ഞങ്ങളുടെ കോട്ടയത്ത്, കോട്ടയം ടൗണ് മുതൽ ഏറ്റുമാനൂർ വരെയുള്ള റോഡിനു ഒരു പ്രിത്യേകതയുണ്ട്. ആ 13 കിലോമീറ്റർ ദൂരത്തിനു ഇടയിൽ ഉള്ള അത്രയും ഹോട്ടൽ വേറെ ഒരു നാട്ടിലും ഉണ്ടാവില്ല.
4 സ്റ്റാർ മുതൽ തട്ടുകട വരെ എണ്ണിയാൽ മുപ്പത്തിൽ കുറയില്ല എന്ന് തോന്നുന്നു. അതിൽ തന്നെ വയർ ഇളക്കാൻ വേണ്ടി മാത്രം പോകുന്നത് തൊട്ട് അന്യ നാട്ടിൽ നിന്ന് വരെ ആളുകൾ വന്നു കഴിക്കുന്ന ഹോട്ടലുകൾ ഉണ്ട്.
Intro കഴിഞ്ഞ സ്ഥിതിക്ക് കാര്യത്തിലേക്ക് വരാം. ഇതിൽ തന്നെ കുറെ ഹോട്ടൽ തുടങ്ങി വച്ചത് ഒരു ഗ്രൂപ്പ് ആണ്, അവർ മറ്റ് ആരെങ്കിലുമായി പാർട്ണഷിപ്പിൽ തുടങ്ങും കുറച്ചു കഴിയുമ്പോൾ പിണങ്ങി കുറച്ചു മാറി പുതിയത് തുടങ്ങും. ഇവർ തുടങ്ങിയ ഹോട്ടലിൽ എല്ലാം ഒരു പ്രിത്യേകത ഉണ്ടായിരുന്നു. ആദ്യത്തെ ദിവസം മുതലേ കാർ പാർക്കിംഗ് പകുതി നിറഞ്ഞു കിടക്കും.
അകത്തു മുഴുവൻ തിരക്കായിരിക്കും സീറ്റ് കാണുമോ എന്നൊക്കെ വിചാരിച്ചു നമ്മൾ ഉള്ളിൽ കയറിയാൽ അധികം പേരൊന്നും കാണില്ല. സംഗതി അത് തന്നെ, ഓണറുടെ സുഹൃത്തുക്കളുടെ ഒക്കെ വീട്ടിൽ ചുമ്മാ കിടക്കുന്ന വണ്ടികൾ വെറുതെ കൊണ്ടുവന്നു ഇടുന്നതാണ്.
ചൈനീസ് ecommers ഭീമനായ ആലിബാബ പ്രവർത്തനം ആരംഭിച്ചപ്പോൾ ചെയ്ത ഒരു പരുപാടിയുണ്ട്, അവരുടെ വെബ്സൈറ്റിൽ ഉള്ള സെല്ലർമാർ എന്ത് വിൽക്കാൻ ഇട്ടാലും അത് വ്യാജ അക്കൗണ്ടിലൂടെ ആലിബാബ ടീം തന്നെ വാങ്ങും. അത് എന്തിനാണെന്ന് ചോദിച്ചാൽ, ഈ വെബ്സൈറ്റിൽ എന്ത് ഇട്ടാലും വിറ്റ് പോകും എന്നൊരു വിശ്വാസം ആളുകളുടെ ഇടയിൽ ജനിപ്പിക്കാൻ വേണ്ടിയിട്ടാണ്.
ചില കാര്യങ്ങൾ അങ്ങനെയാണ് അത് പ്രവർത്തിക്കണം എങ്കിൽ നമ്മൾ ഒന്ന് തുടങ്ങി കൊടുക്കണം. അത് പോട്ടെ ഞാൻ പറയാൻ വന്നത് മറ്റൊരു കാര്യമാണ്. മുകളിൽ പറഞ്ഞ ഹോട്ടൽ ഉപയോഗിച്ച തന്ത്രം ഈ പോസ്റ്റ് വായിക്കുന്ന ഒരാൾ വേറെ എവിടെയെങ്കിലും പോയി ഉപയോഗിച്ചാൽ വിജയിക്കണം എന്നില്ല. കാരണമുണ്ട്, ഞാൻ ഈ പറഞ്ഞ റോഡ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ഒന്നാണ്, വെറുതെ നാട്ടിൽ ഉള്ളവർ ഉണ്ടാക്കുന്ന തിരക്കല്ല, മറ്റ് നാട്ടിൽ നിന്നുള്ള ആളുകൾ കൂടുതൽ സഞ്ചരിക്കുന്ന വഴിയാണ്.
ഈ ഹോട്ടലുകൾ എല്ലാം അത്തരം യാത്രക്കാരെ കൂടുതലായി ലക്ഷ്യം വയ്ക്കുന്നുണ്ട്. ഇവിടെ ഒരു പുതിയ ഹോട്ടൽ വന്നാൽ ഈ പരിസരത്തു ഉള്ളവർക്ക് അറിയാമല്ലോ അത് പുതിയതാണ്, അല്ലെങ്കിൽ അതിന്റെ മുന്നിൽ സ്ഥിരമായി ഒരേ വണ്ടികൾ ആണ് കിടക്കുന്നത് എന്ന്.
എന്നാൽ മറ്റൊരു നാട്ടിൽ നിന്ന് വരുന്നവർ നോക്കുമ്പോൾ പുതിയ ഹോട്ടൽ ആണോ അല്ലയോ എന്നൊന്നും ഒരുപക്ഷെ ശ്രദ്ധിക്കാൻ വഴിയില്ല, എന്നാൽ ആളനക്കം ഇല്ലാത്ത ഹോട്ടൽ ആണെന്ന് തോന്നിയാൽ അവിടെ കയറാൻ ആളുകൾ ഒന്ന് മടിക്കും. അവർക്ക് ഉള്ളതാണ് ഈ പുറത്ത് കിടക്കുന്ന കാറുകൾ.
പതിയെ കളം പിടിച്ചു കഴിയുമ്പോൾ ഇതെല്ലാം ഒഴിവാക്കും, പിന്നെ ഈ വിദ്യ കൊണ്ട് മാത്രം പിടിച്ചു നിൽക്കാൻ ഒന്നും കഴിയില്ല, നല്ല ഭക്ഷണവും കൊടുക്കണം.
അപ്പോൾ ഞാൻ പറയാൻ ഉദ്ദേശിച്ചത് ഇതാണ് ഓരോ നാട്ടിലും ഓരോ ബിസിനസ് വിജയിപ്പിക്കാൻ ഓരോ രീതികളുണ്ട്. ഒരിടത്തു വിജയിച്ചത് അതേപടി പകർത്തിയാൽ മറ്റൊരു സ്ഥലത്തു വിജയിക്കണം എന്നൊരു നിർബന്ധവുമില്ല. ചില സ്ഥലങ്ങളിൽ സുഖിപ്പിക്കേണ്ടവരെ സുഖിപ്പിക്കണം, ചിലപ്പോൾ കൈക്കൂലി വരെ കൊടുക്കേണ്ടി വരും.
അത് തെറ്റാണ്, ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ല, എന്നാലും നമ്മുടെ കാര്യം നടക്കേണ്ടേ, ഓരോ മരപ്പാഴുകൾ കാരണം തുടങ്ങാൻ പറ്റാതെ പോകുന്ന സംരംഭങ്ങൾ കാരണമുള്ള നഷ്ടം വല്ലതും അവർ അറിയുന്നുണ്ടോ, ഇനി അറിഞ്ഞാൽ തന്നെ അവർക്ക് പുല്ല് വിലയാണ് അതിന്.
നമ്മുടെ നാട്ടിൽ സംരംഭം തുടങ്ങാൻ ബിസിനസ് മാത്രം പഠിച്ചാൽ പോര, സാഹചര്യത്തിന് അനുസരിച്ചു ഇങ്ങനെ ചില കളികൾ കൂടെ അറിഞ്ഞിരിക്കണം.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.