ഫേസ്ബുക്കിൽ എഴുതാൻ തുടങ്ങി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു ചിന്ത പോയത് എഴുതുന്നത് എല്ലാം മറ്റ് എവിടെയെങ്കിലും കൂടി സൂക്ഷിച്ചു വയ്ക്കണം എന്ന്. മാത്രമല്ല പേജിൽ നിന്ന് പഴയ എഴുത്തുകൾ കണ്ടുപിടിക്കുക എന്നതും പ്രയാസമുള്ള കാര്യമാണ്. മിക്കവാറും ആരെങ്കിലും സംശയങ്ങൾ ചോദിച്ചു മെസ്സേജ് അയക്കുമ്പോൾ പണ്ട് എഴുതിയ ഏതെങ്കിലും പോസ്റ്റിൽ അതിന് ഉത്തരം ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൊടുത്താൽ എളുപ്പമാണ്.
ബ്ലോഗ് ആയാൽ ഇതിനെല്ലാം പരിഹാരം ആകുമെന്ന് കരുതി അങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കാൻ ആരംഭിച്ചതാണ് 2 വർഷങ്ങൾ കൊണ്ട് ഈ രൂപത്തിൽ എത്തിയത്.
എഴുതിയതെല്ലാം ബ്ലോഗിൽ വെറുതെ പബ്ലിഷ് ചെയ്ത് വച്ചിരിക്കുകയായിരുന്നു ഇതുവരെ. എന്നാലും എന്തോ ഒരു കുറവ് ഉണ്ടല്ലോ എന്ന് തോന്നൽ ഉണ്ടായിരുന്നു. 2019ൽ എഴുതി തുടങ്ങുമ്പോൾ പ്രിത്യേകിച്ചു ലക്ഷ്യങ്ങൾ ഒന്നും ഇല്ലായിരുന്നു. എഴുതിയതിനു എല്ലാം നല്ല പ്രതികരണങ്ങൾ കിട്ടുന്നത് കാണുമ്പോൾ ഒരു മനസുഖം. 2020 ലും 2021ലും നല്ല ഉഴപ്പായിരുന്നു. എന്തെങ്കിലും ഒക്കെ ഇടക്ക് ഇടും.
എന്നാൽ 2022 ആരംഭിച്ചപ്പോൾ മുതൽ നന്നായിട്ട് എഴുതി തുടങ്ങി. അതിന് കാരണം എനിക്ക് ഒരു ലക്ഷ്യബോധം ഉണ്ടായി എന്നതാണ്. അങ്ങനെയാണ് ഈ ബ്ലോഗ് കൊണ്ട് കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു തുടങ്ങിയത്.
ഇതിനിടയിൽ തന്നെ ഒരു നാലഞ്ച് പ്രാവിശ്യം എങ്കിലും പലപ്പോഴായി ഡിസൈൻ ഒക്കെ പൊളിച്ചു പണിതിരുന്നു. ബ്ലോഗിൽ വെറുതെ ഇട്ടാൽ പോര എല്ലാം അടുക്കി പെറുക്കി ഒന്ന് ഓർഡറിൽ ആക്കി വച്ചാൽ മാത്രമേ പുതിയതായി കയറുന്ന ഒരാൾക്ക് എളുപ്പത്തിൽ ആവശ്യമുള്ളത് വായിക്കാൻ കഴിയു എന്ന് മനസിലായപ്പോൾ വീണ്ടും മുഴുവൻ പൊളിച്ചു പണിയുകയാണ് ചെയ്തത്.
അങ്ങനെ ഇന്ന് കാണുന്ന രൂപത്തിൽ എത്തി. എഴുത്തുകൾ മാത്രമല്ല അതിൽ കൂടുതലായി എന്ത് ചെയ്യാൻ കഴിയും എന്ന ആലോചനയിൽ നിന്നാണ് മറ്റ് സേവനങ്ങളും പ്രൊജക്ടുകൾ ഐഡിയ എന്നിവ കൂടി ഇതിലേക്ക് കൂട്ടി ചേർക്കുന്നത്. കൂടാതെ ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണം എങ്കിൽ ഒരുപാട് ചിലവുകൾ ആവശ്യമാണ്. അതിനുള്ള തുകയും ഈ വെബ്സൈറ്റ് വഴി തന്നെ കണ്ടെത്തണം എന്ന് തോന്നിയപ്പോൾ അതിനുള്ള വഴികളും കണ്ടെത്തി.
രണ്ട് വർഷം മുൻപ് ബ്ലോഗ് ആരംഭിച്ചപ്പോൾ ഇതൊന്നും എന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു. ചെറുതെങ്കിലും ഓരോ ചുവടുകൾ വച്ചപ്പോൾ പുതിയ സാദ്ധ്യതകൾ കാണാൻ കഴിഞ്ഞു. അങ്ങനെ ഇവിടെ വരെ എത്തി, ഇവിടെ നിന്ന് നോക്കുമ്പോൾ വീണ്ടും ഓരോന്ന് കാണാൻ കഴിയുന്നുണ്ട്.
പതിയെ അവ ഓരോന്നും നടപ്പിലാക്കാൻ ശ്രമിക്കണം. വെറുതെ എഴുതി തുടങ്ങിയ ബ്ലോഗ് ഇന്ന് ഒരു വരുമാന മാർഗ്ഗം കൂടിയാണ്. പലരും അന്ന് എന്നോട് പറഞ്ഞിരുന്നു വീഡിയോ ആയി ചെയ്യാനും യൂട്യൂബ് ചാനൽ തുടങ്ങാനും. എന്നാൽ എനിക്ക് അതിനോട് താല്പര്യം തോന്നിയിരുന്നില്ല. ഒന്ന് എനിക്ക് വിഡിയോ ചെയ്യാൻ അറിയില്ല, വെറുതെ അതിന് വേണ്ടി സമയം കളയേണ്ട എന്ന് തോന്നി. കാരണം എന്റെ ലക്ഷ്യം അതല്ലല്ലോ.
എന്നാൽ മറ്റൊരു വഴിയിലൂടെ അതിന് തുല്യമായ ഒരു അവസ്ഥയിലേക്ക് എത്താൻ എനിക്ക് കഴിഞ്ഞു. എന്തായാലും മൂന്ന് വർഷത്തെ എന്റെ അധ്വാനം വെറുതെ ആയില്ല, ഇത് ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു.