ഇത്രയും കാലത്തെ എന്റെ അലച്ചിലുകൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമായി തെളിഞ്ഞു കാണാൻ കഴിയും. അറിവുകൾക്ക് വേണ്ടി അലഞ്ഞത് പോലെ തന്നെ ഉള്ളിൽ ഉള്ള ആഗ്രഹങ്ങൾ അല്ലെങ്കിൽ ആശയങ്ങൾ പങ്ക് വയ്ക്കാൻ പറ്റിയ ആരും എന്റെ ചുറ്റിലും ഇല്ലായിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ അല്ലെങ്കിൽ ജോലി ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ഒരുപാട് ആളുകൾ നമ്മളുടെ ചുറ്റും ഉണ്ട്. അവരുടെ പെരുമാറ്റങ്ങളും പ്രവർത്തികളും ഒക്കെ നമ്മളിൽ നല്ലപോലെ സ്വാധീനം ചെലുത്താറുമുണ്ട്. വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന പ്രവർത്തിക്കുന്ന അവരെ കൂടി കണ്ടുകൊണ്ട് നമ്മളും മുന്നോട്ട് പോകുന്നു.
എന്നാൽ നമ്മുടെ ചുറ്റും ഉള്ളവരിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ആഗ്രഹം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ നമ്മൾ എന്ത് ചെയ്യും. അത് എങ്ങനെ ഉണ്ടെന്ന് അറിയാനും അതിനെ പറ്റി കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ലഭിക്കാനും അത് ആരോടെങ്കിലും നമ്മൾക്ക് പങ്ക് വയ്ക്കണം. സ്വാഭാവികമായും നമ്മൾ നമ്മുടെ വീട്ടിൽ ഉള്ളവരോട് അല്ലെങ്കിൽ സുഹൃത്തുക്കളോട് ആയിരിക്കും ഇത്തരത്തിൽ ആശയങ്ങൾ പങ്ക് വയ്ക്കുക.
എന്നാൽ അവർക്ക് ആർക്കും നമ്മൾ പറയുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവും ഇല്ലെങ്കിലോ, ഒരു നിരുത്സാഹപ്പെടുത്തൽ അല്ലെങ്കിൽ സൂക്ഷിച്ചു ചെയ്തു നോക്ക് എന്ന ഉപദേശത്തിൽ കവിഞ്ഞു ഒന്നും തന്നെ നൽകാൻ അവർക്ക് കഴിയുകയില്ല. അത് അവരുടെ കുറ്റമല്ല നമ്മൾ നിൽക്കുന്ന സാഹചര്യത്തിന്റെ പ്രശ്നമാണ്.
എന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി അലയുന്ന സമയങ്ങളിൽ എല്ലാം ഞാൻ ആലോചിച്ചിരുന്നു പുറത്ത് നടക്കുന്ന കാര്യങ്ങൾ എല്ലാം ഒന്ന് അറിയാൻ പറ്റിയിരുന്നെങ്കിൽ, ഏതെല്ലാം തരത്തിൽ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് അവരൊക്കെ എന്ത് ജോലികൾ ആണ് ചെയ്യുന്നത് തുടങ്ങി എല്ലാത്തിനെയും പറ്റി ഒരു ഗ്രാഹ്യം ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞാൽ അതിൽ നിന്നെല്ലാം ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊണ്ട് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കും എന്ന്.
സ്വന്തമായി ഒരു പുതിയ ബിരിയാണി നിർമ്മിക്കുന്നതിനു മുൻപ് നിലവിൽ ഏതെല്ലാം തരത്തിൽ ഉള്ള ബിരിയാണികൾ ലഭിക്കുമെന്നും അവയൊക്കെ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നും അറിയാൻ കഴിഞ്ഞാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരെണ്ണം നിർമ്മിക്കാൻ കഴിഞ്ഞേക്കുമല്ലോ.
എത്ര അലഞ്ഞിട്ടും ഇതിന് വ്യക്തമായ ഒരു വഴിയും എനിക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പല വഴികളിൽ കൂടി സഞ്ചരിച്ചു എനിക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം ലഭിച്ചു കഴിഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു സംവിധാനം നിർമ്മിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും എന്നെനിക്ക് തോന്നി.
അതുപോലെ മറ്റൊരു ആവശ്യമായിരുന്നു നമ്മളെ പോലെ തന്നെ ചിന്തിക്കുന്ന നമ്മളുടെ അതേ ലക്ഷ്യങ്ങൾ ഉള്ള കുറച്ചു പേരെ കണ്ടെത്താൻ കഴിഞ്ഞാൽ അത് നമ്മൾക്ക് നൽകുന്ന ഉർജ്ജം എത്ര വലുത് ആയിരിക്കും, നിലവിൽ എല്ലാവരും തങ്ങളുടെ സുഹൃത്തുക്കളെ അല്ലെങ്കിൽ ബന്ധുക്കളെ കൂടെ കൂട്ടി എന്തെങ്കിലും ചെയ്യാൻ ഇറങ്ങും. നമ്മളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും അവർക്ക് മിക്കവാറും മനസിലാകില്ല, എന്നിട്ട് ഒടുവിൽ തമ്മിൽ തല്ലി പിരിയും.
എല്ലാവരും ഇങ്ങനെ ആണെന്നല്ല, ചിലർക്ക് ഇങ്ങനെ ഒന്നും ആയിരിക്കില്ല അതുപോലെ മറ്റ് ചിലർക്ക് നാളുകൾ നീണ്ട അവരുടെ അന്വേഷണത്തിന്റെ ഫലമായി തങ്ങളെ പോലെ തന്നെ ചിന്തിക്കുന്ന ആളുകളെ കണ്ടെത്താൻ കഴിഞ്ഞേക്കും. അങ്ങനെ കൃത്യമായി കണ്ടെത്താൻ കഴിഞ്ഞാൽ അവർ പകുതി വിജയിച്ചു.
നിലവിൽ ഇതിനൊന്നും നമ്മൾക്കു സംവിധാനങ്ങൾ ഇല്ല, ഒരു ബിസിനസ് പാർട്ണറെ വേണം എന്നും പറഞ്ഞു പരസ്യം ചെയ്താൽ വരുന്ന ആളുകൾ ഏത് തരക്കാരാണ് അവരുടെ ലക്ഷ്യങ്ങൾ എന്താണ് എന്നൊക്കെ മനസിലാക്കാൻ വളരെ പ്രയാസമാണ്.
ഇനി ഒരേ ലക്ഷ്യം ആയാൽ പോലും വ്യത്യസ്ത സ്വഭാവ രീതികൾ ഉള്ളവർ ആണെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവുകയില്ല. ഇത്തരത്തിൽ നമ്മൾക്ക് പറ്റിയ ആളുകളെ കുറച്ചു നാൾ നിരീക്ഷിച്ചു കണ്ടെത്താൻ ഒരു സംവിധാനം വേണം, അതുപോലെ ആശയങ്ങൾ ചർച്ച ചെയ്യാനും.
ശരിക്കും പറഞ്ഞാൽ ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ നന്നായി ശ്രദ്ധിച്ചാൽ നമ്മൾക്ക് പറ്റിയ ആളുകളെ അവിടെ നിന്ന് കണ്ടെത്താൻ കഴിയും.
ഈ ഒരു ചിന്തയിൽ നിന്നായിരുന്നു Kerala Startup Garage എന്ന സംഘടനയുടെ പിറവി. ഇത് ആരംഭിക്കുമ്പോൾ ഇന്ന് കാണുന്ന രീതിയിൽ ആകുമെന്നോ ഇത്രയധികം ആളുകൾ ഇവിടേക്ക് വരുമെന്നോ ഒന്നും കരുതിയിരുന്നില്ല. കേവലം 200 പേരെ പ്രതീക്ഷിച്ചു facebook ഗ്രൂപ്പ് ആയി ആരംഭിച്ച ഈ കൂട്ടായ്മയിൽ ആദ്യത്തെ ദിവസം തന്നെ 1200 പേരാണ് അംഗത്വം എടുത്തത്.
തുടർന്ന് ഇത്തരം ഒരു കൂട്ടായ്മയുടെ സാധ്യത മനസിലാക്കി ഇതിനെ വളർത്താൻ ആരംഭിച്ചു. ഗ്രൂപ്പ് ആരംഭിച്ച അന്ന് മുതൽ ധാരാളം ചർച്ചകളും അതുവഴി എന്താണോ ലക്ഷ്യം വച്ചത് ആ കാര്യങ്ങളും നന്നായി നടക്കാൻ തുടങ്ങി.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.