ഒരു ഇന്റർവ്യൂനു പോലും പങ്കെടുത്തിട്ടില്ലെങ്കിലും കുറെ പേരെ ഇന്റർവ്യൂ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. ഇന്റർവ്യൂന് പോയിട്ടില്ല എന്ന് പറയാൻ പറ്റില്ല, ഒരു ദുർബല നിമിഷത്തിൽ ജോലിയെങ്കിൽ ജോലി എന്ന് കരുതി ഒരിക്കൽ ഇന്റർവ്യൂന് പോയിട്ടുണ്ട്.
തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഒരു വമ്പൻ കമ്പനിയിൽ തന്നെയാണ് പോയത്. പക്ഷെ ഒരുപാട് പേര് വരുന്നത് കൊണ്ട് അവിടെ വച്ചു തന്നെ ഒരു എഴുത്ത് പരീക്ഷ നടത്തിയിട്ടായിരുന്നു ഇന്റർവ്യൂ ചെയ്യാൻ വിളിക്കുന്നത്.
ഇന്റർവ്യൂ കണ്ടിട്ട് പോലുമില്ലാത്ത എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കണം എന്നെല്ലാം കേട്ടപ്പോൾ തന്നെ കിളി പോയി. പക്ഷെ അതിന്റെ ഒന്നും ആവശ്യം വന്നില്ല, പരീക്ഷയിൽ പൊട്ടിയത് കൊണ്ട് ഇന്റർവ്യൂ എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയില്ല.
പിന്നീട് കമ്പനി തുടങ്ങിയപ്പോൾ ഒരുപാട് പേരെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞു. അന്നാണ് അതിന്റെ പിന്നാമ്പുറം എങ്ങനെ ആണെന്ന് മനസിലാകുന്നത്. ആദ്യമൊക്കെ ഇന്റർവ്യൂ ചെയ്യുന്നവരുടെ കൂടെ ഇരിക്കുന്നതായിരുന്നു പണി. നല്ല രസമാണ്, നമ്മൾക്ക് ഒരു ടെൻഷനും വേണ്ടല്ലോ.
ആകെ ഒരു ടെൻഷൻ ഉള്ളത് മുന്നിൽ ഇരിക്കുന്നവനെ കൊണ്ടു നമ്മുടെ പണിക്ക് കൊള്ളുമോ എന്ന് എങ്ങനെ കണ്ടുപിടിക്കാൻ പറ്റും എന്ന് മാത്രമാണ്. കൂടെ ഇരിക്കാൻ തുടങ്ങി ഒടുവിൽ ഒറ്റയ്ക്കു വരെ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്.
AC മുറിയിൽ ഇരുന്ന് വെറുതെ പേര് ചോദിക്കുമ്പോൾ പോലും വിയർത്തു കുളിക്കുന്നവരെ കാണുമ്പോൾ അതിശയം തോന്നുമായിരുന്നു. അതിൽ തന്നെ ഒരു ഇന്റർവ്യൂ ഇന്നും ഞാൻ ഓർത്തിരുന്നു.
ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയറെ കിട്ടാനുള്ള പരസ്യം ഒക്കെ ചെയ്തിട്ട് ഇരിക്കുമ്പോഴാണ് പിറ്റേന്ന് ഒരാള് വരുന്നുണ്ട് എന്ന് അറിയിപ്പ് കിട്ടിയത്..
റെസ്യുമെ എടുത്തു നോക്കിയ ഞാൻ ആകെ ഞെട്ടി.. വരുന്ന ആൾക്ക് മൂന്നര വർഷത്തെ എക്സ്പീരിയൻസ്.. പോരാത്തേന് ഞാൻ കേട്ടിട്ട് പോലുമില്ലാത്ത പല സംഭവങ്ങളും അതിലുണ്ട്..
ഈ ആൾ വരുന്ന പ്രസ്തുത വിഷയത്തിൽ എന്റെ എക്സ്പീരിയൻസ് വെറും ഒന്നര കൊല്ലവും.. ഇന്റർവ്യൂ ചെയ്യാൻ എന്റെ കൂടെ ഇരിക്കുന്ന ഫ്രണ്ട് കൂടിയായ പ്രൊജക്റ്റ് ഹെഡിന്റെ എക്സ്പീരിയൻസ് രണ്ടര കൊല്ലവുമായിരുന്നു..
വരുന്ന ഭീകരനെ എങ്ങനെ കൈകാര്യം ചെയ്യും എന്നോർത്ത് ഞങ്ങൾക്ക് ടെൻഷൻ ആയി.. മറ്റ് സ്റ്റാഫുകൾ ഒക്കെ ഉള്ളതാണ്… അവരുടെ മുന്നിൽ വച്ചു ഞങ്ങളെ പുച്ഛിക്കുമോ എന്നോർത്ത് ഇരിക്കുമ്പോൾ ആളെത്തി..
ഞങ്ങൾ നല്ല കട്ട ആറ്റിട്യൂട് ഒക്കെ ഇട്ട് അങ്ങ് ഇരുന്നു.. എന്നാൽ ഇന്റർവ്യൂ തുടങ്ങി വെറുതെ ബേസിക് കാര്യങ്ങൾ ഒക്കെ ചോദിച്ചപ്പോഴെ ആള് പാനിക് ആയി.. ടെക്നിക്കൽ റൗണ്ടിൽ ഏറ്റവും ബേസിക് കാര്യങ്ങൾക്കു പോലും ഉത്തരമില്ല.. എങ്ങനൊക്കെ കൂൾ ആക്കാൻ നോക്കിയിട്ടും രക്ഷയില്ല… ഒന്ന് തറപ്പിച്ചു നോക്കിയാൽ അയാൾ ബോധം കെടും എന്നുവരെ എനിക്ക് തോന്നി.. ഒടുവിൽ തന്നെക്കൊണ്ട് ഇത് പറ്റില്ലാന്ന് പറഞ്ഞു ക്ഷമാപണം ഒക്കെ നടത്തി അയാൾ സ്ഥലം വിട്ടു..
ഒരു ഇന്റർവ്യൂ ഒക്കെ പോകുമ്പോൾ എത്ര സ്‌കിൽ ഉണ്ടെങ്കിലും എക്സ്പീരിയൻസ് ഉണ്ടെങ്കിലും അതവിടെ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ഗുണവുമില്ല..
അറിയാത്ത ചോദ്യങ്ങൾ ആണെങ്കിൽ കൂടി അറിയില്ല എന്ന് പറയാതെ.. എനിക്ക് ആ പ്രസ്തുത വിഷയം ഇതുവരെ കൈകാര്യം ചെയ്യണ്ട സാഹചര്യം പഴയ കമ്പനിയിൽ ലഭിച്ചിട്ടില്ല അഥവാ ഇവിടെ അതാണ് ആവശ്യം എങ്കിൽ എനിക്ക് അത് പെട്ടന്ന് പഠിച്ചെടുക്കാൻ കഴിയും എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിഞ്ഞാൽ പകുതി വിജയിച്ചു..
മറ്റൊരു വിദ്യയാണ് ഏതെങ്കിലും ഒരു കാര്യത്തിൽ രാജാവായിരിക്കണം.. അതവിടെ ഭംഗിയായി അവതരിപ്പിക്കണം.. എല്ലാം അറിയാവുന്നവരായി ആരുമില്ലല്ലോ..
ഇന്റർവ്യൂ ചെയുന്ന ആളുകളിൽ ഒരു വിശ്വാസം നേടിയെടുക്കാൻ ഇതൊക്കെ ഉപകരിക്കും..
Comments are closed.