എന്റെ പത്തു വയസ് വരെ ഞങ്ങൾ പഴയ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തട്ടിൻപുറവും മച്ചും ഒക്കെ ഉണ്ടായിരുന്ന ആ വീട് ഓരോ ഭാഗങ്ങൾ പുതുക്കി പണിതിട്ട് ഉണ്ടായിരുന്നു.
അങ്ങനെ എപ്പഴോ ചെയ്ത ഒരു പുതുക്കലിന്റെ ഭാഗമായി ആ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒരു മുറി ഉണ്ടായിരുന്നു. സിറ്റ്ഔട്ടിൽ നിന്ന് വീടിന്റെ ഉള്ളിലേക്ക് കയറാതെ തന്നെ ഈ മുറിയിലേക്ക് കയറാൻ സാധിക്കുമായിരുന്നു.
എനിക്ക് ഓർമ്മ വച്ച നാൾ മുതൽ ഈ മുറി ആരും ഉപയോഗിക്കാതെ വീട്ടിലെ പൊട്ടിപോയതും ഉപയോഗശൂന്യമായ വസ്തുക്കൾ കൂട്ടി ഇട്ടിരുന്ന സ്ഥലം മാത്രമായിരുന്നു.
എന്തെങ്കിലും ഉണ്ടാക്കാൻ ഒരു ആശയം കിട്ടികഴിയുമ്പോൾ അതിന് പറ്റിയ പാഴ് വസ്തുക്കൾ തിരിഞ്ഞു ആയിരിക്കണം ഞാൻ ഈ മുറിയിൽ കയറാൻ തുടങ്ങിയത്. പിന്നെ അവിടെ തന്നെ ഇരുന്നു അതിന്റെ ബാക്കി പണികൾ ഒക്കെ ചെയ്യാനും തുടങ്ങിയിട്ട് ഉണ്ടാകണം.
എന്തായാലും പതിയെ അതെന്റെ പരീക്ഷണശാലയാണ് എന്ന് ഞാൻ എല്ലാരോടും പറയാൻ തുടങ്ങി. ഏതെങ്കിലും സിനിമയിൽ കണ്ടിട്ട് ആയിരിക്കണം അതിന്റെ ഉള്ളിൽ ഒരു മൂലയിൽ പഴയ ഒരു മേശയും കസേരയും ഒക്കെ ഇട്ട് ഒരു കൊള്ള സങ്കേതം പോലെ ഞാൻ ആക്കി മാറ്റിയിരുന്നു.
ആ വീടിന് മറ്റൊരു പ്രിത്യേകത കൂടിയുണ്ട്, എല്ലാ വാതിലുകളും രണ്ട് പാളി ഉള്ളവയാണ്. ഈ മുറിയിൽ കുറച്ചു കയർ വച്ചിട്ട് ഞാൻ ഒരു പരിപാടി ഉണ്ടാക്കുക ഉണ്ടായി. ഞാൻ ഇരിക്കുന്ന കസേരയുടെ മുകളിൽ രണ്ട് കയറുകൾ കൈകൊണ്ട് വലിക്കാൻ പാകത്തിന് വച്ചിട്ട്, അതിൽ ഒന്നിൽ പിടിച്ചു വലിക്കുമ്പോൾ ആ മുറിയുടെ കതകുകൾ അടയുകയും മറ്റതിൽ വലിക്കുമ്പോൾ തുറക്കുകയും ചെയ്യുമായിരുന്നു.
ഇതൊക്കെ ഒരുപാട് നാൾ നിലനിൽക്കില്ല എന്നോരു പ്രശ്നം കൂടി ഉണ്ടായിരുന്നു. എന്തെങ്കിലും ഉണ്ടാക്കി രണ്ട് ദിവസം കഴിയുമ്പോൾ അതിൽ പിന്നെയും എന്തെങ്കിലും പരീക്ഷിക്കാൻ തോന്നും.
അങ്ങനെ പരീക്ഷിച്ചു ഒടുവിൽ ചിലപ്പോൾ പുതിയ എന്തെങ്കിലും ഉണ്ടാകും അല്ലെങ്കിൽ ആദ്യമേ ഉണ്ടാക്കിയത് പോയിക്കിട്ടും. അന്ന് അങ്ങനെ പോകാൻ ഉള്ള പ്രധാന കാരണം വലുതായപ്പോൾ മാത്രമാണ് മനസിലാക്കാൻ കഴിഞ്ഞത്.
എന്റെ നിർമ്മിതികൾ എല്ലാം വീട്ടിൽ നിന്നോ അയൽപ്പക്കത്തു നിന്നോ കിട്ടുന്ന പാഴ് വസ്തുക്കളിൽ നിന്ന് മാത്രമായിരുന്നു. അങ്ങനെ തിരഞ്ഞു നടക്കുമ്പോൾ മിക്കവാറും ഉദ്ദേശിച്ചത് പോലെയുള്ള വസ്തുക്കൾ ലഭിക്കില്ല.
വലുതായപ്പോൾ മനസിലായി ഇങ്ങനെ നിർമ്മിക്കുന്നവർ എല്ലാം അതിന് വേണ്ടി സുലഭമായി കിട്ടുന്ന വസ്തുക്കൾ കൊണ്ട് ആയിരിക്കും ചെയ്യുക. അത് കാർഡ്ബോർഡ്, ഫോം ബോർഡ്, pvc, തടി, ഇരുമ്പ് അങ്ങനെ ഓരോന്നിലും ആയിരിക്കും. എന്തായാലും അങ്ങനെ ഒക്കെ ഉണ്ടെന്ന് എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല.
ഈ പരീക്ഷണശാലയിൽ വച്ചു ഉണ്ടായ ഏറ്റവും രസകരമായ സംഭവം ഒരിക്കൽ എന്തോ കുരുത്തക്കേട് കാണിച്ചതിന് എന്റെ പപ്പ എന്നെ തല്ലാൻ വന്നു. മിക്കവാറും എന്റെ അനുജത്തിക്കിട്ട് ഞാൻ എന്തെങ്കിലും ചെയ്തിട്ട് ഉണ്ടാകും.
അങ്ങനെ അടിക്കാൻ വന്നപ്പോൾ ഞാൻ ഓടിപ്പോയി എന്റെ പരീക്ഷണശാലയിൽ നിന്ന് ഒരു വസ്തു ആയിട്ട് ഇറങ്ങി വന്നു. ഏതാണ്ട് രണ്ട് മൂന്നടി നീളമുള്ള 3 കപ്പത്തണ്ട് triangle പോലെ കെട്ടി വച്ചിട്ട് അതിനെ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് പൊതിഞ്ഞു ഒരു പരിച പോലെ പിടിച്ചു അടി കിട്ടിയാൽ നേരിടാൻ ആയിരുന്നു എന്റെ വരവ്.
ഏതോ സിനിമയിൽ എന്തോ കണ്ടിട്ട് ഉണ്ടാക്കിയതാണ്, എന്റെ ഈ വരവ് കണ്ടിട്ട് പിന്നെ അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു ഉണ്ടായത്.
അടി ഒന്നും കിട്ടിയില്ലെങ്കിലും ഒരു യുദ്ധത്തിന് വേണ്ടി ഇറങ്ങി വന്ന എന്നേ എല്ലാവരും കൂടി അങ്ങനെ കളിയാക്കി ചിരിച്ചത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലായിരുന്നു. പക്ഷെ അതിന്റെ ബാക്കി എന്ത് ഉണ്ടായി എന്നൊന്നും ഓർമ്മയിൽ ഇല്ല.
അന്നത്തെ എന്റെ പ്രധാന ശത്രു ആയിരുന്നു വല്ലകാലത്തും അവൽ വിൽക്കാൻ വീടുകളിൽ കയറിയിറങ്ങിയിരുന്ന ഒരു ചേട്ടൻ. ആളുടെ പേരൊന്നും ഓർമ്മയില്ല എങ്കിലും അയാളുടെ വരവ് ഇപ്പോഴും ഓർമ്മയുണ്ട്. തലയിൽ വലിയ ഒരു പാത്രത്തിൽ നിറയെ അവൽ ഉണ്ടായിരിക്കും. കയ്യിൽ രണ്ട് ചാക്കും.
അതുമായി അമ്മച്ചിയെ അവൽ എടുക്കട്ടെ എന്ന് ചോദിച്ചുള്ള അയാളുടെ വരവ് കാണുമ്പോൾ തന്നെ എന്റെ ഉള്ളിൽ കൂടി ഷോക്ക് അടിക്കുന്നത് പോലെ എന്തോ ഒന്ന് പോകും.
കാരണം അയാൾ വരുന്നത് അവൽ വിൽക്കാൻ മാത്രമല്ല വീടിന്റെ മുറ്റത്തും പറമ്പിലും ഒക്കെ കിടക്കുന്ന പാഴ്വസ്തുക്കൾ പെറുക്കാൻ കൂടിയാണ്. മറ്റുള്ളവർക്ക് അത് പാഴ്വസ്തുക്കൾ മാത്രമാണ് എന്നാൽ എനിക്ക് അത് നാളത്തേക്കും മാറ്റന്നാളെക്കും ഒക്കെയുള്ള കരുതൽ ശേഖരങ്ങളാണ്. എന്റെ എത്രയോ ഭാവി പ്ലാനുകൾ അയാൾ നിഷ്കരുണം ചാക്കിൽ കെട്ടി കൊണ്ടുപോയിട്ടുണ്ടെന്നോ.
അയാൾ വന്നിട്ട് പോകുന്നത് വരെ മുള്ളേൽ നിൽക്കുന്ന പോലായിരുന്നു എനിക്ക്.
ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്ന ഇത്തരം ഓർമ്മകൾ മാത്രമല്ല ചങ്ക് പിടക്കുന്ന ഒരു ഓർമ്മകൂടി ഉണ്ട്, പക്ഷെ അതിനു മുൻപ് ഈ പരീക്ഷണശാലയിൽ നിന്നും ജന്മം കൊണ്ട എനിക്കേറെ ഇഷ്ടപ്പെട്ട രണ്ട് സംഭവങ്ങളുണ്ട്, അവയെപ്പറ്റി കൂടി ഒന്ന് പറയാം.
ഇങ്ങനെ ഓരോന്ന് ഉണ്ടാക്കുമെങ്കിലും അത് എനിക്ക് തികച്ചും സാധാരണ സംഭവം ആയിരുന്നു. അതിനൊരു കാരണം ഞാൻ ഇന്നതൊക്കെ ഉണ്ടാക്കി എന്ന് സ്കൂളിൽ ചെന്നു പറയുമ്പോൾ കൂടെ പഠിക്കുന്നവരും അവർ ഓരോന്ന് ഉണ്ടാക്കിയ കഥകൾ പറയും.
അതെല്ലാം കേട്ടു കഴിയുമ്പോൾ അയ്യേ അവരുടെ ഒക്കെ മുന്നിൽ ഞാൻ ഒന്നുമല്ല എന്നൊരു തോന്നൽ ആയിരുന്നു ഉണ്ടായിരുന്നtത്. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോൾ ഒരുത്തൻ എന്നോട് പറഞ്ഞത് റോബോട്ട് ഉണ്ടാക്കിയ കഥയും മറ്റ് ഒരുത്തൻ പറഞ്ഞത് അപ്പുറത്തെ ഡിവിഷനിൽ പഠിക്കുന്ന ഒരുത്തനു വീട്ടിൽ ലാബ് ഒക്കെയുണ്ട്, അവന്റെ ഇൻസ്‌ട്രുമെന്റ് ബോക്സിൽ അവൻ ഒരു ചെറിയ കമ്പ്യൂട്ടർ പോലത്തെ എന്തോ ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട് എന്നൊക്കെ ആയിരുന്നു.
ഇതൊക്കെ കേട്ട് കഴിയുമ്പോൾ ഞാൻ എന്താണ് ഉണ്ടാക്കിയത്, ആവോ പറമ്പിൽ കിടന്ന കുറച്ചു ആക്രി എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൂട്ടി ചേർത്ത് എന്തൊക്കയോ.. അല്ലെങ്കിലും അവിടെ ഒന്നിലും എനിക്ക് ഒരു കഴിവും ഉണ്ടായിരുന്നില്ല.
പഠിക്കാൻ പിറകിലാണ്, ഓടാനും ചാടാനും അറിയില്ല, സ്റ്റേജിൽ പോയിട്ട് ക്ലാസ്സിന്റെ മുന്നിൽ നിന്ന് ബുക്ക് വായിക്കാൻ പറഞ്ഞാൽ കൈ വിറക്കും, അങ്ങനെ ഉള്ള എനിക്ക് ഇത്തരം കാര്യങ്ങളിലും എല്ലാവരെയുംകാൾ വളരെ പിന്നിൽ ആണെന്ന് വിശ്വസിക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല..
അങ്ങനെ ഒക്കെ പോകുമ്പോഴാണ് ഒരു ദിവസം സയൻസ് ക്ലാസ്സിൽ സ്പ്രിംഗ് ബാലൻസ് എന്നൊരു സംഭവം ടീച്ചർ പഠിപ്പിക്കുന്നത്. പറ്റുന്നവരോട് ഒക്കെ അതിന്റെ ഒരു മാതൃക ഉണ്ടാക്കാൻ ശ്രമിക്കാനും ടീച്ചർ പറഞ്ഞു എന്നാണ് തോന്നുന്നത്. എന്തായാലും വീട്ടിൽ വന്നിട്ട് ഞാനും എന്റേതായ രീതിയിൽ ഒരെണ്ണം ഉണ്ടാക്കി, പിറ്റേന്ന് അതുമായി സ്കൂളിൽ ചെന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി.
എല്ലാവരും വൻ സാധനങ്ങൾ ആയിട്ട് വരുമെന്ന് പ്രതീക്ഷിച്ചു ബാഗിൽ ഒളിപ്പിച്ച എന്റെ സ്പ്രിംഗ് ബാലൻസിന് അവിടെ നല്ല പ്രതികരണം ലഭിച്ചു. മാത്രമല്ല അതുപോലെ ഒരെണ്ണം ഉണ്ടാക്കി കൊടുക്കാമോ എന്നും, ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു അനുഭവം ആണത്.
അന്ന് സംഭവിച്ചത്, ടേപ്പ് റെക്കോർഡറിന്റെ കാസ്സറ്റ് ഇട്ട് വയ്ക്കുന്ന ഒരു ബോക്സ് ഉണ്ടല്ലോ അത് വച്ചിട്ടാണ് ഞാൻ സ്പ്രിംഗ് ബാലൻസ് ഉണ്ടാക്കിയത്. അതിന്റെ ഉള്ളിൽ സ്പ്രിംങും പുറത്തേക്ക് നീണ്ടു നിൽക്കുന്ന സൂചിയും ഒക്കെ ആയപ്പോൾ സംഭവം ശെരിക്കും പ്രവർത്തിക്കുന്നത് പോലെ തോന്നും. അതിലെ അളവുകൾ ഒന്നും ശരിയല്ലെങ്കിലും യഥാർത്ഥ സ്പ്രിംഗ് ബാലൻസ് പോലെ പ്രവർത്തിക്കുന്ന എന്നാൽ പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച എന്റെ സ്പ്രിംഗ് ബാലൻസ് കണ്ട് ടീച്ചറും അഭിനന്ദിച്ചു..
ഇത്രയും ആയപ്പോൾ അതുവരെ പ്രിത്യേകിച്ചു ഒരു കഴിവും ഇല്ലാ എന്ന് വിചാരിച്ചു ഇരുന്ന എനിക്ക് ഭയങ്കര സന്തോഷമായി. ചോദിച്ചവർക്ക് ഒക്കെ നിർമ്മിച്ചു കൊടുത്തു ശരിക്കും ഒരു ആഘോഷമായിരുന്നു എനിക്ക്..
പിന്നീട് അങ്ങോട്ട് എന്തെങ്കിലും ഉണ്ടാക്കുമ്പോൾ അതുമായി സ്കൂളിൽ പോകും എല്ലാവരും അഭിനന്ദിക്കുമ്പോൾ ഒരു സന്തോഷം തോന്നും. പിന്നീട് ഒരിക്കൽ സ്വന്തമായി ഫയൽ എല്ലാവരും നിർമ്മിക്കണം എന്ന് ടീച്ചർ പറഞ്ഞപ്പോഴും ഇതേപോലെ ഒരുപാട് പേർക്ക് പുതിയ ഒരു രീതിയിൽ അത് ഉണ്ടാക്കി കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നു.
ഇതുപോലെ പ്രോത്സാഹനം കിട്ടിയ മറ്റൊരു വസ്തു കൂടി ഓർമ്മയിലുണ്ട്. അന്ന് സ്റ്റിക്ക് ഈസി എന്നൊരു പേന വളരെ പോപ്പുലർ ആയിരുന്നു. അന്ന് രണ്ട് രൂപക്ക് കിട്ടുന്ന ആ പേനയായിരുന്നു ഏറ്റവും വില കുറഞ്ഞ പേന. അതിനെ നടുവേ മുറിച്ചിട്ട് സ്പ്രിംങും പിന്നിലെ ഞെക്കുന്ന മഞ്ഞ നിറമുള്ള സ്റ്റിക്ക് ഒക്കെ മറ്റൊരു രീതിയിൽ വച്ചാൽ അതിൽ തൊടുമ്പോൾ ആ മഞ്ഞ സ്റ്റിക്ക് ദൂരേക്ക് തെറിച്ചു പോകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു തോക്ക് പോലെ ആക്കാനുള്ള വഴി അന്ന് ഞാൻ കണ്ടെത്തിയിരുന്നു.
അങ്ങനെ ഒരു 5 എണ്ണം അടുത്തത്തു ഘടിപ്പിച്ചു വാച്ച് പോലെ കൈയിൽ കെട്ടാനും ഓരോന്ന് വീതം ഷൂട്ട് ചെയ്യാനും ഒക്കെ പറ്റുമായിരുന്നു. അതിൽ ഒരു ചരട് കൂടി കെട്ടിയാൽ സ്‌പൈഡർമാന്റെ വലയും ആയി. അന്നത് കണ്ടിട്ട് എന്റെ ഒരു അങ്കിൾ പറഞ്ഞത് ഇതൊക്കെ കണ്ടാൽ എന്നേ ഏതെങ്കിലും ആയുധ കമ്പനിക്കാര് പിടിച്ചോണ്ട് പോകും എന്നായിരുന്നു. തമാശക്ക് പറഞ്ഞതാണെങ്കിലും എനിക്ക് ആകെ കിട്ടുന്ന അംഗീകാരം അല്ലെങ്കിൽ പ്രോത്സാഹനം ഒക്കെ ഇതായിരുന്നു.
അതുകൊണ്ട് തന്നെ ഈ രണ്ടു സംഭവങ്ങളും എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്, ഒരുപക്ഷെ ഇന്ന് എത്തി നിൽക്കുന്ന ഈ സ്ഥലത്ത് എത്താൻ കാരണമായത് ഇതൊക്കെ ആയിരിക്കണം.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.