വണ്ടികളോട് ഉള്ള ഇഷ്ടം എന്ന് മുതലാണ് തുടങ്ങിയതെന്നു ചോദിച്ചാൽ കൃത്യമായി ഒരു ഉത്തരം പറയാനാവില്ല, അത്രയ്ക്ക് പഴക്കമുണ്ട് അതിന്.
എനിക്ക് മൂന്ന് വയസ് ഉള്ളപ്പോഴാണ് പപ്പ ഒരു അംബാസിഡർ കാർ വാങ്ങുന്നത്. അന്നൊക്കെ പപ്പയും മമ്മിയും അല്ലാതെ വേറെ ആര് അതിൽ കയറിയാലും ഞാൻ വഴക്ക് ഉണ്ടാക്കുമായിരുന്നു എന്ന് കഥ കേട്ടിട്ടുണ്ട്.
അതുപോലെ ചില ദിവസങ്ങളിൽ എനിക്ക് എന്തോപോലെ തോന്നുന്നു എന്ന് പറയുമ്പോൾ പപ്പ ബൈക്കിൽ ഇരുത്തി എന്നെയും കൊണ്ട് ഏതെങ്കിലും വഴിയേ കുറച്ചു നേരത്തേക്ക് കൊണ്ടുപോകുമായിരുന്നു.
ആ എന്തോ പോലെ തോന്നുന്നത് നെഗറ്റീവ് ചിന്തകൾ ആയിരുന്നെന്നു വലുതായപ്പോൾ മനസിലായി. സ്കൂളിൽ പോകുന്ന പ്രായം ആയപ്പോൾ മുതൽ ഒരു സൈക്കിൾ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. അത് ചോദിച്ചു ചോദിച്ചു ഒടുവിൽ രണ്ടാം ക്ലാസിൽ ആയപ്പോൾ ആ ആഗ്രഹം പൂവണിഞ്ഞു.
സൈക്കിൾ വാങ്ങാൻ വേണ്ടിയുള്ള യാത്രയും തിരികെ വാങ്ങിച്ചു കൊണ്ടുള്ള വരവും ഇപ്പോഴും മനസിലുണ്ട്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമായിരുന്നു അതൊക്കെ.
അന്ന് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ വീടുള്ള കൂട്ടുകാരനെ കാണാൻ റോഡിലൂടെ സൈക്കിൾ ചവിട്ടി പോയതും അതിനു വഴക്ക് കേട്ടതും ഒക്കെ രസമുള്ള ഓർമകളാണ്.
വലുതായപ്പോൾ ഒരു സൈക്കിൾ കൂടി എനിക്ക് വാങ്ങി തന്നു. അതിൽ എന്നെകൊണ്ട് ആകാവുന്ന മോഡിഫിക്കേഷൻ എല്ലാം അന്ന് ചെയ്തിരുന്നു.
Sports സൈക്കിളിന്റെ ലുക്കും ബ്രേക്ക് പിടിക്കുമ്പോൾ time പീസ് അലാറം അടിക്കുന്ന സൗണ്ടും ഒക്കെ എന്റെ സൃഷ്ടിയായിരുന്നു. അത്യാവശ്യം പൊക്കവും ഒക്കെ വച്ചപ്പോൾ പപ്പയുടെ ബൈക്കിൽ ഒന്ന് കൈ വയ്യ്ക്കാൻ തോന്നി.
ഓടിക്കാൻ ഉള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് മുറ്റത്തു നിന്ന് റോഡിലേക്ക് ഉള്ള ചെറിയ കയറ്റം ഉന്തി കയറ്റിയിട്ടു താഴേക്ക് വണ്ടിയിൽ കയറി ഇരുന്നു താഴേക്ക് ഉരുട്ടി ഇറക്കുമായിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ അംബാസിഡർ മാറ്റി വാങ്ങുന്ന ചർച്ചകൾ വീട്ടിൽ കേൾക്കാൻ തുടങ്ങി. അതിന് എപ്പഴും ഓരോ പ്രശനമാണ്. വിശ്വസിച്ചു എങ്ങും കൊണ്ടുപോകാൻ പറ്റില്ല, എവിടേലും പോകാൻ ഇറങ്ങുമ്പോൾ സ്റ്റാർട്ട് ആകില്ല. ചിലപ്പോൾ റോഡിൽ എവിടേലും ഒക്കെ വച്ചു നിന്നു പോകും.
അങ്ങനെ സഹികെട്ടു അത് വിറ്റിട്ട് ഒരു alto കാർ വാങ്ങി. അന്ന് alto ഒരു തരംഗമായിരുന്നു. തൊട്ട് അടുത്ത വീട്ടിൽ alto ഉണ്ടായിരുന്നു. അതിന്റെ വൈപ്പർ ഇടുമ്പോൾ വെള്ളം വരുന്നതും ac യും സുഖമുള്ള സീറ്റുകളും ഒതുങ്ങിയ രൂപവും എല്ലാം എന്നേ വളരെ അധികം അത്ഭുതപ്പെടുത്തിയിരുന്നു.
Alto വന്നതിന് ശേഷമാണ് ഇതൊന്ന് ഓടിക്കാൻ പഠിക്കണമല്ലോ എന്ന ചിന്ത വന്നത്. അപ്പോഴേക്കും ബൈക്ക് ഓടിക്കാൻ പഠിച്ച ഒരു കൂട്ടുകാരന്റെ ഉപദേശവും പിന്നെ മമ്മിയെ പപ്പ പഠിപ്പിക്കുമ്പോൾ കൂടെ പോകുന്ന അനിയത്തി അതെല്ലാം കേട്ട് പഠിച്ചു പറഞ്ഞതും വച്ചു ആരുമില്ലാത്ത ഒരു ദിവസം ഞാൻ രണ്ടും കല്പ്പിച്ചു കാർ ഓടിക്കാൻ തീരുമാനിച്ചു.
ന്യൂട്രൽ ഇട്ട് start ചെയ്തു, വിറച്ചു വിറച്ചു റിവേഴ്‌സ് ഗിയർ ഇട്ട് ക്ലച്ച് ഒന്ന് ശകലം അയച്ചതും വണ്ടി പിറകോട്ടു അല്പം ഉരുണ്ടു. അപ്പോഴേക്കും എനിക്ക് പേടിയായി. അല്പം എന്ന് പറഞ്ഞാൽ കഷ്ടിച്ചു രണ്ടടി കാണും. എങ്ങനേലും തിരിച്ചു കയറ്റി ഇടണം എന്നായി പിന്നെ ഉള്ള ചിന്ത.
റിവേഴ്‌സ് ഇട്ടത് പോലെ ഫസ്റ്റ് ഗിയർ ഇട്ടിട്ട് ക്ലച്ച് എടുക്കാൻ നോക്കിയതും വണ്ടി മുന്നോട്ട് ഒരു കുതിപ്പും എഞ്ചിൻ ഓഫ് ആയതും എല്ലാം ഒരുമിച്ചായിരുന്നു. പുതിയ വണ്ടി ഇടിച്ചു നശിപ്പിച്ചു എന്ന് പേടിച്ചു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ എനിക്ക് അശ്വാസമായി.
എവിടെയോ ഇടിച്ചതു പോലെ തോന്നിയിരുന്നു പക്ഷെ വണ്ടിക്ക് ഒന്നും പറ്റിയിട്ടില്ല. കാരണം ഒരു വലിയ തടി കഷ്ണം വണ്ടിയുടെ മുന്നിൽ ഭീത്തിയോട് ചേർന്ന് കിടപ്പുണ്ടായിരുന്നു. അതിലേക്ക് ടയർ ചെന്ന് ഇടിച്ചതാണ്. എന്നാലും കഷ്ടിച്ചാണ് രക്ഷപെട്ടത്. ആ തടിക്ക് അൽപ്പം കൂടി വീതി കുറവായിരുന്നേൽ ഉറപ്പായും ബമ്പർ ഭിത്തിയിൽ ഇടിച്ചേനെ.
ഈ സംഭവം ഞാൻ ആരോടും പറയാൻ പോയില്ല. പേടി കാരണം പിന്നെ നോക്കാനും തോന്നിയില്ല. എന്നാലും കുറച്ചു നാൾ കഴിഞ്ഞപ്പോൾ വീണ്ടും ആഗ്രഹം കേറി വരാൻ തുടങ്ങി. ക്ലച്ച് പെട്ടന്ന് വിട്ടതാണ് അന്ന് അങ്ങനെ ഉണ്ടാകാൻ ഉള്ള കാരണം എന്ന് ഞാൻ എങ്ങനെയോ മനസിലാക്കി എടുത്തു.
പിന്നെ അത് പതുക്കെ എടുക്കാൻ പ്രാക്ടീസ് ഒക്കെ ചെയ്തിട്ട് ഞാൻ ഒരിക്കൽ കൂടി ശ്രമം നടത്തി. അന്ന് എടുത്തത്തിലും അല്പം കൂടി പിന്നോട്ട് എടുത്തിട്ട് ഞാൻ പുറത്തിറങ്ങി നോക്കി. മുറ്റത്തേക്ക് ഇറക്കുമ്പോൾ നേരെ ഇറക്കാൻ പറ്റില്ല, ഒരു വശത്തേക്ക് തിരിച്ചു വേണം.
ഇറങ്ങി നോക്കിയതിനു ശേഷം സ്റ്റീറിങ് അല്പം തിരിച്ചു വച്ചിട്ട് ഞാൻ വീണ്ടും പുറത്തിറങ്ങി നോക്കും. അങ്ങനെ കുറെ പ്രാവശ്യം ചെയ്തപ്പോൾ വണ്ടി പോർച്ചിന് പുറത്ത് ഇറങ്ങി. അപ്പോഴേക്കും മമ്മി അത് കണ്ടിട്ട് ദേ അനുപ് കാർ ഓടിക്കുന്നു എന്നും പറഞ്ഞു പപ്പയെ വിളിച്ചോണ്ട് വന്നു.
വഴക്ക് കേൾക്കും എന്ന് വിചാരിച്ചെങ്കിലും ആരും പ്രിത്യേകിച്ചു ഒന്നും പറഞ്ഞില്ല. അപ്പോൾ കുറച്ചൂടെ ധൈര്യമായി. അല്പം കൂടി പിറകോട്ടും മുന്നോട്ടും ഉരുട്ടിയിട്ട് തിരികെ പോർച്ചിലേക്ക് കയറ്റാൻ പപ്പയോട് തന്നെ പറഞ്ഞു. അവർക്ക് അറിയില്ലെങ്കിലും എനിക്ക് അറിയാലോ അതിന്റെ റിസ്ക്.
മുറ്റത്തു കൂടി ഇങ്ങനെ ഉരുട്ടുമ്പോൾ ആക്‌സിലറേറ്റർ ആവശ്യമില്ല, ഫസ്റ്റ് ഗിയറും റിവേഴ്‌സും പിന്നെ ക്ലച്ചും മതി.
പിന്നെ ഇതൊരു പതിവായി മാറി. കുറച്ചു നാൾ കഴിഞ്ഞു റോഡിൽ ഇറക്കാനും കുറച്ചു അപ്പുറത്തുള്ള അങ്കിളിന്റെ വീട് വരെ എന്തെങ്കിലും സാധങ്ങൾ എടുക്കാനോ കൊടുക്കാനോ ഒക്കെ പോകാൻ എന്റെ കയ്യിൽ കാർ തന്നു വിടുമെന്ന സ്ഥിതിയായി.
പിന്നീട് ഒരു പ്രിത്യേക സാഹചര്യത്തിൽ മെയിൻ റോഡിലൂടെയും ഓടിക്കേണ്ട സാഹചര്യം ഉണ്ടായി. അങ്ങനെ പതിയെ പതിയെ കാർ ഓടിക്കുന്നത് എളുപ്പമായി തുടങ്ങി. ആദ്യം ശ്രമിച്ചത് ബൈക്ക് ഓടിക്കാൻ ആണെങ്കിലും കാർ വഴങ്ങിയതോടെ പിന്നെ ബൈക്ക് ഓടിക്കണം എന്നൊന്നും തോന്നണതായി.
പ്രധാന കാരണം വീട്ടിൽ ഉള്ള ബൈക്ക് പഴയതാണ് ഓടിക്കാൻ വലിയ സുഖമൊന്നും ഇല്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് വയനാട്ടിൽ കസിന്റെ കല്യാണം കൂടാൻ പോകുന്നത്. അവിടെ ചെന്ന് കയറിയ ഉടനെ എന്റെ കണ്ണിൽ പിടിച്ചത് അവരുടെ സ്കൂട്ടർ ആയിരുന്നു.
കണ്ടപാടെ സ്കൂട്ടർ എങ്ങനെ ഓടിക്കുന്നെ എന്നെല്ലാം ചോദിച്ചു മനസിലാക്കി ഞാൻ അതുമായി റോഡിലേക്ക് ഇറങ്ങി. ഗിയർ ഒന്നും ഇല്ലാതെ സൈക്കിൾ ബാലൻസ് മാത്രം ആവശ്യം ഉള്ളതുകൊണ്ട് സ്‌കൂട്ടർ ആദ്യമായി ഓടിക്കുക ആണെങ്കിൽ പോലും വളരെ എളുപ്പമായി തോന്നി.
പുതിയ സ്‌കൂട്ടറും വിജനമായ വഴികളുമായിരുന്നു, മാത്രമല്ല അല്പ ദൂരം ചെന്നാൽ പിന്നെ കാട് ആരംഭിക്കുകയാണ്. കാടിന്റെ ഉള്ളിലൂടെയാണ് പിന്നെ റോഡ് പോകുന്നത്. കല്യാണം കഴിഞ്ഞു തിരികെ പോരുന്നത് വരെ എന്റെ പണി ഈ സ്‌കൂട്ടർ കോണ്ട് കറക്കമായിരുന്നു.
അത് ഓടിക്കുമ്പോൾ കാർ ഓടിക്കുന്നതിലും കൂടുതലായി എന്തോ ഒരു അനുഭൂതി അനുഭവപ്പെട്ടിരുന്നു. അന്ന് മുതൽ ഒരു ബൈക്ക് എന്ന സ്വപ്നം കൂടി എന്റെ ഉള്ളിൽ കയറിക്കൂടി.
ചെറുപ്പത്തിൽ ഏറ്റവും അവജ്ഞതയോടെ നോക്കിയിരുന്ന ഒരു വണ്ടി ആയിരുന്നു ബുള്ളറ്റ്. എന്ത് രൂപമാണ് ഇതിന്, മറ്റു വണ്ടികൾ എല്ലാം നല്ല ഭംഗിയായി വണ്ടികൾ
ഇറക്കുമ്പോൾ ഇത് മാത്രം എന്താണ് ഇങ്ങനെ എന്നായിരുന്നു എന്റെ മനസിൽ.
സ്കൂളിൽ പലരും വീട്ടിൽ ചേട്ടന് ബുള്ളറ്റ് ഉണ്ട്, അങ്കിളിനു ബുള്ളറ്റ് ഉണ്ട് അല്ലെങ്കിൽ കസിന്, എന്തിനു അപ്പുറത്തെ വീട്ടിലെ ചേട്ടന് ഉണ്ടെന്ന് ഒക്കെ അഭിമാനത്തോടെ പറയുന്നത് കേൾക്കുമ്പോഴും അയ്യേ ഇതിന് ഇത്രയ്ക്ക് എന്താണ് എന്നായിരുന്നു എന്റെ ഉള്ളിൽ.
Plus one എത്തിയപ്പോൾ ആയിരുന്നു ഒരു ബൈക്ക് വേണമെന്ന് ഉള്ളിൽ തോന്നൽ തുടങ്ങിയത്. ഏറ്റവും ലുക്ക് ഉള്ള sports bike തന്നെ വേണം. പക്ഷെ ആ items ടീവിയിൽ മാത്രമേ കണ്ടിട്ടുള്ളു. പിന്നെ ഉള്ളത് എല്ലാവരുടെയും കണ്ണിൽ ഉണ്ണിയായ പൾസർ ആയിരുന്നു.
അത് എങ്ങനെ വേണേലും modify ചെയ്യാം. Modify ചെയ്ത പൾസർ ഒരെണ്ണം എന്നും വെളുപ്പിനെ mc റോഡിലൂടെ പോകുന്നുണ്ട് എന്ന് കേട്ട് അത് കാണാൻ വേണ്ടി കഷ്ടപ്പെട്ട് നേരത്തെ എണീറ്റു വഴിയിൽ കുത്തി നിന്നിട്ടുണ്ട്.
ധൂമിൽ ജോൺ എബ്രഹാം പറപ്പിക്കുന്നത് കണ്ട് രോമാഞ്ചം കൊണ്ട് ഉറക്കം നഷ്ടപ്പെട്ട നാളുകൾ കൂടി ആയിരുന്നു. അന്ന് കഫെയിൽ പോയി ജോൺ എബ്രഹാം ബൈക്കിന്റെ കൂടെ നിൽക്കുന്ന പടം പ്രിന്റ് എടുത്തു ഡയറിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ടായിരുന്നു.
വീട്ടിൽ പതിയെ ഞാൻ ആവശ്യം അറിയിച്ചു, ആദ്യമൊന്നും ആരും mind ആക്കിയില്ല, പ്രായം ആകട്ടെ എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. ഞാൻ ഒട്ടും പിറകോട്ടു പോയില്ല പപ്പയുടെ പിറകെ നടന്ന് ശല്യം ചെയ്യാൻ തുടങ്ങി.
ഒരു വർഷം എടുത്തെന്നു തോന്നുന്നു ഒരു മറുപടി കിട്ടാൻ. അതാണേൽ കേട്ടിട്ട് എനിക്ക് ഒക്കാനം വരുന്നതും. ബുള്ളറ്റ് വല്ലതും ആണേൽ നോക്കാം. എടുത്ത വായിൽ ഞാൻ തിരിച്ചു പറഞ്ഞു എന്റെ പട്ടിക്ക് വേണം ബുള്ളറ്റ്, അതിലും ഭേദം ഞാൻ സൈക്കിൾ കൊണ്ട് നടന്നോളാം കണ്ടാൽ തന്നെ എന്തുവാ അത്, എനിക്ക് പൾസർ മതി.
ബുള്ളറ്റ് വേണ്ടാന്ന് പറയുന്നത് കേട്ടിട്ട് കൂടെ പഠിച്ച പലരും എന്നേ അത്ഭുതത്തോടെ നോക്കുന്നത് അന്ന് സ്ഥിരം കാഴ്ച്ച ആയിരുന്നു. എന്തായാലും അങ്ങനെ ഓരോന്ന് പറഞ്ഞു പ്ലസ് 2 അങ്ങ് കഴിഞ്ഞു.
പിന്നെ അവധിയാണല്ലോ, വീട്ടിൽ ഇരുന്നിട്ട് എന്ത് കാണിക്കാനാണ് എല്ലാ ദിവസവും പുറത്തേക്ക് കറങ്ങാൻ പോകണം, ഒരു രക്ഷയുമില്ലാതെ പപ്പയുടെ പഴയ ബൈക്കും എടുക്കാൻ തുടങ്ങി. Bajaj kb100 എന്ന് പറഞ്ഞാൽ ആർക്കും വലിയ പിടി കിട്ടില്ലായിരിക്കും, in ഹരിഹർ നഗറിൽ ഉന്നം തെന്നി പറന്ന എന്ന പാട്ടിൽ ഈ വണ്ടിയാണ്.
ലുക്കും ഇല്ലാ ഓടിക്കാനും കൊള്ളില്ല, ഒടുക്കത്തെ അപകർഷതാ ബോധത്തോടെ ഇടവഴിയിൽ കൂടിയൊക്കെ ആരും കാണാതെ പതുക്കെ അതോടിച്ചു കുറച്ചു നാൾ നടന്നു.
അങ്ങനെ ഒരു ദിവസം അറിയുന്നു, ഒരു കൂട്ടുകാരൻ ബൈക്ക് വാങ്ങി. ഏതാ – യമഹ rx100. പേരൊക്കെ കേട്ടപ്പോൾ ഏതോ കിടിലൻ sports ബൈക്ക് ആയിരിക്കും എന്ന് വിചാരിച്ചു കാണാൻ ചെന്നപ്പോൾ ദേ ഇരിക്കുന്നു ഞാൻ കൊണ്ട് നടക്കുന്ന അതിന്റെ അതേ ലൂക്ക് ഉള്ള ഒരെണ്ണം..
എന്റെ പുച്ഛവും മ്ലാനതയും കണ്ടപ്പോൾ വേറെ ഒരു കൂട്ടുകാരൻ പറഞ്ഞു ഇത് നീ ഉദ്ദേശിച്ച സാധനം അല്ല, ബാ പിറകിൽ കേറൂ കാണിക്കാം.
എന്ത് കാണിക്കാനാണ് എന്ന് കരുതി ഞാൻ പിറകിൽ കയറി. അവൻ വണ്ടി എടുത്തപ്പോൾ ഓല പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം. പതുക്കെ റോഡിലേക്ക് ഇറക്കി കുറച്ചു ഓടിച്ചിട്ട് ഇനി കണ്ടോളാൻ പറഞ്ഞിട്ട് അവൻ ഒരു പരിപാടി കാണിച്ചു. ഗിയർ അങ്ങ് down ചെയ്തിട്ട് ഒരു കൈ കൊടുക്കൽ…
ഇതിന്റെ സൗണ്ടും മട്ടും ഭാവവും എല്ലാം അങ്ങോട്ട് മാറിയിട്ട് ഒരു പോക്കായിരുന്നു. റോഡിലൂടെ ഒരു മൂളൽ. ഈ സംഭവത്തിനു മൂളിക്കുക എന്ന് പേരും ഉണ്ടെന്നും ഞാൻ ഉദ്ദേശിച്ച സാധനം അല്ല എന്നുമെല്ലാം ആ ഒറ്റ ദിവസം കൊണ്ട് മനസിലായി.
എന്നാലും ആ ലുക്ക് ഇഷ്ടം അല്ലാത്തത് കൊണ്ട് വണ്ടിയോട് ബഹുമാനം ഉണ്ടെങ്കിലും ഇഷ്ടം ഒന്നും തോന്നിയില്ല. അന്ന് അവനും പറയുന്ന കേട്ടു ഭാവിയിൽ ഒരു ബുള്ളറ്റ് എടുക്കണം എന്ന്. എനിക്ക് അത് കേൾക്കുമ്പോൾ തന്നെ ഒക്കാനം ആണ് അന്നും.
എന്നാലും അന്ന് ഒരു കാര്യം മനസിലായി, ഓരോ വണ്ടിയും ഓരോ രീതിയിലാണ്, ഉപയോഗവും എല്ലാം വ്യത്യസ്തമാണ്. എന്തായാലും അതിൽ പിന്നെ RX 100 എവിടെ കണ്ടാലും ബഹുമാനത്തോടെ മാത്രമേ നോക്കു. അതിന് rx 135 എന്ന ചേട്ടനും rxz എന്ന വല്യേട്ടനും ഒക്കെ ഉണ്ടെന്ന് പിന്നീട് അറിഞ്ഞു. എല്ലാവരോടും ബഹുമാനം മാത്രം.
അങ്ങനെ ടൗണിലൂടെ എല്ലാം കറങ്ങി നടക്കുമ്പോൾ, കറക്കം എന്നാൽ ബഹു രസമാണ്. 50 രൂപയിൽ താഴെ പെട്രോൾ വിൽക്കില്ല എന്ന് എഴുതി വച്ചിരിക്കുന്ന പമ്പിൽ പോയിട്ടാണ് 20 രൂപയ്ക്കും 10 രൂപയ്ക്കും വരെ പെട്രോൾ അടിക്കുന്നത്.
എത്ര ദൂരം ഓടുമെന്ന് അറിയാൻ ടാങ്ക് തുറന്നു കുലുക്കി നോക്കും, എന്നിട്ട് ഒരു പോക്കാണ്, ആ കണക്ക് തെറ്റുമ്പോൾ വഴിയിൽ കിടക്കും.. പിന്നെ എവിടുന്നേലും കുപ്പി ഒക്കെ ഒപ്പിച്ചു പെട്രോൾ വാങ്ങി വീണ്ടും..
ഇങ്ങനെ ഒരു ദിവസം വിൽക്കാൻ വച്ചിരിക്കുന്ന ഒരു വണ്ടി കണ്ടു, herohonda cbz ആണ്. പക്ഷെ അന്നത്തെ കാലത്ത് ചെയ്യാവുന്ന മോഡിഫിക്കേഷൻ മുഴുവൻ അതിൽ ചെയ്തിട്ടുണ്ട്. ഒന്ന് നോക്കിയതെ ഒള്ളു ഭേഷായിട്ട് ബോധിച്ചു.
വീട്ടിൽ പോയി ബഹളം ഉണ്ടാക്കി മൂന്ന് ദിവസം പട്ടിണി കിടന്നപ്പോ സംഭവം എനിക്ക് സ്വന്തമായി. സ്വപ്നങ്ങളിൽ കണ്ട വണ്ടി സ്വന്തമായ സന്തോഷത്തിൽ പിന്നെ അതിലായി കറക്കം.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ എവിടെയോ എന്തോ തകരാർ ഉള്ളതുപോലെ തോന്നാൻ തുടങ്ങി. എന്റെ ഉള്ളിൽ അന്യായ ലുക് ഉള്ള വണ്ടി ആണെങ്കിലും കാണുന്നവർക്ക് ഒന്നും ആ ബഹുമാനം ഇല്ലാത്തത് പോലെ.
അതെന്താണെന്ന് മനസിലാക്കാൻ പിന്നെയും സമയം എടുത്തു. അതിന്റെ ഇടയിൽ എൻജിന്റെ ശബ്ദം മാറി പാട്ടക്കിട്ട് അടിക്കുന്നത് പോലെയായി. മൊത്തത്തിൽ അതുകൊണ്ട് എതിലെ പോയാലും ശബ്ദം കാരണം ആളുകൾ നോക്കും എന്നിട്ട് ഇതെന്ത് വണ്ടിയെന്ന് ഒരു പുച്ഛ ഭാവത്തിൽ നോക്കുകയും ചെയ്യും.
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞത് പോലായി എന്റെ അവസ്ഥ, ഇത്തിരി ലുക്ക് ഉള്ള ബൈക്ക് നോക്കി പോയിട്ട് ഒടുക്കം നാണക്കേട് ആയി.
അതിന്റെ ഭീകരത അറിഞ്ഞത് കോളേജിൽ ചേർന്നത്തോടെ ആയിരുന്നു. വീട്ടിൽ നിന്ന് പോയി വരാൻ ഉള്ള ദൂരത്തിലായിരുന്നു കോളേജ്. ബൈക്കിൽ പോകാൻ വേണ്ടി തന്നെയാണ് അടുത്തുള്ള കോളേജിൽ ചേർന്നത്.
എന്നിട്ടോ, അത് വേറെ ഒരു ലോകമായിരുന്നു, പുത്തൻ ബൈക്കും കാറും എല്ലാം ഉള്ള കോളേജിലേക്ക് modify ചെയ്ത വണ്ടികൊണ്ട് ചെന്ന ഞാൻ എല്ലാവർക്കും ചിരിക്കാൻ ഉള്ള വിഷയമായി. പോരാത്തേന് അതിന് നാല് ആള് കൂടുന്ന ഇടത്തെല്ലാം നിന്ന് പോകുന്ന സ്വഭാവം കൂടി തുടങ്ങി.
ഏതാണ്ട് എന്നേ നാറ്റിക്കാൻ ശബദ്ധം എടുത്തത് പോലെ. എല്ലാം സഹിച്ചു ഒരു വർഷം അതിൽ തന്നെ പോയി. പിന്നെ സഹിക്കാൻ വയ്യാതെ ആയപ്പോൾ ഈ അവസ്ഥയെല്ലാം വീട്ടിൽ വിവരിച്ചു എനിക്ക് നല്ല ഒരു ബൈക്ക് പുതിയത് വാങ്ങി തരാമോ എന്ന് ചോദിച്ചു.
ആന്റിമാരുടെയും ഒക്കെ സപ്പോർട്ടോടെ അങ്ങനെ പുതിയത് വാങ്ങാം എന്നായി. ആ സമയത്ത് യമഹ R15 ഇറങ്ങി താരമായി നിൽക്കുന്ന സമയമാണ്. എന്റെ സ്വപ്നത്തിലെ ബൈക്കിന്റെ രൂപമാണ് പക്ഷെ അത്രയും വിലയുള്ള ബൈക്ക് എനിക്ക് ചോദിക്കാൻ മടിയായിരുന്നു.
പിന്നെ ഉള്ളത് എന്റെ വർഷങ്ങൾ ആയിട്ടുള്ള സ്വപ്ന വാഹനം. Bajaj പൾസർ.. അതിൽ തന്നെ 220 ഒക്കെ അന്ന് തരംഗമാണ്. പക്ഷെ അത്രയും ഒക്കെ ആഗ്രഹിക്കാൻ ഉള്ള യോഗ്യത എനിക്ക് ഇല്ലാന്ന് കരുതി ഞാൻ പൾസർ 180 എടുത്തു.
പക്ഷെ അന്ന് പൾസറിനു കുറെ ചീത്തപ്പേരും ഉള്ള സമയമാണ്, വണ്ടി പെട്ടന്ന് അവിഞ്ഞു പോകും കൊള്ളില്ല എന്നൊക്കെ. ക്ലാസിൽ തന്നെ ഞാനും എന്റെ ആത്മാർത്ഥ സുഹൃത്തും രണ്ട് തട്ടിൽ നിന്ന് തർക്കിക്കുന്ന കാര്യമായിരുന്നു പൾസർ അവിയും – അവയില്ല എന്ന്.
അവൻ herohonda ഫാൻ ആയിരുന്നു, ഞാൻ പൾസറിന്റെ പോരാളിയും. എത്രയോ ദിവസങ്ങൾ ഇതും പറഞ്ഞു തർക്കിച്ചിട്ട് ഉണ്ടെന്നോ. എന്തായാലും എനിക്ക് പൾസറിനെ വിശ്വാസം ആയിരുന്നു. നന്നായി maintain ചെയ്തു കൊണ്ടുനടന്നാൽ അതിന് ഒരു കുഴപ്പവും വരില്ല ഞാൻ കാണിച്ചു തരാം എന്ന് എല്ലാവരോടും പറയുമായിരുന്നു.
പൾസർ എടുത്തതോടെ ഞാൻ ഡീസന്റ് ആയി ഒതുങ്ങി കൂടാൻ തുടങ്ങി. പെട്രോൾ ഇല്ലാതെ വഴിയിൽ കിടക്കാറില്ല, പഴയപോലെ കറക്കം ഇല്ലാ..
ഇതിന്റെ ഇടയിൽ ഒപ്പം പഠിച്ചവർ മിക്കവരും ഓരോ ബൈക്കുകൾ സ്വന്തമാക്കി. അതെല്ലാം തന്നെ ഓടിച്ചു നോക്കാനും ട്രിപ്പ് പോകാനും എല്ലാം അവസരങ്ങൾ കിട്ടി.
അതിൽ എന്നേ ഞെട്ടിച്ച രണ്ട് വണ്ടികളിൽ ഒന്നായിരുന്നു ഹോണ്ട unicorn.. അന്ന് പൾസറിന്റെ പ്രധാന എതിരാളി ആയിരുന്ന അതാണ് കോളേജിൽ ഏറ്റവും കൂടുതൽ പേർക്ക് ഉണ്ടായിരുന്ന ബൈക്കും. ഓടിച്ചപ്പോൾ എഞ്ചിൻ ഉണ്ടെന്ന് കൂടെ തോന്നില്ല. ഒഴുകി പോകുന്നത് പോലെ.
പിന്നെ ഞെട്ടിച്ചത് യമഹ fz, R1 നു ശേഷം വിചിത്ര ലുക്ക് ആയിട്ട് ഇറങ്ങിയ അതിനെ അന്നേ ശ്രദ്ധിച്ചിരുന്നു. കൂടെ പഠിച്ച ഒരു കൂട്ടുകാരന്റെ ചേട്ടൻ ആ വണ്ടി എടുത്തെന്നു കേട്ടപ്പോൾ മുതൽ ഓടിക്കാൻ കാത്തിരുന്നു.
ഒടുവിൽ അവൻ ആരും അറിയാതെ കോളേജിൽ കൊണ്ടുവന്നു എന്നറിഞ്ഞു ബൈക്ക് ഷെഡ് പൂട്ടിയിട്ട് അവനെ കുടുക്കിയിട്ടാണ് ഞാനും വേറെ ഒരു കൂട്ടുകാരനും കൂടി അത് ഓടിക്കാൻ മേടിച്ചത്. ആദ്യം കുറച്ചു ദൂരം ഓടിച്ചപ്പോൾ പ്രിത്യേകിച്ചു ഒന്നും തോന്നിയില്ല.
എന്നാൽ ഒരിക്കൽ കോളേജിൽ നിന്ന് ട്രിപ്പ് പോയപ്പോൾ ഞങ്ങൾ പരസ്പരം ബൈക്ക് മാറി ഓടിച്ചു. അന്നാണ് ആ വണ്ടിയും എന്നേ ഞെട്ടിച്ചത്. വളച്ചൊടിച്ചു എങ്ങനെ വേണമെങ്കിലും കൊണ്ടുപോകാം. വാഗമൺ വളവുകൾ തിരിക്കുമ്പോൾ സ്പീഡോമീറ്റർ നോക്കിയ ഞാൻ ഞെട്ടിപ്പോയി.
അത്രയും speed ഉണ്ടെന്നു തോന്നുന്നില്ല, നിലത്തു ഉരച്ചു വളവുകൾ എടുക്കാൻ പറ്റുന്ന അത്രയും കണ്ട്രോൾ ഉണ്ട്. പിന്നെ അതിനോടും ബഹുമാനം ആയി.
വീണ്ടും കാത്തിരുന്നപ്പോൾ ഞാൻ ഏറ്റവും ബഹുമാനിച്ചു വാങ്ങാൻ പോലും കൂട്ടക്കാതെ വച്ചിരുന്ന pulsar 220 ഓടിക്കാൻ അവസരം കിട്ടി. ബഹുമാനം കാരണം എനിക്ക് അതിൽ കയറി ഇരിക്കുമ്പോൾ പോലും ചങ്ക് ഇടിക്കുമായിരുന്നു.
അന്ന് അതുകൊണ്ട് കോട്ടയം – കുട്ടിക്കാനം – വാഗമൺ – പാല – കോട്ടയം ഒരൊറ്റ കറക്കമായിരുന്നു. അന്ന് മുതൽ ഇന്നുവരെ 220 എടുക്കാത്തതിന്റെ പശ്ചാത്താപം ഉള്ളിലുണ്ട്. കാരണം ഞാൻ 180 എടുക്കുമ്പോൾ വെറും 8000 രൂപയുടെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു 220 ആയിട്ട്.
ഇതിനിടയിൽ alto മാറി പുതിയ കാർ വാങ്ങി. അത് ശരിക്കും പറഞ്ഞാൽ ഒരു അബദ്ധമായിരുന്നു. പല വണ്ടികൾ നോക്കിയിട്ടും ഇഷ്ടപ്പെടാതെ ഇരിക്കുമ്പോൾ, അതായത് എനിക്ക് ഇഷ്ടപ്പെടുന്നത് പപ്പയ്ക്ക് ഇഷ്ടപ്പെടില്ല, അതുപോലെ തിരിച്ചും.
അങ്ങനെ ഇരിക്കുമ്പോൾ പത്രത്തിൽ ഒരു പരസ്യം കാണുക ഉണ്ടായി ഹ്യുണ്ടായ് വെർണയുടെ പുതിയ മോഡലിന്റെ ആയിരുന്നു. വെറുതെ പപ്പയെ കാണിച്ചപ്പോൾ കാണാൻ പോകാമെന്നു പറഞ്ഞു. പോയി കണ്ട് നേരെ ബുക്ക് ചെയ്തു. അപ്പോഴും എനിക്ക് അങ്ങോട്ട് കാര്യം കത്തിയില്ല.
ഒരു വണ്ടിപോലും testdrive ചെയ്തില്ല, എന്തിന് ബുക്ക് ചെയ്ത വെർണ പോലും ഓടിച്ചു നോക്കാതെയാണ് വാങ്ങിയത്. പണ്ട് ഒരിക്കൽ സൻട്രോ ഓടിച്ചപ്പോൾ തോന്നിയ ഒരു പവറും സുഖവും പിന്നെ വെർണ റേസിംഗിന് ഒക്കെ കൊണ്ടുപോകുന്ന വണ്ടിയാണ് എന്നൊരു കൂട്ടുകാരൻ പറഞ്ഞതും കേട്ടിട്ടാണ് ഞാൻ അത് എടുക്കാൻ സമ്മതിച്ചത്.
പപ്പ നോക്കിയപ്പോ ഞാൻ പറയുന്ന മറ്റു വണ്ടികളുടെ അത്രയും വലിപ്പം വെർണയ്ക്ക് ഇല്ലായെന്ന് തോന്നിയിട്ടാണ് പപ്പ സമ്മതിച്ചത്.
വാങ്ങി ഓടിച്ചപ്പോൾ ഒക്കെ നല്ല രസം തോന്നി. Alto ഓടിച്ചിട്ട് അതിന്റെ മൂന്നിരട്ടി ശേഷിയുള്ള വണ്ടി ഓടിച്ചാൽ ആർക്കായാലും ഇഷ്ടപ്പെടുമല്ലോ. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് അപകടം മനസിലായി. വണ്ടിയുടെ ലുക്ക് അത്രയ്ക്ക് പോര.
ചാടികയറി ബുക്ക് ചെയ്തപ്പോൾ വളരെ നന്നായി തോന്നിയതാണ് പക്ഷെ ഇപ്പോൾ എന്തോ അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല. അങ്ങനെ എന്ത് ചെയ്യുമെന്ന് വിഷമിച്ചു ഇരിക്കുമ്പോൾ ദേ ഫാസ്ട്രാക്കിൽ ഒരു വാർത്ത വരുന്നു, വെർണ ഫ്ലൂഡിക് എന്ന് പുതിയ മോഡൽ വരാൻ പോകുവാണെന്നു.
അപ്പോഴാണ് അബദ്ധം പിന്നെയും മനസിലായത്, പുതിയ മോഡൽ വരുന്നതിനു മുന്നേ പഴയ സ്റ്റോക്ക് വിൽക്കാൻ വേണ്ടിയുള്ള ചെറിയ ചെപ്പിടി വിദ്യ ആയിരുന്നു verna transform എന്ന ഞങ്ങൾ എടുത്ത മോഡൽ. ഈ verna fludic ഇറങ്ങിയപ്പോൾ ആകട്ടെ അതിനു ഒരു രക്ഷയുമില്ലാത്ത ലുക്കും.
എനിക്കാണേൽ ലുക്ക് ഇല്ലാത്ത വണ്ടിയെ പറ്റി ചിന്തിക്കാനേ വയ്യ. എവിടേലും കൊണ്ട് പാർക്ക് ചെയ്താലും കുറച്ചു നേരം വണ്ടിയുടെ ഭംഗി ആസ്വദിച്ചിട്ട് പോകുന്നതായിരുന്നു എന്റെ ഒരു സ്വഭാവം. പക്ഷെ verna എനിക്ക് നോക്കാൻ കൂടി തോന്നുന്നില്ല.
പിന്നെ ഓടിക്കാൻ നല്ല power ഉള്ളതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു. എന്നാലും അത് ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു. പ്രതീക്ഷിച്ചത് കിട്ടാതെ ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നവർക്ക് ആ വികാരം ശരിക്കും മനസിലാകും.
ആ ഒരു കാര്യമേ ചിന്തിക്കാൻ തോന്നില്ല, ഭംഗി ആസ്വദിച്ചു നിൽക്കില്ല, വണ്ടിയെ നോക്കത്തു കൂടിയില്ല. ആവശ്യം വരുമ്പോൾ മാത്രം ഉപയോഗിക്കും. എന്നാൽ modify ചെയ്യാനോ വേറെ കാർ വാങ്ങാനോ ഒന്നും ഉള്ള സാഹചര്യവും ഇല്ല. അങ്ങനെ എന്റെ ഉള്ളിലെ കാർ പ്രേമി പതിയെ ഉറക്കം ആരംഭിച്ചു.
അങ്ങനെ ഇരിക്കെ കോളേജിന്റെ അവസാന വർഷത്തിൽ ഒരു വാർത്ത കേട്ടു, ഒരു കൂട്ടുകാരൻ ബുള്ളറ്റ് എടുക്കാൻ പോകുകയാണ്. ഏതാണ്ട് ഒരു വർഷത്തെ കാത്തിരിപ്പുണ്ട് എന്നൊക്കെ കേൾക്കുമ്പോഴും എന്റെ മനസ്സിൽ ഇവന് വല്ല 220 അല്ലേ R15 എടുത്താൽ പോരേ എന്നായിരുന്നു.
അവസാനം കോളേജ് അവസാനിക്കാറായപ്പോൾ അവന്റെ വണ്ടി എത്തി. എല്ലാവരും ഇത്രയും ബഹുമാനിക്കുന്ന ഒരെണ്ണമല്ലേ എന്ന് കരുതി ഞാനും കയറി ഇരുന്ന് 2 ഫോട്ടോ ഒക്കെ എടുത്ത് സോഷ്യൽ മീഡിയയിൽ ഒക്കെ ഇട്ടു.
Bullet iron love എന്നൊക്കെ സ്റ്റാറ്റസ് കണ്ടിട്ട് അവൻ പറഞ്ഞു, ഡേയ് ഇത് ബുള്ളറ്റ് അല്ല, റോയൽ എൻഫീൽഡ് എന്ന കമ്പനിയുടെ ഒരു മോഡൽ ആണ് ബുള്ളറ്റ്. ഇത് ക്ലാസ്സിക് 350 എന്ന പുതിയ മോഡൽ ആണ്.
ഞാൻ പറഞ്ഞു എന്തെരേലും ആട്ടടെ എല്ലാം കണ്ടാൽ ഒന്നുപോലെ ഒക്കെയല്ലേ..
പിന്നീട് അവന്റെ വണ്ടി എറണാകുളം വരെ ഓടിക്കാനും എനിക്ക് അവസരം കിട്ടി. ഞാൻ വളരെ കഷ്ടപ്പെട്ട് ഒരു തരത്തിലാണ് ഓടിച്ചത്. അതുവരെ ഓടിച്ച വണ്ടികൾ പോലെ ഒന്നുമല്ല ഒടുക്കത്തെ കനം, കുലുക്കം പിന്നെ എന്തൊക്കയോ പോലെ.
അവിടെ ചെന്നിട്ട് ഞാൻ ചോദിച്ചു, ഡേയ് ഇതിന് തന്നെ ആണോടെ ഇത്രയും ഫാൻസ്, ഇതെന്തു വണ്ടി..
കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ടിട്ട് മുളംതുരുത്തി എത്തിയപ്പോഴേക്കും ക്ലാസ്സിക് 350 ഓടിച്ചു ഞാൻ മടുത്തു പതിയെ പിൻ സീറ്റിലേക്ക് ഒതുങ്ങി. പക്ഷെ പോകുന്ന വഴിക്ക് അവൻ എനിക്ക് കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു.
ഡേയ് നീ ആ പൾസറിൽ കാണിക്കുന്ന പരാക്രമം ഒക്കെയല്ലേ ഇതെല് പയറ്റാൻ നോക്കിയത്, ഇത് ഇങ്ങനൊന്നും ഓടിക്കേണ്ട വണ്ടിയല്ല, ഇത് ഓടിക്കാൻ പറ്റിയ വഴിയും ഇതല്ല. ഇതൊക്കെ കൊണ്ടാണ് നിനക്ക് ഇഷ്ടപെടാത്തത്.
പിന്നെ എങ്ങനെ അണ്ണാ ഓടിക്കേണ്ടത്.. ഇത് റോയൽ എൻഫീൽഡ് ആണ്, ആ പേര് വെറുതെ ഇട്ടേക്കുന്നത് അല്ല, ശരിക്കും റോയൽ ആയിട്ട് ഓടിക്കണം.
ഒരു 40 – 50 km സ്പീഡിൽ പോകുന്ന സംഭവം അവൻ എനിക്ക് കാണിച്ചു തന്നു.. എനിക്ക് വലിയ സംഭവം ആയിട്ടൊന്നും തോന്നിയില്ല. പിറ്റേന്ന് എന്റെ കയ്യിൽ വേറെ ഒരു ക്ലാസിക് കിട്ടി. അത് അത്യാവശ്യം modify ചെയ്ത വണ്ടി ആയിരുന്നു. എന്ന് വച്ചാൽ സൈലന്സർ മാറ്റിയിട്ടുണ്ട്, അത്യാവശ്യം വെടി പൊട്ടുന്ന ഒച്ച ഒക്കെയുണ്ട്.
അത് സ്റ്റാർട്ട് ആകുന്നതു തന്നെ ഞാൻ ശ്രദ്ധിച്ചു നിന്നുപോയി, ഒരു ചെറിയ മെഷീൻ പ്രവർത്തിച്ചു പിന്നെ വലിയ എന്തോ ഒരു മെഷീൻ പതിയെ പതിയെ കുടു കുടു വച്ചു അവസാനം നമ്മുടെ നെഞ്ച് ഇടിക്കുന്ന താളം.
സാഹചര്യവശാൽ വെറും 2 km ഓടിക്കാൻ മാത്രമേ എനിക്ക് അവസരം ലഭിച്ചുള്ളൂ, പക്ഷെ ആ 2km എനിക്ക് ഞാൻ ഒരു രാജാവ് ആണെന്ന് തോന്നൽ ഉണ്ടായി. അവൻ പറഞ്ഞത് പോലെ ഒന്ന് ഓടിച്ചു നോക്കിയതാ.. ഒരു രക്ഷയുമില്ല.
പൾസർ പോലെ മൂളിക്കാനോ കിടത്താനോ ( വണ്ടി നല്ലതുപോലെ ചെരിച്ചു വളവു എടുക്കുന്നതിന്റെ ബൈക്ക് റൈഡഴ്സിന്റെ പ്രയോഗമാണ്) ഒന്നും പറ്റില്ല, ഒരു കാർ കൊണ്ടുനടക്കുന്നത് പോലെ പോകണം. പക്ഷെ അതുവരെ ഓടിച്ച ഒരു ബൈക്കും തരാത്ത എന്തോ ഒന്ന് അന്ന് ഞാൻ ആദ്യമായി അനുഭവിച്ചു.
പക്ഷെ എനിക്ക് അന്നേരവും വാങ്ങണം എന്നൊന്നും തോന്നിയില്ല. പിന്നീട് ബൈക്കിനോട് ഉള്ള പ്രാന്തൊക്കെ കുറഞ്ഞു വന്നു, ബൈക്ക് പഴയ പോലെ ശ്രദ്ധിക്കാതെയായി, റോഡിലൂടെ ഒതുങ്ങി കൂടി ഒരു സൈഡ് പിടിച്ചു പോകുന്ന ഒരു പ്രാരാബ്ദക്കാരൻ മാത്രമായി ഞാൻ അറിയാതെ മാറിക്കൊണ്ടിരുന്നു.
അതിന്റെ കാരണം കോളേജ് വരെ നമ്മൾക്കു പ്രിത്യേകിച്ചു ലക്ഷ്യം ഒന്നും ഇല്ലെങ്കിലും കുഴപ്പം ഒന്നും തോന്നില്ല, എല്ലാവരുടെയും കൂടെ ഒരു വഴിക്ക് നമ്മളും പോകും. അല്ലെങ്കിൽ നമ്മുടെ ലക്ഷ്യങ്ങൾ എന്തെന്ന് മറ്റുള്ളവർ തീരുമാനിച്ചു വച്ചിട്ടുണ്ട്. പിന്നെ അതേപ്പറ്റി കൂടുതൽ വ്യാകുലതകൾ ഒന്നും വേണ്ട.
എന്നാൽ കോളേജ് കഴിഞ്ഞാൽ പിന്നെ എന്ത് ഏത് എന്നൊന്നും ഒരു പിടിയും ഉണ്ടാവില്ല, വെറുതെ എന്തെങ്കിലും ജോലിയുമായി ജീവിതം ജീവിച്ചു തീർത്താൽ പോര അതിൽ കൂടുതലായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്നുകൂടി ഉണ്ടെങ്കിൽ പിന്നെ നമ്മൾ ഒരു ഊരാകുടുക്കിലേക്ക് ആണ് ചെന്ന് കയറുന്നത്.
നമ്മുടെ സ്വഭാവവും ആഗ്രഹവും ഭാവിയെ കുറിച്ച് വീക്ഷണവും ഉള്ള ആരെങ്കിലും ഗൈഡ് ചെയ്യാൻ ഉണ്ടെങ്കിൽ വലിയ കുഴപ്പമില്ല, അല്ലെങ്കിൽ കയ്യിൽ അതുപോലെ പണം വേണം. ഇത് രണ്ടും ഇല്ലെങ്കിൽ നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ നമ്മൾ ഇങ്ങനെ നടക്കും.
കുറെ നടന്നിട്ടും ഒന്നും നടക്കുന്നില്ല എന്ന് തോന്നൽ ഉണ്ടായാൽ പിന്നെ എവിടെ എങ്കിലും ഒതുങ്ങി കൂടും. ഞാനും അങ്ങനെ ഒരു ചെറിയ ജോലിയും ഒക്കെയായി ഒതുങ്ങി കൂടി. എന്റെ ഭാവി എന്തെന്നുള്ള അന്വേഷണത്തിന് മുന്നിൽ മറ്റെല്ലാം മറന്നു.
പണ്ട് ഓടിക്കാൻ വേണ്ടി മാത്രം എവിടേലും പോയിരുന്ന ഞാൻ പിന്നെ യാത്ര ചെയ്യാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒരു മാർഗ്ഗം മാത്രമായി ബൈക്ക്.
ഇതിന്റെ ഇടയിൽ പണ്ട് ആഗ്രഹിച്ചത് പോലെയുള്ള ഒരുപാട് മോഡൽ ഇവിടെ ഇറങ്ങാൻ തുടങ്ങി. ബുള്ളറ്റ്റിനോട് അപ്പോഴും ഒരു ബഹുമാനം മാത്രം. അത് ഒരു പക്ഷെ ട്രെൻഡ് ആയേക്കും എന്ന് തോന്നിയപ്പോൾ തന്നെ ഒരു സിനിമ ഇറങ്ങി. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി.
അതോടെ നാട്ടിൽ മുഴുവൻ ബുള്ളറ്റ് അഥവാ ക്ലാസിക്ക് 350 ട്രെൻഡ് ആയി. ട്രെൻഡ് ആയാൽ പിന്നെ എവിടെ നോക്കിയാലും അത് മാത്രമേ കാണാൻ ഉണ്ടാകു. അതും പല രീതിയിൽ modify ചെയ്ത് ഓരോ കോപ്രായങ്ങൾ കാണിച്ചു കൊണ്ടുനടക്കുന്നവർ.
അതോടെ എനിക്ക് അപ്പിടി വെറുപ്പായി, അതെന്റെ സ്വഭാവം കൊണ്ടാണ്, ആൾക്കൂട്ടങ്ങളും ട്രെൻഡും എനിക്ക് എന്തോ അലർജിയാണ്. അത് വണ്ടി ഓടിക്കുമ്പോൾ ആയാലും ജീവിതത്തിൽ ആയാലും അധികം ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടെ പോകുന്നതാണ് എനിക്ക് ഇഷ്ടം.
ഇനി ബൈക്ക് ഒക്കെ എന്തിനാണ് ആ സമയം ഒക്കെ കഴിഞ്ഞു എന്ന തോന്നലും എന്റെ ഉള്ളിൽ ഉണ്ടായി. പിന്നെ മറ്റൊന്ന് ആ കാലത്താണ് മലയാറ്റൂർ പള്ളി വരെ ഞങ്ങൾ 3 പേര് 2 സ്കൂട്ടറിൽ പോയത്.
തിരികെ വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് ആയിരുന്നു, പാതിരാത്രി 2 മണി നേരത്ത് ഒറ്റയ്ക്ക് ഉള്ള ആ റൈഡ് എനിക്ക് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. അതുവരെ എവിടെയെങ്കിലും പോകണമെങ്കിൽ കൂടെ 2-3 ബൈക്കും 5-6 പേരും വേണമായിരുന്നു. അല്ലെങ്കിൽ മഹാ ബോർ ആയിരിക്കും എന്ന എന്റെ ചിന്തകളെ മുഴുവൻ ആ രാത്രിയിൽ എന്നിൽ നിന്ന് ഇറക്കിവിട്ടു.
വീണ്ടും സമയം മുന്നോട്ടു പോയി, ഞാൻ ബൈക്കിൽ കൈ വയ്ക്കുമ്പോൾ വള്ളി നിക്കറും ഇട്ട് സൈക്കിൾ ഉന്തി നടന്ന ടീംസ് ഒക്കെ ബൈക്കിൽ മൂളിക്കുന്നത് കാണാൻ തുടങ്ങി. ഞാനും ഒരു വർണ്ണപ്പട്ടമായിരുന്നു എന്ന BGM ഒക്കെ ഇട്ട് അവർക്ക് സൈഡ് ഒതുക്കി കൊടുക്കുമ്പോഴും പ്രിത്യേകിച്ചു വികാരം ഒന്നും തോന്നിയിരുന്നില്ല.
കാരണം കോളേജിൽ വരെ അങ്ങനല്ല, ഏതെങ്കിലും ഒരുത്തൻ മുന്നിൽ കയറിയാൽ പിന്നെ അവന്റെ മുന്നിൽ കയറാൻ വേണ്ടി മാത്രം അവൻ പോണ വഴിയേ പോയ ചരിത്രം ഉണ്ടായിരുന്നു.
ഈ മാറ്റം പക്ഷെ ബൈക്കിൽ മാത്രമാണേ,( കാർ 😜 പുറത്ത് പറയുന്നില്ല ). അങ്ങനെ ഇരിക്കുമ്പോൾ ഒരു കസിന്റെ കല്യാണം വന്നു. കല്യാണത്തിന് ഒന്ന് കൊഴുപ്പിക്കാൻ വേറെ കസിൻസ് ഒക്കെ ബുള്ളറ്റ് ഇറക്കി. അവന്മാർ വാങ്ങി എന്നൊക്കെ കേട്ടെങ്കിലും അതിന്റെ ഉപയോഗവും സന്ദർഭവും ഒക്കെ കല്യാണത്തിന്റെ അന്നാണ് എനിക്ക് ശരിക്കും മനസിലായത്.
ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കും, അനയേക്കാൾ വേഗം ഉണ്ടെന്നു കരുതി കുതിരയെ ആ സ്ഥാനത്തു ചിന്തിക്കാൻ പറ്റുമോ, ഏതാണ്ട് അങ്ങനെ ആയിരുന്നു കല്യാണത്തിന് ബുള്ളറ്റ്. കാര്യം അതിന് എന്റെ പൾസറിന്റെ പകുതി features പോലുമില്ല യാത്ര സുഖമില്ല പക്ഷെ കല്യാണ ഘോഷയാത്രയിൽ ബുള്ളറ്റിന്റെ കൂടെ പൾസർ ചിന്തിക്കാൻ പോലും ആകില്ല.
അന്ന് ആദ്യമായി ഞാൻ standard ബുള്ളറ്റ് ഓടിച്ചു, അത്യാവശ്യം modify ചെയ്ത വണ്ടിയാണ്. വീതിയുള്ള handle പിടിച്ചു ഇരിക്കുമ്പോൾ നെഞ്ച് വിരിച്ചു നിൽക്കുന്ന യോദ്ധാവിനെ പോലെ തോന്നും, അതിന്റെ കൂടെ ഇടി മുഴക്കം പോലത്തെ ഒച്ചയും.
പണ്ട് എന്റെ കൂട്ടുകാരൻ പറഞ്ഞത് പോലെ ഞാൻ ഓടിച്ചു, ഒരു രാജാവിനെ പോലെ. എന്റെ ഉള്ളിലെ പഴയ പതിനേഴുകാരൻ പ്രാന്തനെ ആ ഒറ്റ യാത്ര വീണ്ടും പുറത്ത് കൊണ്ടുവന്നു.
എങ്കിലും എല്ലാവർക്കും ഉള്ള വണ്ടി എനിക്ക് എടുക്കാൻ മടിയാണെന്ന് പറഞ്ഞപ്പോൾ എന്റെ കസിന്റെ വക ക്ലാസ്സ്. എല്ലാവരും എടുക്കുന്നത് self start ഒക്കെയുള്ള ക്ലാസ്സിക് 350 ആണ്. ഇത് ഒർജിനൽ standard 350. രണ്ടും കണ്ടാൽ ഒരുപോലെ തോന്നുമെങ്കിലും ഒരുപാട് വ്യത്യാസം ഉണ്ട്. മറ്റു എല്ലാ മോഡലിനും ക്രാങ്ക് weight 3.5 കിലോ ആണ്, എന്നാൽ ഇതിന്റെ ക്രാങ്ക് തന്നെ 14.5 കിലോയുണ്ട്.
അങ്ങനെ അവന്റെ വർണ്ണനയും കൂട്ടുകാരുടെ പ്രേരണയും കൂടി ആയപ്പോൾ നമ്മളുടെ ഇഷ്ടങ്ങൾക്ക് എന്തിനാണ് മറ്റുള്ളവരെ നോക്കുന്നത് എന്ന് മനസ്സിൽ ഉറപ്പിച്ചു അടുത്ത ആഴ്ച തന്നെ പോയി ബുള്ളറ്റ് ബുക്ക് ചെയ്തു.
അത്യാവശ്യം കുറച്ചു modify ചെയ്യണം എന്നൊക്കെ ആയിരുന്നു എന്റെ ആഗ്രഹം, കാരണം ബുള്ളറ്റിന്റെ ശബ്ദമാണ് അതിന്റെ ആത്മാവ്. അത് ഈ ഫ്രീക്കൻ പിള്ളേർ മൂളിച്ചു വെറുപ്പിച്ചു വച്ചേക്കുന്നത് പോലെയല്ല ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ കേൾക്കുന്നവർക്ക് ആനന്ദമാണ്.
പക്ഷെ വിധി എനിക്ക് എതിർ ആയിരുന്നു, ഞാൻ ബുക്ക് ചെയ്തതിന്റെ അടുത്ത ആഴ്ച കോടതി വിധി വന്നു ബൈക്ക് മോഡിഫിക്കേഷൻ നിരോധിച്ചു എന്നും പറഞ്ഞു.
അങ്ങനെ കാത്തിരിപ്പുകൾക്ക് ശേഷം എന്റെ വണ്ടി കിട്ടി. അന്ന് രാത്രി തന്നെ ഞാനും അനിയത്തിയും സഞ്ചരിച്ച കിലോമീറ്ററിനു കണക്കില്ല. ചില വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ബുള്ളറ്റ് തന്നെ വേണം, അത് വേണ്ട രീതിയിൽ ഓടിക്കാനും അറിയണം അല്ലെങ്കിൽ വെറുതെയാണ്.
ഞാൻ വണ്ടിപ്രാന്തന്മാരിൽ ഇട്ട കമന്റിൽ പറഞ്ഞിരുന്നു, ബുള്ളറ്റ് ഓടിക്കാൻ ഇത്തിരി യോഗ്യത വേണമെന്ന്. ഒരു വണ്ടി ഓടിക്കാൻ ഉള്ള യോഗ്യത എന്തെന്നാൽ ഡ്രൈവിംഗ് ലൈസൻസ് ആണ്. വണ്ടി ഓടിക്കാൻ പഠിച്ചു ടെസ്റ്റ് പാസാകുമ്പോൾ കിട്ടുന്നതാണ് ലൈസൻസ്.
അങ്ങനെ നോക്കിയാൽ ബുള്ളറ്റ് എങ്ങനെ ഓടിക്കണം എവിടെ ഓടിക്കണം എന്നുള്ള അറിവാണ് അത് ഓടിക്കാനുള്ള യോഗ്യത. അതില്ലെങ്കിൽ വെറും പാട്ട വണ്ടിയായി തോന്നും. ആ യോഗ്യത ഉള്ളവന് മാത്രമേ അതിന്റെ feel അറിയാൻ കഴിയു.
ഇതിന്റെ ഇടയിൽ ട്രെൻഡ് കണ്ട് വന്ന പിള്ളേർ മുഴുവൻ തന്നെ എൻഫീൽഡ് ഉപേക്ഷിച്ചു മറ്റു ബൈക്കുകളിലേക്ക് പോയി. അതാണ് അവർക്കും നല്ലത് എന്ന് എനിക്കും തോന്നി. അവരുടെ രീതിക്ക് പറ്റിയ ഒന്നല്ല ബുള്ളറ്റ്.
ഒരു conclussion കൂടി പറഞ്ഞു നിർത്താം. Day to day activities അല്ലെങ്കിൽ വീട്ടിലേക്ക് ഒരു utility ബൈക്ക് ആയിട്ട് ഒരിക്കലും ബുള്ളറ്റിനെ കാണേണ്ട, വെറുപ്പിച്ചു കയ്യിൽ തരും. അങ്ങനെ ഒന്നും പറ്റിയ വണ്ടിയല്ല ബുള്ളറ്റ്. ടൗണിൽ കൂടെ കൊണ്ടുനടക്കാൻ നല്ല പ്രയാസമാണ്.
ട്രെൻഡ് കണ്ടിട്ടോ എന്തോ സംഭവം ആണെന്നോ വിചാരിച്ചു എടുത്തിട്ട് മുകളിൽ പറഞ്ഞത് പോലെ ഉള്ള ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിച്ചവർ ആണ് ബുള്ളറ്റിനെ കുറ്റം പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
കഴിഞ്ഞ ദിവസം എൻഫീൽഡ് പുതിയതായി ഇറക്കിയ meteor ഓടിക്കാൻ കിട്ടി, എന്റെ ലക്ഷ്യങ്ങളും മറ്റും ശരിയായ ദിക്കിൽ ആയപ്പോൾ പഴയ ശീലങ്ങൾ തല പൊക്കാൻ തുടങ്ങിയതാണ്. പണ്ട് ഏത് ബൈക്ക് കണ്ടാലും ഒരു നാണവും മാനവും കൂടാതെ ഓടിച്ചു നോക്കാൻ ചോദിക്കുമായിരുന്നു.
ഇടയ്ക്ക് എപ്പഴോ ആ ശീലം ഞാൻ അറിയാതെ ഇല്ലാതായി, ആരെങ്കിലും നിർബന്ധിച്ചാൽ പോലും വേണ്ടാന്ന് പറഞ്ഞു ഒഴിയുകയേ ഉള്ളു.
ഈ കഥയ്ക്ക് ഒരു tail end കൂടിയുണ്ട്.. ഇത്രയും വണ്ടിപ്രാന്തൻ ആയ ഞാൻ ഒരു startup തുടങ്ങുമ്പോൾ ഈ കാര്യങ്ങളെ ഒക്കെ മറക്കുന്നത് എങ്ങനെയാണ്.
എന്റെ startup ൽ ഈ പ്രാന്തിനും ഒരു സ്ഥാനമുണ്ട്, അല്ലെങ്കിൽ പിന്നെ പാഷൻ എന്നൊക്കെ പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളത്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.