എല്ലാ ക്രിസ്തുമസിനും പുതിയതായി എന്തെങ്കിലും ചെയ്യുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ കോളേജ് ഒക്കെ കഴിഞ്ഞു പിന്നെ അങ്ങനെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ട്രാക്ക് തെറ്റി കിടക്കുവാണ് എന്ന ഒരു തോന്നൽ ഉള്ളിൽ ഉണ്ടായാൽ പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ നമ്മൾ മറക്കും. ഇനി മറന്നില്ലെങ്കിലും അതൊന്നും ചെയ്യാൻ ഒരു താല്പര്യവും തോന്നുകയുമില്ല.
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു ട്രാക്കിൽ കയറിയപ്പോൾ പഴയ കാര്യങ്ങൾ ഒക്കെ ഓർമ്മ വന്നു. അങ്ങനെ 2021 ലെ ക്രിസ്തുമസിന് ഉണ്ടാക്കിയതാണ് ഈ പുൽക്കൂട് ഉൾപ്പെടുന്ന സ്റ്റാർ. പുൽക്കൂട് എന്ന് പറയാൻ കഴിയില്ല കാരണം അതിൽ പുല്ല് പോയിട്ട് സാധാരണ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വസ്തുവുമില്ല. എല്ലാം വെളിച്ചവും നിഴലും ഉപയോഗിച്ച് ഉള്ള ഒരു പരിപാടിയാണ്.
ഇതിന്റെ ആശയം എനിക്ക് കിട്ടുന്നത് ഇൻസ്റ്റാഗ്രാമിൽ കണ്ട ഒരു പരസ്യത്തിൽ നിന്നാണ്. ഒരടി പൊക്കമുള്ള അതിനെ എന്റെ അത്രയും ഉയരത്തിൽ എന്റേതായ ശൈലിയിൽ ഉണ്ടാക്കിയതാണ് ഇത്. കാർഡ്ബോർഡ് ഉപയോഗിച്ചിട്ടുള്ള ഒരു പരീക്ഷണം ആയിരുന്നു.
ഈ പരിപാടി ഫ്ലോപ്പ് ആയെന്നു കരുതിയ രണ്ട് പ്രശനങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തെ പ്രശനം നക്ഷത്രം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഒരു ഫിനിഷിങ് കിട്ടുന്നില്ല അതുകൊണ്ട് ഉണ്ടാക്കി കഴിയുമ്പോൾ കാണാൻ വലിയ രസം ഉണ്ടാകില്ല എന്ന എന്റെ തോന്നൽ ആയിരുന്നു. എന്തായാലും ഇത്രയും ആയില്ലേ വെറുതെ ഉണ്ടാക്കി നോക്കാം, ഇനി നന്നായി ഇല്ലെങ്കിൽ ആരെയും കാണിക്കേണ്ട വേറെ കുഴപ്പം ഒന്നുമില്ലല്ലോ എന്ന മറു ചിന്തവഴി അതിനെ നേരിട്ടു.
എന്നിട്ട് ഓരോ ഭാഗങ്ങൾ ഉണ്ടാക്കി കൂട്ടി യോജിപ്പിച്ചു നോക്കി. കുറച്ചു ഭാഗങ്ങൾ പൂർത്തിയായപ്പോൾ ഫിനിഷിങ് അത്ര ഇല്ലെന്ന് ഒന്നും തോന്നുന്നില്ല, കാണാൻ ഒരു ഭംഗിയും ഉണ്ട്. അത്രയും ആയപ്പോൾ പിന്നെ നല്ല ആത്മവിശ്വാസമായി. എന്നാൽ നക്ഷത്രം പൂർത്തിയായി അടുത്തത് പുൽകൂട് ആയിരുന്നു. നക്ഷത്രത്തിന്റെ അളവുകൾക്ക് അനുപാതികമായി പുൽകൂടിന്റെ ഭാഗങ്ങളുടെ അളവുകൾ കണ്ടെത്തുക എന്നത് ഒരു ചലഞ്ച് ആയിരുന്നു.
ഗൂഗിളിൽ നിന്നു ചിത്രങ്ങൾ എടുത്ത് പ്രിന്റ് ചെയ്തു കാർഡ്ബോർഡിൽ ഒട്ടിച്ചിട്ട് അത് മാത്രമായി വെട്ടി എടുക്കുക എന്നതായിരുന്നു എന്റെ പ്ലാൻ. പക്ഷെ വെട്ടി എടുക്കാൻ നോക്കിയപ്പോളാണ് അടുത്ത പൊല്ലാപ്പ്, കട്ടിയുള്ള കാർഡ്ബോർഡ് തീരെ ചെറുതായി വെട്ടി എടുക്കാൻ പറ്റുന്നില്ല. അതോടെ പരിപാടി ഏകദേശം ഉപേക്ഷിച്ചതാണ്.
പിന്നെയും എന്തെങ്കിലും വഴികളുണ്ടോ എന്നൊക്കെ നോക്കിയപ്പോൾ കാർഡ്ബോർഡ് തീരെ കട്ടി കുറഞ്ഞതിൽ ഒന്ന് പരീക്ഷിക്കാൻ തോന്നി, എന്നാലും ഒരു രൂപം വീട്ടിയെടുക്കാൻ ഒരുപാട് സമയം വേണമെന്ന് കണ്ടപ്പോൾ അതും ഉപേക്ഷിച്ചു. പിന്നെ എപ്പഴോ വെറുതെ നോക്കിയപ്പോൾ തുണിക്കടയിൽ നിന്നു കിട്ടിയ പേപ്പർ കൂട് കിടക്കുന്നത് കണ്ടു. അതിനും കാർഡ്ബോർഡിനും ഒരേ കളറാണ്.
വേറെ കളർ വന്നാൽ രാത്രിയിൽ അറിയില്ല പക്ഷെ പകൽ വൃത്തികേട് ആയിരിക്കും. ഇതാകുമ്പോൾ ആ കുഴപ്പമില്ല, കത്രിക ഉപയോഗിച്ച് എളുപ്പത്തിൽ മുറിക്കുകയും ചെയ്യാം. അങ്ങനെ വെറും അര മണിക്കൂർ കൊണ്ട് പുൽകൂടിന്റെ പണി തീർന്നു. കാർഡ്ബോർഡ് വച്ചു കണക്ക് കൂട്ടിയപ്പോൾ ദിവസങ്ങൾ വേണ്ട പണിയായിരുന്നു അത്.
അപ്പോഴും ഇതിന്റെ ഫൈനൽ ലുക്ക് എങ്ങനെ ഉണ്ടായിരിക്കും എന്നറിയില്ല. Warm LED എന്നറിയപ്പെടുന്ന മഞ്ഞ LED വാങ്ങി രാത്രി ആകാൻ കാത്തിരുന്നു. വെറുതെ അലസമായി LED ഇട്ട് സ്റ്റാർ കത്തിച്ചു നോക്കിയപ്പോൾ സംഭവം കൊള്ളാം. പ്രതീക്ഷിച്ചതിലും നല്ല ഭംഗി ഉണ്ടായിരുന്നു.
തടസങ്ങൾ ഉണ്ടായാൽ മറ്റ് വഴികൾ നോക്കുക, നമ്മൾ വിചാരിച്ചതിലും എളുപ്പമുള്ള വഴി അപ്പുറത്തു വേറെ ഉണ്ടായിരിക്കും.