പെട്ടന്ന് ഒരു ദിവസം വ്യായാമം ചെയ്യാൻ തുടങ്ങി അതുപോലെ തന്നെ നിർത്തുന്നവരാണ് ഭൂരിഭാഗം ആളുകളും.
ഇത് തുടർന്നുകൊണ്ട് പോകാനും റിസൾട്ട് ലഭിക്കാനും ചില പൊടിക്കൈകൾ ഉപയോഗിച്ചാൽ മതി.പക്ഷെ അതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം, സിനിമയെ വിമർശിക്കാൻ എഡിറ്റിങ് പഠിക്കുന്നത് പോലെയല്ല കേട്ടോ.
ആദ്യമായ് നമ്മൾ എപ്പോഴാണ് ജിമ്മിൽ ചേരാം അല്ലെങ്കിൽ വ്യായാമം ഒക്കെ ചെയ്തേക്കാം എന്ന് തീരുമാനം എടുക്കുന്നത് എന്ന് നോക്കാം. ഒന്നെങ്കിൽ തടി കുറക്കണം എന്നോ അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെടുത്തി ഒരു മേക്കഓവർ നടത്തണം എന്നെല്ലാം തോന്നുമ്പോൾ ആയിരിക്കുമല്ലോ.
മിക്കവാറും ഈ തോന്നലിന് പിന്നിലും എന്തെങ്കിലും കാരണങ്ങൾ ഉണ്ടായിരിക്കും. ഒരുപക്ഷെ ഏതെങ്കിലും സെലിബ്രിറ്റിയുടെ അല്ലെങ്കിൽ സുഹൃത്തിന്റെയോ മറ്റോ മാറ്റം കണ്ടിട്ടും ആയിരിക്കാം ഇങ്ങനെ ഇഷ്ടം ഇല്ലെങ്കിൽ കൂടി വ്യായാമം ആയേക്കാം എന്ന് ചിന്തിച്ചു ഇറങ്ങി പുറപ്പെടുന്നത്.
എന്നാൽ കുറച്ചു നാൾ ചെയ്തു നോക്കുമ്പോൾ അതെല്ലാം അല്പം കഠിനമായി തോന്നുകയും ഉദ്ദേശിച്ച ഫലത്തിന്റെ അടുത്ത് പോലും ഇതുവരെ എത്തിയിട്ടില്ല എന്നും കാണുമ്പോൾ പതിയെ മനസ് മടുക്കാൻ ആരംഭിക്കുന്നു.
ഏതാണ്ട് വളരെ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് ആവേശത്തോടെ നടക്കാൻ ആരംഭിച്ചു കുറച്ചു സമയം കഴിഞ്ഞു കണക്ക് കൂട്ടി നോക്കുമ്പോൾ താൻ ഇത്രയും ചക്രശ്വാസം വലിച്ചിട്ടും പോകേണ്ട ദൂരത്തിന്റെ ഒരു അംശം പോലും പിന്നിട്ടിട്ടില്ല എന്ന് കാണുമ്പോൾ ഉണ്ടായേക്കാവുന്ന അതേ മടുപ്പ് തന്നെ.
ഏതാണ്ട് 90% ശതമാനം ആളുകളും ഇങ്ങനെ ഒരു മടുപ്പ് കാരണമാണ് മേക്കഓവർ തല്കാലം പിന്നെയാവട്ടെ അല്ലെങ്കിൽ ഇത് തനിക്ക് പറ്റിയ പണിയല്ല, അല്ലെങ്കിൽ എന്റെ രൂപം ഇങ്ങനെയാണ് എനിക്ക് ഇങ്ങനെ ഇരുന്നാൽ മതി എന്നിങ്ങനെ ഉള്ള എസ്ക്യൂസുകൾ പറഞ്ഞു ഒഴിവാകുന്നത്.
ഇതിനെല്ലാം ഒരു കാരണമേ ഉള്ളു, പ്രതീക്ഷിച്ച റിസൾട്ട് പെട്ടന്ന് കിട്ടുന്നില്ല. അത് ശരിയാണ് അങ്ങനെ ഒന്നും കിട്ടില്ല, എന്നാൽ ചില വിദ്യകൾ ഉപയോഗിച്ചാൽ നമ്മൾക്കു അതിനെ മറികടക്കാൻ കഴിയും.
അതിനു ആദ്യം വേണ്ടത് ഉള്ള ലക്ഷ്യം എടുത്ത് പള്ളയിൽ കളയുക, തമാശ അല്ല വഴി മുഴുവൻ പറയട്ടെ.നമ്മൾ എവിടെ ആയിരുന്നാലും ദിവസവും മൂന്നു നേരം ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്താറുണ്ട്. അങ്ങനെ പറ്റാത്ത തിരക്കുള്ളവർ ഉണ്ട് എന്നിരുന്നാലും പൊതുവായി എല്ലാവരും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവർ ആണല്ലോ.
ആ നമ്മൾക്ക് ആഴ്ചയിൽ 5 ദിവസം ഒരു നേരം വെറും അര മണിക്കൂർ വ്യായാമം എന്ന രീതിയിൽ ഒരു റിസൾട്ടും പ്രതീക്ഷിക്കാതെ സമയം മാറ്റി വയ്ക്കാൻ കഴിയില്ലേ.. കഴിയും.ഇനി അര മണിക്കൂർ പോലും വേണമെന്നില്ല, ഈ 5 ദിവസവും ഒരു 10 മിനിറ്റ് നടക്കാൻ ബുദ്ധിമുട്ട് ഉള്ള ആരെങ്കിലും ഉണ്ടാകുമോ? ഒരിക്കലുമില്ല. എങ്കിൽ കൂടുതൽ ഒന്നും വേണ്ട അത്രയും എങ്കിലും ചെയ്യുക.
അതുകൊണ്ട് എന്താകാൻ എന്ന് ചോദിച്ചാൽ, its far better than nothing എന്ന് ഓർത്താൽ മതി കൂടുതൽ ചിന്ത ഒന്നും വേണ്ട.. ഇനി 2 മണിക്കൂർ നടക്കാൻ ശേഷി ഉള്ളവൻ ആയാൽ പോലും 10 മിനിറ്റ് അല്ലെങ്കിൽ അങ്ങേ അറ്റം അര മണിക്കൂർ നടക്കാൻ തീരുമാനിക്കുക..
റിസൾട്ട് കിട്ടാൻ അല്ല, ഒരു ശീലം ആരംഭിക്കാൻ വേണ്ടിയാണ്. നമ്മുടെ ശരീരത്തിന് അതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടാകുകയും ഇല്ല റിസൾട്ട് ഒന്നും നമ്മൾ പ്രതീക്ഷിക്കാത്തത് കൊണ്ട് മനസിനും പ്രിത്യേകിച്ചു എതിർ അഭിപ്രായം ഒന്നും ഉണ്ടാകുകയും ഇല്ല.
ഇത് ശീലമായാൽ നിങ്ങൾ എവിടെ ആണെങ്കിലും ഏത് സാഹചര്യത്തിൽ ആണെങ്കിലും ജീവൻ ഉണ്ടെങ്കിൽ നടന്നിരിക്കും എന്ന രീതിയിൽ എത്തും. 10 മിനിറ്റ് നടന്നവർ അത് പതിയെ അര മണിക്കൂർ ആയിട്ട് ഉയർത്താൻ ശ്രമിക്കണം. ഏതെങ്കിലും ദിവസം മടി തോന്നിയാൽ അന്ന് 10 മിനിറ്റ് നടന്നാൽ മതി.
പിന്നെ നടക്കുക എന്ന് പറയുമ്പോൾ ഒരു കാരണവശാലും ട്രഡ്മിൽ വാങ്ങി അതിൽ ആയേക്കാം എന്ന് കരുതരുത്. 5-6 വർഷം ജിമ്മിലും ഗ്രൗണ്ടിലും പരീശീലിച്ച ഒരാൾക്ക് പോലും ട്രഡ്മിൽ ഒരു മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ ഉള്ള ക്ഷമ കാണില്ല.
അതൊക്കെ അത്രയും motivated ആയ വേറെ ലെവലിൽ workout ചെയ്യുന്നവർക്ക് പറഞ്ഞിട്ടുള്ളതാണ്. അതുപോലെ നടക്കാൻ പോകുമ്പോൾ കൂട്ടിന് വേറെ ആരെയും ആശ്രയിക്കാനും പോകരുത്. ആ കൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ പോകാതിരിക്കാൻ അത് കാരണമാകും.
ഇത്രയും ശ്രദ്ധിച്ചാൽ കുറച്ചു സമയം എടുത്താലും ഈ ശീലം നമ്മളെ വിട്ട് പോകില്ല. കുടിയന്മാർ മദ്യം കിട്ടാതെ വരുമ്പോൾ കണ്ട്രോൾ വിട്ട് പോകുന്നത് കണ്ടിട്ടില്ലേ, അതുപോലെ രാവിലെ തനിയെ ഉണർന്ന് നമ്മളെ നമ്മുടെ ഉപബോധ മനസ് കൊണ്ട് പൊയ്ക്കോളും.
ഈ അര മണിക്കൂർ base ആയി വച്ചതിനു ശേഷം ഇതിന് മുകളിലേക്ക് എന്ത് ചെയ്താലും അത് ബോണസ് ആണ്. ജിമ്മിൽ ചേർന്നാലും, തനിയെ workout ചെയ്താലും എല്ലാം.
ഈ നടപ്പ് ശീലമായി ഇനി നിർത്തില്ല എന്ന് തോന്നിയാൽ ഈ രീതിയിൽ സമയം കൂട്ടുകയോ, ഓട്ടം, ജിം അങ്ങനെ എന്തെങ്കിലും ആരംഭിക്കാം. അപ്പോഴേക്കും ശരീരത്തിൽ മാറ്റങ്ങൾ കാണാൻ ആരംഭിച്ചിട്ട് ഉണ്ടാകും. ചെയ്യുന്ന വർക്ഔട്ടിനു അനുസരിച്ചു മാറ്റങ്ങൾ കാണാനും കഴിയും.
വീണ്ടും എപ്പോഴെങ്കിലും മടി തോന്നുക ആണെങ്കിൽ, നേരത്തെ base ആയി വച്ചിട്ടുള്ള നടത്തത്തിലേക്ക് തിരികെ പോകാവുന്നതാണ്. അതിന് പ്രത്യേകിച്ച് effort ഒന്നും ഇല്ലാത്തത് കൊണ്ട് ബുദ്ധിമുട്ട് തോന്നാൻ വഴിയില്ല.
എത്ര dedicated ആണെങ്കിലും ചില സമയങ്ങളിൽ വല്ലാതെ മടി തോന്നും, അന്നേരം നമ്മുടെ മനസിനെ ഈ രീതിയിൽ പറ്റിച്ചു കൂടെ നിർത്തേണ്ടത് ഇപ്രകാരമാണ്.
ഓർക്കുക നമ്മുടെ അമിത പ്രതീക്ഷയാണ് മിക്കപ്പോഴും നമ്മുടെ മടിയുടെ കാരണം. ആദ്യത്തെ ഒന്ന് രണ്ട് സ്റ്റേജ് ഇങ്ങനെ നമ്മുടെ മനസിനെ കബിളിപ്പിച്ചു കടക്കാൻ കഴിഞ്ഞാൽ പിന്നെ നമ്മുടെ മുഴുവൻ ആറ്റിട്യൂട് മാറും. റെഗുലർ ആയി നല്ല രീതിയിൽ workout ചെയ്യാൻ കഴിയും.
ആ സ്റ്റേജിൽ എത്തിയവരെ ആണ് നമ്മുടെ ചുറ്റും മേക്കഓവർ നടത്തിയവരായി നമ്മൾ കാണുന്നത്..
Comments are closed.