Beginners

How to attract an Investor

Pinterest LinkedIn Tumblr

പലരും പല ആവശ്യങ്ങളുമായി മെസ്സേജ് അയക്കാറുണ്ട്, അതിൽ രസകരമായ ഒരെണ്ണം പറയാം.

ഒരു startup കമ്പനിയാണ്, അവരുടെ ആശയം ഇവിടെ പറയാൻ പറ്റില്ല, എന്നാലും കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. അവർ എന്റെ അടുത്ത് വന്നത് കുറച്ചു ഇൻവെസ്റ്റ്മെന്റ് ലഭിക്കാൻ സഹായിക്കാൻ കഴിയുമോ എന്നറിയാനാണ്..

ഞാൻ ചോദിച്ചു എത്രയാണ് പ്രതീക്ഷിക്കുന്നത്..

വെറും 5 കോടി..

5 കോടിയോ… എങ്ങനെ എന്തിന്.. നിലവിൽ എത്ര മുടക്കി, എങ്ങനെ പോകുന്നു..

അവർ വിശദമായി പറഞ്ഞു തന്നു, കാര്യം അവർ തുടങ്ങിയിട്ടേ ഉള്ളു, ഒന്ന് ടെസ്റ്റ്‌ അടിച്ചു നോക്കിയപ്പോഴേ നല്ല റെസ്പോൺസ് ഉണ്ട്. അപ്പോൾ മറ്റ് ആരും ചെയ്യാതെ കേരളം മുഴുവൻ ഒറ്റയടിക്ക് ചെയ്യാൻ വേണ്ടിയാണ് ഇത്രയും തുക.

ഇതിൽ ഭൂരിഭാഗവും ശമ്പള ഇനത്തിലാണ് ചിലവാകുന്നത്. അവർ തന്നെ പറയുന്നുണ്ട് ആദ്യത്തെ വർഷം നഷ്ടം ഒക്കെ ആയിരിക്കും എന്നാലും 3 വർഷം കൊണ്ട് മുടക്കിയ തുകയിലും കൂടുതൽ തിരികെ പിടിക്കും.

ഞാൻ ഒരു കാര്യം പറഞ്ഞു, നെഗറ്റീവ് പറയുക ആണെന്ന് വിചാരിക്കരുത്, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശ്രമിക്കുക, എന്നേ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു ഇൻവെസ്റ്ററുടെ മുന്നിൽ ചെന്നിട്ടു ഒരു കാര്യവും ഉണ്ടാകില്ല.

(അത് ഞാൻ ഒരു സംഭവം ആയിട്ട് ആണെന്ന് തെറ്റിദ്ധരിക്കരുത്, ഈ വിഷയങ്ങളിൽ താല്പര്യം ഉണ്ടെന്ന് മാത്രം. അങ്ങനെ ഉള്ള ഒരാളെ തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരാൾക്ക് അതിന്റെ 100 ഇരട്ടി ചോദ്യങ്ങൾ ആയിട്ട് നിൽക്കുന്ന ഇൻവെസ്റ്ററുടെ അടുത്തേക്ക് പോയിട്ട് കാര്യമില്ലല്ലോ)

അങ്ങനെ നെഗറ്റീവ് ചോദ്യങ്ങളുടെ ഒരു കെട്ട് ഞാൻ അവരുടെ നേരെ അഴിച്ചു വീട്ടു. പക്ഷെ അവർക്ക് എല്ലാത്തിനും ഉത്തരമുണ്ട്. അവർ ചെയ്യാൻ പോകുന്ന ഫീൽഡിൽ നല്ല പ്രവർത്തി പരിചയവും ഉണ്ട്.

എന്നാലും എനിക്ക് ഈ അഞ്ച് കോടി അങ്ങ് ദഹിക്കുന്നില്ല.

പിന്നെ ഞാൻ വഴി ഒന്ന് മാറ്റി പിടിച്ചു നോക്കി. ഒരു ഇൻവെസ്റ്ററുടെ അടുത്ത് ഇങ്ങനെ ചെല്ലുന്നതിലും നല്ലത്, ഒരു വർഷം എങ്കിലും ഈ ബിസിനസ് നടത്തിയതിനു ശേഷം കിട്ടുന്ന റിസൾട്ട്‌ കൊണ്ട് ചെല്ലുന്നത് അല്ലേ.

ആ റിസൾട്ട്‌ ചിലപ്പോൾ ലാഭം ആകാം അല്ലെങ്കിൽ കമ്പനിയുടെ വാല്യൂ ആകാം. എന്താണെങ്കിലും രണ്ട് കൂട്ടർക്കും കോൺഫിഡൻസ് അന്നേരം നല്ലപോലെ ഉണ്ടാകും.

ഇപ്പോഴും ഉണ്ട്, പക്ഷെ ഇത് പ്രയോഗത്തിൽ വരുമ്പോൾ എന്തെങ്കിലും ഒരു ചെറിയ പാളിച്ച വന്നാൽ തന്നെ നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും പ്രെഷർ ഉണ്ടാകാൻ പോകുന്നത്.

പക്ഷെ ഒരു വർഷം ഓടിക്കാൻ കഴിഞ്ഞാൽ അങ്ങനെ അല്ല, ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ നേരിടാൻ കഴിഞ്ഞിട്ട് ഉണ്ടാകും അത് വീണ്ടും ധൈര്യം കൂട്ടുകയെ ഉള്ളു.

അവരും ആ രീതിയിൽ ഒക്കെ ചിന്തിച്ചിരുന്നു, എന്നാലും ഒരാളെ കിട്ടിയാൽ നല്ലതല്ലേ എന്ന് കരുതി വന്നതാണ്.

തുടർന്ന് അവരോട് ഒരു വർഷത്തേക്ക് കഷ്ടിച്ച് കഴിഞ്ഞു പോകാവുന്ന തരത്തിൽ ഒരു പ്ലാൻ ഉണ്ടാക്കാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അത്തരം ഒരു പ്ലാനുമായി അവർ വന്നു.

Startup ന് ഒരു ആപ്പ് ആവശ്യമാണ്, പക്ഷെ ഒരു വർഷത്തേക്ക് അതില്ലാതെ പ്രവർത്തിക്കാനും അവർക്ക് പറ്റും. അത് നല്ലതായി തോന്നി. പിന്നെ ചിലവുകൾ നോക്കിയപ്പോൾ അത്യാവശ്യം വേണ്ട സ്റ്റാഫ്‌, കമ്പനി മുതലാളിമാർക്ക് 30000 രൂപ വച്ചു സാലറി.

ഞാൻ പറഞ്ഞു ഈ ആദ്യത്തെ വർഷം നിങ്ങൾ 3 പേരും കൂടിയാണ് ഇൻവെസ്റ്റ്‌ ചെയ്യാൻ പോകുന്നത്, നിങ്ങൾ തന്നെ കാശ് ഇറക്കി അതിൽ നിന്ന് നിങ്ങൾ തന്നെ ഇത്രയും തുക എഴുതി എടുക്കുന്നതിൽ അർഥം ഇല്ലല്ലോ. അത് കൊണ്ട് അത് കട്ട്‌.

പിന്നെ സ്റ്റാഫിന്റെ കൂടെ ആദ്യം നിങ്ങളും ഇറങ്ങണം, കഷ്ടിച്ച് ജീവിക്കാൻ ചിലവിന് ഉള്ളതും വകയിരുത്തണം. അതേ സമയം ലാഭം കിട്ടിയാൽ അതിൽ നിന്ന് യുക്തം പോലെ വീതിച്ചു എടുത്തുകൊള്ളുക. അങ്ങനെ പ്ലാൻ ഒന്നൂടി പുതുക്കാൻ പറഞ്ഞു.

വീണ്ടും പുതിയ പ്ലാൻ എത്തി, ഇത്തവണ ഒരു വർഷത്തേക്ക് ചിലവ് 10 ലക്ഷം രൂപയിൽ താഴെ ആയിട്ടുണ്ടായിരുന്നു. അത് കുഴപ്പമില്ല എന്ന് തോന്നി. ഇത്രയും തുക 3 പേര് കൂടി സംഘടിപ്പിക്കുക എന്നത് അത്ര പ്രശ്നം ഉള്ള കാര്യമല്ലല്ലോ.

ഇനി ഈ ഒരു തുക പോലും സ്വന്തം നിലയിൽ കണ്ടെത്താൻ കഴിയാത്ത ഒരാളെ ഒരു ഇൻവെസ്റ്റർ എങ്ങനെ വിശ്വസിക്കും.

എനിക്ക് ഉറപ്പാണ് ഇങ്ങനെ അവർ ഒരു വർഷം പ്രവർത്തിച്ചു കാണിച്ചാൽ അവരെ തേടി ഇൻവെസ്റ്റ്‌ ചെയ്യാൻ ആളുകൾ ഇങ്ങോട്ട് വരും. പ്രിത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.