വർഷങ്ങൾക്ക് മുൻപാണ്, ഒരു പെൺകുട്ടിയെ കാണുന്നതും ഇഷ്ടം തോന്നുന്നതും ഒക്കെ സ്വാഭാവികമായ കാര്യമാണല്ലോ, എന്നാൽ ആ പെൺകുട്ടിയുടെ പിറകെ ഒരു പതിനായിരം ആളുകൾ നടക്കുകയും,
നമ്മൾ ഒരു സെമി ഇൻട്രോവേർട്ട് അഥവാ സംസാരിച്ചു ഇമ്പ്രെസ്സ് ചെയ്യാൻ അറിയാതെ ഒതുങ്ങി കൂടി നടക്കുകയും ചെയ്യുന്ന ആളാണെങ്കിലോ.. അത്തരം ഒരു സാഹചര്യത്തിൽ എനിക്ക് ലഭിച്ച ഒരു ആശയവും അത് നടപ്പാക്കിയ രീതിയുമാണ് ഈ കഥയിലൂടെ പങ്ക് വയ്ക്കാൻ പോകുന്നത്.
നമ്മുടെ കഥാനായികയുടെ ബർത്തഡേ എന്നാണെന്നു എനിക്ക് അറിയാം, ഫോൺ നമ്പറും കയ്യിലുണ്ട്, എന്നാലും എത്തിക്സ് ഉള്ളതുകൊണ്ടും സോഷ്യൽ മീഡിയയിൽ ഒന്ന് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് ലഭിച്ചത് കൊണ്ടും എന്തെങ്കിലും ഔട്ട് ഓഫ് ദി ബോക്സ് ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
അങ്ങനെ പല ആശയങ്ങൾ ആലോചിച്ചു നടന്നതിനു ശേഷം കൃത്യമായി ബർത്ത്ഡേയുടെ തലേന്ന് എനിക്ക് ഒരു ആശയം ലഭിച്ചു. പിറ്റേന്ന് രാവിലെ മുതൽ ഓരോ പെൺകുട്ടികൾ കഥാനായികയെ വിളിച്ചു വിഷ് ചെയ്താൽ എങ്ങനെ ഉണ്ടാവും. ഏകദേശം എത്ര പേരെ ഇത്തരത്തിൽ ഒരു പരിപാടിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്ന് വെറുതെ ഞാൻ ഒന്ന് എണ്ണം എടുത്ത് നോക്കി.
എന്റെ അനുജത്തി, അവളുടെ സുഹൃത്തുക്കൾ,കസിൻസ്, സുഹൃത്തുക്കൾ, കസിൻസിന്റെ സുഹൃത്തുക്കൾ എല്ലാം കൂടി കൂട്ടിയപ്പോൾ ഏകദേശം അമ്പതിന് മുകളിൽ പെൺകുട്ടികൾ ഉണ്ട്.
തുടർന്ന് എന്റെ ഏതൊരു ആശയത്തിന്റെയും പ്രായോഗികത അറിയാൻ ഞാൻ പ്രയോഗിക്കുന്ന ഒരു വിദ്യായുണ്ട്, എന്റെ എല്ലാ ആശയത്തെക്കുറിച്ചും നെഗറ്റീവ്, അല്ലെങ്കിൽ മറ്റൊരു വശം പറയുന്ന ഒരു സുഹൃത്തുണ്ട്, ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു, എന്നാൽ എന്നേ ഞെട്ടിച്ചു കൊണ്ട് ഒരു ചിരി ആയിരുന്നു അവന്റെ മറുപടി.
അതായത് അവൻ ഫ്ലാറ്റ് ആയിട്ട് ഇഷ്ടപ്പെട്ടിരിക്കുന്നു. പിന്നെ എല്ലാം വളരെ വേഗത്തിൽ ആയിരുന്നു, കോളേജിൽ പഠിക്കുന്ന എന്റെ അനുജത്തിയെ തന്നെ ആദ്യം വിളിച്ചു കാര്യങ്ങൾ പറഞ്ഞു, തുടർന്ന് ബാക്കി എല്ലാവരിലേക്കും ഈ ആശയം എത്തിച്ചു. അങ്ങനെ പിറ്റേന്ന് നേരം വെളുത്തു.
ആറര മണി ആയപ്പോൾ എന്റെ അനുജത്തി തന്നെ ഈ കൃത്യം ഏറ്റെടുത്തു, ആദ്യത്തെ കോൾ കഴിഞ്ഞു 15 – 20 മിനിറ്റ് കഴിഞ്ഞു അടുത്ത ആൾ വിളിക്കണം, അതിന്റെ നിയന്ത്രണമാണ് എന്റെ പരിപാടി, കൂടാതെ കഥാനായികയുടെ റിയാക്ഷൻ അറിയാൻ എല്ലാവരുടെ അടുത്ത് നിന്നും പ്രതികരണം ചോദിക്കണം.
വിളിച്ചവരോട് എല്ലാം ആരാണ് എന്താണ് എന്ന ചോദ്യങ്ങൾ വന്നപ്പോൾ അവർ ക്രീയേറ്റീവ് ആയി മറുപടി നൽകി അവരുടെ ഭാഗം മനോഹരമാക്കി.
അങ്ങനെ ഉച്ചവരെ ആയപ്പോൾ ഏകദേശം 20 പേരോളം വിളിച്ചു വിഷ് ചെയ്തു, എന്നാൽ അവസാനം വിളിച്ച എന്റെ കസിൻ പറഞ്ഞു കഥാനായിക മടുത്ത ലക്ഷണമുണ്ട് എന്ന്.
എങ്കിൽ പിന്നെ എന്താണ് വഴിയെന്ന് ആലോചിച്ചപ്പോൾ മറ്റൊരു ആശയം ലഭിച്ചു. ചിത്രത്തിൽ കാണുന്ന കാർഡുകൾ അന്നെന്റെ പക്കൽ ഇരിപ്പുണ്ടായിരുന്നു, എന്റെ അന്നത്തെ ഒരു സ്റ്റാർട്ടപ്പിന്റെ ആവശ്യത്തിന് വേണ്ടി പ്രിന്റ് എടുത്ത് പരീക്ഷണം നടത്തി മിച്ചം വന്നതാണ് അവ.
Happy Birthday എന്ന അക്ഷരങ്ങൾ മുഴുവൻ ഉണ്ട്, ആ കാർഡുകൾ മുഴുവൻ എടുത്ത് ഞാൻ നേരെ അവളുടെ നാട്ടിലേക്ക് വണ്ടിയെടുത്തു. തുടർന്ന് അവളുടെ കോളേജ്, അവൾ പോകാൻ ഇടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം പോയി ഈ രീതിയിൽ ഓരോ ചിത്രങ്ങൾ എടുത്തു. രണ്ടാമത്തെ അക്ഷരം പിടിച്ച പയ്യൻ എന്നോട് ലിഫ്റ്റ് ചോദിച്ചു കയറിയതാണ്.
തുടർന്ന് ഈ ഓരോ അക്ഷരങ്ങളും കൂടെ ഒരു വിഷ് മെസ്സേജ് കൂടി ചേർത്ത് വീണ്ടും ഓരോ പെൺകുട്ടികൾ വീതം അവൾക്ക് വാട്സാപ്പിൽ അയച്ചു കൊടുക്കാൻ തുടങ്ങി. അതും നിശ്ചിത ഇടവേളകളിൽ ഓരോ പുതിയ നമ്പറുകളിൽ നിന്നാണ്, അതുകൊണ്ട് ബ്ലോക്ക് ചെയ്യുക സാധ്യമല്ല.
പെട്ടന്ന് തീരുമാനിച്ച പരിപാടി ആയതിനാൽ എവിടൊക്കെ എങ്ങനെ പോയി ഫോട്ടോ എടുക്കും എന്നൊന്നും അറിയില്ലല്ലോ, അതുകൊണ്ട് ഓരോ ഫോട്ടോയും എടുക്കാൻ നല്ലപോലെ സമയം വേണ്ടിവന്നു, രാത്രിയായി, ഒന്നര മണിക്കൂറോളം മഴ കാരണം ഒരു കടയിൽ ഒക്കെ നിൽക്കേണ്ടി വന്നു.
ഇതിനിടയിൽ എനിക്ക് ഒരു ഫീഡ്ബാക്ക് കിട്ടി, അയച്ച മെസ്സേജ് ഓരോന്നായി അവൾ റീഡ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു, പോരാത്തതിന് ഇതിന് സഹായിക്കുന്ന പെൺകുട്ടികൾ എല്ലാം ഭയങ്കര ആവേശത്തിലും, അത് കാണുമ്പോൾ എന്റെയും ആവേശം ഇരട്ടിയായി.
അങ്ങനെ അവസാനത്തെ 4 ചിത്രങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞില്ല, അവിടെയും ഒരു സുഹൃത്തിന്റെ കുഞ്ഞ് അനുജത്തി എനിക്ക് വേണ്ടി ഒരു അക്ഷരം വരച്ചു ചിത്രം എടുത്ത് അയച്ചു തന്നു.
പിന്നെയുള്ള മൂന്ന് അക്ഷരങ്ങളും ഞാൻ തന്നെ വീട്ടിൽ വന്നു വരച്ചു, ഒരു മെസ്സേജ് കൂടി ചേർത്ത് അതും മറ്റുള്ളവരെ കൊണ്ടു തന്നെ അയപ്പിച്ചു. അവസാനത്തെ മെസ്സേജ് പോയത് പാതിരാത്രി ആയപ്പോഴാണ്. അങ്ങനെ വെളുപ്പിന് തുടങ്ങിയ Birthday Surprise പാതിരാത്രിയിൽ അവസാനിച്ചു..
പിറ്റേന്ന് എന്നെ ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി, അത് ഈ കഥ ഹിറ്റ് ആയാൽ മാത്രം പറയാം..
അതുപോലെ ഇവളെ കണ്ട് മുട്ടിയതും, അവസാനിച്ചതും ഇതുവരെ സിനിമയിൽ പോലും കാണാത്ത അത്രയും യാദൃശ്ചികമായിട്ടാണ്…