ഇന്റർവ്യൂ പേടി, സ്റ്റേജിൽ കയറാൻ പേടി, പത്തു പേരുടെ മുന്നിൽ സംസാരിക്കാൻ പേടി, ഒരു കല്യാണത്തിന് അല്ലെങ്കിൽ എന്തെങ്കിലും ചടങ്ങിന് പോയാൽ എങ്ങനെ പെരുമാറണം എങ്ങനെ നിൽക്കണം എന്നറിയില്ല, ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയാൽ എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല..
ഇങ്ങനെ അറിവില്ലായ്മകളുടെ ഒരു കൂട്ടമാണ് മനുഷ്യൻ, ഇതിൽ പല അറിവില്ലായ്മകളെയും ഒരു കുറവായിട്ടാണ് പലരും കാണുന്നതും.
എന്നാൽ ആരും ചിന്തിക്കാത്ത ചില കാര്യങ്ങളുണ്ട്, നമ്മൾ എഴുതാനും വായിക്കാനും സ്കൂളിൽ പോയിട്ടാണ് പഠിച്ചത്, ഡ്രൈവിംങ്ങും നീന്തലും ഒരു ദിവസം നേരെ കേറി ചെയ്യന്മാത്രം expert ആയ ആരും ഉണ്ടാവില്ല..
എത്ര കഷ്ടപ്പെട്ടിട്ട് ആണ് സൈക്കിൾ ബാലൻസ് തന്നെ ലഭിച്ചത്.. ഈ മുകളിൽ പറഞ്ഞ പേടിക്കുന്ന കാര്യങ്ങളും പഠിച്ച് തന്നെയാണ് മാറ്റേണ്ടത്. എന്നാൽ എഴുതാനും വായിക്കാനും പഠിപ്പിക്കാൻ സ്കൂളുകൾ ഉണ്ട്, നീന്തൽ പഠിപ്പിക്കാനും ഡ്രൈവിംഗ് പഠിപ്പിക്കാനും ഇടങ്ങളുണ്ട്.
സർവോപരി അവിടെയൊക്കെ പോയി പഠിക്കണം എന്നൊരു പൊതുബോധം എല്ലാവരുടെയും ഇടയിലുണ്ട്, എന്നാൽ മുകളിൽ പറഞ്ഞ പേടികൾ മാറ്റാൻ പഠിപ്പിക്കുന്ന ഇടങ്ങൾ നമ്മൾക്കില്ല, ഇനി അഥവാ ഉണ്ടെങ്കിലും അവിടെ പോയി പഠിക്കണം എന്നൊരു ചിന്തയും ആർക്കുമില്ല.
പറഞ്ഞു വരുന്നത് സമൂഹത്തിലെ ഒരു ആവശ്യത്തെ കുറിച്ചാണ്, ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന സംരംഭങ്ങൾക്ക് നല്ല ഒരു സാധ്യത ഇനി ഉണ്ട്. മനുഷ്യൻ പ്രാഥമിക ആവശ്യങ്ങൾക്ക് അപ്പുറം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന ഒരു കാലമാണ് ഇപ്പോൾ ഉള്ളതും ഇനി വരാൻ പോകുന്നതും..
ഒരുപാട് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പിള്ളേർ ജീപ്ര (ജീവിത പ്രശ്നം) എന്ന പേരിൽ മുകളിൽ പറഞ്ഞ ഓരോ വിഷയത്തെ പറ്റിയും അവരുടെ വിഷമങ്ങൾ പങ്ക് വയ്ക്കുന്നത് കാണാം. അവരിൽ പലരും ഇതൊക്കെ അവരുടെ മാത്രം കുറവുകളായി മനസ്സിൽ സൂക്ഷിക്കുന്നു, വിഷമിക്കുന്നു…
Lucifer – ഈ സിനിമയിൽ ടോവിനോ ആദ്യമായ് സ്റ്റേജിൽ കയറി സദസിനെ മുഴുവൻ കൈയിൽ എടുക്കുന്നത് പോലെയൊന്നും യഥാർത്ഥത്തിൽ നടക്കുന്ന സംഭവമല്ല, പ്രാഞ്ചിയേട്ടനിൽ കാണിച്ചത് പോലെയൊക്കെയേ ഭൂരിപക്ഷം ആളുകൾക്കും വരൂ.. അത് പിന്നെ മാറ്റി മാറ്റി എടുത്താണ് ഇതുപോലെ ഒക്കെ ആകുന്നത്..
Stage fear മാറ്റാൻ ആഗ്രഹം ഉള്ളവരുടെ ശ്രദ്ധയ്ക്ക്, ഘട്ടം ഘട്ടമായി രണ്ടു രീതിയിൽ ഇത് മാറ്റിയെടുക്കാം.
ആദ്യമേ ഓർക്കുക ഇത് വളരെ കുറച്ചു ആളുകൾക്ക് മാത്രമേ സ്വാഭാവികമായി ഈ പേടി ഇല്ലാതെയുള്ളു, ബാക്കി എല്ലാവരും മാറ്റി എടുക്കുന്നത് തന്നെയാണ്. ചിലർക്ക് സ്വാഭാവികമായി അതിനുള്ള അവസരങ്ങൾ ലഭിക്കുന്നു, എന്ന് വച്ചാൽ അവർ പോലും അറിയാതെ അത് പതിയെ മാറി പോകുന്നു.
എന്നാൽ ചിലർ തങ്ങൾക്ക് പേടിയാണ് എന്ന് തിരിച്ചറിയുന്നു, പക്ഷേ എങ്ങനെ മാറ്റണം എന്നും അറിയില്ല.
സ്റ്റേജിൽ വെറുതെ നിൽക്കുക എന്നതിലും പ്രയാസമാണ് എന്തെങ്കിലും സംസാരിക്കാൻ, അതിലും പ്രയാസമാണ് പാട്ട് പാടാൻ അല്ലെങ്കിൽ ഡാൻസ് കളിക്കാൻ. പക്ഷേ പാട്ട് അല്ലെങ്കിൽ ഡാൻസ് ഇഷ്ടം ഉള്ളവർ സ്വാഭാവികമായി ഈ പേടി മാറ്റിയെടുക്കുന്നത് എങ്ങനെ ആണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ.
അവർ ആദ്യമേ ഒറ്റക്ക് സ്റ്റേജിൽ കയറില്ല, ഒരു ഗ്രൂപ്പിന്റെ കൂടെ കയറുമ്പോൾ അത്രക്ക് പ്രശ്നമില്ല. സംഘഗാനത്തിൽ പാടി പാടിയാണ് പാടാൻ അറിയുന്ന ആൾ പിന്നെ ഒറ്റക്ക് പാടാനുള്ള ധൈര്യം ആർജ്ജിക്കുന്നത്. ഡാൻസും അങ്ങനെ ഒക്കെ തന്നെ.
ഒന്നെങ്കിൽ 3-4 പരിചയം ഉള്ള ആളുകളുടെ മുന്നിൽ സംസാരിച്ചു പതിയെ ആളുകളുടെ എണ്ണം കൂട്ടി കൂട്ടി ധൈര്യം ഉണ്ടാക്കി എടുക്കാം,
അല്ലെങ്കിൽ ഗ്രൂപ്പ് ആയിട്ടുള്ള കാര്യങ്ങൾക്ക് സ്റ്റേജിൽ അല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മുന്നിൽ വെറുതെ കൂടെ നിന്ന് തുടങ്ങുക, കുറച്ചു ധൈര്യം ആയികഴിയുമ്പോൾ എന്തെങ്കിലും ചെറിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുക, ഉദാഹരണം മൈക് ഓഫ് ആക്കുക ഓൺ ആക്കുക, മറ്റ് എന്തെങ്കിലും വസ്തുക്കൾ എടുക്കുക വയ്ക്കുക അങ്ങനെ.
മുന്നിൽ ഇരിക്കുന്ന ആളുകളെ ധൈര്യപൂർവ്വം നോക്കാൻ പതിയെ ധൈര്യം വരും, പിന്നെ അവരെ നോക്കി ചിരിച്ചുകൊണ്ടു നിൽക്കാൻ പറ്റും, പിന്നെ എന്തെങ്കിലും ആക്ഷൻ കാണിക്കാൻ ധൈര്യം വരും, പിന്നെ ഒന്നോ രണ്ടോ വാക്കുകൾ പറയാൻ പറ്റും, പിന്നീട് അതിന്റെ അളവ് കൂടി വരും.
അല്ലാതെ ലൂസിഫർ സിനിമയിൽ ടോവിനോ വന്നു അത്രയും ആളുകളുടെ മുന്നിൽ ഹീറോയിസം കാണിച്ചത് പോലെ ഒരു സുപ്രഭാതത്തിൽ സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ അങ്ങനെ ആരെക്കൊണ്ടും പറ്റില്ല, പറ്റുന്നവർ ആരുമില്ല എന്നല്ല, സാധാരണ ആളുകളെ കൊണ്ടൊന്നും പറ്റില്ല.
സ്റ്റേജ് ഫിയർ എന്നാൽ പൊതുവെ എല്ലാവർക്കും ഉള്ള ഒരു സംഭവം തന്നെയാണ്, അത് നിങ്ങളുടെ മാത്രം ഒരു ബലഹീനത അല്ല അവസരങ്ങൾ ലഭിച്ചാൽ നിങ്ങൾക്കും അത് മാറ്റി എടുക്കാൻ പറ്റുമെന്ന് മനസിലാക്കുക.
ഡ്രൈവിംങ്ങും നീന്തലും ഒക്കെ പ്രാക്ടീസ് ചെയ്ത് പഠിച്ചിട്ട് ഘട്ടം ഘട്ടം ആയല്ലേ expert ആകുന്നത് അല്ലാതെ ഒരു സുപ്രഭാതത്തിൽ രണ്ടും കല്പ്പിച്ചു എടുത്ത് ചാടിയിട്ട് അല്ലല്ലോ.
ഇതും അത്രയേ ഉള്ളു, മാറ്റി എടുക്കാൻ പറ്റും..
Comments are closed.