2012 ൽ ഡൽഹിയിൽ നിർഭയ പെൺകുട്ടിയുടെ ദാരുണമായ കൊലപാതകം നടന്ന വാർത്തകൾ കണ്ടപ്പോഴാണ് അതിനു പ്രതിവിധി ആയി ടെക്നോളജി കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് ഞാൻ ചിന്തിച്ചത്. അന്ന് ചില ആശയങ്ങൾ തോന്നിയെങ്കിലും ഒന്നും പൂർണ്ണ രൂപത്തിൽ ആയിരുന്നില്ല. അത് പൂർണ്ണ രൂപം എടുക്കുന്നത് പിന്നെയും കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ്.
കാരണം അപ്പോഴേക്കും എനിക്ക് കുറച്ചു ടെക്നോളജികൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നു. ചുമ്മാ ഒരു ആശയം ഉണ്ടാകുന്നതും അതിന് ആവശ്യമായ ടെക്നോളജി അറിഞ്ഞിട്ട് ഉണ്ടാക്കുന്നതും തമ്മിൽ ഒരുപാട് അന്തരമുണ്ടെന്ന് അന്നാണ് എനിക്ക് മനസിലായത്.
ഇന്റർനെറ്റിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പുകളും ഇലക്ട്രോണിക് ഡിവൈസുകളും എങ്ങനാണ് പ്രവർത്തിക്കുന്നത് എന്നെല്ലാം അന്നാണ് ഞാൻ മനസിലാക്കുന്നത്. ഞാൻ ആശയം കുറച്ചു പേരുടെ അടുത്ത് പറഞ്ഞു നോക്കി. എല്ലാവരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷെ ഇത് എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും ആർക്കും പറഞ്ഞു തരാൻ കഴിഞ്ഞില്ല.
ഞാൻ നോക്കിയിട്ട് എന്റെ കയ്യിൽ ഒതുങ്ങുന്ന ഒന്നായിട്ടും തോന്നിയില്ല. അങ്ങനെ ഞാൻ അതെന്റെ മനസ്സിൽ ഇട്ടുകൊണ്ട് നടന്നു.
ഇപ്പോഴും അതിനെ കുറിച്ച് ഇവിടെ പറയുവാൻ ഒരു കാരണമുണ്ട്. അതിനോട് സാമ്യം ഉള്ള പലതും പിന്നെ പല ആളുകൾ പുറത്തിറക്കി എന്നെല്ലാം വാർത്തകൾ പത്രങ്ങളിൽ കണ്ടു എങ്കിലും ഇതുവരെ പ്രചാരം നേടിയ വിജയിച്ച ഒന്ന് എങ്ങും കാണാൻ കഴിഞ്ഞിട്ടില്ല. അത് മാത്രമല്ല അങ്ങനെ ഇറങ്ങിയവയ്ക്ക് എല്ലാം ഒരു ലൂപ് ഹോൾ ഉണ്ടായിരുന്നു.
എന്റെ ആശയം ആ കുറവ് കൂടെ പരിഹരിച്ചു കൊണ്ടുള്ളതായിരുന്നു. ആയതിനാൽ അതിന്റെ പൂർണ്ണ രൂപം എനിക്ക് ഇവിടെ പങ്കു വയ്ക്കാൻ കഴിയില്ല എന്നതിൽ ദുഃഖമുണ്ട്.
ഇവിടെ എനിക്ക് സംഭവിച്ച അബദ്ധങ്ങൾ എന്താണെന്നു വച്ചാൽ ആശയം ഉണ്ടായിരുന്നു പക്ഷെ അത് എങ്ങനെ എവിടെ അവതരിപ്പിക്കണം എങ്ങനെ നടപ്പാക്കണം എന്നൊന്നും ഒരു ഊഹവും ഇല്ലായിരുന്നു എന്നതാണ്.
ഇത്തരത്തിൽ ഒരു പ്രൊജക്റ്റ് ചെയ്യാൻ പ്രൈവറ്റ് ആയി നടക്കുകയില്ല, തീർച്ചയായും പോലീസ് അല്ലെങ്കിൽ സർക്കാരിന്റെ പിന്തുണ വേണ്ടിവരും. അതിന് രണ്ട് വഴികൾ ആണ് ഉള്ളത്. ഒന്ന് startup മിഷൻ വഴി പോകുക അല്ലെങ്കിൽ പോലീസിന്റെ സൈബർ വിംഗ് വഴി അന്വേഷിച്ചു നോക്കുക ആരുടെ മുന്നിലാണ് അവതരിപ്പിക്കേണ്ടത് എന്ന്.
എന്റെ മനസ്സിൽ ഒരു സാധാരണ ബിസിനസ് ഒക്കെ തുടങ്ങുന്നത് പോലെ എങ്ങനെ ഇത് ചെയ്യാൻ പറ്റും എന്നായിരുന്നു. അതിന്റെ ചിലവുകൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണെന്നൊക്കെ കണ്ടപ്പോൾ പതിയെ ഉപേക്ഷിക്കുക ആണ് ഉണ്ടായത്. അന്ന് startup എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് എന്നൊന്നും ഒരു പിടിയുമില്ലായിരുന്നു.
അപ്പോൾ ഇത് എവിടെ അവതരിപ്പിക്കണം എന്ന് പിടി കിട്ടിയാൽ അവരുടെ മുന്നിൽ അവതരിപ്പിക്കാൻ ആവശ്യമായ മെറ്റീരിയൽ ഉണ്ടാക്കുക എന്നതാണ് പ്രധാന പണി. അതൊരു PPT പ്രസന്റേഷനോ അല്ലെങ്കിൽ പ്രവർത്തിക്കുന്ന ചെറിയ മാതൃകയോ ആകാം. എത്ര ലളിതമായി അവതരിപ്പിക്കാൻ കഴിയുമോ അത്രയും നല്ലത്.
നടപ്പാക്കാൻ വേണ്ടിവരുന്ന തുകയും പ്രധാന ചലഞ്ച് എന്നിവ ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ട് തയ്യാറാക്കുന്നത് എങ്കിൽ കുറച്ചുകൂടി നല്ലതാണ്. ചിലവുകൾ വെറുതെ ഊഹിച്ചു എഴുതുക അല്ല വേണ്ടത്. ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ച് എത്ര deep ആയിട്ട് പഠിക്കുന്നുവോ അത്രയും വ്യക്തത വരും. ചിലവുകളും ഉണ്ടായേക്കാവുന്ന പ്രതിസന്ധികളും എല്ലാം മനസിലാക്കാൻ പറ്റും.
ഇങ്ങനെ ഒക്കെ ആയിരുന്നു ഈ പ്രൊജക്റ്റ് ചെയ്യേണ്ടിയിരുന്നത്.