കോളേജ് കഴിഞ്ഞു നിൽക്കുന്ന സമയത്താണ് ഒരു കൂട്ടുകാരൻ adsense എന്ന ഗൂഗിളിന്റെ പദ്ധതിയെപ്പറ്റി പറയുന്നത്. അവനു സിനിമയുടെ വാർത്തകളും നടിമാരുടെ ചിത്രങ്ങളും മറ്റും ഇടുന്ന ഒരു വെബ്സൈറ്റ് ഉണ്ട്.
കുറച്ചു വർഷങ്ങൾ ആയിട്ട് അതിൽ നിന്ന് അവനു വരുമാനവും ഉണ്ടെന്ന് കേട്ടതോടെ എനിക്ക് വലിയ ആവേശമായി. ആ സമയം അറിയാമല്ലോ, എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കുക എന്ന് മുട്ടി നിൽക്കുന്ന സമയമാണ്. ആദ്യമെ വെബ്സൈറ്റ് ഒന്നും വേണ്ട ഗൂഗിളിന്റെ തന്നെ ബ്ലോഗ്ഗർ എന്ന അപ്ലിക്കേഷൻ ഉപയോഗിച്ചാൽ മതിയെന്ന ഉപദേശവും അവൻ തന്നു.
ആ ഇടയ്ക്ക് തന്നെ ലക്ഷങ്ങൾ ഉണ്ടാക്കുന്ന ബ്ലോഗ്ഗർമാരെ പറ്റിയും ലേഖനങ്ങൾ വായിക്കാൻ ഇടയായി. പക്ഷെ എന്ത് എഴുതും എന്നൊന്നും ഒരു പിടിയുമില്ല. ആകെ കയ്യിൽ ഉള്ളത് പലപ്പോഴായി ഉണ്ടാക്കിയ ചില വസ്തുക്കളാണ്.
കോളേജിൽ ചെയ്ത പ്രൊജക്റ്റും മറ്റുമൊക്കെ ഇട്ട് ബ്ലോഗ് ആരംഭിച്ചു. 2-3 പോസ്റ്റ് ഇട്ടതിനു ശേഷം പിന്നീട് ഇടാൻ കയ്യിൽ ഒന്നുമില്ല. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് പഠിച്ചു എന്നല്ലാതെ സ്വന്തമായി circuit ഉണ്ടാക്കാനോ ഒന്നും അറിയില്ല. എന്നാലും എന്റെ ചായ്‌വ് മുഴുവൻ അങ്ങോട്ട് ആയിരുന്നു.
അറിയില്ലെങ്കിലും ഭാവനയിൽ നിന്നെല്ലാം കുറച്ചു circuit ഞാൻ ഉണ്ടാക്കി. അങ്ങനെ കുറച്ചു content ആയപ്പോൾ adsens അക്കൗണ്ട് കിട്ടാൻ അപേക്ഷ കൊടുത്തു. അന്ന് അത് കിട്ടാൻ വലിയ പാടാണ്. അതിന്റെ തീരുമാനം വരാൻ മാസങ്ങൾ എടുക്കും എന്നറിഞ്ഞപ്പോൾ എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. പിന്നീട് അത് നോക്കാതെയായി.
കുറച്ചു മാസങ്ങൾ കഴിഞ്ഞു വെറുതെ ഒന്ന് നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി അതിനും കുറെ നാളുകൾ മുന്നേ തന്നെ എനിക്ക് adsense അക്കൗണ്ട് കിട്ടിയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല കുത്തിയിരുന്ന് കുറെ content ഉണ്ടാക്കി ഇട്ടു.
പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ അതിൽ നിന്ന് വരുമാനം ഉണ്ടായില്ല. ഏതാണ്ട് രണ്ട് വർഷങ്ങൾ കൊണ്ട് 50$ ആയി. പക്ഷെ 100$ എങ്കിലും ഇല്ലാതെ നമ്മൾക്ക് അയച്ചു കിട്ടില്ല.
ആ സ്ഥിതിക്ക് പോയാൽ വീണ്ടും രണ്ട് വർഷം കൂടി വേണ്ടിവരും എന്ന് തോന്നിയപ്പോൾ ഒരു വെബ്സൈറ്റ് ആക്കിയാലോ എന്ന് തോന്നി. അങ്ങനെ circuitsmania.com എന്ന പേരിൽ ഒരു വെബ്സൈറ്റ് ആരംഭിച്ചു എല്ലാം അങ്ങോട്ട് പറിച്ചു നട്ടു.
പക്ഷെ അത് വലിയ ഒരു അബദ്ധം ആയിരുന്നു. ബ്ലോഗ്ഗർ ഗൂഗിളിന്റെ തന്നെ ആയിരുന്നത് കൊണ്ടു കുറച്ചു ആളുകൾ എങ്ങനെ ഒക്കെയോ അതിലേക്ക് വരുമായിരുന്നു. എന്നാൽ വെബ്സൈറ്റ് ആക്കിയപ്പോൾ ഒരാൾ പോലും വരാതെയായി. അപകടം മനസിലാക്കിയ ഞാൻ എല്ലാം പഴയത് പോലെ തന്നെയാക്കി.
പക്ഷെ അതും ഏറ്റില്ല. പിന്നെ ആ ബ്ലോഗ് ഉപേക്ഷിച്ചു. ഇപ്പോഴും 97.47$ ആ അക്കൗണ്ടിൽ കിടക്കുന്നതായി കാണാം. എന്നാലും അതിലെ പോസ്റ്റുകൾ ഒക്കെ ഇപ്പോൾ നോക്കിയാൽ വൻ തമാശയാണ്.
myfreetimehobbies.blogspot.in
ഇവിടെ ഇപ്പോഴും ആ ബ്ലോഗ് ആക്റ്റീവ് ആണ്..
അന്നത് പരാജയപ്പെടാൻ ഉള്ള കാരണം ഒന്ന് കാശിനു വേണ്ടി മാത്രം ചെയ്ത കാര്യമാണ്. എന്തെങ്കിലും ഒക്കെ ചെയ്തു തട്ടി കൂട്ടുക എന്നതിന്റെ അപ്പുറം അതിൽ ചെയ്യേണ്ട കാര്യത്തെ പറ്റി എനിക്ക് ശ്രദ്ധ ഉണ്ടായിരുന്നില്ല. ഇത്തിരി കഷ്ടപ്പെട്ടിട്ട് ആയിരുന്നെങ്കിലും ക്വാളിറ്റി ഉള്ള content ഉണ്ടായിരുന്നെങ്കിൽ റിസൾട്ട് ഉണ്ടായേനെ.
അവിടെ എന്റെ ഫോക്കസ് പണത്തിൽ ആയിരുന്നു. നേരെ മറിച്ചു ഇഷ്ടപ്പെട്ട കാര്യത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ അതുവഴി പണം ലഭിക്കുമായിരുന്നു.
പിന്നെ വേണ്ടത്ര അറിവുകൾ ഇല്ലായിരുന്നു. വെബ്സൈറ്റ് നല്ല ആശയമാണ് പക്ഷെ അതിലേക്ക് എങ്ങനെ ആളുകളെ കൊണ്ടുവരണം എന്ന് അറിയില്ലായിരുന്നു. ഇനി കൊണ്ടുവന്നാൽ തന്നെ നല്ല content ഇല്ലാത്തത് കൊണ്ട് ഫലം ഒന്നും ലഭിക്കില്ല.
ഇഷ്ടപ്പെട്ട കാര്യം ചെയ്യുമ്പോൾ പണം ഉണ്ടാകുന്നത് നല്ലതാണ്. പക്ഷെ പണം മാത്രമാണ് ലക്ഷ്യം എങ്കിൽ അത് ഗുണം ചെയ്യില്ല.