ഒരു കടത്തിണ്ണയിൽ രണ്ട് യാചകർ താമസിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ സഹായങ്ങൾ കൊണ്ട് മാത്രം ജീവിക്കുന്ന അവർക്ക് ചില ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടതായിട്ടും വരുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരാൾ വന്നിട്ട് അവർക്ക് രണ്ട് പേർക്കും 5000 രൂപ വീതം നൽകി. എന്നാൽ അവർ രണ്ട് പേരും രണ്ട് രീതിയിലാണ് പിന്നീട് പ്രവർത്തിച്ചത്.
ഒന്നാമൻ അത്രയും കാശ് കിട്ടിയ സന്തോഷത്തിൽ ഓർത്തു ഇനി തന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തനിക്ക് ആസ്വദിക്കാൻ പറ്റുന്നത് എന്തെങ്കിലും ഒക്കെ ചെയ്യണം.
അയാൾ ഒരു നല്ല ഡ്രസ്സ് വാങ്ങി, നല്ല ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. പിന്നെ ഉള്ളിൽ അടക്കി വച്ച ചെറിയ ആഗ്രഹങ്ങൾക്ക് എല്ലാം വേണ്ടി ആ പൈസ മുഴുവൻ ഉപയോഗിച്ചു.
എന്നാൽ രണ്ടാമൻ ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഇന്ന് ഈ പൈസ കിട്ടി, ഇനിയും ഇങ്ങനെ കിട്ടുമെന്ന് ഒരു ഉറപ്പുമില്ല അതുകൊണ്ട് താൻ ഇപ്പോൾ ഇത് ചിലവാക്കി തീർത്താൽ അടുത്ത ആഴ്ച മുതൽ തന്നെ കാത്തിരിക്കുന്നത് പഴയ ജീവിതം തന്നെയാണ്. വീണ്ടും പട്ടിണി കിടക്കേണ്ടി വരും.
അയാൾ അതിൽ നിന്ന് ഒരു 500 രൂപ ആദ്യത്തെ ദിവസം ചിലവാക്കി. ബാക്കി പണം മുഴുവൻ സൂക്ഷിച്ചു വച്ചു. ആരുടേയും സഹായം ലഭിക്കാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദിവസങ്ങളിൽ ആ പണം ഉപയോഗിക്കാം എന്നായിരുന്നു അയാളുടെ ചിന്ത.
ഒന്നാമൻ 3 ദിവസം കൊണ്ട് കിട്ടിയ പണം മുഴുവൻ ചിലവാക്കി, അതിനെ ധൂർത്ത് എന്നൊന്നും പറയാൻ പറ്റില്ല, അയാളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടിയാണ് മുഴുവൻ ചെലവാക്കിയത്. പക്ഷെ അതിന് ശേഷം അയാൾക്ക് വീണ്ടും പട്ടിണി കിടക്കേണ്ടി വന്നു.
ഇത് രണ്ട് യാചകരുടെ കഥയല്ല, നമ്മുടെ ഇടയിൽ ഉള്ള രണ്ട് ചിന്താഗതി ഉള്ളവരുടെ കഥയാണ്. അത്യാവശ്യം ജീവിക്കാൻ ഉള്ള ശമ്പളം മാത്രം കിട്ടി തട്ടി മുട്ടി പോകുന്ന ഒരാളുടെ കയ്യിൽ ഒരു ലക്ഷം രൂപ കിട്ടിയെന്ന് കരുതുക.
മുകളിലെ യാചകൻ ചെയ്തത് പോലെ അടിച്ചു പൊളിച്ചു തീർത്തിട്ട് പഴയ ജീവിതം തുടരുന്ന ആളുകളും ഉണ്ട്.. ഒരുപാട് ആവശ്യങ്ങൾ ഉണ്ടെങ്കിലും കയ്യിൽ സൂക്ഷിക്കുന്നവരും ഉണ്ട്.
ഇവർ രണ്ടും തമ്മിലുള്ള വ്യത്യാസം, അടിച്ചു പൊളിക്കുന്നവന്റെ ബാങ്ക് അക്കൗണ്ട് എപ്പഴും പൂജ്യം ആയിരിക്കും. പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ കടം വാങ്ങുക അല്ലാതെ അവനു മറ്റൊരു മാർഗ്ഗവും ഉണ്ടാവില്ല.
അതേ സമയം സൂക്ഷിക്കുന്നവന്റെ കയ്യിൽ എപ്പഴും ഒരു നിശ്ചിത തുക ഉണ്ടാവും. അത് അവനു ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാഞ്ഞിട്ടല്ല. പണം എങ്ങനെ ചിലവാക്കണം എന്ന് അറിവുള്ളത് കൊണ്ടാണ്.
ഇതിലും രസം എന്താണെന്നു വച്ചാൽ, ആദ്യത്തെ കൂട്ടരുടെ കയ്യിൽ ലക്ഷം അല്ല കോടികൾ കിട്ടിയാലും ഒരു മാറ്റവും ഉണ്ടാവില്ല.പണം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, അതിലും ബുദ്ധിമുട്ട് അത് എങ്ങനെ ചെലവാക്കുന്നു എന്ന് തീരുമാനിക്കുന്നതിനാണ്.
പണം ചെലവാക്കാൻ ആരെകൊണ്ടും പറ്റും പക്ഷെ വേണ്ട രീതിയിൽ അത് ചെയ്യാൻ പഠിക്കണം. അല്ലെങ്കിൽ എത്ര ഉണ്ടാക്കിയാലും കയ്യിൽ ഒന്നും ഉണ്ടായിരിക്കുകയില്ല.Money management കൊണ്ട് മാത്രം സമ്പന്നൻ ആയവരും അത് അറിയാത്തത് കൊണ്ട് മാത്രം ദാരിദ്ര്യം അനുഭവിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ചുറ്റും ഒന്ന് നിരീക്ഷിച്ചാൽ ഈ രണ്ട് കൂട്ടരെയും കാണാൻ പറ്റും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.