നിങ്ങൾ IIT, IIM ഇവിടെ എവിടെയെങ്കിലും പഠിച്ചതാണോ?
ഒരു 3 വർഷം മുന്നേ സ്റ്റാർട്ടപ്പ് ആരംഭിക്കാൻ എന്തെങ്കിലും സഹായം കിട്ടുമോ എന്നറിയാൻ ഇൻഫോപാർക്കിൽ പോയി അലഞ്ഞുതിരിഞ്ഞു സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഇരിക്കുന്ന ഒരു ഓഫീസിൽ ചെന്നപ്പോൾ കേട്ട ചോദ്യമാണ്..
ഒരു സാധാരണ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചതാണെന്നു കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, എങ്കിൽ ഒരു ഇൻവെസ്റ്ററെ കിട്ടാൻ പാടായിരിക്കും.. ഇനി കഷ്ടപ്പെട്ടാൽ അങ്ങേയറ്റം ഒരു 5 ലക്ഷം കിട്ടുമായിരിക്കും പക്ഷെ അതുകൊണ്ട് ഒരു കാലിത്തൊഴുത്തു പോലും ഉണ്ടാക്കാൻ തികയില്ല.. ആട്ടെ എന്താണ് നിങ്ങളുടെ ഐഡിയ..?
ശരിക്കും എനിക്ക് കൃത്യമായി ഒരു ഐഡിയ ഒന്നുമില്ല എന്തൊക്കയോ കാര്യങ്ങൾ ഉണ്ട് താനും.. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കുറെ ചിന്തകൾ.. ആകെ അറിയാവുന്നത് ഒരു ഓഫീസ് വേണമെന്ന് മാത്രം, പക്ഷെ അതിന്റെ അകത്തു എന്ത് ചെയ്യാനാണ്? ഉള്ളതിൽ ഏറ്റവും കടുപ്പം എന്ന് തോന്നിയ ഒരു ആശയം അങ്ങ് എടുത്ത് കാച്ചി..
അദ്ദേഹം ആ ആശയം എടുത്ത് മുന്നിൽ വച്ചിട്ട് അത് കീറി മുറിച്ചു ഓരോ വശങ്ങൾ ആയി പറഞ്ഞുതന്നു.. അത് കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി.. ഇങ്ങനെ ഒക്കെ ചിന്തിക്കണം അല്ലേ.. എന്തായാലും സംഭവം നടക്കില്ല എന്ന് മനസിലായി..
പക്ഷെ വിലപ്പെട്ട ഒരു ഉപദേശവും അദ്ദേഹം തന്നു.. അതായത് നിങ്ങൾ സ്വന്തം പ്രോഡക്റ്റ് വല്ലതും ഇറക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് ഒരു 6 മാസത്തിനു ഉള്ളിൽ ഇറക്കാൻ പറ്റണം. അല്ലാത്ത പക്ഷം സാമ്പത്തിക പ്രശങ്ങൾ നിങ്ങൾക്ക് താങ്ങാൻ പറ്റില്ല.. ഇനി അതല്ലങ്കിൽ ആദ്യം നിങ്ങൾ സർവീസ് വർക്കിൽ ശ്രദ്ധിക്കുക, അങ്ങനെ ഫിനാൻഷ്യൽ ആയി ഒന്ന് stable ആയതിനു ശേഷം സ്വന്തം പ്രൊഡക്ടിനെ പറ്റി ചിന്തിക്കുക..
എന്തോ ചങ്ക് കലങ്ങി അവിടെ നിന്ന് ഇറങ്ങുമ്പോഴും ആ ഉപദേശത്തിനു ഒരു ശക്തി ഉണ്ടായിരുന്നു.. കുറച്ചു നടന്നപ്പോൾ അദ്ദേഹം തന്നെ കാറിൽ വന്നു ബസ് സ്റ്റോപ്പ് വരെ ലിഫ്റ്റ് തന്നു.. സ്റ്റോപ്പിൽ നിർത്തിയ പാടെ ഡോർ തുറന്നതും ഒരു സ്കൂട്ടർ വന്നു അതിലേക്ക് ഇടിച്ചു കേറി.. ആകെ കിളി പോയി നിന്ന എനിക്ക് ആരോട് എന്ത് പറയണം എന്ന് അറിയില്ല, കാറിന്റെ പരിക്ക് നോക്കണോ അതോ ഇടിച്ച ആളെ നോക്കണോ ഒന്നും പിടിയില്ല.. കുറച്ചു നേരത്തേക്ക് ഒരു ബോധക്കേട്..
എന്തായാലും ഇടിച്ച ആൾക്ക് ചെറിയ പരിക്കേ പറ്റിയുള്ളൂ, കാറിനും കുഴപ്പമില്ല.. രണ്ടുപേരോടും ക്ഷമ പറഞ്ഞു അവിടെ നിന്ന് ഒഴിവായി ഞാൻ വീട്ടിൽ എത്തി കിളി പോയപോലെ ഇരുന്നു..
വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് പല കാര്യങ്ങളും മനസിലായി. IIT IIM എന്നൊക്കെ പറയുന്നത് വെറുതെയല്ല. അവിടെ പഠിക്കുന്നത് അല്ല കാര്യം അതിലും വലുത് അവിടെ അഡ്മിഷൻ കിട്ടുക എന്നതാണ്.
ഒരുപാട് കടമ്പകൾ കടന്നാൽ മാത്രമേ അവിടെ ഒരാൾക്കു അഡ്മിഷൻ ലഭിക്കുകയുള്ളു. അത്തരത്തിൽ അവിടെ എത്തിചേരുന്ന ഓരോ വ്യക്തിയും സാധാരണക്കാർ ആയിരിക്കുകയില്ല. അതാണ് അവിടെ പഠിച്ചവർക്ക് ഇൻവെസ്റ്റ്മെന്റ് കിട്ടാൻ എളുപ്പം.
ഒരു startup എന്നതൊക്കെ ഒരാളുടെ മനസ്സിൽ ഉണ്ടായ ആശയമാണ്. വിജയിക്കും എന്നൊരു ഉറപ്പുമില്ല. അങ്ങനെ ഒന്നിലേക്ക് വിശ്വസിച്ചു ഒരാൾ പണം നിക്ഷേപിക്കണം എങ്കിൽ അവർക്ക് വിശ്വാസം വരുന്ന എന്തെങ്കിലും കാര്യം ഉണ്ടായിരിക്കേണ്ടേ. അതിൽ ഒന്നാണ് IIT IIM ഒക്കെ. എന്ന് കരുതി അത് മാത്രമല്ല വഴി, startup തുടങ്ങി വിജയിച്ചവർ എല്ലാം IIT IIM വിദ്യാർഥികൾ മാത്രം അല്ലല്ലോ.
അവർക്ക് ഇത്തിരി മുൻഗണന ഉണ്ടെന്ന് മാത്രമേ ഉള്ളു.
എനിക്ക് ഇൻവെസ്റ്റ്മെന്റ് ലഭിക്കുക എന്നത് അല്ലായിരുന്നു ആവശ്യം. എന്തെങ്കിലും അറിവ് ലഭിക്കുമോ, എങ്ങനെയാണ് ഇൻഫോപാർക്കിൽ ഉള്ള കമ്പനികൾ ഒക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ അറിയാനുള്ള ആഗ്രഹം ആയിരുന്നു.
പക്ഷെ അത് ഒരു ദിവസം കൊണ്ട് പെട്ടന്ന് കിട്ടുന്ന ഒന്നായിരുന്നില്ല, ഒരാളുടെ അടുത്ത് നിന്നും കിട്ടുന്നതും ആയിരുന്നില്ല. ചിലത് ചെയ്തു നോക്കി പഠിക്കേണ്ടത് ആയിരുന്നു. അവിടെ നിന്ന് തുടങ്ങി ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷം ഇൻഫോപാർക്കിൽ ഇൻക്യൂബേഷൻ നേടിയെടുക്കാൻ കഴിഞ്ഞു.
ചില മറുപടികൾ നമ്മളെ ആദ്യം വിഷമിപ്പിച്ചേക്കാം പക്ഷെ അവ ചില തിരിച്ചറിവുകൾ നൽകും, ആ വഴിയിൽ കൂടെ പിന്നെയും സഞ്ചരിക്കുമ്പോൾ നമ്മൾ ആഗ്രഹിച്ച സ്ഥലത്തു എത്തിച്ചേരും.
Comments are closed.