MVD പുതിയ ക്യാമറ റോഡിൽ മുഴുവൻ വയ്ക്കുന്നു എന്ന് കണ്ടപ്പോൾ എന്റെ ഒരു സുഹൃത്ത് മെസ്സേജ് അയച്ചതാണ് അതിനെ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു ആപ്പ് നിർമ്മിക്കാൻ. തുടർന്ന് അതും കുറച്ചു ആശയങ്ങളും കൂട്ടി ചേർത്ത് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടതും ഒരുപാട് നെഗറ്റീവ് കമന്റ് ലഭിക്കുക ഉണ്ടായി.
നിലവിൽ അത്തരം ആപ്പുകൾ ഉണ്ടെന്നും പിന്നെ ഈ ആപ്പ് നിയമം ലംഘിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ആണെന്നും ഒക്കെയായിരുന്നു അത്. നിലവിൽ അത്തരം ആപ്പുകൾ കാണുമെന്നു എനിക്ക് അറിയാമെങ്കിലും വീണ്ടും ഒരെണ്ണം ഉണ്ടാക്കിയാൽ സാധ്യത ഉണ്ടെന്ന് തോന്നാൻ രണ്ട് കാരണങ്ങൾ ആണ് ഉള്ളത്. അതിലൊന്ന് നിലവിൽ എന്ത് ഉണ്ടെങ്കിലും അതിനേക്കാൾ മികച്ച ഡിസൈനും യൂസർ എക്സ്പീരിയൻസ്, അതായത് ഉപയോഗിക്കാൻ ഉള്ള എളുപ്പവും, ഉണ്ടെങ്കിൽ പുതിയ ആപ്പിന് സാധ്യത ഉണ്ട്.
അടുത്തത് വെറുതെ ക്യാമറ കണ്ടുപിടിക്കുക എന്നതല്ല ഈ ആപ്പിന്റെ ഉദ്ദേശം, അത് ആളുകളുടെ ശ്രദ്ധ കിട്ടാൻ വേണ്ടി മുന്നിൽ തൂക്കി ഇട്ടിരിക്കുന്ന ഒരു പരസ്യ ബോർഡായി മാത്രം കണ്ടാൽ മതി.
നമ്മൾ എല്ലാവരും ഇടക്ക് എങ്കിലും മറ്റു ജില്ലകളിലേക്ക് ഒക്കെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ ചുറ്റുപാട് കഴിഞ്ഞാൽ പിന്നെ പരിചയം ഉള്ള കടകളും, വർക്ക്‌ഷോപ്പ്, പെട്രോൾ പമ്പ് എന്നിവയെല്ലാം കണ്ടെത്തുക ഇത്തിരി ബുദ്ധിമുട്ടാണ്.
ടയർ പഞ്ചർ ആയാലോ ബ്രേക്ക്‌ഡൌൺ ആയാലോ, നല്ല ഹോട്ടൽ, ടോയ്ലറ്റ് എന്നിവയൊക്കെ കണ്ടെത്താനും ആരെയെങ്കിലും ആശ്രയിക്കണം. ഗൂഗിൾ ഒരു പരിധിവരെ സഹായിക്കും, എന്നാലും അതിന്റെ പ്രധാന ഉദ്ദേശം അത് അല്ലാത്തത് കൊണ്ട് പരിമിതികൾ ഉണ്ട്. ഇത്തരത്തിൽ ഒരു ദൂര യാത്രയിൽ നമ്മൾക്ക് വേണ്ടതെല്ലാം കാണിച്ചു തരുന്ന ഒരു ആപ്പ് ആണ് എന്റെ മനസ്സിൽ തോന്നിയത്.
അതും ഫസ്റ്റ് ലെവൽ ചിന്തയാണ്. ഞാൻ നടപ്പാക്കിയ ആശയങ്ങൾ എല്ലാം അതും കഴിഞ്ഞു ഒരു പത്തോ പന്ത്രണ്ടോ അതിൽ കൂടുതലും സ്റ്റേജ് കഴിഞ്ഞപ്പോൾ ആണ് നല്ല ആശയമായി രൂപപ്പെട്ടത്. ഇത് സ്റ്റേജ് ഒന്നിൽ ആണെങ്കിൽ കൂടി അത്യാവശ്യം നല്ലതാണെന്നു എനിക്ക് തോന്നുന്നു.
ഇൻകം മോഡൽ, വരിസംഖ്യ ഒന്നും വച്ചാൽ ആളുകൾ എടുക്കില്ല, അല്ലെങ്കിൽ എന്തെങ്കിലും പ്രീമിയം ഫീച്ചർ കിട്ടാനായി വാർഷിക വരിസംഖ്യയും, പിന്നെ പരസ്യങ്ങളും ഒക്കെ നല്ല മാർഗ്ഗമാണ്. നല്ല ബിസിനസ്കൾക്ക് സ്പെഷ്യൽ പ്രൊമോഷൻ നൽകാനും ആപ്പ് ഉപയോഗിക്കാം.
ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന് കേൾക്കുന്നുണ്ട്, ഇനിയും കൂടുതൽ എണ്ണം വരാൻ പോകുകയാണ് എന്നും കേൾക്കുന്നു. ക്യാമറ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ ആപ്പിന് ബാക്കിയുള്ള ഉപയോഗങ്ങൾ കൊണ്ട് തന്നെ നല്ല സാധ്യത ഉണ്ട്. ഇനി ക്യാമറ ഉണ്ടെങ്കിലും നിയമം ലംഘിക്കാൻ നമ്മൾ ആരെയും പ്രോത്സാഹിപ്പിക്കില്ല.
മറ്റ് നാടുകളിൽ ചെല്ലുമ്പോൾ ഏത് റോഡിലൂടെ എത്ര വരെ സ്പീഡിൽ പോകാം എന്നൊന്നും നമ്മൾക്കു അറിയില്ലല്ലോ, അതിനൊന്നും മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഇല്ല. അത്തരം സന്ദർഭങ്ങളിൽ അബദ്ധത്തിൽ ഫൈൻ അടിക്കുന്നത് ഒഴിവാക്കാൻ മാത്രമാണ് ഈ ആപ്പ് സഹായിക്കുക. സ്ഥിരമായി ഓവർസ്പീഡ് എടുത്ത് ക്യാമറ ഉള്ള സ്ഥലം എത്തുമ്പോൾ മാത്രം സ്പീഡ് കുറക്കുന്നവരെ ആപ്പിന് തിരിച്ചറിയാൻ കഴിയും. അവരെ ഒരു രീതിയിലും സഹായിക്കേണ്ട ആവശ്യവുമില്ല.
ഓർക്കുക 80 കിലോമീറ്റർ ആണ് സ്പീഡ് ലിമിറ്റ് എങ്കിൽ, 81 ൽ പോകുന്നവനും 120 ൽ പോകുന്നവനും നമ്മുടെ നാട്ടിൽ ഒരേ ഫൈൻ ആണ്. ഈ ആപ്പ് ആ 81ലും 82ലും അറിയാതെ പോകുന്ന ഹതഭാഗ്യന്മാരെ മാത്രം ഉദ്ദേശിച്ച് ഉള്ളതാണ്.