ഒരു സംഭവകഥ.. പണ്ട് 1956 കോട്ടയത്ത് കൂടി ഇന്ത്യൻ റെയിൽവേ ഓടി തുടങ്ങിയപ്പോൾ ട്രാക്ക് നിർമ്മിക്കാനായി തറവാട് മുഴുവനായി പൊളിച്ചു മാറ്റേണ്ടി വന്നു..
അന്ന് വല്യച്ചാച്ചൻ പുതിയ വീട് വയ്ക്കാൻ ദൂരെ എങ്ങും പോയില്ല.. കുറച്ചു അപ്പുറത്തേക്ക് തന്നെ മാറ്റി വച്ചു.. അതുകൊണ്ട് കുഞ്ഞായിരുന്നപ്പോൾ എനിക്ക് ട്രെയിൻ എന്നാൽ വീടിന്റെ മുന്നിലൂടെ എപ്പഴും പോകുന്ന സ്വന്തം വണ്ടിയായിരുന്നു..
സ്കൂളിൽ അഞ്ചാം ക്ലാസിലേക്ക് കയറിയതോടെ ഞാൻ ഒരു തീരുമാനം എടുത്തു, ഇനി ഞാൻ തന്നെ നടന്നു പോയ്കോളാം.. സ്കൂൾ ജീപ്പിലെ പോക്ക് അത്രക്ക് അങ്ങ് പിടിക്കുന്നില്ല.. ഒരു സ്വാതന്ത്ര്യം ഇല്ല.. ഈ സ്‌കൂളിലേക്ക് നേരെ വഴിയേ പോകണമെങ്കിൽ കുറച്ചധികം ദൂരം നടക്കണം.. പിന്നെ ഉള്ളത് ഈ റെയിൽവേ പാളത്തിലൂടെ കുറച്ചു നടന്നാൽ മറ്റൊരു വഴിയുണ്ട്.. അതാണ് എളുപ്പം.. ഒരു പതിനഞ്ച് മിനിറ്റ് കൊണ്ട് സ്കൂളിൽ എത്താം..
സമപ്രായക്കാർ ആരും അടുത്ത് ഇല്ലായിരുന്ന കൊണ്ട് ഒറ്റയ്ക്ക് തന്നെയാണ് പോകുന്നതും വരുന്നതും..
അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ടപ്പോൾ നല്ല മഴയാണ്.. പതിവുപോലെ കുടയും ചൂടി ഞാൻ നടക്കാൻ തുടങ്ങി.. അങ്ങനെ അവസാനം റെയിൽവേ പാളത്തിൽ എത്തി.. കഷ്ടിച്ച് ഒരു 200 മീറ്റർ കൂടി നടന്നാൽ വീടെത്തും.. പാളത്തിന്റെ ഒരു വശത്ത് കൂടി ചെറിയ നടപ്പാത ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ ചെളി ആകുന്നത് കൊണ്ട് പാളത്തിന്റെ മുകളിൽ കൂടിയാണ് സാധാരണ ആളുകൾ പോകാറ്..
അങ്ങനെ ഞാനും നടക്കാൻ തുടങ്ങി.. കുട തോളിൽ ചരിച്ചു വച്ചിരിക്കുന്നു കൂടെ നല്ല മഴയും.. പിന്നിൽ നിന്ന് വരുന്ന ട്രെയിനിന്റെയോ ശബ്ദം ഒരു തരി പോലും എനിക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല.. ആരൊക്കെയോ പിന്നിൽ നിന്ന് വിളിച്ചു കൂവുന്നുമുണ്ടായിരുന്നു പക്ഷെ മഴയും കുടയും അതെല്ലാം എന്നിൽ എത്താതെ തടഞ്ഞു..
വീട്ടിൽ നിന്ന് പപ്പയുടെ ജോലി സ്ഥലമായ MG യൂണിവേഴ്സിറ്റിയിലേക്ക് വെറും 4 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളു.. അന്നൊക്കെ പപ്പ ഉച്ചക്ക് ചോറുണ്ണാൻ വീട്ടിൽ വരും..
അങ്ങനെ ഒരു ദിവസം വന്നപ്പോൾ അനിയത്തി ഭയങ്കര കരച്ചിൽ.. അവൾക്കു അന്ന് മൂന്നു വയസ് പ്രായം ഉണ്ടാവും.. അവളെ ഒരു തരത്തിലും സമാധാനിപ്പിക്കാൻ കഴിയാതെ പപ്പ അന്ന് ഉച്ചക്ക് ശേഷം അവധിയെടുത്തു.. അവളെ കിടത്തി ഉറക്കി കൂടെ പപ്പയും ഉറക്കം പിടിച്ചു.. നല്ല മഴയും ഉണ്ടല്ലോ.
.
അങ്ങനെ ഒരു മൂന്നര നാലുമണി ആയപ്പോൾ ഉറക്കം തെളിഞ്ഞ പപ്പയുടെ ചെവിയിലേക്ക് ട്രെയിനിന്റെ ചൂളം വിളിയെത്തി കൂടെ ഉള്ളിൽ ഇരുന്നാരോ പറയുന്നപോലെ ഒരു തോന്നലും “കൊച്ച് വരുന്ന സമയം ആയല്ലോ ഒന്ന് നോക്കിക്കേ… “
ഉണ്ടായിരുന്ന മഴ വകവയ്ക്കാതെ പാളത്തിലേക്ക് ഓടി കയറിയ പപ്പ കാണുന്ന കാഴ്ചയാണ് മുകളിലെ ചിത്രത്തിൽ ഉള്ളത്.. വിളിച്ചാൽ കേൾക്കില്ല ഓടി ചെല്ലാൻ ഉള്ള സമയമില്ല..
ഒന്നുമറിയാതെ നടന്നു വന്ന ഞാൻ ചുമ്മാ മുന്നോട്ട് നോക്കിയപ്പോൾ കാണുന്ന കാഴ്ച്ച ദേ പപ്പ ദൂരെ നിന്ന് കൈ വീശി കാണിക്കുന്നു.. ഇതെന്താ സംഭവം എന്നാലോചിച്ചു ഞാൻ ട്രാക്കിൽ നിന്ന് താഴേക്ക് ഇറങ്ങിയതും വലിയ ഒരു പ്രകമ്പനത്തോടെ ട്രെയിൻ എന്നെ കടന്നുപോയി.. അപ്പോഴാണ് കാര്യം മനസിലായത്.. എങ്കിലും അന്ന് ഒന്നും അതിന്റെ കാര്യ ഗൗരവം എനിക്ക് മനസിലായില്ലായിരുന്നു..
പിന്നീട് മുതിർന്നപ്പോൾ മനസിലായി പിന്നീട് അങ്ങോട്ട് എന്റെ ജീവിതത്തിൽ ഉണ്ടായ പല അത്ഭുതങ്ങളുടെയും ആരംഭം ആയിരുന്നു അതെന്ന്..
Comments are closed.