എന്റെ അടുത്ത് വന്ന അന്വേഷണത്തിൽ നിന്ന് കിട്ടിയ സ്പാർക് വികസിപ്പിച്ചതാണ് ഈ ആശയം. സ്വന്തമായി ഫാം ഉള്ളവർ ഒക്കെ ഈ രീതിയിൽ പാല് ബ്രാൻഡ് ചെയ്തു ആപ്പ് ഒക്കെ ഉപയോഗിച്ച് ആളുകൾക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. എന്നാൽ അതിൽ കൂടുതൽ സാധ്യത ഉള്ള ഒരു മേഖല ആണിത്.
സ്വന്തമായി ഫാം വേണമെന്ന് പോലും നിർബന്ധമില്ല. ഈ പ്രോജെക്ടിൽ 2-3 മൊബൈൽ ആപ്പുകൾ സോഫ്റ്റ്‌വെയർ എന്നിവ ആവശ്യമാണ്. പാല് തരാൻ കഴിവുള്ളവരുടെ ഒരു ലിസ്റ്റ്, ആവശ്യക്കാരുടെ ലിസ്റ്റ്, എത്തിച്ചു കൊടുക്കാൻ വണ്ടിയുള്ള ആളുകളുടെ ലിസ്റ്റ്, ഇവർക്കെല്ലാം ഓരോ മൊബൈൽ ആപ്പ് പിന്നെ ബിസിനസ് ചെയ്യുന്ന ആൾക്ക് എല്ലാം മാനേജ് ചെയ്യാൻ ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എന്ത് വേണമെങ്കിലും ആകാം.
ഗുണം എന്താണെന്ന് വച്ചാൽ പാല് എല്ലാ ദിവസവും ആവശ്യം ഉള്ളതാണെങ്കിലും ചിലപ്പോൾ അളവിൽ വ്യത്യാസം വരാം. അത് വാങ്ങിക്കുന്നവർ കൂടുതൽ വാങ്ങിയാലും കുറവ് വാങ്ങിയാലും പ്രശനമാണ്. അതുപോലെ ഉദ്ദേശിച്ച അത്രയും പാൽ സംഭരിക്കാൻ കഴിഞ്ഞില്ലെങ്കിലും ബിസിനസിനെ ബാധിക്കും.
പാൽ വാങ്ങിക്കുന്നവർ ഉപയോഗിക്കുന്ന ആപ്പിൽ ആവശ്യം എത്രയെന്നു മാറ്റി കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. അടുത്ത ദിവസം കൂടുതൽ വേണമെങ്കിൽ അല്ലെങ്കിൽ കുറവ് മതി, ഇനി രണ്ട് ദിവസത്തേക്ക് സ്ഥലത്തില്ല പാൽ വേണ്ട എന്നുണ്ടെങ്കിൽ എല്ലാം വളരെ എളുപ്പമായി ആപ്പിൽ മാർക്ക് ചെയ്യാം. അതിനനുസരിച്ചു ഓരോ മാസത്തെ ബിൽ എത്ര എന്നുള്ള കാര്യങ്ങൾ എല്ലാം ആപ്പിൽ തന്നെ ഉണ്ടായിരിക്കും. പണം അടക്കാനുള്ള സൗകര്യവും ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്.
ഇനി പാൽ കൊണ്ടുപോയി കൊടുക്കാൻ പോകുന്ന ആൾക്ക് പ്രവർത്തനം വളരെ എളുപ്പത്തിൽ ആക്കാൻ ഇതേപോലെ ആപ്പ് ഉപയോഗിക്കാം. ഓരോ വീട്ടിലേക്ക് ഉള്ള വഴി ഉൾപ്പെടെ അവിടെ ഓരോ ദിവസവും കൊടുക്കേണ്ട പാലിന്റെ അളവും എല്ലാം ആപ്പിൽ കാണിക്കും. അതുകൊണ്ട് തന്നെ വണ്ടി ഓടിക്കാൻ അറിയുന്ന ആരെ വേണമെങ്കിലും ഈ ജോലി എളുപ്പത്തിൽ ഏൽപ്പിക്കാൻ പറ്റും.
പാൽ തരുന്ന ഫാം ഉള്ളവർക്കും ഇത്തരത്തിൽ ആപ്പ് ഉപയോഗിച്ച് ഓരോ ദിവസവും കിട്ടിയ പാലിന്റെ അളവ് രേഖപ്പെടുത്താം. അതുപോലെ ഇതുവരെ കൊടുത്ത മുഴുവൻ പാലിന്റെ അളവും കിട്ടാനുള്ള തുകയും തുടങ്ങി എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.
ഇനി ബിസിനസ് മാനേജ് ചെയ്യുന്ന ആൾക്ക് ഇങ്ങനെ പാലിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ഒന്നും മെനക്കെട് ഉണ്ടാകുന്നില്ല. എളുപ്പത്തിൽ മാനേജ് ചെയ്യാം. ഏറ്റവും തലവേദന ഉണ്ടാക്കുന്ന കണക്ക് ഒക്കെ നിസാരമായി മാനേജ് ചെയ്യാം. കിട്ടേണ്ട തുക കൊടുക്കാൻ ഉള്ളത്, ഇതുവരെ ഉള്ള വരവ് ചിലവ്, ലാഭം തുടങ്ങി മുഴുവൻ വിവരങ്ങളും വിരൽതുമ്പിൽ ലഭിക്കും.
ടെക്നോളജി എങ്ങനെ ഉപയോഗിക്കാം എന്ന് മാത്രമാണ് ഇവിടെ ഞാൻ പറഞ്ഞത്. അതിൽ കൂടുതലായി കുറെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉണ്ട്. ഒരു ഏരിയയിൽ എത്ര വീടുണ്ട് അവിടെ ആരാണ് പാൽ കൊടുക്കുന്നത്, എത്ര രൂപയ്ക്കാണ് അവർ വാങ്ങുന്നത് തുടങ്ങിയ കാര്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കണം.
പിന്നെ നമ്മുടെ ചിലവുകൾ, ഡെലിവറി ചെയ്യാൻ പോകുന്ന ആളുടെ ചിലവ് ഉൾപ്പെടെ ലാഭം കിട്ടാൻ എത്ര വീടുകളിൽ എത്ര ലിറ്റർ കൊടുക്കണം അത് അവിടെ നടക്കുമോ തുടങ്ങി ഒരുപാട് സാധ്യത പഠിച്ചതിന് ശേഷം വേണം ഈ ആശയം പ്രാവർത്തികം ആക്കുവാൻ.
ഇനി ഒരു പ്ലാൻ ലാഭകരം അല്ലെങ്കിൽ മറ്റൊരു മോഡൽ ഉണ്ടാക്കാൻ ശ്രമിക്കണം. ഉദാഹരണം ഡെലിവറി സ്വയം ഏറ്റെടുക്കുക.