വളരെ നിസാരം എന്ന് തോന്നുന്ന ഒരു ആശയം, അത് പ്രാവർത്തികം ആക്കുവാൻ വേണ്ടി പരിശ്രമിക്കുമ്പോൾ മികച്ച ഒന്നായി പരിണമിക്കും. അതിന്റെ ഒരു ഉദാഹരണമാണ് എന്റെ ഈ പ്രൊജക്റ്റ്. പണ്ട് നമ്മൾ വിശേഷ അവസരങ്ങളിലും പിറന്നാളിനും ഒക്കെ ആശംസകൾ കാർഡുകളുടെ രൂപത്തിൽ അയക്കുമായിരുന്നല്ലോ.
ഫോൺ വന്നതോടെ അതിന്റെ പ്രാധാന്യം കുറഞ്ഞു, മൊബൈൽ ഫോണും sms പിന്നെ സ്മാർട്ട് ഫോണുകൾ കൂടെ ആയപ്പോൾ അങ്ങനെ ഒന്ന് ചരിത്രത്തിലേക്ക് മാഞ്ഞു. എന്നാൽ അത്തരം പഴയ ഒരു ശീലത്തെ കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചു പുതിയ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതാണ് ഈ പ്രോജെക്ടിലൂടെ.
ആദ്യം ഫോട്ടോകൾ വച്ചു പ്രിന്റ് ചെയ്ത ഗ്രീറ്റിങ് കാർഡുകൾ മാത്രമായിരുന്നു. ഒരു eCommerce വെബ്സൈറ്റ് നിർമ്മിച്ചു അതിലൂടെ ആർക്ക് വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും കാർഡുകൾ അയക്കാൻ കഴിയുമായിരുന്നു. ഫോട്ടോ വച്ച കാർഡുകൾ അന്ന് പുതുമയുള്ള ആശയം ആയിരുന്നത് കൊണ്ട് കാർഡ് കിട്ടുന്നവർക്കെല്ലാം കൂടുതൽ സന്തോഷം ഉണ്ടാകുമായിരുന്നു.
കാർഡ് കിട്ടിയ ആൾക്ക് പിന്നീട് മറ്റൊരാൾക്ക് കാർഡ് അയക്കാൻ ഡിസ്‌കൗണ്ട് കൊടുത്തിരുന്നു. ആദ്യം കസ്റ്റമർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾ സോഫ്റ്റ്‌വെയർ തനിയെ കാർഡിന്റെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ അതിന് കൃത്യത പോരാതെ വന്നപ്പോൾ പിന്നീട് ഡിസൈനർമാർ തന്നെ ചെയ്യുന്ന രീതിയിലേക്ക് മാറ്റിയിരുന്നു.
ആദ്യം കർഡുകൾക്ക് എല്ലാം നല്ല വലിപ്പം ഉണ്ടായിരുന്നു എന്നാൽ എല്ലാവർക്കും അത് ഇഷ്ടപ്പെടുന്നില്ല എന്ന് കണ്ടപ്പോൾ വലിപ്പം കുറഞ്ഞതും കൂടിയതുമായ മൂന്നു മോഡലുകൾ ആക്കി.
കാർഡിൽ നിന്ന് ഫ്രെയിമുകളിലേക്കും, അതിന് ശേഷം ക്യാരിക്കേച്ചർ, പിന്നെ കസ്റ്റമർ പറയുന്ന സന്ദർഭത്തിനു അനുസരിച്ചു തീം ഉണ്ടാക്കി വരച്ചു ചെയ്യുന്ന കൂടുതൽ അഡ്വാൻസ്ഡ് ആയ പ്രൊഡക്ടുകളും ഇതിലേക്ക് കൂട്ടി ചേർക്കാൻ കഴിഞ്ഞു. ഫ്രെയിം തന്നെ പല വിധത്തിൽ ഉള്ളതായി.
അവിടം കൊണ്ടും തീർന്നില്ല ഫോട്ടോ വച്ചിട്ടുള്ള വിവാഹ ക്ഷണക്കത്തുകളും തീം വച്ചിട്ടുള്ളതും എല്ലാം അന്ന് അത്യാവശ്യം നല്ല ഡിമാൻഡ് ഉള്ളവ ആയിരുന്നു.
അതിന്റെയും അടുത്ത പടിയായി ഗിഫ്റ്റ് ബോക്സുകളും, ചെറിയ പാർട്ടി ഇവന്റ് മുതലാവയ്ക്കുള്ള ഡെക്കറേഷൻ കിറ്റുകളും ഒക്കെ ഇതിലേക്ക് കൊണ്ടുവരാൻ ഉള്ള ശ്രമത്തിനിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും എനിക്ക് വെബ്സൈറ്റ് ഉൾപ്പെടെ എല്ലാ പ്രോഡക്റ്റിന്റെയും ഫയലുകൾ നഷ്ടപ്പെടുകയും ചെയ്തു. പിന്നീട് തിരിച്ചു കൊണ്ടുവരുവാൻ പല തവണ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല.
എന്നിരുന്നാലും ഇനിയും സാധ്യത ഉണ്ട്, പക്ഷെ പഴയ രീതിയിൽ ഇനി കൊണ്ടുവന്നിട്ട് കാര്യമില്ല, ഇപ്പോൾ അത്തരം പ്രോഡക്റ്റ് കിട്ടുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. വ്യത്യസ്തത ഉണ്ടെങ്കിൽ എപ്പഴും സാധ്യത ഉള്ള മേഖലയാണ് ഗിഫ്റ്റ് പ്രോഡക്ടസ്.
ഇതിന് തുടക്കം കൊടുക്കുമ്പോൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ഒരു ചെറിയ ആശയം ആണെങ്കിൽ കൂടെ അതിനെ പടിപടിയായി നമ്മൾക്ക് വളർത്തി മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ കഴിയും. ചിന്തിച്ചു കൊണ്ട് മാത്രം അതിന്റെ എല്ലാ വശങ്ങളും കാണാൻ കഴിയണമെന്നില്ല. പ്രവർത്തിച്ചു തുടങ്ങുമ്പോൾ ആയിരിക്കും കൂടുതൽ കാര്യങ്ങൾ കാണാൻ കഴിയുക.