Beginners

സ്വന്തം ബ്രാന്റിൽ പ്രോഡക്റ്റ് ഇറക്കാൻ താല്പര്യം ഉള്ളവർ ശ്രദ്ധിക്കുക

Pinterest LinkedIn Tumblr

സ്വന്തമായി എന്തെങ്കിലും ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ ബ്രാൻഡ് വേണമെന്ന് നമ്മൾ ചിന്തിക്കുമ്പോഴേ ആദ്യത്തെ പ്രശ്നം, അതിനുള്ള പ്രൊഡക്ഷൻ യൂണിറ്റ്, ലൈസൻസ് തുടങ്ങിയ നൂലാമാലകൾ ആയിരിക്കുമല്ലോ.

എന്നാൽ ബിസിനസ് പഠിച്ച ഒരാൾ ചിന്തിക്കുക, നല്ല ഒരു പ്രോഡക്റ്റ് കയ്യിൽ ഉണ്ടെങ്കിൽ അതിനെ എങ്ങനെ മാർക്കറ്റിൽ ഇറക്കാൻ കഴിയുമെന്നും എങ്ങനെ വിൽക്കാൻ കഴിയുമെന്നും ആയിരിക്കും.

കാരണം നമ്മൾ പറയുന്ന രീതിയിൽ പ്രോഡക്റ്റ് നിർമ്മിച്ചു തരാൻ പറ്റുന്ന ലൈസൻസ്, യൂണിറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉള്ള ആളുകൾ നമ്മുടെ ഇടയിലുണ്ട്. അവരുടെ അടുത്ത് പോയി ഒരു 10 പ്രോഡക്റ്റ് എടുത്തതിനു ശേഷം അത് എങ്ങനെ വിൽക്കാൻ പറ്റുമെന്ന് ചിന്തിക്കുക..

പലരും ലക്ഷങ്ങൾ ലോൺ എടുത്ത് സ്വന്തമായി പ്ലാന്റ് ഒക്കെ സ്ഥാപിച്ചതിന് ശേഷമായിരിക്കും ഇതെങ്ങനെ വിൽക്കും എന്ന് ചിന്തിക്കുന്നത്, നമ്മൾ ഒരു സ്ഥാപനം തുടങ്ങി എന്ന് കണ്ടിട്ടോ കുറച്ചു നോട്ടീസ് അല്ലെങ്കിൽ പരസ്യം കണ്ടിട്ടോ ഒരാളും നമ്മുടെ അടുത്ത് നിന്ന് ഒന്നും വാങ്ങാൻ വരുമെന്ന് പ്രതീക്ഷിക്കരുത്. ഒരുപാട് പേർക്ക് പറ്റുന്ന അബദ്ധമാണ് ഇത്, ഒടുവിൽ പ്രതീക്ഷിച്ച പോലെ കച്ചവടം നടക്കാതെ വരുമ്പോൾ, മറ്റൊരു വശത്തു ലോൺ മുതലായ കാര്യങ്ങൾ കൂടി വരുമ്പോൾ നമ്മൾക്ക് കൂടുതൽ ടെൻഷൻ കയറും.

നമ്മുടെ ചുറ്റും ഉള്ള ബിസിനസ് അറിയാവുന്നവരെ ശ്രദ്ധിച്ചാൽ ഇത്തരം കാര്യങ്ങൾ അവർ എങ്ങനെയാണ് ഡീൽ ചെയ്യുന്നത് എന്ന് കാണാൻ കഴിയും. എന്ത് പ്രോഡക്റ്റ് ആണോ നമ്മൾക്ക് വിപണിയിൽ ഇറക്കാൻ താല്പര്യം, അല്ലെങ്കിൽ സ്കോപ് ഉണ്ടെന്ന് തോന്നുന്നത്, അതിന് പറ്റിയ ഒരു നിർമ്മാതാവിനെ കണ്ടെത്തുക.

ചിലർ ബൾക്ക് ആയി മാത്രമേ തരികയുള്ളു, പക്ഷേ കുറച്ചു ചെറിയ ആളുകളെ പിടിച്ചാൽ സാമ്പിൾ എന്ന രീതിയിൽ ചെറിയ അളവിലും സാധനങ്ങൾ കിട്ടും. ഇത്തരത്തിൽ കിട്ടുന്നത് സ്വന്തം പേരിൽ ലേബൽ ചെയ്ത് എങ്ങനെ വിൽക്കാൻ കഴിയുമെന്ന് ചിന്തിക്കുക.

അതിനുള്ള കുറച്ചു മാർഗങ്ങൾ കൂടെ പറയട്ടെ.

സാമ്പിൾ എന്ന രീതിയിൽ നമ്മുടെ പരിചയത്തിൽ ഉള്ളവർക്ക് സൗജന്യമായി കൊടുത്ത് തുടങ്ങാം, അവർക്ക് ഇഷ്ടപ്പെട്ടു എങ്കിൽ തീർച്ചയായും അടുത്ത തവണ നമ്മുടെ അടുത്തേക്ക് അവർ വീണ്ടും വരും. ലോണിന്റെ ബാധ്യത ഒന്നും ഇല്ലാത്തതിനാൽ അല്പം സാവകാശം എടുത്താലും നമ്മൾക്ക് പ്രശ്നം ഇല്ലാ എന്നത് പ്രത്യേകം ഓർക്കണം. അത് മാത്രമല്ല ഒരു ബ്രാൻഡ്‌ സ്ഥാപിക്കുക എന്നത് അല്പം സമയം എടുക്കുന്ന പരിപാടി കൂടിയാണ്, ക്ഷമ ഉണ്ടാവണം.

ഇത്തരത്തിൽ കുറച്ചു പേരുടെ ഓർഡർ ആയിക്കഴിഞ്ഞാൽ, പ്രോഡക്റ്റ് അനുസരിച്ചു പത്തോ, നൂറോ, ആയിരമോ വിൽക്കാൻ കഴിഞ്ഞാൽ അടുത്ത പടികളിലേക്ക് പോകാം. ഇത്തരത്തിൽ ഒരു ബ്രാൻഡ്‌ ആരംഭിച്ചിട്ട് ഉണ്ടെന്നും ഇത്രത്തോളം കച്ചവടം നടന്നു മുതലായ നേട്ടങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാം.

ഒരിക്കലും ഡിസൈൻ ചെയ്ത ഒരു പോസ്റ്റർ ഇട്ടിട്ട് വാങ്ങാൻ വരൂ എന്ന് പറഞ്ഞു പരസ്യം ചെയ്യരുത്. നിങ്ങളുടെ നേട്ടങ്ങൾ മാത്രം പോസ്റ്റ്‌ ചെയ്യുക. നിങ്ങളോട് കൂടെ സന്തോഷിക്കാൻ ആളുകൾ വരും, അവരിൽ പലരും ചിലപ്പോൾ ഇത് ഒന്ന് പരീക്ഷിക്കാൻ തയ്യാർ ആയേക്കും.

ഇത്തരം കാര്യങ്ങൾ ഒരു സൈഡ് വഴി നടക്കണം, അടുത്തതായി വിതരണക്കാരെ കണ്ടത്തി കടകളിലേക്ക് എത്തിക്കാൻ ശ്രമിക്കാം ഇതിനൊക്കെ പല വഴികളും തന്ത്രങ്ങളും ഉണ്ട്, ആ സമയം ആകുമ്പോൾ അതിനായി ഒരു കോൺസൾട്ടന്റിനെ സമീപിക്കാം, കാരണം നിങ്ങൾ വരുമാനം ഉള്ള ഒരു സംരംഭകൻ ആയി മാറിയിട്ട് ഉണ്ടായിരിക്കുമല്ലോ.

അടുത്തതായി സ്വന്തം ecommerce സ്റ്റോർ ആരംഭിക്കാം, അല്ലെങ്കിൽ ആമസോൺ, ഫ്ളിപ്കാർട് പോലെയുള്ള പ്ലാറ്റഫോം ഉപയോഗപ്പെടുത്താം. അല്ലെങ്കിൽ ഈ രീതികൾ എല്ലാം ഉപയോഗപ്പെടുത്താം.

ഇതിൽ എന്ത് കാര്യങ്ങൾ നടന്നാലും അതിനെ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കണം, മറ്റ് പരസ്യങ്ങളിലേക്ക് കൂടി ശ്രമിക്കണം. ഇതെല്ലാം ഒത്തു വരുമ്പോൾ നല്ല ഒരു ബ്രാൻഡ്‌ സ്വന്തമായി ഉണ്ടായി വരും.

ലക്ഷങ്ങളുടെ വരുമാനം ആകുമ്പോൾ അല്ലെങ്കിൽ ഓരോ സ്റ്റേജ് മാറുന്നതിനു അനുസരിച്ചു നമ്മുടെ ആദ്യത്തെ നിർമ്മാതാവിനെ മാറ്റി കുറേക്കൂടി വലിയ ആളെ കണ്ടെത്തുകയോ അല്ലെങ്കിൽ ലോൺ എടുത്ത് സ്വന്തം യൂണിറ്റ് തുടങ്ങുകയോ എന്ത് വേണമെങ്കിലും ചെയ്യാം.

ഒരു കാര്യം കൂടി ശ്രദ്ധിക്കുക, ബ്രാൻഡ്‌ എന്നാൽ ഒരു ലോഗോ അല്ലെങ്കിൽ പേര് എന്നതല്ല, ഉറപ്പായും ലഭിക്കുന്ന ഒരു മിനിമം ക്വാളിറ്റിയുടെ അടയാളം മാത്രമാണ് അത് രണ്ടും. വർഷങ്ങൾ കൊണ്ട് മാത്രമാണ് അത്തരത്തിൽ ഒരു വിശ്വാസം കസ്റ്റമരുടെ ഇടയിൽ നേടിയെടുക്കാൻ കഴിയുന്നത്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.