Government Schemes

KSWIFT and UDYAM

Pinterest LinkedIn Tumblr

സംരംഭത്വത്തിനായി സഹായം അഭ്യർത്ഥിച്ച് വിളിക്കുന്ന പലരും ചോദിക്കുന്ന ചോദ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്. പലർക്കും രെജിസ്ട്രേഷന്‍, ലൈസന്‍സ് ഇതൊക്കെയെന്താണ് എന്നതിനെപ്പറ്റി വലിയ ധാരണ ഇല്ലായെന്ന്. 3 വർഷത്തേക്ക് ലൈസന്‍സ് വേണ്ട, പകരം എം എസ് എം ഇ മതിയെന്ന് കേട്ടിട്ടുണ്ട് എന്നൊക്കെ പലരും സംശയമായി ഉന്നയിക്കാറുണ്ട്. ഈ കേട്ടതില്‍ പകുതി സത്യമാണ് എന്നതാണ് വസ്തുത.

കെ സ്വിഫ്റ്റ് എന്നത് കേരളാ സർക്കാരിന്‍റെ ഒരു ഓണ്‍ലൈന്‍പ്ലാറ്റ്ഫോം ആണ്. Kerala Single Window Interface for Fast & Transparent Clearance എന്നതിന്‍റെ ചുരുക്കെഴുത്താണ് കെ സ്വിഫ്റ്റ്. ഇത് രണ്ട് രീതിയിലാണ് പ്രയോജനപ്പെടുന്നത്. ഒന്നാമതായി ഒരു സംരംഭത്തിനാവശ്യമായ വിവിധങ്ങളായ ലൈസന്‍സിന് ഇതിലൂടെ അപേക്ഷിക്കാം. അതായത് ലൈസന്‍സിനായി വിവിധ ഡിപ്പാർട്ട്മെന്‍റുകൾ കയറിയിറങ്ങാതെ ഒറ്റ വെബ് സൈറ്റിലൂടെ വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ ലൈസന്‍സിനായി അപേക്ഷിക്കാമെന്നർത്ഥം.

രണ്ടാമത്തെ പ്രയോജനമാണ് പലരും തെറ്റിദ്ധരിക്കുന്നത്. കെ സ്വിഫ്റ്റ് ഉണ്ടെങ്കില്‍ പിന്നെ ഒരു ലൈസന്‍സും വേണ്ട എന്നൊക്കെയുള്ള പ്രചരണം ഇവിടെയുണ്ട്. 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള, മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റെഡ് കാറ്റഗറിയില്‍ ഉൾപ്പെടാത്ത എം എസ് എം ഇ വിഭാഗത്തില്‍ (ഉല്‍പ്പാദന, സേവന സംരംഭങ്ങൾ) വരുന്ന സംരംഭങ്ങൾക്കാണ് ഇതിന്‍റെ പ്രയോജനം. ഇങ്ങനെയുള്ള സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റിന്‍റെ സൈറ്റില്‍ (https://kswift.kerala.gov.in/index/index.php ) കയറി ആവശ്യമായ വിവരങ്ങൾ നല്‍കിയാല്‍ ഒരു അക്നോളഡ്ജ്മെന്‍റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ഇത് ഉണ്ടെങ്കില്‍ 3 വർഷത്തേക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്‍) ലൈസന്‍സ് എടുക്കേണ്ടതില്ല. 3 വർഷം കഴിഞ്ഞ് പിന്നീട് വരുന്ന 6 മാസത്തിനുള്ളില്‍ ലൈസന്‍സ് എടുത്താല്‍ മതിയാകും. ഇതിനർത്ഥം 3 വർഷത്തേക്ക് ലൈസന്‍സ് എടുക്കരുത് എന്നല്ല. സംരംഭകന് എപ്പോൾ വേണമെങ്കിലും ലൈസന്‍സിന് അപേക്ഷിക്കാം. 3 വർഷം വരെ സാവകാശം ഉണ്ട് എന്ന് മാത്രം.

പക്ഷേ കെ സ്വിഫ്റ്റിന്‍റെ അക്നോളഡ്ജ്മെന്‍റ് ഉണ്ട് എന്ന് വെച്ച് മറ്റ് ലൈസന്‍സുകളൊന്നും ആവശ്യമില്ല എന്ന് വരുന്നില്ല. പൊല്യുഷന്‍ കണ്‍ട്രോൾ ബോർഡ് ഉൾപ്പെടെ ആവശ്യമുള്ള ലൈസന്‍സുകൾ സംരംഭകന്‍ കരസ്ഥമാക്കേണ്ടതുണ്ട്. അതായത് കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെന്‍റ് വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് മാത്രമേ ഒഴിവാക്കപ്പെട്ടിട്ടുള്ളു എന്നർത്ഥം. എന്നാല്‍ ഒരു കച്ചവട സ്ഥാപനത്തിന് ഈ ആനുകൂല്യം ലഭ്യമല്ല എന്നോർക്കുക.

അതായത് കച്ചവട സ്ഥാപനങ്ങൾക്ക് കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെന്‍റ് ബാധകമല്ല, അവർ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷന്‍ ലൈസന്‍സുകൾ ആണ് എടുക്കേണ്ടത് എന്നർത്ഥം. കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെന്‍റ് എടുക്കുവാന്‍ ഇ മെയില്‍ ഐ ഡി, മൊബൈല്‍ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ ആവശ്യമാണ്.

ഇനി എം എസ് എം ഇ ഉദ്യം രെജിസ്ട്രേഷനെപ്പറ്റി. ഉദ്യം എന്നത് കേന്ദ്ര സർക്കാർ സംരംഭങ്ങൾക്കായി നല്‍കുന്ന ഒരു രെജിസ്ട്രേഷന്‍ ആണ്. ഇതും ഓണ്‍ലൈനായി എടുക്കാം. ഇതിന് ആധാർ നമ്പർ ആവശ്യമാണ്. https://udyamregistration.gov.in എന്നതാണ് വെബ് സൈറ്റ്. ഉല്‍പ്പാദന, സേവന, കച്ചവട സംരംഭങ്ങൾക്ക് ഉദ്യം രെജിസ്ട്രേഷന്‍ എടുക്കാം. എന്നാല്‍ ഇതൊരിക്കലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നല്‍കുന്ന ലൈസന്‍സിന് പകരമാവില്ല. ഉദ്യം ഉണ്ട് എന്ന് കരുതി പഞ്ചായത്ത് ലൈസന്‍സ് വേണ്ട എന്ന് പറയുവാനാവില്ല എന്നർത്ഥം. എന്നാല്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധങ്ങളായ സബ് സിഡികൾക്കോ, ഒരു ലോണ്‍ എടുക്കാന്‍ തന്നെയോ ഉദ്യം നിർബന്ധമാണ്.

ഇനി ഫീസിനെപ്പറ്റി. ഉദ്യം തീർത്തും സൌജന്യമാണ്. ഇന്‍റർനെറ്റ് സൌകര്യമുള്ള ഏതൊരു കമ്പ്യൂട്ടറില്‍ നിന്നും ലോകത്ത് എവിടെ നിന്നും എടുക്കുവാന്‍ കഴിയും. എന്നാല്‍ അക്ഷയ പോലുള്ള സേവന ദാതാക്കൾ അവരുടെ സർവീസ് ചാർജ്ജ് ഈടാക്കുന്നുണ്ട്. ഇത് ഉദ്യത്തിന്‍റെ ഫീസ് അല്ല എന്നറിയുക. ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ഇത് സൌജന്യമായി എടുത്ത് തരുന്നതാണ്.

പഞ്ചായത്തുകളില്‍ നിയമിതരായിട്ടുള്ള എന്‍ട്രപ്രണർഷിപ്പ് ഡവലപ്മെന്‍റ് എക്സിക്യൂട്ടീവുകളുടെ സൌജന്യ സേവനവും ഇതിനായി ലഭ്യമാണ്. ചില സ്വകാര്യ വെബ് സൈറ്റുകൾ ഉദ്യം എടുത്ത് നല്‍കുന്നതിന് 1000 മുതല്‍ മുകളിലേക്ക് ചാർജ്ജ് വാങ്ങുന്നതായി കണ്ടിട്ടുണ്ട്. അത് ആ സൈറ്റ് നിർമ്മിച്ചവരുടെ സംരംഭമാണ് എന്ന് മനസ്സിലാക്കുക. മുകളില്‍ പറഞ്ഞ സർക്കാർ സൈറ്റില്‍ കയറി ആർക്കും സ്വന്തമായി എടുക്കാവുന്നയൊന്നാണ് ഉദ്യം.

എന്നാല്‍ കെ സ്വിഫ്റ്റ് അക്നോളഡ്ജ്മെന്‍റിന് സർക്കാർ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. അത് നിക്ഷേപത്തിന് ആനുപാതികമായാണ്. നിസ്സാരമായ ഈ ഫീസ് ഓണ്‍ലൈനായി അടക്കാവുന്നതാണ്. ഒപ്പം കെ സ്വിഫ്റ്റ് മുഖാന്തിരം വിവിധങ്ങളായ ലൈസന്‍സുകൾക്ക് അപേക്ഷിക്കുമ്പോൾ മറ്റ് ഡിപ്പാർട്ട്മെന്‍റ് നിശ്ചയിച്ചിട്ടുള്ള ഫീസ് അടക്കേണ്ടതാണ്. അത് നേരിട്ട് അപേക്ഷിച്ചാലും അടക്കേണ്ടതാണല്ലോ.

എന്നാല്‍ കെ സ്വിഫ്റ്റിനായി അക്ഷയ പോലുള്ളവയിലാണ് പോകുന്നതെങ്കില്‍ അവരുടെ സർവ്വീസ് ചാർജ്ജ് നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തിനും സൌജന്യമായി സർവീസ് ലഭ്യമാകുവാന്‍ വ്യവസായ ഓഫീസുകളെ സമീപിക്കാവുന്നതാണ്.

ലോറന്‍സ് മാത്യു

ഉപജില്ലാ വ്യവസായ ഓഫീസർ

കോട്ടയം

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.