2018ൽ ഏതാണ്ട് ഈ സമയത്തു എന്റെ കമ്പനി പൂട്ടിക്കെട്ടി വീട്ടിൽ ബോധം കെട്ട് കിടക്കുന്ന നാളുകൾ ആയിരുന്നു.
ബോധം കെടൽ എന്ന് പറഞ്ഞാൽ രാവിലെ തോന്നും ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും, ആരെങ്കിലും എന്നേ രക്ഷിക്കാൻ വരും എന്നൊക്കെ.
ഉച്ച ആകുമ്പോൾ മുതൽ നെഗറ്റീവ് ചിന്തകൾ വരാൻ തുടങ്ങും. ഇനി ഒന്നും ചെയ്യാനില്ല, ചെയ്താലും രക്ഷപെടില്ല. അങ്ങനെ എന്ത് പദ്ധതി രാവിലെ ആലോചിച്ചാലും ഉച്ച ആകുമ്പോൾ എന്റെ മനസ് തന്നെ അതിന്റെ എല്ലാം നെഗറ്റീവ് വശങ്ങൾ കാണിച്ചു എന്നെ തകർക്കും.
പിന്നെ ഒന്നും ചെയ്യാനില്ല, ലാപ്ടോപ് കുറച്ചു നീക്കി വച്ചിട്ട് മേശയിൽ തല ചായ്ച്ചു കിടന്നു ഉറങ്ങും. ഉറങ്ങി എനിക്കുന്നത് വരെ സ്വസ്ഥത ഉണ്ടല്ലോ.. ഒന്നും അറിയേണ്ടല്ലോ..
ബോധം വരുന്ന നിമിഷം വീണ്ടും വിഷാധം കയറി വരും.. ഇത് തന്നെ എല്ലാ ദിവസവും ആവർത്തിക്കും.
ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടായത് എങ്ങനെ ആണെന്ന് വച്ചാൽ, ഞാൻ അന്ന് ചെയ്തുകൊണ്ട് ഇരുന്നത് ദിവസവും ഓരോ പദ്ധതികൾ ആലോചിക്കും, അതിന്റെ നെഗറ്റീവ് കാണും.. ബോധം കെടും..
ഇതിൽ നിന്ന് മാറി ഒരു പദ്ധതി കൂടുതൽ ഒന്നും ആലോചിക്കാൻ നിൽക്കാതെ പ്രവർത്തിക്കാൻ തുടങ്ങി. പ്രവർത്തി എന്ന് പറഞ്ഞാൽ പണ ചിലവ് ഒന്നുമില്ലാതെ എന്റെ അധ്വാനം മാത്രം ആവശ്യം വരുന്ന ഒന്ന്.
അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ വരുന്ന നെഗറ്റീവ് ചിന്തകളെ പതുക്കെ എനിക്ക് നേരിടാൻ കഴിഞ്ഞു. പിന്നെ ഞാൻ എന്റെ പ്രവർത്തികളെ സുഹൃത്തുക്കളുടെ മുന്നിൽ അവതരിപ്പിച്ചു..
അവർക്ക് ഇഷ്ടപ്പെട്ടപ്പോൾ പതുക്കെ മറ്റുള്ളവരുടെ മുന്നിലും.
ഇതൊന്നും ഒരു ദിവസം കൊണ്ട് സംഭവിച്ച കാര്യമല്ല. ഏതാണ്ട് 4 – 5 മാസം എടുത്തു ഒന്ന് നേരെ നിൽക്കാൻ..
ആദ്യമൊക്കെ ബോധം കെടുന്നതു 2-3 ദിവസം കൂടുമ്പോൾ എന്നായി, പിന്നെ ആഴ്ചയിൽ ഒന്ന്, മാസത്തിൽ ഒന്ന്.. ഇങ്ങനെ പതിയെ ആണ് ഇല്ലാതെ ആയത്..
ഞാൻ വെറുതെ ബോധം കെട്ട് കിടന്നപ്പോൾ ആരും എന്നേ സഹായിക്കാൻ വന്നില്ല, എന്നാൽ അവിടെ നിന്ന് എഴുന്നേറ്റ് പ്രവർത്തിക്കാൻ ആരംഭിച്ചപ്പോൾ സഹായിക്കാൻ ആളുകൾ എത്താൻ തുടങ്ങി.
ചുറ്റും ഉള്ളവർക്ക് എന്നേ സഹായിക്കണം എന്ന് തോന്നാൻ തുടങ്ങി.. 6 മാസത്തോളം പ്രതിഫലം ഒന്നും വാങ്ങാതെ എന്റെ ഒപ്പം ജോലി ചെയ്ത സുഹൃത്തുക്കൾ വരെയുണ്ട്.
അവരൊക്കെ അതിന് തയ്യാറായത് വീണിടത്തു നിന്ന് എഴുന്നേൽക്കാൻ ഞാൻ ശ്രമിക്കുന്ന effort കണ്ടിട്ടാണ്. മറിച്ചു ഞാൻ ബോധം കെട്ട് കിടക്കുകയോ മദ്യപിച്ചു നടക്കുകയോ ഒക്കെ ആണ് ചെയ്തിരുന്നത് എങ്കിൽ ആരും തിരിഞ്ഞു നോക്കില്ലായിരുന്നു.
ഒന്നും ശരിയാകുന്നില്ല എന്നും പറഞ്ഞു ചിലർ ദിവസവും രാവിലെ മുതൽ മദ്യപാനം ആരംഭിക്കുന്നത് കാണാം, സോഷ്യൽ മീഡിയയിൽ കരഞ്ഞുകൊണ്ട് പോസ്റ്റ് ഇടുന്നവരും ഉണ്ട്..
രണ്ടും ഏതാണ്ട് ഒരുപോലെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചിന്തകളെ ഒതുക്കി വച്ചിട്ട് പ്രവർത്തിക്കാൻ തുടങ്ങുക.. ആരുടേയും സഹായത്തിനു നോക്കി ഇരിക്കരുത്. എന്നാൽ ആരെങ്കിലും തയ്യാറായാൽ അത് സാഹചര്യം നോക്കി സ്വീകരിക്കുക..
അല്ലാതെ ആരെങ്കിലും സഹായിക്കാൻ വന്നാൽ ഞാൻ ശ്രമിക്കാം എന്ന നിലപാട് ആണെങ്കിൽ ആരും വരില്ല. കാരണം നമ്മൾക്ക് ശ്രമിക്കാൻ മനസ് ഇല്ലെങ്കിൽ പിന്നെ മറ്റൊരാൾക്ക് അതിന് തോന്നുമോ..
ഏതൊരു പ്രവർത്തിക്കും നെഗറ്റീവും പോസിറ്റീവും ഉണ്ടായിരിക്കും. നമ്മുടെ മനസ് അസ്വസ്ഥമാകുന്ന സമയത്ത് നെഗറ്റീവ് മാത്രമേ കണ്ണിൽ പെടുകയുള്ളൂ..
പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ നിശ്ചയധാർഢ്യം കൊണ്ട് നെഗറ്റീവുകൾ നമ്മുടെ മുന്നിൽ കീഴടങ്ങും.. ഇനി നമ്മളെ കൊണ്ട് പറ്റിയില്ലെങ്കിൽ കൃത്യമായി ആരെങ്കിലും സഹായിക്കാൻ വരും..
ഇതൊന്നും നമ്മൾ വെറുതെ ആലോചിച്ചു ഇരുന്നാൽ കിട്ടില്ല.. ആരും വരില്ല…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.