പലപ്പോഴും ആവശ്യം ഉണ്ടെന്ന് തോന്നിയിട്ടുള്ള ഒരു കാര്യമാണ് കോളേജുകളുടെ നിലവാരം അറിയാൻ കഴിയുന്ന ഒരു പോർട്ടൽ ഉണ്ടായിരുന്നു എങ്കിൽ എന്ന്. പലപ്പോഴും അഡ്മിഷൻ ഒക്കെ എടുക്കുന്ന സമയത്ത് ഒരു കോളേജ് എങ്ങന്നുണ്ട് എന്നെല്ലാം അറിയാൻ ഇത്തിരി കഷ്ടപ്പാടുണ്ട്. കാരണം സ്കൂൾ വരെ നമ്മൾ നാട്ടിൽ തന്നെ ആയിരിക്കും മിക്കവാറും പഠിക്കുക. നാട്ടിലെ സ്‌കൂളുകളെ കുറിച്ച് നമ്മൾക്ക് അത്യാവശ്യം ധാരണയും ഉണ്ടായിരിക്കും.
എന്നാൽ കോളേജിൽ ചെല്ലുമ്പോൾ അങ്ങനെ ആകണമെന്നില്ലല്ലോ, വിവിധ പരീക്ഷകൾ എഴുതി കിട്ടുന്നത് അനുസരിച്ച് അന്യ നാടുകളിൽ ആയിരിക്കും ചിലപ്പോൾ അഡ്മിഷൻ കിട്ടുക.
ചിലപ്പോൾ ഇങ്ങനെ ഒക്കെ കോളേജ് ഉണ്ടെന്ന് തന്നെ അപ്പോൾ ആയിരിക്കും അറിയുന്നത്. രണ്ടും മൂന്നും കോളേജിൽ അഡ്മിഷനു യോഗ്യത നേടിയാൽ അതിൽ ഏതാണ് നല്ലത് എന്നെല്ലാം കണ്ടെത്താൻ ഇത്തിരി മെനക്കേടാണ്.
ഇറങ്ങുന്ന സിനിമകളുടെ എല്ലാം ഡാറ്റാ അടങ്ങുന്ന പോർട്ടലാണ് IMDB. നമ്മൾ ഒരു സിനിമ കണ്ടാൽ അതിനെ പറ്റിയുള്ള അഭിപ്രായവും റേറ്റിംഗ് എന്നിവ കൊടുക്കാൻ ഈ പോർട്ടലിൽ സൗകര്യം ഉണ്ട്.
അതുപോലെ കോളേജുകളുടെ ഒരു ഡയറക്ടറി, അതിൽ പഠിച്ച വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും ജോലി ചെയ്തവർക്കും എല്ലാം റേറ്റിംഗ് റിവ്യൂ എന്നിവ ഇടാൻ കഴിയുകയാണെങ്കിൽ അഡ്മിഷൻ സമയത്ത് ഒരുപാട് ഉപകാരം ചെയ്യും. നല്ല കോളേജ് മോശം കോളേജ് എന്നിവ കണ്ടെത്താൻ മാത്രമല്ല നമ്മളുടെ സ്വഭാവത്തിന് ഇണങ്ങിയ ചുറ്റുപാടും രീതികളും ഉള്ള കോളേജിൽ പഠിക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ പ്രകടനത്തെ ഒരുപാട് മെച്ചപ്പെടുത്താൻ സഹായിക്കും.
അങ്ങനെ ഒരുപാട് വിവരങ്ങൾ അടങ്ങിയ ഒരു പോർട്ടൽ നിർമ്മിക്കാൻ കഴിഞ്ഞാൽ ഒരുപാട് സാദ്ധ്യതകൾ ഉണ്ട്. നിയമപരമായി എന്തെല്ലാം വേണ്ടിവരും എന്ന് അന്വേഷിക്കണം. മികച്ച യൂസർ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടങ്ങി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യേണ്ട പ്രൊജക്റ്റ് ആണിത്.
ബിസിനസ് മോഡൽ എങ്ങനെ വേണം എന്നിവയും പ്ലാൻ ചെയ്യണം. ഏതെങ്കിലും കോളേജിൽ നിന്ന് പണം വാങ്ങി നല്ല റേറ്റിംഗ് കൊടുത്താൽ പോർട്ടലിന്റെ വിശ്വാസ്യത നഷ്ടപ്പെടും. വരുമാനം പ്രധാനമായും പരസ്യങ്ങൾ മുഖേന ആയിരിക്കും. വിദ്യാർഥികളുമായി ബന്ധമുള്ള പരസ്യങ്ങൾ ലഭ്യമാക്കിയാൽ ഭാവിയിലേക്ക് ഒരു പാസ്സീവ് ഇൻകം ആണ് ഈ പോർട്ടൽ. എന്നാൽ ആദ്യം നല്ലത്പോലെ മെനക്കേട് ഉണ്ട്.