നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യണം. സാധാരണ എല്ലായിടത്തും നേരെ തിരിച്ചല്ലേ പറയാറ്, പക്ഷെ ഞാൻ പറയുന്നു നമ്മൾ താരതമ്യം ചെയ്യണം.
ചില സമയങ്ങളിൽ അങ്ങനെ ചെയ്തുപോകാറില്ലേ.. പ്രിത്യേകിച്ചു നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം മറ്റൊരാൾ നമ്മളെക്കാൾ പെട്ടന്ന് നേടിയെടുക്കുമ്പോൾ..
അല്ലെങ്കിൽ നമ്മൾ എത്തിപിടിച്ചതിനും മേലെ, ഒരുപക്ഷെ നമ്മൾ ചിന്തിച്ചിട്ട് പോലുമില്ലാത്ത ഉയരങ്ങളിലേക്ക് തീരെ നിസാരർ എന്ന് കരുതിയവർ പെട്ടന്ന് കയറി പോകുമ്പോൾ അത് ഉൾകൊള്ളാൻ അല്പം ബുദ്ധിമുട്ട് തോന്നിയിട്ടില്ലേ…
ചില ആളുകൾ ഒരു മേഖലയിലേക്ക് പെട്ടന്ന് ഇറങ്ങി വളരെ പെട്ടന്ന് തന്നെ റിസൾട്ട് ഉണ്ടാക്കുന്നതായി ചിലപ്പോൾ നമ്മൾക്ക് കാണാൻ കഴിയും.
അതിപ്പോൾ ബിസിനസ് ആകാം ജോലിയിൽ പ്രൊമോഷനോ വീടോ കാറോ സമൂഹത്തിൽ ഉന്നത സ്ഥാങ്ങങ്ങളോ അങ്ങനെ എന്ത് വേണമെങ്കിലും ആകാം.
നമ്മുടെ മനസിലെ ആഗ്രഹങ്ങൾ ഒക്കെ അവര് എളുപ്പത്തിൽ നേടി എടുക്കുന്നത് കാണുമ്പോൾ സ്വാഭാവികമായും frustration തോന്നാൻ തുടങ്ങും. പ്രിത്യേകിച്ചു നമ്മൾ എങ്ങും എത്താതെ ഒരു അന്തവും കുന്തവും ഇല്ലാതെ ഇരിക്കുന്ന സാഹചര്യത്തിൽ ആണെങ്കിൽ പറയുകയേ വേണ്ട.
കൂടാതെ അവരെക്കാൾ കഴിവ് നമ്മൾക്ക് ഉണ്ടായിട്ടും അവസരവും സാഹചര്യവും അവർക്ക് അനുകൂലമായത് കൊണ്ട് മാത്രമാണ് അവർ ഇങ്ങനെ ആകുന്നത് എന്നുകൂടി തോന്നിയാൽ ഡിപ്രെഷൻ ഉണ്ടാകാൻ വേറെ കാരണം ഒന്നും വേണ്ട.
ഇവിടെ ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങളാണ്, ഒരുപക്ഷെ അവർ നമ്മളെക്കാൾ കഷ്ടപ്പെട്ടിട്ട് ഉണ്ടാകാം പക്ഷെ നമ്മൾ അതൊന്നും കണ്ടിട്ടില്ല. ഇനി അതല്ലെങ്കിൽ അധികം അധ്വാനം ഒന്നുമില്ലാതെ ഭാഗ്യത്തിന്റെ ബലത്തിൽ മാത്രം കിട്ടിയതും ആയിരിക്കാം.
അങ്ങനെ എങ്കിൽ അങ്ങോട്ട് നോക്കാതെ ഇരുന്നാൽ പോരേ, പക്ഷെ കണ്മുന്നിൽ കാണുന്നത് എങ്ങനെ നമ്മൾക്കു കാണാതിരിക്കാൻ കഴിയും. നമ്മൾ നോക്കി പോകും അത് മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. പക്ഷെ, നോക്കിക്കോളൂ താരതമ്യം ചെയ്തുകൊള്ളൂ, എന്നിട്ട് അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതതിലാണ് സംഗതികൾ ഇരിക്കുന്നത്.
ഒരുവന്റെ നേട്ടം കണ്ടിട്ട് വിഷമം തോന്നുക അല്ലെങ്കിൽ അവനു അതിനുള്ള യോഗ്യത ഇല്ലാന്ന് പറയുക അതും അല്ലെങ്കിൽ പാര വയ്ക്കാൻ നോക്കുക, ഇതൊക്കെ കൊണ്ട് നമ്മൾക്കു ഒരു ഗുണവും ഇല്ലാന്ന് മാത്രമല്ല നമ്മളെ കീഴ്പ്പോട്ട് ചിന്തിപ്പിക്കാൻ മാത്രമേ ഉപകരിക്കു.
പല കാര്യങ്ങളിലും നമ്മൾക്ക് എങ്ങനെ ചെയ്യണം എന്നോ വളരണം എന്നോ സ്വന്തമായി ആശയങ്ങൾ കാണില്ല, അല്ലെങ്കിൽ അങ്ങനെ ഒന്നും നമ്മൾ ചിന്തിക്കാറില്ല. പക്ഷെ മറ്റൊരാൾ ചെയ്തു കാണിക്കുമ്പോൾ ആ വഴിയിൽ കൂടി നമ്മുടെ ചിന്ത പോകും.
ഉദാഹരണം അയൽക്കാരൻ വീടൊന്ന് പുതുക്കി, അല്ലെങ്കിൽ പുതിയ കാർ വാങ്ങി, മക്കളെ വിദേശത്തു പഠിക്കാൻ വിട്ടു, അല്ലെങ്കിൽ കൂടെ ജോലി ചെയ്ത ആള് പഠിച്ച് പ്രൊമോഷൻ ടെസ്റ്റ് പാസായി. ഇങ്ങനെ ഉള്ള കാര്യങ്ങളെ നല്ല രീതിയിൽ സമീപിച്ചാൽ, അതായത് അവനു ഇന്ന് കിട്ടി എനിക്ക് നാളെ അതിലും വലുത് വേണം എന്നല്ല, അവനു സാധിച്ചാൽ എനിക്കും ശ്രമിച്ചാൽ സാധിക്കില്ലേ എന്ന രീതിയിൽ ചിന്തിച്ചാൽ ആ താരതമ്യം നല്ലതല്ലേ.
അവന്റെ മുന്നിൽ കയറണം എന്നാകരുത് ലക്ഷ്യം, അവന്റെ നേട്ടത്തിൽ സന്തോഷിക്കുക കാരണം അതിന് വേണ്ടി അവൻ കുറെ നാളായി അധ്വാനിക്കുന്നതാണ് നമ്മൾ അങ്ങനെ ചിന്തിച്ചിട്ട് ഇല്ലായിരിക്കും അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല അങ്ങനെ എന്തെങ്കിലും ഉണ്ടായിരിക്കും അത് പരിഹരിച്ചു മുന്നോട്ട് പോയാൽ ഒരുപക്ഷെ നമ്മൾക്കും നല്ല നേട്ടങ്ങൾ ഉണ്ടാകും.
ആരോഗ്യപരമായ താരതമ്യം നല്ലത് തന്നെയാണ്. അത് വളർച്ച ഉണ്ടാക്കാനേ ഉപകരിക്കു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.