തുടക്കാർക്ക് പറ്റുന്ന വലിയ ഒരു അബദ്ധമാണ്, ഒരുപാട് പ്രൊജക്റ്റ് ഒക്കെ ലഭിക്കുന്നുണ്ടാകും പക്ഷേ എങ്ങനെ നോക്കിയാലും കയ്യിൽ ലാഭം ഒന്നും കാണില്ല. ഇതിലും റേറ്റ് കൂട്ടി വർക്ക് പിടിക്കാൻ ഒട്ടും പറ്റുകയുമില്ല. എന്റെ അനുഭവത്തിൽ നിന്ന് തന്നെ ഇതിന്റെ കാരണവും പരിഹാരവും പറയാം.
പണ്ട് കമ്പനി തുടങ്ങിയ സമയം, അന്ന് ഡിസൈൻ വർക്കുകൾ കൂടി കമ്പനിയിൽ ചെയ്യുന്നുണ്ട്.
അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം എന്റെ സ്കൂളിൽ പഠിച്ച ഒരു സീനിയർ വിദേശത്തു എവിടെയോ ഒരു ബിസിനസ് ആരംഭിക്കാൻ പോകുന്നു എന്നത് ഫേസ്ബുക്കിൽ കണ്ടു. ഒന്നും നോക്കിയില്ല നേരെ ഒരു ഹായ് ഒക്കെ അയച്ചിട്ട് ഞാൻ നേരെ പോയി മുട്ടി.
നിങ്ങൾക്ക് വേണ്ട എല്ലാ പോസ്റ്റർ, വെബ്സൈറ്റ് ഡിസൈൻ എല്ലാം ചെയ്ത് തരാം എന്നൊക്കെ പറഞ്ഞു പുള്ളിക്കാരി മനസില്ലാമനസോടെ ഒരു പോസ്റ്റർ ചെയ്തു കൊടുക്കാൻ പറഞ്ഞു.
വർക്ക് കിട്ടിയ സന്തോഷത്തിൽ അഡ്വാൻസ് പോയിട്ട് റേറ്റ് പോലും പറയാൻ ഞാനും ഓർത്തില്ല, അല്ലെങ്കിൽ അവിടെ എനിക്ക് അങ്ങനെ ഒരു ഡിമാൻഡ് വയ്ക്കാനുള്ള വകുപ്പ് ഇല്ല. കാരണം ഞാൻ അങ്ങോട്ട് ചെന്നു കയറി കാലു പിടിച്ചു ഒപ്പിച്ച വർക്കണല്ലോ.
അങ്ങനെ പുള്ളിക്കാരി ഒരു concept പറഞ്ഞു, ഞാൻ അത് ഡിസൈനറോട് വിശദീകരിച്ചു കൊടുക്കും, അവൻ ചെയ്തു തരുന്നത് ഞാൻ പുള്ളിക്കാരിക്ക് അയച്ചു കൊടുക്കും. പുള്ളിക്കാരി ഓരോ മാറ്റങ്ങൾ പറയും.
ഇതിങ്ങനെ ഏതാണ്ട് 7-8 ദിവസം തുടർന്നു. ഒടുവിൽ പുള്ളിക്കാരി അല്ലേ വേണ്ട മറ്റൊരു രീതിയിൽ ചെയ്യാം എന്നും പറഞ്ഞു ഒറ്റ പോക്ക് പോയി. ഞാൻ ആണേൽ ആകെ പെട്ടു, ഇത്രയും കഷ്ടപ്പെട്ടിട്ട് വേണ്ടാന്ന് പറഞ്ഞപ്പോൾ ആകെ സങ്കടമായി.
വർക്ക് ചെയ്തതിന്റെ പ്രതിഫലം തരണമെന്ന് മടിച്ചു മടിച്ചു ഞാൻ മെസ്സേജ് ചെയ്തു. അവർ ചോദിച്ചു എത്ര വേണമെന്ന്. ഞാൻ മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി. ഒരു പോസ്റ്റർ ചെയ്തതിന് എത്ര ചോദിക്കാം 🤔
1000 ചോദിച്ചാലോ, എന്നാലും കുറെ പണി എടുത്തതല്ലേ 2000 ചോദിച്ചേക്കാം, ഒരു പോസ്റ്ററിന് 2000 എന്നൊക്കെ പറഞ്ഞാൽ കത്തിയാണ് എന്നാലും വിദേശത്തു ആണല്ലോ.. അങ്ങനെ 2000 ചോദിച്ചു, പുള്ളിക്കാരി എന്തോ പറഞ്ഞിട്ട് അയച്ചു തന്നു.
കാശ് കിട്ടിയപ്പോൾ എനിക്ക് സമാധാനമായി, പക്ഷേ ഇതിൽ എനിക്ക് പറ്റിയ അബദ്ധം മനസിലാകാൻ പിന്നെയും ഒരുപാട് സമയം വേണ്ടിവന്നു.
സിമ്പിൾ ആയി പറഞ്ഞാൽ, ഞാനും ഒരു ഡിസൈനറും മാത്രം അടങ്ങുന്ന ഒരു ഓഫീസ് സങ്കൽപ്പിക്കുക. അവന്റെ ശമ്പളം 17600 എന്നും വിചാരിക്കുക. അങ്ങനെ എങ്കിൽ 22 ദിവസം ജോലി ചെയ്താൽ അവന്റെ ഒരു ദിവസത്തെ ശമ്പളം എന്ന് പറയുന്നത് 800 രൂപ, അല്ലെങ്കിൽ മണിക്കൂറിനു 100 രൂപ.
ഇവൻ ആ പോസ്റ്റർ ഉണ്ടാക്കാൻ 7 ദിവസം മെനക്കെട്ടു എങ്കിൽ അവനു കൊടുക്കേണ്ട ശമ്പളം 7×800 = 5600 രൂപയാണ്.
അവൻ മാത്രമല്ല ഇതിനു വേണ്ടി പണി എടുത്തത്, എന്റെയും കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചിട്ടുണ്ട്, ഇതിന് പുറമേ ഓഫീസിന്റെ റെന്റ്, കറന്റ്, ഇന്റർനെറ്റ്, ചായയുടെ കാശ്, മറ്റ് ചിലവുകൾ (പിരിവുകൾ ഉൾപ്പെടെ ) കൂട്ടി നോക്കിയാൽ..
തീർന്നില്ല, ഇത്രയും ജോലി ചെയ്തതിന്റെ പ്രതിഫലമാണ്, ഞാൻ അവിടെ ചെയ്യുന്നത് ബിസിനസ് കൂടിയാണ്, ബിസിനസിൽ ലാഭം കൂടി ഉണ്ടാകണം എങ്കിലേ നിലനിൽപ് ഉള്ളു. ഇങ്ങനെ കൂട്ടി നോക്കിയാൽ ആ ഒരു വർക്കിന് മാത്രം എത്ര രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
ഇതിനൊപ്പം ചെയ്ത സോഫ്റ്റ്‌വെയർ ഉൾപ്പെടെ എല്ലാത്തിലും ഇങ്ങനെ ഒക്കെ അബദ്ധങ്ങൾ ആയിരുന്നു. റേറ്റ് കൂട്ടാൻ തോന്നില്ല കാരണം ഫേസ്ബുക് തുറന്നാൽ നമ്മൾ ചെയ്യുന്ന അതേ സംഭവങ്ങൾ അതിന്റെ അഞ്ചിൽ ഒന്ന് റേറ്റിൽ ചെയ്യാൻ ആളുകൾ ഉണ്ട്, ഇങ്ങനെ മനസ് മടുത്തു എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരു ചിന്ത വരുന്നത്.
ഇൻഫോപാർക്കിലും ടെക്‌നോപാർക്കിലും ഒക്കെ കമ്പനികൾ ഉണ്ടല്ലോ, അവിടൊക്കെ നൂറും ആയിരവും പതിനായിരവും ആളുകൾ ജോലി ചെയ്യുന്നമുണ്ട്, അപ്പോൾ അവർക്ക് നല്ല പ്രൊജക്റ്റുകൾ എന്തായാലും ലഭിക്കുന്നുണ്ട്.
അങ്ങനെ എങ്കിൽ അത് എന്താണ് എവിടെ നിന്നാണ് എന്നൊക്കെ കണ്ടെത്താൻ കഴിഞ്ഞാൽ എനിക്കും ഇതൊക്കെ സാധ്യമല്ലേ.. ഈ ഒരു ചിന്തയിൽ നിന്നാണ് ശരിക്കും എന്റെ രണ്ടാം അധ്യായം ആരംഭിക്കുന്നത്.
ഇതൊക്കെ പുറത്ത് പറയാൻ എനിക്ക് നാണമായിരുന്നു, അയ്യേ ഇത് പോലും അറിയാതെയാണോ ഇവനൊക്കെ ബിസിനസ് ചെയ്യാൻ ഇറങ്ങുന്നേ എന്ന് ആളുകൾ കളിയാക്കില്ലേ എന്ന്.
എന്നാൽ എഴുതാൻ തുടങ്ങിയതിൽ പിന്നെ എന്റെ അന്നത്തെ അവസ്ഥയിൽ ഉള്ള ഒരുപാട് പേരെ കാണാൻ കഴിഞ്ഞു, എന്തിനു അന്നത്തെ എന്നേക്കാൾ മോശപ്പെട്ട അവസ്ഥയിൽ ഉള്ളവരും ഒരുപാട് ഉണ്ട്, ഇപ്പോഴും ഉണ്ട്. അവർക്ക് വേണ്ടിയാണ് ഇതെഴുതുന്നത്.
ചീപ് കൊടുക്കാൻ ഒരുപാട് ആളുകൾ ഉണ്ട്, ഒരുപക്ഷെ അന്നത്തെ ഞാനും അത്തരത്തിൽ പെട്ട ഒരാൾ ആയിരുന്നു. 10 മാസം കൊണ്ട് എന്റെ ആ സംരംഭം അവസാനിപ്പിച്ചു, പക്ഷേ ഞാൻ പോയ ആ വിടവിൽ എന്നെപ്പോലെ അറിവില്ലാത്ത മറ്റൊരുവൻ അപ്പോൾ തന്നെ വന്നിട്ടുണ്ടാകും. അവൻ പോകുമ്പോൾ മറ്റൊരുവൻ.
ചീപ് industry ഏറെക്കുറെ ഇങ്ങനെയാണ് നിലനിന്നു പോകുന്നത്. ക്ലോൺ കൊണ്ട് പിടിച്ചു നിൽക്കുന്ന മറ്റ് ചിലരും ഉണ്ട്.
ഇനി ഇൻഫോപാർക്കിന് ഉള്ളിൽ കണ്ട കാഴ്ച. കമ്പനിയുടെ എല്ലാ ചിലവുകളും മണിക്കൂറിൽ കണക്ക് കൂട്ടിയാൽ ചിലർക്ക് 300 ആയിരിക്കും ചിലർക്ക് 400, 500..
അതായത് ഏത് വർക്ക് വന്നാലും അതിന് ചിലവാകുന്ന സമയം x ഈ തുക കൂട്ടിയാൽ നഷ്ടം ഇല്ലാതെ ആ project ചെയ്യാനുള്ള തുക കിട്ടും. അതിന് മുകളിൽ എന്തെങ്കിലും കൂടി ഇട്ടിട്ടാണ് ക്ലയന്റിന്റെ അടുത്ത് പറയുന്നത്.
1000 മണിക്കൂർ ഉള്ള project ചെയ്യാൻ 500*1000 കിട്ടണം, അത് അഡ്വാൻസ് ഉൾപ്പെടെ കൃത്യമായി ഇടവേളകളിൽ കിട്ടണം, ഇനി അതിനായി ഒരു പുതിയ ആളെ എടുക്കണം എങ്കിൽ അയാളുടെ ജോലി കഴിഞ്ഞാലും 6 മാസത്തെ ശമ്പളം കൂടി വകയിരുത്തണം.
എന്നാൽ ഇൻഫോപാർക്കിന്റെ ഉള്ളിൽ കണ്ട കാഴ്ച്ച ഇതേ വർക്ക് തന്നെ അവിടെ മണിക്കൂറിനു 1000 വാങ്ങി ചെയ്യുന്നവരും ഉണ്ട് 10000 വാങ്ങി ചെയ്യുന്നവരും ഉണ്ട്. അത് അറിഞ്ഞിട്ടും കൊടുക്കാൻ തയ്യാറുള്ള ക്ലയന്റ്സും അവർക്കുണ്ട്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.