എന്റെ ആദ്യത്തെ സംരംഭം പരാജയത്തിന് ശേഷം തിരിച്ചു കയറുവാൻ എന്നെ സഹായിച്ചത്, അല്ലെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കി തന്നത് നാല് കാര്യങ്ങളാണ്.
ഡിപ്രെഷൻ കൂടി വരുന്ന സമയത്താണ് ഫ്രണ്ട്‌സ് എന്നെ നിർബന്ധിച്ചു ഒരു യാത്ര കൊണ്ടുപോയതാണ് ആദ്യത്തേത്. വാഗമണ്ണിൽ ഒരു രാത്രി സ്റ്റേ ചെയ്തുകൊണ്ടുള്ള ആ യാത്ര എന്റെ മൂഡ് വല്ലാതെ മാറ്റി. ഫ്രണ്ട്‌സ് ന്റെ കൂടെ പഴയ കഥകളും തമാശകളും പറഞ്ഞിരുന്നപ്പോൾ എല്ലാം കുറച്ചു നേരത്തേക്ക് മറന്നു.
എന്തായാലും ആ യാത്ര ഒരു നല്ല തുടക്കം തന്നു. അതിനു ശേഷം വീട്ടിൽ വന്നിട്ട് ഞാൻ ഒരു നോട്ട്ബുക്കെടുത്തു അതുവരെ സംഭവിച്ച അബദ്ധങ്ങൾ എല്ലാം എഴുതി. എങ്ങനെ അതൊക്കെ പരിഹരിക്കാമായിരുന്നു എന്നും. അങ്ങനെ നോക്കിയപ്പോൾ കുറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ടെന്നു തോന്നി. തുടർന്ന് ലാപ്ടോപ്പും കൂടെ വച്ചു ഓരോ ടോപ്പിക്ക് ആയി യൂട്യുബിലും ഗൂഗിളിലും നോക്കി പഠിക്കാൻ തുടങ്ങി. പ്രധാന പോയിന്റുകൾ എഴുതി വയ്ക്കും. അങ്ങനെ പഠിക്കുംതോറും സംശയങ്ങൾ ചിന്തകൾ കൂടി കൂടി വന്നു. അവയും ഞാൻ ഇങ്ങനെ എഴുതി വയ്ക്കും. അങ്ങനെ ആദ്യകാലങ്ങളിൽ ഏതാണ്ട് ദിവസം മുഴുവൻ തന്നെ ഇത്തരത്തിൽ ചെയ്തു.
ഇതിന്റെ ഇടയിൽ ഞാൻ ഭാവിയെക്കുറിച്ചു ചിന്തിക്കും പിന്നെ മൂഡ് പോയി ബോധം കേട്ടപോലെ മേശയിലേക്ക് കിടക്കും. ആദ്യമൊക്കെ ഒരു ദിവസം ഉഷാർ ആണെങ്കിൽ പിന്നെ രണ്ട് ദിവസം ബോധക്കേട് ആയിരിക്കും. പിന്നെ പതിയെ ബോധക്കേട് ആഴ്ചയിൽ ഒരിക്കലായി, മാസത്തിൽ ഒരിക്കലായി പിന്നെ എപ്പഴോ അത് മുഴുവനായി മാറിപ്പോയി.
ഇങ്ങനെ പഠിച്ചു തുടങ്ങിയപ്പോൾ എനിക്ക് രണ്ടു മൂന്നു കാര്യങ്ങൾ വ്യകതമായി. ഒന്ന് ഞാൻ പൂർണ്ണമായും ഒരു ടെക്നിക്കൽ പേഴ്സൺ ആണ് ബിസിനസ് ചെയുവാൻ അത് പോരാ. അത്തരം അറിവുള്ള ആളുകളെ വച്ചു എങ്ങനെ ഒരു സംരംഭം ചെയ്യണം എന്ന് പഠിക്കണം. അടുത്തത് ഒരു ബിസിനസ് അല്ല എന്റെ പാഷൻ എന്ന തിരിച്ചറിവ്.
അതുവരെ എനിക്ക് ബിസിനസ്, സംരംഭം, സ്റ്റാർട്ടപ്പ് എന്നിവയെ വേർതിരിച്ചു അറിയില്ലായിരുന്നു. എന്റെ ഉള്ളിൽ ഉണ്ടായിരുന്നത് ഒരു സ്റ്റാർട്ടപ്പ് മോഡൽ ആയിരുന്നു.
അടുത്ത കാര്യം എത്ര പണം ഉണ്ടാക്കിയാലും അത് വേണ്ട രീതിയിൽ ഉപയോഗിക്കാനും കൈകാര്യം ചെയ്യുവാനും അറിയില്ലെങ്കിൽ പിന്നെ ഒരു പ്രയോജനവും ഇല്ല. തുടർന്ന് ഈ വക കാര്യങ്ങളിൽ ശ്രദ്ധിച്ചു പഠിത്തം തുടരുന്നു. അത് ഇപ്പോഴും തുടർന്ന് പോരുന്നുണ്ട്.
ഇനി മൂന്നാമത്തെ കാര്യമാണ് എനിക്ക് ചുറ്റും നല്ല കുറച്ചു ഫ്രണ്ട്‌സ് ഉണ്ട്. ഇങ്ങനെ പഠിക്കുന്നതിന്റെ ഇടയിൽ എനിക്ക് തോന്നുന്ന കാര്യങ്ങൾ അവരുമായി ഷെയർ ചെയ്യുമായിരുന്നു. എന്ത് ഊളത്തരം പറഞ്ഞാലും കളിയാക്കാതെ വേണ്ട രീതിയിൽ കൈകാര്യം ചെയുവാൻ അവർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് എനിക്ക് കോൺഫിഡൻസ് വീണ്ടെടുക്കാൻ കഴിഞ്ഞു എന്ന് ബോധ്യം ആയ ശേഷമാണ് അവർ പിന്നീട് ഉള്ള സാഹസങ്ങൾക്ക് പച്ചക്കൊടി കാണിച്ചത്.
നാലാമതായി ഞാൻ ചെയ്തത് കുറച്ചു excel ഷീറ്റുകൾ ഉണ്ടാക്കി income and expense മുഴുവായി ട്രാക്ക് ചെയുവാൻ തുടങ്ങി എന്നതാണ്. കാരണം പഠിത്തത്തിന്റെ ഇടയിൽ വീണ്ടും വീഴാതിരിക്കാൻ എന്താണ് മാർഗം എന്നാണ് ആദ്യം ഞാൻ തിരഞ്ഞത്. Money management and multiple income sources ഉണ്ടാക്കുക എന്നതാണ് എനിക്ക് ലഭിച്ച ഉത്തരം. പല വഴികളിൽ കൂടി വരുമാനം ഉണ്ടാക്കുക അപ്പോൾ ഒരെണ്ണം നഷ്ടത്തിൽ ആയാലും മറ്റുള്ളവയുടെ ബലത്തിൽ നമ്മൾക്ക് നിൽക്കാൻ സാധിക്കും. തുടർന്ന് ഏതാണ്ട് 4-5 മാർഗങ്ങൾ ഉണ്ടാക്കി എടുക്കുവാൻ എനിക്ക് കഴിഞ്ഞു. അവ എങ്ങനെയാണ് എന്തൊക്കെയാണ് എന്ന് മറ്റൊരു പോസ്റ്റിൽ വിശദമാക്കാം.
എന്തായാലും ആദ്യം കിട്ടിയ ചെറിയ തുകകൾ പോലും ഞാൻ ബാങ്കിൽ നിക്ഷേപിച്ചു. കാരണം കുറച്ചു ബാങ്ക് ബാലൻസ് ഉണ്ടായാൽ അതൊരു ധൈര്യമാണ്. അത്യാവശ്യത്തിന് മാത്രം ചെറിയ ഇൻവെസ്റ്റ്മെന്റുകൾ ചെയുവാൻ മാത്രമേ ഞാൻ അതിൽ നിന്ന് തുക ചിലവാക്കിയിരുന്നുള്ളു. എവിടുന്നൊക്കെ എത്ര കിട്ടാൻ ഉണ്ട്, എത്ര കിട്ടി, ചെലവാക്കിയത് എത്ര, അത് എന്തിനൊക്കെ എന്നുള്ള കാര്യങ്ങൾ മുഴുവൻ കൃത്യമായി ഈ excel ഷീറ്റിൽ രേഖപ്പെടുത്തിയിരുന്നു.
പഠനവും excel ഷീറ്റും ഞാൻ ഇപ്പോഴും കൃത്യമായി തുടർന്ന് പോരുന്നു. ശരിക്കും എനിക്ക് പിന്നെയും പിടിച്ചു എഴുന്നേൽക്കാൻ സഹായമായത് ഈ കാര്യങ്ങളാണ്.
പഠിച്ച കാര്യങ്ങൾ ഇവിടെ എഴുതുന്നു. അവയൊക്കെ എങ്ങനെയാണ് പ്രവർത്തികമാക്കിയത് എന്ന് ഇനി വരുന്ന പോസ്റ്റുകളിൽ പറയാം.
Comments are closed.