Stories

Roadside Dog

Pinterest LinkedIn Tumblr

സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. ഏതാണ്ട് 13 വയസ് പ്രായം.. സ്കൂളിൽ നടന്നു പൊയ്ക്കൊണ്ടിരുന്ന കാലമാണ്.. വൈകിട്ട് തിരിച്ചു വരുന്ന വഴിക്കാണ് ഞാനും കൂട്ടുകാരും ആ കാഴ്ച്ച കണ്ടത്..

ഞങ്ങൾ നടന്നു വരുന്ന വഴിയുടെ അരികിലെ പറമ്പിൽ ഒരു തള്ള പട്ടിയും കുഞ്ഞുങ്ങളും.. തെരുവ് നായ്ക്കളാണ്.. കുഞ്ഞുങ്ങളെ കാണാൻ നല്ല ചന്തം.. അതിൽ ഒന്നിനെ വേണമെന്ന് എനിക്ക് ഒരു ആഗ്രഹം.. വീട്ടിൽ ഉണ്ടായിരുന്ന പട്ടി പ്രായമായി ചത്തു പോയിട്ട് കുറച്ചു നാളുകൾ ആയിട്ടുണ്ട്..

ഇതിൽ ഒരെണ്ണത്തിനെ കൊണ്ടുചെന്നാലും വീട്ടുകാർ സ്വീകരിക്കും എന്ന് എനിക്ക് തോന്നി.. എനിക്ക് അറിയില്ലല്ലോ പുതിയ കൂടൊക്കെ പണിതിട്ട് ഒരു പൂട പട്ടിയെ വാങ്ങിക്കാനാ അവരുടെ പദ്ധതി എന്ന്…

പിന്നെ ഒന്നും ആലോചിച്ചില്ല ഞങ്ങൾ മൂന്നു പേര് ഉണ്ടായിരുന്ന കൊണ്ട് തള്ള പട്ടിയുടെ കടി മേടിക്കാതെ സൂത്രത്തിൽ ഒരെണ്ണത്തിനെ അടിച്ചെടുത്തു.. എന്നാൽ വീടിന്റെ മുന്നിൽ എത്തി കൂടെ ഉള്ള കൂട്ടുകാർ വഴി പിരിഞ്ഞപ്പോൾ അവന്മാർ എന്റെ ധൈര്യവും കൂടെ കൊണ്ടുപോയി..

ഞാൻ പതുക്കെ അതിനെ വീട്ടിലേക്കുള്ള വഴിയുടെ അരികിൽ നിർത്തിയിട്ടു വീട്ടിലേക്കു ചെന്നിട്ട് പറഞ്ഞു.. വഴിയിൽ കണ്ട ഒരു കിടിലൻ പട്ടിക്കുട്ടി എന്റെ പിറകെ വന്നു.. ദാണ്ടെ നമ്മുടെ വഴിയിൽ നില്പുണ്ട്.. എന്നാൽ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് അതിനെ പുറത്തേക്ക് ഒടിച്ചു വിടാൻ എന്നോട് പറഞ്ഞു..

പിന്നെ എങ്ങനെ ഒക്കെയോ വഴക്കിട്ടു അതിനെ വീട്ടുകാർ മനസില്ലാ മനസോടെ വീട്ടിൽ നിർത്തി…എന്നാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ പലരും പറയാൻ തുടങ്ങി അതൊരു കില്ലപട്ടിയാണെന്ന്.. പതുക്കെ പതുക്കെ എനിക്കും തോന്നി തുടങ്ങി.. ഞാൻ ചെയ്തത് വല്യ ഒരു അബദ്ധമായി..

പിന്നെ അങ്ങോട്ട് കുറ്റബോധം റോക്കറ്റ് വിട്ടപോലെ ഒരു പോക്കായിരുന്നു.. എന്നാൽ അബദ്ധം പറ്റി എന്ന് എല്ലാവരുടെയും മുന്നിൽ സമ്മതിച്ചു കൊടുക്കാനും വയ്യ… ഞാൻ എന്റേതായ രീതിയിൽ അതിനൊരു പരിഹാരം കണ്ടു..

അന്ന് വൈകിട്ട് തീറ്റ കൊടുക്കാൻ പട്ടിയെ അന്വേഷിച്ച വീട്ടുകാർ എന്റെ അടുത്ത് തിരക്കി.. ആദ്യം ഒന്നും അറിയില്ല എന്ന് പറഞ്ഞെങ്കിലും പിന്നെ എനിക്ക് അത് പറയേണ്ടി വന്നു..

വീടിരിക്കുന്ന പറമ്പിന്റെ അതിരിൽ കൂടി ഒരു തോട് ഒഴുകുന്നുണ്ട്.. അതിനും അപ്പുറം കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പുണ്ട്.. ഞാൻ ആ പട്ടിയെ ഒരു ചാക്കിൽ കെട്ടി തോടിന്റെ അപ്പുറത്തേക്ക് എറിഞ്ഞു കളയുകയാണ് ചെയ്തത്..

ഉടനെ തന്നെ പപ്പ ഓടിപ്പോയി തോട് കടന്ന് മതിലിൽ വലിഞ്ഞുകയറി ആ പട്ടിയെ തിരികെ കൊണ്ടുവന്നു..

ഇത്രയും ദിവസം ഇതിനെ വേണ്ടായിരുന്നല്ലോ എന്നിട്ട് ഇപ്പോൾ എന്തിനാ ഈ സാഹസം എന്ന് ആലോചിച്ചു നിൽക്കുന്ന എന്നോട് ഒരു ചോദ്യവും.. നിന്റെ ഉള്ളിൽ ഇത്രയ്ക്കും ക്രൂരത ഉണ്ടായിരുന്നോടാ എന്ന്..

ആ ചോദ്യം അങ്ങോട്ട് എന്റെ ഉള്ളിൽ തറഞ്ഞു കയറി.. പിന്നെയും വല്ലാത്ത കുറ്റബോധം.. ഒരു തെറ്റ് ചെയ്‌തെന്ന് തോന്നി തിരുത്തിയപ്പോൾ പിന്നെയും കുറ്റം.. അന്ന് അങ്ങനെ തോന്നിയെങ്കിലും കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ചെയ്ത തെറ്റിനെ പറ്റി ബോധം വന്നു..

കുറച്ചു മാസങ്ങൾ കഴിഞ്ഞു എന്തോ അസുഖം വന്നു ആ പട്ടി ചത്തു പോയി.. അതിനു ശേഷം പുതിയ പൂടപ്പട്ടിയെ വാങ്ങിക്കുകയും ചെയ്തു..

പിന്നെയും കാലം കഴിഞ്ഞപ്പോ അതിൽ നിന്ന് കുറച്ചു കാര്യങ്ങൾ കൂടെ എനിക്ക് പഠിക്കാൻ കഴിഞ്ഞു..

വഴിയിൽ കണ്ട പട്ടി കുട്ടിയോട് തോന്നിയ ആകർഷണം പിന്നെയും പലതിനോടും തോന്നും… അതിപ്പോൾ കരിയർ ആകാം, ഒരാളോട് പ്രണയമാകാം.. ഒരു വസ്തു സ്വന്തമാക്കാനുള്ള ആഗ്രഹമാകാം.. സ്വാഭാവികമായും അതൊരു സേഫ് വഴി അല്ലെങ്കിൽ വീട്ടിൽ നിന്ന് എതിർപ്പുണ്ടാകും.. നമ്മളുടെ വാശി കൂടും എങ്ങനെയും അത് സ്വന്തമാക്കാൻ തോന്നും..

അന്ന് അതിന്റെ നല്ല വശങ്ങൾ മാത്രമേ നമ്മളുടെ കണ്ണിൽ പെടുകയുള്ളു.. മോശം വശങ്ങളെ കൂടി കണ്ടുകൊണ്ട് ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ നാളുകൾ കഴിയുമ്പോൾ അത് വേണ്ടായിരുന്നു എന്ന കുറ്റബോധം തോന്നും.. പിന്നെ അതൊരു ബാധ്യത ആയി മാറുകയും ചെയ്യും..

എന്തിന് മുൻപും ആലോചിക്കണം… ഒന്നെങ്കിൽ അപ്പനും അമ്മയും പറയുന്ന സേഫ് വഴിയിൽ പോകണം.. അവിടെ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്.. അല്ലെങ്കിൽ ഇഷ്ടപെട്ട വഴിക്ക് പോകണം.. അതിന്റെ എല്ലാ വശങ്ങളും മനസിലാക്കി പോകണം..

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.