ആപ്പ് ഒന്നും വേണ്ടാത്ത ഒരു നാടൻ ഐഡിയ പറയാം. ഒരുപക്ഷെ പല സ്ഥലങ്ങളിലും ഇപ്പോഴേ നടക്കുന്നത് ആയിരിക്കാം എന്നാലും എന്റെ അറിവിൽ ഇല്ലാത്തത് കൊണ്ട് എനിക്ക് ഇതൊരു പുതിയ ആശയമാണ്.
മുട്ടകൾക്ക് എന്നും നല്ല ഡിമാൻഡ് ഉള്ളവയാണ്. ഇടയ്ക്ക് ചൈന മുട്ട ഇറങ്ങി എന്നെല്ലാം ഒരുപാട് പ്രചാരണങ്ങൾ നടന്നിരുന്നു. ഇന്നും അതിന് ഒരു വ്യക്തത ഉണ്ടായിട്ടില്ല. എന്തായാലും നല്ല നാടൻ മുട്ടകൾക്ക് ആവശ്യക്കാരുണ്ട്. ഒരു പ്രദേശത്ത് താമസിക്കുന്ന പത്തോ ഇരുപതോ അതിൽ കൂടുതലോ ആയ വീടുകളെ കൂട്ടിച്ചേർത്തു ചെയ്യാൻ പറ്റുന്ന ഒരു ബിസിനസ് ആണിത്.
എല്ലാവരുമായി ഒരു ധാരണയിൽ എത്തി എല്ലാ വീടുകളിലും കോഴി വളർത്താൻ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുക. അമ്പത് വീട്ടിൽ കൂട് സ്ഥാപിച്ചു കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റയും നൽകുക. ഇത് പല രീതിയിൽ ചെയ്യാം, ഇതിനുള്ള ചിലവ് മുഴുവൻ ബിസിനസ് ചെയ്യുന്ന ആൾ തന്നെ വഹിച്ചിട്ട് മേൽനോട്ടം ഓരോ വീടുകൾക് നൽകുക. അപ്പോൾ ലാഭവിഹിതം അവർക്ക് കുറച്ചു കൊടുത്താൽ മതി.
അല്ലെങ്കിൽ പപ്പാതി ചിലവുകൾ എടുക്കാം, അതുമല്ലെങ്കിൽ മുഴുവൻ ചിലവും ഓരോ വീട്ടുകാർ തന്നെ എടുക്കുകയോ ചെയ്യാം. അതെല്ലാം ബിസിനസ് മോഡലിനെ ആശ്രയിച്ചു ഇരിക്കും. എല്ലാ വീട്ടിൽ നിന്നും സ്ഥിരമായി മുട്ട ശേഖരിച്ചു വിൽപ്പന ചെയ്യുക എന്നതാണ് ഉദ്ദേശം. ഇതിന്റെ കൂടെ തന്നെ ഇതേ രീതിയിൽ വേറെയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും.
ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം, ഒരുപാട് സ്ഥലം സ്വന്തമായി ആവശ്യമില്ല. ജോലിക്ക് ആളെ ആവശ്യമില്ല, കൂടുതൽ പരിചരണം കോഴികൾക്ക് കിട്ടും, ഓരോ വീട്ടുകാർക്ക് ആവശ്യമുള്ള മുട്ടയും കിട്ടും കൂടുതൽ ഉള്ളവ വിൽക്കാൻ വേണ്ടി കഷ്ടപ്പെടേണ്ട കാര്യവുമില്ല.
ഒരു സംശയം തോന്നാൻ സാധ്യതയുണ്ട്. ഉദാഹരണം പതിനയ്യായിരം രൂപ മുടക്കി കൂട് വച്ചു കോഴിയെ വളർത്താൻ എന്തിനാണ് നമ്മളുടെ സഹായം അത് അവർക്ക് തനിയെ ചെയ്യാവുന്നത് അല്ലേ ഉള്ളു.
ഓർക്കുക ഇതൊരു കമ്മ്യൂണിറ്റി മൂവേമെന്റ് ആണ്. നമ്മൾ ഒരു 100 വീട്ടിൽ പോയാൽ അവർ എല്ലാം നമ്മുടെ കൂടെ നിന്നുകൊള്ളണം എന്നില്ല, വ്യത്യസ്ത രീതിയിൽ ആയിരിക്കും ഓരോരുത്തരും ചിന്തിക്കുക. ചിലപ്പോൾ ഒരു 30 പേര് ആയിരിക്കും നമ്മുടെ കൂടെ നിൽക്കാൻ തയ്യാറാകുന്നത്. ഒരു ജനറൽ രീതി അങ്ങനെയാണ്.
ഓർക്കുക എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കാര്യം തന്നെയാണ് എന്നാലും ആ വഴിക്ക് ചിന്തിച്ചിട്ടില്ലാത്ത കുറെ പേരുണ്ടാകും, 20 കോഴിയെ വളർത്തിയാലും അതിന്റെ മുട്ട വിൽക്കാൻ നടക്കാൻ ഉള്ള മടികൊണ്ട് ചെയ്യാതിരിക്കുന്ന ആളുകൾ ഉണ്ടാകാം അങ്ങനെ പലവിധ കാരണങ്ങൾ കാണും. ഇതിനെല്ലാം പരിഹാരം കണ്ടെത്തുക എന്നതാണ് നമ്മുടെ പ്രധാന അജണ്ട.
കൂട്, കോഴി, തീറ്റ ഇതൊന്നും വാങ്ങാൻ പോകാൻ മെനക്കേടാതെ വെറുതെ ഒരു തുക, ഉദാഹരണം പതിനയ്യായ്യിരം, നിക്ഷേപിക്കുക ദിവസവും കോഴിക്ക് തീറ്റ കൊടുക്കുക, വേറൊന്നും അറിയേണ്ട മാസമാസം ഒരു തുക കയ്യിൽ കിട്ടും ഈ രീതിയിൽ അവരുടെ മുന്നിൽ അവതരിപ്പിച്ചു അവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ആളുകൾ കൂടെ നിൽക്കാൻ താല്പര്യപ്പെടും.
മുട്ടയുടെ വില, ദിവസവും ശേഖരിക്കാൻ പോകുന്നതിന്റെ ചിലവ്, സൂക്ഷിച്ചു വയ്ക്കാൻ ഗോഡൗൺ അങ്ങനെ ഉള്ള കാര്യങ്ങൾ കൂടി ആലോചിച്ചു ലാഭം ഒക്കെ കണക്ക് കൂട്ടിയതിനു ശേഷം വേണം ഇതിലേക്ക് ഇറങ്ങാൻ.