ്യുക എന്നത് സാധ്യവുമല്ല. ഉദ്ദേശം എട്ട് പത്തു ലക്ഷം രൂപ മുടക്കി ഇറക്കുന്ന ഈ ഡയറക്ടറി ഒരു വർഷം കഴിയുമ്പോൾ തന്നെ ഉപയോഗശൂന്യമാകും.

ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ഒരു ഓൺലൈൻ ഡയറക്ടറി എന്തുകൊണ്ട് നിർമ്മിച്ചുകൂടാ എന്ന ചിന്ത എനിക്ക് വരുന്നത്. എപ്പോൾ വേണമെങ്കിലും എന്ത്‌ വിവരങ്ങൾ വേണമെങ്കിലും കൂട്ടി ചേർക്കുകയോ തിരുത്തുകയോ ചെയ്യാം.

അങ്ങനെ ഒരു ഇടവകയ്ക്ക് വേണ്ടി ഡയറക്ടറി നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അതിലേക്ക് ഒരുപാട് കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ എനിക്ക് കഴിഞ്ഞു. ഇടവകയിലെ അറിയിപ്പുകളും വാർത്തകളും പെരുന്നാൾ പോലെയുള്ള വിശേഷ അവസരങ്ങളുടെ വിവരങ്ങളും അതുപോലെ ഇടവകയുടെ ചരിത്രവും മറ്റ് വിവരങ്ങളും ഉൾപ്പെടുത്തിയാൽ ഉപകരിക്കും എന്ന് തോന്നി.

അടുത്തതായി ഇത് ഒരു ഇടവകയ്ക്ക് മാത്രമല്ല എത്ര ഇടവക വേണമെങ്കിലും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പോർട്ടൽ ആക്കി മാറ്റാൻ കഴിയും എന്ന ആശയം കിട്ടി.

അതിന് ശേഷമാണ് ഒരു മൊബൈൽ ആപ്പ് കൂടെ ഇതിന്റെ ഭാഗം ആകുകയാണെങ്കിൽ കുറേകൂടി കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് മനസിലായി. ഉദാഹരണം ഓഡിറ്റോറിയം ബുക്ക്‌ ചെയ്യാനുള്ള സൗകര്യം, ബ്ലഡ്‌ ബാങ്ക്, പ്രാർഥന സഹായം അഭ്യർത്ഥിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങൾ അതിലേക്ക് കൂട്ടിച്ചേർക്കാൻ കഴിഞ്ഞു.

ഈ പ്രൊജക്റ്റ്‌ ഒരുപാട് വേദികളിൽ അവതരിപ്പിക്കുകയും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തതാണ്. ഏതാണ്ട് മുഴുവനായി തന്നെ ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും ചില കാരണങ്ങളാൽ പദ്ധതി നടപ്പിലാക്കാൻ കഴിഞ്ഞില്ല.

അതിൽ ഒന്ന് ഇതേ സമയത്ത് തന്നെ സീറോ മലബാർ സഭയുടെ ഔദ്യോഗിക ആപ്പ് പുറത്തിറങ്ങാൻ പോകുന്നു എന്ന് അറിയിപ്പ് കിട്ടി. അതിൽ ഇത്രയും ഫീച്ചർ ഇല്ലായെന്ന് മാത്രമല്ല ഒരുപാട് പോരായ്മകൾ കൂടെ ഉണ്ടായിരുന്നു. പക്ഷെ അവരുടെ മുന്നിൽ അന്ന് അത് അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.

അടുത്തതായിട്ട് ഇങ്ങനെ ഒരു പോർട്ടൽ വികസിപ്പിക്കാൻ വേണ്ടി വരുന്ന ചിലവ് എത്രയെന്നോ അത് എങ്ങനെ ഉണ്ടാക്കുമെന്നോ ഒന്നും അന്നെനിക്ക് അറിവുണ്ടായിരുന്നില്ല. ഒരു വിശ്വാസി എന്ന നിലയിൽ പള്ളികളിൽ കയറി ഇത് വിൽക്കാൻ ശ്രമിക്കുക എന്നത് എനിക്ക് ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.

ഇങ്ങനെ ഒരു ആശയം വികസിപ്പിക്കുക അത് പരമാവധി ഇടങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു എന്റെ ഒരേഒരു ലക്ഷ്യം. അതുകൊണ്ട് തന്നെ ഇത് നിർമ്മിക്കുന്ന സമയങ്ങളിൽ ഒരുപാട് കഷ്ടപ്പെടുക ഉണ്ടായി. നിർമ്മാണത്തിന് വേണ്ടിവരുന്ന തുക ഞാൻ ഉദ്ദേശിച്ചതിലും പത്തിരട്ടി എങ്കിലും വേണ്ടിവരുമായിരുന്നു.

അതിനാൽ തന്നെ ഏതാനും സുഹൃത്തുക്കളുടെ സഹായം കൊണ്ടും സ്വന്തം കയ്യിൽ നിന്ന് മുടക്കിയും ഒക്കെയാണ് നിർമ്മാണം നടത്തിയത്. എന്നാൽ അതിന് ഒരുപാട് സമയം വേണ്ടിവന്നു. ഇങ്ങനെ പല പ്രശ്നങ്ങൾ കാരണം പൂർത്തിയാക്കാൻ പറ്റിയില്ല.

എങ്കിലും ഒരുപാട് പഠിക്കാൻ ഇതിൽ നിന്ന് കഴിഞ്ഞു.

Author

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Write A Comment