സ്കൂളിൽ പഠിക്കുന്ന സമയം, അന്ന് സ്കൂളിന്റെ ഓഡിറ്റോറിയം ക്ലാസ്സ് നടത്തുവാൻ ഉപയോഗിച്ചിരുന്നു.. മറ വച്ചു നാലോ അഞ്ചോ ക്ലാസ്സ്‌റൂമുകൾ ആയി തിരിച്ചിരുന്നു..
എന്തെങ്കിലും പ്രോഗ്രാം വരുന്ന സമയം ആയാൽ ഈ ബെഞ്ചും ഡെസ്കും എല്ലാം എടുത്ത് അടുക്കി ഇടുക എന്നൊരു കലാപരിപാടി ഉണ്ടായിരുന്നു.. അങ്ങനെ എന്തിനെങ്കിലും വിളിച്ചാൽ ആ നിമിഷത്തിൽ തന്നെ ഞാനും ചാടി ഇറങ്ങുമായിരുന്നു..
ക്ലാസ്സിൽ ഇരിക്കാൻ വലിയ താല്പര്യം ഇല്ലാഞ്ഞിട്ട് തന്നെയാണ് എന്നാലും എന്തെങ്കിലും ചെയ്യാൻ കിട്ടുന്ന അവസരം എന്ന രീതിയിൽ ആത്മാർത്ഥമായി തന്നെ പണികളിൽ കൂടുമായിരുന്നു..
ഞങ്ങൾ പോകുന്ന പള്ളിയും സ്ഥിതി ചെയുന്നത് ഒരു വലിയ കുന്നിന്റെ മുകളിൽ ആണ്.. സൈക്കിളിൽ വരുന്ന പിള്ളേർ മിക്കവരും തന്നെ ആ കുന്ന് ചവിട്ടി കയറാൻ ശ്രമിക്കാറില്ല.. സൈക്കിൾ തള്ളിക്കൊണ്ട് കയറും…
എന്നാൽ കുറച്ചു പേരുണ്ട്.. ആ കുന്നിന്റെ മുകളിൽ വരെ സൈക്കിൾ ചവിട്ടി കയറാൻ ശ്രമിക്കുന്നവർ.. ഞാനും അതിൽ ഒരാൾ ആയിരുന്നു.. അത് എല്ലാവരുടെയും മുന്നിൽ ഷോ കാണിക്കാൻ ഒന്നുമല്ല.. അങ്ങനെ ചെയ്യുമ്പോൾ എന്തോ വലിയ ഒരു കാര്യം ചെയ്യാൻ പറ്റി എന്ന് മനസ്സിൽ ഒരു സന്തോഷം തോന്നും.. അതിനൊരു പ്രിത്യേക സുഖം ഉണ്ടായിരുന്നു..
വീട്ടിൽ ഇരുന്നാലോ കേടായ എന്തെങ്കിലും എന്തെങ്കിലും ഉപകരണങ്ങൾ കണ്ടാൽ അഴിച്ചു നോക്കി ഇഷ്ടപെട്ട എന്തെങ്കിലും കണ്ടാൽ അതെടുത്തു മറ്റ് എന്തെങ്കിലും ഉണ്ടാക്കുക… അതാണ് പ്രധാന ഹോബ്ബി..
ഇങ്ങനെ മുഴുവൻ സമയവും എന്തെങ്കിലും ചെയ്തുകൊണ്ട് നടന്നാലും വീട്ടിലെ എന്തെങ്കിലും പണികൾകൾ ചെയ്യാൻ പറഞ്ഞാൽ ആ വഴിക്ക് പോകാത്ത കൊണ്ട് ഒരു പണിയും ചെയ്യാത്ത മടിയൻ എന്ന് ചീത്തപ്പേരും അന്നേ ഉണ്ട്..
കോളേജിൽ ചെന്നപ്പോൾ ഈ അവസ്ഥ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി.. ഒരു സിനിമ കാണാൻ 3 മണിക്കൂർ കളയാനോ.. No way.. ആ സമയം കൊണ്ട് എന്തെല്ലാം പണികൾ ചെയ്യാം.. എന്റെ ബൈക്കിൽ ഒരു തരി ചളി ഇരിക്കാൻ ഞാൻ സമ്മതിക്കില്ല.. എപ്പഴും കഴുകി തുടച്ചു നല്ല കുട്ടപ്പൻ ആയിട്ട് ആയിരുന്നു ബൈക്ക് കൊണ്ടു നടന്നിരുന്നത്..
ഇങ്ങനെ നടന്ന ഞാൻ ആ ഇടയ്ക്ക് ഒരു കഥ കേൾക്കാൻ ഇടയായി.. ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന ഒരു അപ്പാപ്പന്റെ കഥയാണ്..
ആള് ഭയങ്കര അധ്വാനി ആയിരുന്നു പക്ഷെ കുടുംബം രക്ഷപെട്ടില്ല.. കാരണം പുള്ളി രാവിലെ മുതൽ വൈകിട്ട് വരെ പാടത്തു മട കെട്ടും.. കൃഷി ചെയ്താൽ അല്ലേ വരുമാനം ഉണ്ടാകു.. ദിവസം മുഴുവൻ അധ്വാനിച്ചു എന്നതിൽ കാര്യമില്ല അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്നതിൽ ആണത്രേ കാര്യം..
അത് എനിക്ക് ഒരു ബോധോദയം ആയിരുന്നു.. ഞാൻ തിരിഞ്ഞു നോക്കി.. ഞാൻ പിടിച്ചിട്ട ബെഞ്ചിന്റെ മുന്നിലെ സ്റ്റേജിൽ കയറി മത്സരിച്ചവരുടെ കയ്യിൽ ട്രോഫി ഉണ്ട്.. സൈക്കിൾ കൊണ്ട് മത്സരിച്ചവരുടെ കയ്യിലും ഉണ്ട്..
ഉഫ്.. ഇനി പ്രയോജനം ഇല്ലാത്ത ഒരു കാര്യവും ചെയ്യില്ല എന്ന് അന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു.. അതായത് അടുപ്പിൽ തീ ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല.. അതിന്റെ മീതെ എന്തെങ്കിലും ലക്ഷ്യം കൂടെ ഉണ്ടാവണം…
പിന്നെ എന്റെ ബൈക്ക് വെള്ളം കണ്ടിട്ടില്ല..
……………………………………………………………..
വർഷങ്ങൾ കഴിഞ്ഞു….
സ്വന്തം സംരംഭം തുടങ്ങണം എന്നും ചെറുപ്പം മുതലേ മനസ്സിൽ ഉള്ള ആഗ്രഹം ആയതുകൊണ്ട് ആ വഴിക്ക് തന്നെ ആശയങ്ങൾ നോക്കാൻ ആരംഭിച്ചു.. സംരംഭം എന്നൊക്കെ പറഞ്ഞാലും അവിടെ ഞാൻ മാത്രം മതി എന്നായിരുന്നു അന്നത്തെ ചിന്ത..
അതായിരുന്നു makeyourcards ന്റെ ആരംഭം.. മുഴുവൻ പണികളും അന്ന് ഒറ്റയ്ക്ക് ആയിരുന്നു ചെയ്തിരുന്നത്..
എന്നാൽ അധികം നാൾ കഴിയുന്നതിനു മുന്നേ തന്നെ മറ്റൊരു സത്യം കൂടെ മനസിലായി..
ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾക്ക് ഒരു പരിധി ഉണ്ട്.. വലിയ ആശയങ്ങൾ പ്രാവർത്തികം ആകണമെങ്കിൽ കൂടെ പ്രവർത്തിക്കാൻ ആളുകൾ വേണം..
അങ്ങനെ ആയിരുന്നു ആദ്യത്തെ സംരംഭം ആരംഭിച്ചത്.. എന്നാലോ.. അധികം സമയം വേണ്ടി വന്നില്ല മറ്റൊരു അബദ്ധം മനസിലാക്കുവാൻ.. ഒരു ആശയവും കൂടെ ആളുകളും ഉണ്ടായാൽ മാത്രം പോര അവരെ എല്ലാം ഏകോകിപ്പിച്ചു റിസൾട്ട് ഉണ്ടാക്കി എടുക്കണമെങ്കിൽ നല്ല പ്ലാനുകൾ കൂടെ വേണം..
അടുപ്പിൽ തീയും ഉണ്ട് മുകളിൽ സാധനവും ഉണ്ട്.. പക്ഷെ തീ കത്തിക്കാൻ ഉള്ള വിറക് ഇല്ലാത്ത അവസ്ഥ..
എല്ലാം ഒന്ന് മനസിലാക്കി വന്നപ്പോഴേക്കും ആ സംരംഭം തവിടുപൊടി…
പിന്നെ അങ്ങോട്ട് പ്ലാനുകളുടെ ബഹളം ആയിരുന്നു.. ഊണിലും ഉറക്കത്തിലും വരെ പ്ലാൻ ഉണ്ടാക്കി.. രണ്ടാമത് വീണ്ടും സംരംഭം ആരംഭിച്ചു..
അങ്ങനെ ഇരിക്കുമ്പോഴാണ് യഥാർത്ഥ പ്രശ്നം വരുന്നത്.. സംരംഭം ഒക്കെ വലിയ കുഴപ്പം ഇല്ലാതെ പോകുന്നുണ്ട്.. പക്ഷെ എനിക്ക് എന്തോ ഒരു പ്രശ്നം… എനിക്ക് ചെയ്യാൻ ഉള്ള കാര്യങ്ങൾ മാത്രം അങ്ങോട്ട് നീങ്ങുന്നില്ല..
ഏത്.. വിറകും കൊണ്ട് വന്നപ്പോൾ അടുപ്പിൽ തീ കേട്ടുപോയ അവസ്ഥ..
വീണ്ടും ഒരു തിരിച്ചറിവ് ഉണ്ടായി..
എപ്പഴും ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രം പ്രയത്നിച്ചാൽ പോര.. വലിയ തടി കഷ്ണങ്ങൾക്ക് തീ പിടിക്കണേൽ ഇടയ്ക്ക് ചെറുത് കൂടി വേണം.. ചെറുത് എന്നാൽ ഞാൻ പണ്ട് ചെയ്തിരുന്ന അർഥമില്ലാത്ത പ്രവർത്തികൾ തന്നെ.. അതൊക്കെ ചെയ്യുമ്പോൾ മനസിന് സന്തോഷം കിട്ടിയിരുന്നു..
ഉള്ളിൽ കോൺഫിഡൻസ് തീ പോലെ കത്തി നിൽക്കാൻ ഇതെല്ലാം വേണമെന്ന് മനസിലായി.. പക്ഷെ എന്റെ ഉള്ളിലെ തീ വീണ്ടും കത്തിക്കാൻ എനിക്ക് പറ്റുന്നില്ല.. അങ്ങനെ ഇരിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്… കൃത്യമായി പറഞ്ഞാൽ 2020 ഡിസംബർ ക്രിസ്തുമസിന് ഒരു ദിവസം മുൻപ്..
കമ്പനിയിൽ ഹാക്കർ കയറി എല്ലാം നശിപ്പിച്ചിട്ട് പോകുന്നു.. എല്ലാം നേരെ ആക്കാൻ സ്റ്റാഫിനോട് പറഞ്ഞിട്ട് എനിക്ക് ക്രിസ്തുമസ് ആഘോഷിക്കാൻ പോകാം.. പക്ഷെ എന്തോ മനസ് വരുന്നില്ല.. ബാക്കി എല്ലാവരും അവധിക്ക് വിട്ടിട്ട് ആ പണി മുഴുവൻ ഞാൻ ഏറ്റെടുത്തു..
ആ ഹാക്കർ വന്നത് വെറുതെയല്ല എന്റെ ഉള്ളിലെ അടുപ്പ് കത്തിക്കാനുള്ള തീപ്പൊരിയും കൊണ്ടായിരുന്നു..
ഈ സംഭവം ഉണ്ടായി നാലാം ദിവസം വർഷങ്ങൾക്ക് ശേഷം എന്റെ ബൈക്ക് വെള്ളം കണ്ടു..
ചിലപ്പോൾ അങ്ങനെ ആണ്.. നമ്മളെ ഉപദ്രവിക്കാൻ വരുന്നവരുടെ ഉപദ്രവം ആയിരിക്കും ഏറ്റവും വലിയ സഹായം ആയിത്തീരുന്നത്…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
1 Comment
athu polichu.. great