എന്റെ വീട്ടിൽ നിന്ന് പഴയ കോട്ടയം ചന്തയിലേക്ക് ഏകദേശം 7 കിലോമീറ്റർ ദൂരമുണ്ട്, ഞാൻ ഒരിക്കൽ ഈ ദൂരം നടന്നു നോക്കിയിട്ടുണ്ട് ഏതാണ്ട് ഒരു മണിക്കൂർ സമയമെടുത്തു ടൗണിൽ നിന്നും വീടെത്താൻ.
അപ്പോഴാണ് പഴയ ഒരു കഥ ഞാൻ ഓർത്തത്, ഞങ്ങളുടെ വല്യപ്പച്ചൻ അഥവാ എന്റെ പപ്പയുടെ അപ്പൻ, മിക്കവാറും ദിവസങ്ങളിൽ ഈ ദൂരം നടന്നു പോയിട്ടുണ്ട്, ചില ദിവസങ്ങളിൽ രണ്ട് പ്രാവശ്യം വരെ പോയിട്ടുണ്ട് അതും രാത്രിയിൽ ഒക്കെ.
കോട്ടയം കുമാരനല്ലൂർ ദേവീവിലാസം സ്കൂളിലെ അധ്യാപകൻ ആയിരുന്നു ഞങ്ങൾ ചാച്ചൻ എന്ന് വിളിച്ചിരുന്ന വല്യപ്പച്ചൻ.
അധ്യാപകൻ എന്നതിന് ഉപരി നേരം വെളുക്കുന്നതിനു മുന്നേ പറമ്പിൽ കൃഷി നോക്കാൻ ഇറങ്ങും, സ്കൂളിൽ നിന്ന് വന്നു കഴിഞ്ഞാലും തൂമ്പായുമെടുത്തു പണിയാൻ ഇറങ്ങും. ഇഷ്ടം പോലെ പണിക്കാർ ഉണ്ടെങ്കിലും ആ കൂടെ ഇറങ്ങി മല്ലു പിടിക്കാൻ ചാച്ചന് വലിയ ഇഷ്ടമായിരുന്നു.
പറമ്പിലെ കൃഷി മാത്രമല്ല നാലഞ്ച് പശുക്കളും കോഴി താറാവ് ഉൾപ്പെടെ ഉള്ളവയും വീട്ടിൽ ഉണ്ടാവും.
ചാച്ചനെ പറ്റി കേട്ടിട്ടുള്ള കഥകളിൽ ഏറ്റവും ഞെട്ടിക്കുന്നത്, 8 രൂപ ശമ്പളം ഉള്ള സമയത്ത് 10 രൂപയുടെ ചിട്ടിയിൽ ചേരും, ശമ്പളം കൂടാതെ കൃഷി ചെയ്തുള്ളതും, എല്ലാം കൂടെ കൂട്ടി ചിട്ടി പിടിക്കും, അങ്ങനെ സ്ഥലം വാങ്ങിക്കും, അവിടെയും കൃഷി ചെയ്യും.
എന്റെ പപ്പാ അടക്കം 6 മക്കൾ ഉണ്ടായിരുന്നു ചാച്ചന്, അവരെയും വെറുതെ വിടില്ല ഈ പണികൾ എല്ലാം ചെയ്യിപ്പിക്കും, എന്ന് കരുതി പഠിത്തം കളയാനും സമ്മതിക്കില്ല.
ചാച്ചൻ അന്നത്തെ കാലത്ത് തന്റെ മൂന്ന് പെൺമക്കൾക്കും aided സ്കൂളിൽ ജോലി വാങ്ങി കൊടുത്തു എന്ന് പറയുമ്പോൾ ഒന്ന് ആലോചിച്ചു നോക്കിക്കേ സ്ത്രീകൾ ജോലിക്ക് പോകണം എന്നൊക്കെ നമ്മൾ പറയാൻ തുടങ്ങിയിട്ട് തന്നെ എത്ര വർഷം ആയെന്ന്.
ഇന്ന് ഞാൻ അനുഭവിക്കുന്ന പല സുഖസൗകര്യങ്ങൾക്കും പിന്നിൽ ചാച്ചന്റെ ഈ അധ്വാനവും ലക്ഷ്യബോധവും ഒക്കെയാണ്. ഏതാണ്ട് ഒരു റിയൽ ലൈഫ് അഞ്ഞൂറാൻ തന്നെയായിരുന്നു ചാച്ചനും, അതേ ചൂടൻ സ്വഭാവവും…
ഇന്ന് ചാച്ചന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം ആയിരുന്നു, ചാച്ചന്റെ ഓർമ്മകൾക്കൊപ്പം, ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നിരുന്നു എന്ന് വിളിച്ചു പറയാൻ ഒരു ആഗ്രഹം…
Comments are closed.