എന്റെ കൂടെ ഇരിക്കുന്നത് സന്തോഷ് ജോർജ്, ഒരുപക്ഷെ പറഞ്ഞാൽ നിങ്ങൾ അറിയും, ഇദ്ദേഹമാണ് ആദ്യമായി സോഷ്യൽ മീഡിയ വഴി വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യം ഇട്ട് അത് വൈറൽ ആയി വിവാഹം കഴിച്ച ആദ്യത്തെ വ്യക്തി.
വർഷങ്ങൾക്ക് മുൻപ് ആ വൈറൽ പരസ്യം ഞാനും കണ്ടിരുന്നു, അത് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മറ്റൊരു വാർത്തയും ഒരുപാട് ഓൺലൈൻ പത്രങ്ങളിൽ കണ്ടിരുന്നു
ഇങ്ങനെ വൈറൽ ആയി വിവാഹം കഴിച്ച യുവാവ് സ്വന്തമായി ഒരു മാട്രിമോണി തുടങ്ങി എന്നും ആയിരുന്നു ആ വാർത്ത. അന്നത് കണ്ടു കൊള്ളാമല്ലോ എന്ന് എനിക്കും തോന്നി.
എന്നാൽ അതും കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു, ഏതാണ്ട് 3 വർഷം മുൻപ് ഞങ്ങൾ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുക ഉണ്ടായി. പ്രൊഫൈൽ കണ്ടപ്പോൾ തന്നെ ഞാൻ ആദ്യമായി അയച്ച മെസ്സേജ് അന്ന് വൈറൽ ആയ ആള് അല്ലേ എന്നാണ്.
അതിനു ശേഷം ഞങ്ങൾ സുഹൃത്തുക്കൾ ആയി. പരസ്യത്തിന് പിന്നിലെ കഥയും മാട്രിമോണി തുടങ്ങി പിന്നെ പൂട്ടിപ്പോയ കാര്യവും എല്ലാം എന്നോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം ഇല്ലാത്തത് മൂലം സാധാരണ രീതിയിൽ വിവാഹം ഒന്നും നടക്കാതെ വന്നപ്പോഴാണ് അദ്ദേഹം ഇങ്ങനെ ഒരു സാധ്യത ഉപയോഗിച്ചത്. തുടർന്ന് ഇത് മറ്റു പലരുടെയും പ്രശ്നം ആണെന്ന് കണ്ട് അതിന് ഒരു പരിഹാരം എന്ന രീതിയിൽ ആയിരുന്നു മാട്രിമോണി തുടങ്ങിയത്.
അതും ഒരു ട്രസ്റ്റ് രൂപികരിച്ചു ലാഭം ഒന്നും പ്രതീക്ഷിക്കാതെ കയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്തത് എന്നറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി. എന്റെ മനസ്സിൽ അതൊരു ബിസിനസ് ആയിരിക്കും എന്നായിരുന്നു.
അന്ന് സന്തോഷ് ഭായി 3,4 കല്യാണങ്ങൾ നടത്തുക വരെ ചെയ്തിരുന്നു. എന്നാൽ ടെക്നോളജി ഉപയോഗിക്കാൻ ഉള്ള പരിചയക്കുറവും, ഒരുപാട് ആളുകളെ മാനേജ് ചെയ്യാൻ പറ്റാതെ വരികയും, കടം കൂടി വരികയും ചെയ്തതോടെ മറ്റു വഴി ഇല്ലാതെ മാട്രിമോണി അവസാനിപ്പിക്കുക ആണ് ചെയ്തത്.
ഇതിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നറിയാൻ ആയിരുന്നു ഭായി എന്നേ പരിചയപ്പെട്ടത്. അന്ന് ഞാൻ നോക്കിയിട്ട് ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഞാൻ എന്റെ startup അല്ലാതെ മറ്റൊന്നിലും കൈ വയ്ക്കാൻ നോക്കില്ല എന്ന് പറഞ്ഞു ഒഴിയുക ആണ് ഉണ്ടായത്.
എന്നാലും വല്ലപ്പോഴും ഉള്ള ചർച്ചകൾ വഴി ഞങ്ങളുടെ സൗഹൃദം വളർന്നു കൊണ്ടിരുന്നു. ഉള്ള കടം ഒക്കെ തീർത്തു കുറച്ചു പണം ഉണ്ടാക്കി ഇത് ഭാവിയിൽ വീണ്ടും തുടങ്ങണം എന്നെല്ലാം ഭായി ഇടയ്ക്കിടെ പറയുമായിരുന്നു. 2019 ൽ പറഞ്ഞു 2023 ൽ ഇത് വീണ്ടും ആരംഭിക്കും എന്ന്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് 2022 ജനുവരിയിൽ എനിക്ക് വെളിപാട് ഉണ്ടാകുന്നത്, സമൂഹത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ അതാണ് ഒരാൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.
ഞാൻ സന്തോഷ് ഭായിയെ വിളിച്ചിട്ട് ചോദിച്ചു, ഒരു രൂപ പോലും ഭായി കയ്യിൽ നിന്ന് മുടക്കേണ്ട, മാട്രിമോണി തുടങ്ങിത്തന്നാൽ ട്രസ്റ്റിന്റെ പേരിൽ ലാഭേച്ച ഒന്നും ഇല്ലാതെ പ്രവർത്തിപ്പിക്കാമോ എന്ന്.
ആദ്യം നല്ലൊരു പ്ലാൻ ഉണ്ടാക്കുക, വേണ്ട നിർദ്ദേശങ്ങൾ നല്കുക ശേഷം എൻ്റെ ഉത്തരവാദിത്വം തീർത്ത് അടുത്ത project ലേക്ക് പോവുക എന്നതായിരുന്നു എൻ്റെ ലക്ഷൃം.
പിന്നെ അവിടെ നിന്ന് ഭായി നോക്കണം ഇതായിരുന്നു ഞാൻ പറഞ്ഞത്.
സന്തോഷ് ഭായ്ക്ക് പൂർണ്ണ സമ്മതം, പിന്നെ നിരന്തരം ചർച്ചകൾ ആയിരുന്നു. അതിന്റെ ഒടുവിൽ എത്തിച്ചേർന്നിരിക്കുന്ന പ്ലാൻ പറയട്ടെ.
സാമ്പത്തികമായി ഒരു ശേഷിയും ഇല്ലാത്തവരെ സഹായിക്കുന്ന ഒരു മാട്രിമോണി, അത് ഒരു ട്രസ്റ്റിന്റെ കീഴിലാണ്. അത് കൂടാതെ വിവാഹം നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരെ സഹായിക്കാൻ ചില പൊടിക്കൈകൾ ഒക്കെ ഭായിക്ക് അറിയാം.
പക്ഷെ ഇവരെ മാത്രം ഉൾക്കൊള്ളിക്കാൻ നോക്കിയാൽ അഭിമാന പ്രശനം മൂലം ആളുകൾ കയറാൻ മടിക്കുമോ എന്നതായിരുന്നു ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം.
ഒരു സാധാരണ മാട്രിമോണി രൂപത്തിൽ തന്നെ ചെയ്താൽ മതി, അതിൽ സാധാരണ പോലെ ആളുകൾ ഉപയോഗിച്ച് കൊള്ളട്ടെ, സഹായം വേണ്ടവർക്ക് അഡ്മിൻ പാനലിനെ അക്കാര്യം അറിയിക്കാൻ ഉള്ള സൗകര്യം വച്ചാൽ ആ പ്രശ്നം തീരുമെന്ന് ഞങ്ങൾക്ക് തോന്നി.
മറ്റാരും ഈ കാര്യം അറിയാൻ പോകുന്നില്ലല്ലോ. അപ്പോൾ എനിക്ക് തോന്നി എങ്കിൽ ഒരു സാധാരണ മാട്രിമോണിയിലും കൂടുതൽ ആയി എന്തെങ്കിലും ഒക്കെ കൂടെ വേണമെന്ന്.
അങ്ങനെ ഇപ്പോൾ പുറത്ത് പറയാൻ പറ്റാത്ത കുറെ ആശയങ്ങൾ കൂടെ കൂട്ടിച്ചേർത്തു ഒരു പ്ലാൻ എന്റെ കയ്യിൽ ഉണ്ട്.
ഇത് എന്റെ ആദ്യത്തെ social cause പ്രൊജക്റ്റ് ആണ്. ഇത് നടപ്പാക്കാൻ പോകുന്നത് ഞാൻ അല്ല എങ്കിലും, ഇതിന്റെ ഭാഗമായി നിന്ന് ഇത്തരത്തിൽ ഒരു പോർട്ടൽ ആരംഭിക്കാൻ വേണ്ട കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കാനും അതുപോലെ എന്റെ ആശയങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
Comments are closed.