എന്താണ് സ്റ്റാര്‍ട്ടപ്
നവീന ആശയങ്ങളോ കൊച്ച് പദ്ധതികളോ രൂപപ്പെടുത്തിയെടുക്കുന്ന ചെറു സംരംഭങ്ങളാണ് സ്റ്റാര്‍ട്ടപ്. വിപണിയില്‍ ലഭ്യമല്ലാത്ത ഒരു ഉല്‍പ്പന്നമോ സേവനമോ അവതരിപ്പിക്കുന്നതോ ഉള്ള സംവിധാനം വ്യത്യസ്തമായ രീതിയില്‍ നടപ്പിലാക്കുന്നതോ ആയ സംരംഭങ്ങളാണിവ. ഇതാരംഭിക്കുവാന്‍ വലിയ മുതല്‍ മുടക്കോ ഒരു പാട് സ്ഥലമോ പ്രാരംഭ ഗതിയില്‍ ആവശ്യമില്ല. പദ്ധതിയുടെ വിജയത്തിനനുസരിച്ച് വ്യാപിക്കുന്ന രീതിയിലായിരിക്കും പ്രവര്‍ത്തനം. ഒപ്പം ഇത് സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമായിരിക്കും. മാത്രവുമല്ല Scale Up സാധ്യതയുള്ളവയായിരിക്കുണം ഇത്.
ഐ ടി മാത്രമല്ല സ്റ്റാര്‍ട്ടപ്
ഐ ടി മാത്രമാണ് സ്റ്റാര്‍ട്ടപ് എന്നൊരു ധാരണയുണ്ട്. എന്നാല്‍ കൃഷി, ആരോഗ്യം, നിര്‍മ്മാണം, ഉല്‍പ്പാദനം, ബയോടെക്നോളജി, ഭക്ഷ്യസംസ്കരണം തുടങ്ങി ഏത് മേഖലയിലും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാം. ഐ ടി അടക്കുമുള്ള സാങ്കേതിക വിദ്യകള്‍ ഒരു ടൂളായി ഉപയോഗിക്കാം. ഐ ടി യില്‍ പക്ഷേ കുറഞ്ഞ മുതല്‍ മുടക്കും സ്ഥലക്കുറവും അനുകൂല ഘടകങ്ങളാണ്.
ആര്‍ക്കൊക്കെ തുടങ്ങാം
ഇതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഒന്നും നിഷ്കര്‍ഷിച്ചിട്ടില്ല. എങ്കിലും നവീന ആശയങ്ങള്‍ വികസിപ്പിച്ച് ഒരു സ്ഥാപനമായി മാറ്റിയെടുക്കുന്നതിനാവശ്യമായ ചുറ്റുപാടുകളുണ്ടായിരിക്കുകയാണ് അത്യന്താപേക്ഷിതമായ കാര്യം. ബിരുദധാരികളെന്നോ സാങ്കേതിക വിദഗ്ദരെന്നോ നിഷ്കര്‍ഷതയൊന്നുമില്ല. ഒറ്റക്കോ കൂട്ടായോ തുടങ്ങാം. പഠനത്തിന്‍റെ അവസാന ഘട്ടത്തിലോ പഠനത്തുടര്‍ച്ചയെന്ന നിലയിലോ ആണ് സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ കൂടുതലായും കണ്ട് വരുന്നത്. ഇതില്‍ത്തന്നെ സാങ്കേതിക വിദ്യാഭ്യാസ രംഗത്തുള്ളവരാണ് കൂടുതലും. എങ്കിലും മറ്റ് മേഖലകളിലുള്ളവര്‍ക്ക് ഇത് അന്യവുമല്ല. പഠനത്തോടൊപ്പം ഒരു കമ്പനി വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യം.
ഇളവുകള്‍ എന്തൊക്കെ
ഒറ്റ ദിനം കൊണ്ട് സ്റ്റാര്‍ട്ടപ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട് (http://startupindia.gov.in/registration.php). മൊബൈല്‍ ആപ് വഴി രജിസ്റ്റര്‍ ചെയ്യുവാനുള്ള സംവിധാനം തയ്യാറായി വരുന്നു. പുതിയ വ്യവസായ സംവിധാനം നിയമനുസൃതമാണെന്ന് സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. മൂന്ന് വര്‍ഷം പരിശോധനകളില്ല താനും. ഈ കാലയളവില്‍ ആദായ നികുതി ഏര്‍പ്പെടുത്തില്ല. പേറ്റന്‍റ് അംഗീകാരത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശവും ചെലവും നല്‍കുന്നു. സാധന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പരിചയം ആവശ്യമാമെന്നുള്ള മാനദണ്ഡവും എടുത്ത് കളഞ്ഞു.
ആര് സഹായിക്കും
നവീന ആശയങ്ങള്‍ രൂപപ്പെടുത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാനും സര്‍ക്കാരും വിവിധ ഏജന്‍സികളും ധാരാളം സഹായം നല്‍കി വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വ്യവസായ മേഖലയും വിവിധ ബാങ്കുകളും ഒട്ടനവധി പദ്ധതികള്‍ സ്റ്റാര്‍ട്ടപ്പിനായി ആവിഷ്കരിച്ചിട്ടുണ്ട്.
ബിസിനസ്സ് ഇന്‍കുബേറ്റേഴ്സ്
ആശയത്തിന്‍റെ പ്രായോഗികത വിലയിരുത്തി സാങ്കേതികത വിദ്യയുടെ സഹായത്താല്‍ ഉല്‍പ്പന്നങ്ങളായി മാറ്റുവാന്‍ സഹായിക്കുന്നവരാണ് ബിസിനസ്സ് ഇന്‍കുബേറ്റേഴ്സ്. സഹായം ചെയ്ത് കൊടുക്കുന്ന കാലയളാവാണ് ഇന്‍കുബേഷന്‍ പീരിയഡ്. ഓഫീസ് സൌകര്യം നികുതിയിളവുകള്‍ തുടങ്ങിയവ നല്‍കുന്നു. അമിറ്റി ഇന്നോവേഷന്‍ ഇന്‍കുബേറ്റര്‍ (http://www.amity.edu/aii/index.html), സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍റര്‍പ്രേണര്‍ഷിപ്പ് പാര്‍ക്ക് (http://www.step-iit.org/) തുടങ്ങിയവ ഉദാഹരണം. കൂടാതെ രാജ്യത്തെ ഒട്ടു മിക്ക ഗവേഷണ സ്ഥാപനങ്ങളിലും ബിസിനസ്സ് ഇന്‍കുബേറ്റേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്.
ആക്സിലേറ്റേഴ്സ്
രൂപപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പ്രായോഗികക്ഷമത വിലയിരുത്തി പരമാവധി വ്യവസായ സാധ്യത പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കുന്നവരാണ് ആക്സിലേറ്റേഴ്സ്. ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുവാനുള്ള മാര്‍ഗ്ഗത്തില്‍ സഹായിക്കുക എന്നതാണ് ദൌത്യത്തിലൊന്ന്. ക്യാറ്റലൈസര്‍ (http://www.catalyzer.co/), ഫ്രീമോണ്ട് പാര്‍ട്ണേഴ്സ് (http://www.freemontpartners.com/) തുടങ്ങിയവ ഉദാഹരണം.
ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ്
രൂപപ്പെട്ട ആശയം ഉല്‍പ്പന്നമോ സേവനമോ ആയി മാറിയാല്‍ത്തന്നെ അത് വിപണിയിലെത്തിക്കുവാന്‍ സാമ്പത്തിക പ്രയാസം അനുഭവപ്പെടുമ്പോള്‍ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെ ആശ്രയിക്കാം. സച്ചിന്‍ ബിന്‍സാല്‍ (ഫ്ലിപ്കാര്‍ട്ട് സി ഇ ഒ), അനുപം മിത്തല്‍ തുടങ്ങിയവര്‍ ഉദാഹരണം. കുടുതല്‍ വിവരങ്ങള്‍ക്ക് https://inc42.com/startup-101/top-37-angel-investors-india/ സന്ദര്‍ശിക്കുക.
സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികാളായ മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയിലൂടെ നിരവധി പുത്തന്‍ ആശയങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. രാജ്യത്ത് സംരംഭകത്വത്തിനുള്ള ഒരു സാമൂഹിക അവസ്ഥ സൃഷ്ടിക്കുകയെന്നതാണ് സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ നിര്‍മ്മാണം, ഭൌതീക സൌകര്യ വികസന സേവന മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്. നിരവധി സ്റ്റാര്‍ട്ടപ് കമ്പനികളാണ് ഉടലെടുക്കുന്നത്. അടുത്തിടെ ബാംഗ്ലൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച പതിനൊന്നാമത് ഇന്‍ഡ്യ ഇന്നോവേഷന്‍ സിമ്പോയിയത്തില്‍ ഊന്നല്‍ നല്‍കിയത് ദേശീയ തലത്തില്‍ ശുദ്ധമായ വായു വെള്ളം എന്നിവയിലൂടെ ശുചിത്വമുള്ള ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള പ്രാദേശിക ഇന്നവേഷനുകള്‍ക്കാണ്. ബര്‍ലിന് ശേഷം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏറ്റവും കൂടുതല്‍ വെഞ്ച്വര്‍ ഫണ്ട് ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്.
ചെറുകിട ഇടത്തരം സംരംഭകരാണ് ഈ മേഖലയില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഐ ടി സേവന മേഖലയില്‍ മാത്രം 1999 ല്‍ ഒന്നര ലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് 2015 ല്‍ നാല് ദശലക്ഷം പേര്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമീണ, രണ്ടാംതല, മൂന്നാം തല പട്ടണങ്ങളിലും സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം വിപുലപ്പെട്ട് വരുന്നു.
മിനിസ്ട്രി ഓഫ് സ്കില്‍ ഡവലപ്മെന്‍റ് ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ്
ഇന്ത്യന്‍ വിദ്യാര്‍ഥികളിലെ തൊഴില്‍ സംരംഭകത്വ ശേഷിക്ക് മികവേകുവാന്‍ ആരംഭിച്ചതാണീ പുതിയ മന്ത്രാലയം. പ്രവര്‍ത്തന മികവിലൂന്നിയ സംരംഭകത്വത്തിനാണ് പ്രാധാന്യം. ഇതിന്‍റെ ഭാഗമായി ജൂലൈ 15 ലോക യുവ നൈപുണ്യ ദിനമായി (World Youth Skill Day) ആചരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളെയും യോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് മന്ത്രാലയത്തിന്‍റേത്. 2015 ലാണ് ദേശീയ നയം പുറത്തിറക്കിയത്. നമ്മുടെ രാജ്യത്ത് ടെക്സ്റ്റൈയില്‍സ്, എഞ്ചിനിയറിങ്ങ് മേഖലകളില്‍ നൈപുണ്യ വികസന നയം ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ 3000 ത്തോളം കോളേജുകളില്‍ സംരംഭകത്വ കോഴ്സുകള്‍ തുടങ്ങും. മന്ത്രാലയത്തിന്‍റെ വെബ് വിലാസം http://www.skilldevelopment.gov.in/ എന്നതാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ രൂപപ്പെട്ട് വരുന്ന മേഖലയാണ് ഇന്നവേഷന്‍ എന്‍റര്‍പ്രണര്‍ഷിപ്പ് എന്നത്. ഇതിനായി കോഴ്സുകളും തുടങ്ങിക്കഴിഞ്ഞു. എന്‍റര്‍പ്രണര്‍ഷിപ്പ് പ്രോല്‍സാഹിപ്പിക്കുവാനായി ഗുവാഹത്തിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് സ്മോള്‍ ബിസിനസ്സ് ഡവലപ്മെന്‍റ്, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍റര്‍പ്രണര്‍ഷിപ്പ് (http://iie.nic.in/) എന്നീ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്‍റ കീഴില്‍ തുടങ്ങിയിട്ടുണ്ട്.
സാങ്കേതിക വിദ്യയിലൂന്നിയ മൂവ് ഓണ്‍ ഓണ്‍ലൈന്‍ കോഴ്സിലൂടെ (MOOC) സംരംഭകത്വ കോഴ്സുകള്‍ മന്ത്രാലയം തുടങ്ങുവാനിരിക്കുകയാണ്. യുവ സംരംഭകരെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ വെബ്, മൊബൈല്‍ പ്ലാറ്റ് ഫോമുകളില്‍ കൊണ്ട് വരും. സാങ്കേതിക വിദ്യയില്‍ ലക്ഷ്യമിട്ട് ടെക്നോളജി ഇന്‍കുമേറ്ററുകളും പ്രവര്‍ത്തനക്ഷമമാക്കും. അടല്‍ ഇന്നോവേഷന്‍ മിഷന്‍ (AIM), സെല്‍ഫ് എംപ്ലോയ്മെന്‍റ് ടാലന്‍റ് യൂട്ടിലൈസേഷന്‍ (SETU), നീതി ആയോഗ് എന്നിവയുമായി എന്‍റര്‍പ്രണര്‍ഷിപ്പ് പദ്ധതികളെ സംയോജിപ്പിക്കും. മുദ്ര ബാങ്കിലൂടെ സംരംഭകര്‍ക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കും. ദേശീയ നയം പ്രാവര്‍ത്തികമാകുന്നതോടെ സംരംഭകര്‍ക്ക് ഒറ്റ അപേക്ഷയിലൂടെ എല്ലാ സേവനങ്ങളും ലഭിക്കും. ബൌദ്ധിക സ്വത്തവകാശത്തിന് (IPR) ദേശീയ അന്തര്‍ദേശീയ തലത്തില്‍ പരിഗണന ലഭിക്കും. നിലവിലുള്ള സംരംഭകര്‍ക്ക് നികുതിയില്‍ ഇളവും ലഭിക്കും.
സ്റ്റാര്‍ട്ടപ് ഇന്ത്യ
കേന്ദ്ര സര്‍ക്കാരിന്‍റെ സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിക്ക് 2016 ജനുവരിയില്‍ തുടക്കമിട്ടു. ശാസ്ത്ര സാങ്കേതിക മന്ത്രാലയവും മാനവ വിഭവ ശേഷി മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 10000 കോടി രൂപയുടെ സംരംഭകത്വ സഹായ നിധി രൂപവല്‍ക്കരിച്ചിട്ടുണ്ട്. വ്യവസായ ലോകത്തെ സാധ്യതകളും സാങ്കേതിക വിദ്യയും പരിചയപ്പെടുത്തുവാനുള്ള സംവിധാനമുണ്ട്. ധന ലഭ്യത ഉറപ്പാക്കാനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനായും ഹബ്ബുകള്‍ക്ക് രൂപം കൊടുത്തിട്ടുണ്ട്. പേറ്റന്‍റ് നേടുവാനുള്ള സഹായവപം ചെലവുകളും സര്‍ക്കാര്‍ വഹിക്കും. പ്രതിവര്‍ഷം സ്റ്റാര്‍ട്ടപ് മോളകള്‍ നടത്തി വിജയ കഥകല്‍ ജനങ്ങളിലെത്തിക്കുവാനും ഇത് വഴി കൂടുതല്‍ പേരെ ആകര്‍ഷിക്കുവാനും പദ്ധതിയുണ്ട്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനായി നീതി ആയോഗിന് കീഴില്‍ അടല്‍ ഇന്നോവേഷന്‍ മിഷന് (http://niti.gov.in/content/aim.php) രൂപം കൊടുത്തു. രാജ്യത്താകെ 75 സ്റ്റാര്‍ട്ടപ് ഹബ്ബുകള്‍ ആരംഭിക്കുന്നു. കൂടാതെ സാങ്കേതിക വിദ്യ ബിസിനസ്സ് ഇന്‍കുബേറ്ററുകളും റിസേര്‍ച്ച് പാര്‍ക്കുകളും സ്ഥാപിച്ച് അവയെ ബന്ധിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. ഒരു പ്രത്യേകതയുള്ളത് രാജ്യത്തെ മുന്‍നിര സ്ഥാപനങ്ങളായ ഐ ഐ ടി, ഐ ഐ എം തുടങ്ങിയവയില്‍ മാത്രം കേന്ദ്രീകരിക്കാതെ മറ്റ് സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നുണ്ട് എന്നതാണ്. അഞ്ച് ലക്ഷം സ്കൂളുകളില്‍ പത്ത് ലക്ഷം നവീന ആശയങ്ങള്‍ സൃഷ്ടിച്ച് ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10000 ആശയങ്ങള്‍ വിസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായവും സാങ്കേതിക സഹായവും നല്‍കും.
കേരള സ്റ്റാര്‍ട്ടപ് പോളിസി
പഠനശേഷം എന്തെങ്കിലുമൊരു ജോലി എന്നതിനപ്പുറം ജോലി ദാതാക്കളാവുക എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ പര്യാപ്തമായതാണ് കേരള സര്‍ക്കാര്‍ 2014 ല്‍ കൊണ്ട് വന്ന സംരംഭകത്വ നയം. അഭ്യസ്ത വിദ്യരും കഴിവുള്ളവരുമായ യുവതയെ കേരളത്തില്‍ത്തന്നെ പിടിച്ചു നിര്‍ത്തി അവരെ പ്രോത്സാഹിക്കുക്കാവാനാവശ്യമായ എല്ലാ പദ്ധതികളും നയത്തിലുണ്ട്. 5000 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വ്യത്യസ്ത മേഖലകളിലായി 10 ഇന്‍കുബേറ്റര്‍ സ്ഥാപിച്ച് 10000 സംരംഭകത്വങ്ങളാണ് ലക്ഷ്യം. കേരള ഇന്നോവേഷന്‍ കൌണ്‍സില്‍ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുവാനും ആശയങ്ങള്‍ വികസിപ്പിക്കുവാനുമായി സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍ എന്ന ഏജന്‍സി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക കൌണ്‍സില്‍ (http://www.kscste.kerala.gov.in/) മൂലധന സഹായവും സാങ്കേതിക സഹായവും നല്‍കുന്നുണ്ട്.
കേരളാ സ്റ്റാര്‍ട്ടപ് മിഷന്‍
തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് ഇതിന്‍റെ ആസ്ഥാനം. ഇലക്ട്രോണിക്സ്, ഐ സി ടി, മൊബൈല്‍ ടെക്നോളജി എന്നീ മേഖലകള്‍ക്കാണ് പ്രാധാന്യമെങ്കിലും നോണ്‍ ഐ ടി സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സഹായം നല്‍കുന്നുണ്ട്. നേരത്തേ ടെക്നോപാര്‍ക്ക് ബിസിനസ്സ് ഇന്‍കുബേറ്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഏജന്‍സി ഇത് വരെയായി 200 കമ്പനികളെ ഇന്‍കുബേറ്റ് ചെയ്യുകയും അതു വഴിയായി 4500 ജോലി സാധ്യതയും 150 കോടി വരുമാനവും സൃഷ്ടിച്ചിട്ടുണ്ട്. വിവിധ കോളേജുകളിലായി നൂറോളം ബൂട്ട് ക്യാമ്പുകള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും ഉപദേശവും നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് https://startupmission.kerala.gov.in/ സന്ദര്‍ശിക്കുക.
സ്റ്റാര്‍ട്ടപ് വില്ലേജ്
സ്റ്റാര്‍ട്ടപ് മിഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സംരംഭകത്വത്തിനാണ് ഊന്നല്‍ നല്‍കുന്നത്. എഞ്ചിനിയറിങ്ങ് ശാഖയിലുള്ളവര്‍ക്കാണ് സഹായം നല്‍കുന്നത്. എത് എഞ്ചിനിയറിങ്ങ് ബ്രാഞ്ചിലുള്ളവര്‍ക്കും അപേക്ഷിക്കാം. ആദ്യം ഓണ്‍ലൈന്‍ ടെസ്റ്റാണ്. എഞ്ചിനിയറിങ്ങ് ടാസ്ക്, പ്രോഡക്ട് ടാസ്ക് എന്നിവ സംബന്ധിച്ച ചോദ്യങ്ങളാണ് ചോദിക്കുക. തുടര്‍ന്ന് ഇന്‍റര്‍വ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കുന്ന ടീമിന് ആറു മാസം തീവ്ര പരിശീലനം നല്‍കും. ഇതിന്‍ ഫലമായി അവരുടെ ആശയങ്ങള്‍ക്ക് ആദ്യ രൂപം നല്‍കും. പിന്നീടത് ഉല്‍പ്പന്നമാക്കി മാറ്റും. കൂടുതല്‍ വിവരങ്ങള്‍http://www.startupvillage.in/ എന്ന സൈറ്റില്‍ ലഭ്യമാണ്.
സംരംഭകത്വം പാഠ്യ പദ്ധതിയില്‍
എ പി ജെ അബ്ദുല്‍ കാലാം ടെക്ലോളജി യൂണിവേഴ്സിറ്റി സംരംഭകത്വം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ക്രെഡിറ്റ് ഇതിനായി ബി ടെക് സിലബസ്സില്‍ മാറ്റി വച്ചിട്ടുണ്ട്. കൂടാതെ പ്രത്യേക സ്റ്റാര്‍ട്ടപ് നയത്തിനും സര്‍വകലാശാല രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് പ്രതിവര്‍ഷം 10000 സ്റ്റാര്‍ട്ടപ് ആശയങ്ങളില്‍ നിന്ന് 50 വിജയകരമായ സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ഇതിനായി പഠനത്തിനിടയില്‍ ഒരു വര്‍ഷം വരെ അവധി നല്‍കുവാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. അധ്യാപകരെക്കൂടി സ്റ്റാര്‍ട്ടപ്പിന്‍റെ ഭാഗമാക്കുവാനുള്ള പദ്ധതികളുമുണ്ട്. സാങ്കേതിക മേഖലയില്‍ വിപ്ലവത്തിന് വഴി വെച്ച ഫാബ് ലാബുകള്‍ സംസ്ഥാനത്തെ എഞ്ചിനിയറിങ്ങ് കോളേജുകളില്‍ സ്ഥാപിക്കുന്നതിന് സര്‍വകലാശാല മുന്‍കൈ എടുത്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് www.ktu.edu.in കാണുക.
എ പി ജെ യൂത്ത് ചലഞ്ച് പ്രോഗ്രാം
നവീന ആശയങ്ങള്‍ ഉല്‍പ്പന്നങ്ങളായോ സേവനങ്ങളായോ മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും സാങ്കേതിക ഉപദേശവും നല്‍കും. കേരള ശാസ്ത്ര സാങ്കേിക കൌണ്‍സില്‍ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആര്‍ക്കും ഇതില്‍ പങ്ക് ചേരാം. വിദ്യാഭ്യാസമോ പ്രായമോ പ്രശ്നമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ycpkerala.org/ കാണുക.
പുത്തന്‍ സാധ്യതകള്‍
സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യം വെക്കേണ്ട നിരവധി മേഖലകളുണ്ട്. ജീനോമിക്സ്, കണക്ടോമിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ്, ക്ലൌഡ് കമ്പ്യൂട്ടിങ്ങ്, സോഷ്യല്‍, മൊബൈല്‍ അനലറ്റിക്സ്, നാനോ സയന്‍സ്, 3 ഡി പ്രിന്‍റിങ്ങ്, ബയോണിക്സ് തുടങ്ങിയവ സാധ്യതയുള്ള മേഖലകളാണ്. സീറോ കാര്‍ബണ്‍ എനര്‍ജി, വയര്‍ലെസ്സ് പവര്‍, ഡി എന്‍ എ, ലൈഫ് ചാര്‍ട്ട്, സ്മാര്‍ട്ട് സിറ്റി സര്‍വീസസ്, കണക്ടിവിറ്റി എന്നിവ പുത്തന്‍ സാങ്കേതിക വിദ്യ ആവശ്യമായ മേഖലകളാണ്.
വിജ്ഞാനത്തിലൂന്നിയുള്ള സംരംഭങ്ങള്‍, സ്മാര്‍ട്ട് സിറ്റി, ഡേറ്റാ വിപുലീകരിക്കല്‍, സാങ്കേതിക വിദ്യ, രാജ്യത്തിന്‍റെ ജനസംഖ്യയുടെ പകുതിയിലധികമുള്ള യുവാക്കള്‍ തുടങ്ങിയവ അനുകൂല ഘടകങ്ങളാണ്. ഇന്ത്യയില്‍ കൂടുതലും സേവനങ്ങളും ഓണ്‍ലൈന്‍ ആണ്. കാര്‍ഷിക വിപണനത്തിനുള്ള ഓണ്‍ലൈന്‍ വിപണി, തൊഴിലിനും പരിശീലനത്തിനുമുള്ള നാഷണല്‍ കരിയര്‍ സര്‍വീസ് പോര്‍ട്ടല്‍ എന്നിവ ഇവയില്‍ ചിലത് മാത്രം. ഇ കൊമേഴ്സ്, ലോജിസ്റ്റിക്സ് തുടങ്ങിയവ കൂടുതലായി പ്രയോജനപ്പെടുത്തണ്ടേതുണ്ട്. എം കൊമേഴ്സും ശ്രദ്ധിക്കേണ്ടയൊരു മേഖലയാണ്. ഡിജിറ്റല്‍ ഇന്ത്യയുടെ ആഗമനം കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴി തെളിക്കുമെന്ന് പ്രത്യാശിക്കാം.
അതായത് സ്റ്റാർട്ടപ്പുകളെല്ലാം ബിസിനസ്സാണ് എന്നാല്‍ എല്ലാ ബിസിനസ്സുും സ്റ്റാർട്ടപ്പല്ല എന്നർത്ഥം.
വിവരങ്ങൾക്ക് കടപ്പാട്
ലോറന്‍സ് മാത്യു,
ഉപജില്ലാ വ്യവസായ ഓഫീസർ, കോട്ടയം
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.