Entrepreneurship

സ്റ്റാർട്ടപ്പുകളുടെ പിന്നാമ്പുറങ്ങൾ

Pinterest LinkedIn Tumblr

1999 ൽ മൂന്ന് സുഹൃത്തുക്കളായ Ashish Hemrajani, Parikshit Dar, and Rajesh Balpande എന്നിവർ ചേർന്ന് മുംബൈ ആസ്ഥാനമായി ആരംഭിച്ച കമ്പനിയാണ് BookMyShow. ഇന്ന് ഇന്ത്യൻ തിയേറ്റർ വ്യവസായത്തിലെ ടിക്കറ്റ് ബുക്കിങ്ങിന്റെ 78% വിപണിയും ഇവരുടെ കയ്യിലാണ്.

ആരംഭിച്ചപ്പോൾ ഇവരുടെ പ്ലാറ്റഫോമിന്റെ പേര് ഇങ്ങനെ ആയിരുന്നില്ല, വിപണിയിൽ മേൽക്കൈ നേടാനായി മറ്റ് കമ്പനികളെ ഏറ്റെടുത്തപ്പോൾ 2011 ൽ ഏറ്റെടുത്ത Big Tree entertainment എന്ന കമ്പനിയിൽ നിന്നും ലഭിച്ച trademark ആണ് BookMyShow.

BookMyShow പോലെയോ അല്ലെങ്കിൽ അതിനെ വെല്ലുന്ന രീതിയിലുള്ള ഒരു പ്ലാറ്റഫോം നിർമ്മിക്കുക എന്നത് സാങ്കേതികപരമായി ബുദ്ധിമുട്ട് ഉള്ള കാര്യമേ അല്ല, രണ്ടോ മൂന്നോ ലക്ഷം മുതൽ ഇരുപതോ അമ്പതോ ലക്ഷം മതി, എന്നിട്ടും എന്തുകൊണ്ടാണ് ഇവർക്ക് എതിരെ ആരും വരാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

ഒരേഒരു ഉദാഹരണം പറയാം, ഇവരുടെ ഏറ്റവും വലിയ എതിരാളി മാർക്കറ്റ് പിടിക്കാൻ വേണ്ടി ഒരു തിയേറ്ററിന് ഓഫർ ചെയ്യുന്ന തുക ഏതാണ്ട് 50 ലക്ഷമാണ്. അതായത് ഒരു തിയേറ്റർ BookMyShow ആയിട്ടുള്ള കരാർ ഉപേക്ഷിച്ചു ഇവരുടെ പ്ലാറ്റഫോം ഉപയോഗിക്കാൻ വേണ്ടി അവർക്ക് നൽകുന്ന ഡെപ്പോസിറ്റ് ആണിത്.

അവർ ഇന്ത്യ മുഴുവൻ വ്യാപിക്കാൻ ഇതിനായി നീക്കി വച്ചിരിക്കുന്ന തുക ആയിരം കോടിയാണ്.

അതായത് നമ്മൾ ഒരു ആപ്പ് ഒക്കെ നിർമ്മിച്ചു ഇറങ്ങിയാലോ ഒന്നോ രണ്ടോ തിയേറ്റർ കിട്ടിയാലോ ഒരു കാര്യവുമില്ല. എന്നാൽ ഇവർ ഇത്രയും വളരുന്നതിന് മുന്നേ ഇത്തരത്തിൽ ഒരു പ്ലാറ്റഫോം നിർമ്മിച്ചു ഒരു ഏരിയ പിടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ,

ഒരു ഉദാഹരണം പറഞ്ഞാൽ ഞാൻ ഒരു ആപ്പ് നിർമ്മിച്ചു കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള തിയേറ്റർ എല്ലാം അതുവഴി ബുക്ക്‌ ചെയ്യുന്ന വിധത്തിൽ ആയിരുന്നെങ്കിൽ കേരളത്തിലേക്ക് വരുന്ന ഭീമൻ കമ്പനി ആദ്യം ചെയ്യുക കേരളത്തിൽ ഇത്തരത്തിൽ പ്ലാറ്റഫോമുകൾ ഉണ്ടോ ഉണ്ടെങ്കിൽ ആരൊക്കെ, അവരുടെ വിപണി എത്ര തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുക ആയിരിക്കും.

തുടർന്ന് അതിൽ പ്രമുഖ കമ്പനികളെ ഏറ്റെടുക്കുന്നതാണോ ലാഭം അതോ പരസ്യം ചെയ്ത് സ്വന്തം നിലയിൽ വിപണി പിടിക്കുന്നതാണോ എന്ന് നോക്കും. നമ്മളെ ഏറ്റെടുക്കുന്നതാണ് ലാഭം എന്ന് കണ്ടാൽ നമ്മുടെ തലവര തെളിഞ്ഞു എന്നാണ്. ഉദ്ദേശം അടുത്ത അഞ്ചോ പത്തോ വർഷം കൊണ്ട് നമ്മൾക്ക് കിട്ടേണ്ട ലാഭം ഒറ്റയടിക്ക് നമ്മളെ ഏൽപ്പിച്ചിട്ട് അവർ നമ്മുടെ പ്ലാറ്റഫോം ഏറ്റെടുക്കും.

നമ്മൾക്കും ലാഭം അവർക്കും ലാഭം, അവരുടെ ലാഭം എന്നത് ഇനി ഇവിടെ വിപണി പിടിക്കാൻ വേണ്ടി സമയം വെറുതെ കളയേണ്ട എന്നതാണ്.

ഒന്ന് ചുറ്റും കണ്ണോടിച്ചു നോക്കിയാൽ ഇത്തരത്തിൽ ഭീമന്മാരുടെ വരവ് മുൻകൂട്ടി കണ്ട് അതിനെ മുന്നേ അവർക്ക് വേണ്ടി ഇവിടെ വിപണി പിടിച്ചു ഞങ്ങളെ ഏറ്റെടുക്കൂ എന്ന് പറഞ്ഞു നിന്ന അല്ലെങ്കിൽ നിൽക്കുന്ന പല കമ്പനികളെയും കാണാം.

സ്റ്റാർട്ട്പ്പ് എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ ചില കണക്ക് കൂട്ടലുകളുടെ പുറത്ത് രൂപപ്പെടുന്ന ബിസിനസ് ആണ്.

ശരിക്കും പറഞ്ഞാൽ ഒരുമാതിരി എല്ലാ മേഖലകളിലും ഈ രീതിയിൽ സ്റ്റാർട്ടപ്പുകൾ വന്നു കഴിഞ്ഞു, പലയിടത്തും ഭീമന്മാരും വന്നു. ഇനി മിച്ചമുള്ള മേഖലകൾക്ക് വേണ്ടിയാണ് മത്സരം നടക്കുന്നത്, അവ ഏതെന്നു കണ്ടെത്താനും അവിടെ പെട്ടന്ന് ബിസിനസ് ലോഞ്ച് ചെയ്യാനും വിപണി പിടിക്കാനുമുള്ള മത്സരം.

മറ്റൊരു കാര്യം കൂടി പറയട്ടെ, ഇനിയിപ്പോ BookMyShow ൽ ഇല്ലാത്ത ഒരു അതിഭീകര ആശയം നമ്മൾക്ക് ലഭിച്ചു എന്ന് കരുതുക, അതുമായി നമ്മൾക്ക് വിപണിയിൽ അവരോട് മത്സരിക്കാൻ കഴിയില്ല കാരണം അത്രക്കും വലിയ ഓഫറാണ് തിയേറ്ററുകൾക്ക് മറ്റുള്ള കമ്പനികളിൽ നിന്നും ലഭിക്കുന്നത്.

പിന്നെ ആകെയുള്ള വഴി ഈ ആശയം നിലവിൽ പ്രവർത്തിക്കുന്ന ഭീമൻ കമ്പനികളുടെ മുന്നിൽ എത്തിക്കുക എന്നുള്ളതാണ്. പക്ഷേ അവിടെയും ട്വിസ്റ്റ്‌ ഉണ്ട്, നമ്മൾ നിർമ്മിച്ച ആശയം നമ്മുടെ കയ്യിൽ നിന്ന് അവർ വാങ്ങണം എന്ന് യാതൊരു നിർബന്ധവുമില്ല, അതിനെ അതേപടി പകർത്താൻ കഴിവുള്ള ആളുകൾ അവരുടെ ടീമിൽ ഉണ്ടാകും.

അല്ലെങ്കിൽ നമ്മുടെ കയ്യിൽ പേറ്റന്റ് പോലെയുള്ളവ ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ ഒരു 500 അല്ലെങ്കിൽ 1000 തിയേറ്റർ എങ്കിലുമുള്ള വിപണി നമ്മുടെ കയ്യിൽ ഉണ്ടാവണം.

ഇങ്ങനെയൊക്കെയാണ് സ്റ്റാർട്ട്പ്പ് ലോകം, വെറുതെ ഒരു ആശയം ഉള്ളതുകൊണ്ട് ഒന്നുമാകില്ല ഇങ്ങനെയുള്ള പിന്നാമ്പുറ കഥകൾ കൂടി അറിഞ്ഞു വേണം കളത്തിൽ ഇറങ്ങാൻ.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.