നമ്മുടെ നാട്ടിൽ ഒരുപാട് പേര് വീട്ടിൽ ഇരുന്നു നല്ല നല്ല കേക്ക് ഉണ്ടാക്കി വിൽക്കുന്നുണ്ട്. നമ്മൾ അറിയാത്തവരും ഉണ്ട്, അത് മാത്രമല്ല അവരുടെ അടുത്ത് എത്ര തരം വെറൈറ്റി ഉണ്ടെന്നും അതിന്റെ വിലയും എല്ലാം അറിയണേൽ എല്ലാവരെയും വിളിച്ചു ചോദിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. അവരുടെ പേജിലും മറ്റും പട്ടിക ഉണ്ടെങ്കിലും അത് പഴയത് ആകുമ്പോൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാനും കഴിയില്ല.
ഇങ്ങനെ കേക്ക് വിൽക്കുന്നവരെ എല്ലാം കൂട്ടി ചേർത്ത് ഒരു പോർട്ടൽ ഉണ്ടാക്കിയാൽ ഓർഡർ ചെയ്യുന്നവർക്ക് മാത്രമല്ല കേക്ക് ഉണ്ടാക്കുന്നവർക്കും ഗുണമുണ്ട്. ഒന്ന് അവർക്ക് കൂടുതൽ കച്ചവടം കിട്ടുന്നു. അടുത്തത് അവരെല്ലാം തന്നെ ഓർഡർ കിട്ടുമ്പോൾ എവിടെയെങ്കിലും എഴുതി വയ്ക്കുക ആണ് പതിവ്. അവർക്ക് ബുക്കിങ് സ്വീകരിക്കാൻ ഒരു ആപ്പ് കൂടി ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്.
ആരും കേക്ക് ഒത്തിരി ദിവസം മുന്നേ ഒന്നും ഉണ്ടാക്കില്ല, മിക്കവാറും തലേ ദിവസം ആയിരിക്കും ഉണ്ടാക്കുക, ഒരുപാട് ഓർഡർ ഉണ്ടെങ്കിൽ ചിലത് മറന്നു പോകാൻ സാധ്യത ഉണ്ട്. ആപ്പ് ആകുമ്പോൾ അലെർട് ഒക്കെ ഉണ്ടാകും, അതുകൊണ്ട് എല്ലാം കൃത്യമായി നിർമ്മിച്ചു നൽകാൻ കഴിയും. പിന്നെ വരവ് ചിലവ് കണക്കുകൾ എല്ലാം ട്രാക്ക് ചെയ്യാനും ഇത് ഉപകരിക്കും.
ഇൻകം മോഡൽ ആയി ഓരോ സെയിലിന്റെയും കമ്മീഷൻ അല്ലെങ്കിൽ മാസ വരിസംഖ്യ എന്ന രീതിയിൽ പ്ലാൻ ചെയ്യാവുന്നതാണ്. ഡെലിവറി ഒക്കെ അവർ തന്നെ നടത്തുകയോ അല്ലെങ്കിൽ അതിനും കൂടി ഒരു സംവിധാനം ഒരുക്കുകയോ ചെയ്യാം. അതായത് ഓരോ പ്രദേശത്തെ പാർട്ട് ടൈം ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇതിൽ ഡെലിവറി പാർട്ണർ ആകാവുന്ന രീതിയിൽ.
എന്തായാലും നിലവിൽ കേക്ക് വിൽക്കുന്നവർ എല്ലാം ഏതെങ്കിലും രീതിയിൽ ഡെലിവറി ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മൾ അങ്ങനെ ഒരു ഫീച്ചർ നൽകിയില്ലെങ്കിലും കുഴപ്പമില്ല. ഹോട്ടൽ ഡെലിവറി പോലെ അല്ലല്ലോ ഇത്.