Horror

ഭീതിയുടെ രാവുകൾ – Short Story

Pinterest LinkedIn Tumblr

അന്ന് സിജോ ഓഫീസിൽ നിന്നിറങ്ങാൻ വളരെ വൈകി, തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണ് എന്നറിയാതെ അയാൾ തന്റെ പണികൾ ഒക്കെ തീർത്തു സിസ്റ്റം ഓഫ്‌ ചെയ്ത് ഇറങ്ങാൻ തുടങ്ങുകയാണ്.

കൊച്ചി ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ട് ജോലി ചെയ്യുകയാണ് സിജോ, വീട് കോട്ടയം ജില്ലയിലെ കറുകച്ചാൽ..

അന്നൊരു വെള്ളിയാഴ്ചയാണ്, സിജോ എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് തന്റെ ബൈക്കിൽ പോകും, കൊച്ചിയിലെ തിരക്കിൽ നിന്ന് പതിയെ കോട്ടയത്തിന്റെ പ്രാന്ത പ്രദേശങ്ങളിലൂടെ മലയോര മേഖലയിലേക്കുള്ള ആ യാത്ര അയാൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അതിന് അയാൾക്ക് പ്രത്യേക വഴികളുമുണ്ട്.

കൊച്ചിയിൽ നിന്നും കറുകച്ചാൽ വരെ പോകാൻ ഏറ്റവും എളുപ്പമുള്ള വഴി നേരെ ഏറ്റുമാനൂർ മണർകാട് വഴിയാണ്, ഏതാണ്ട് 80 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ സിജോ പലപ്പോഴും പോകുന്നത് മറ്റൊരു വഴിക്കാണ്, അത് പിറവം കൂത്താട്ടുകുളം മരങ്ങാട്ടുപള്ളി കിടങ്ങൂർ മറ്റക്കര പാമ്പാടി വഴിയാണ്.

ഈ വഴിക്ക് ഒരു പ്രത്യേകതയുണ്ട്, ഭൂരിഭാഗവും റബ്ബർ തോട്ടങ്ങളുടെ നടുവിലൂടെയാണ്, വാഹനങ്ങൾ പകൽ പോലും വളരെ കുറവാണ്, രാത്രിയായാൽ ആരും തന്നെ ഉണ്ടാവില്ല, ആ യാത്രകൾ അയാൾക്ക് വളരെ ഇഷ്ടമാണ്.

എന്നാൽ അന്ന് നേരം വളരെ വൈകിയിരുന്നു, എന്നാലും തന്റെ പ്രിയപ്പെട്ട വഴിയേ തന്നെ പോകാനായിരുന്നു അയാളുടെ തീരുമാനം.

എന്നത്തേയും പോലെ അയാൾ ബൈക്ക് എടുത്ത് യാത്ര ആരംഭിച്ചു, മഴക്കാലം ഒന്നും ആയിരുന്നില്ല എന്നതിനാൽ മഴകോട്ട് മുതലായവ ഒന്നും അയാൾ കരുതിയിരുന്നില്ല.

വഴിയിൽ നിന്നും ഭക്ഷണം ഒക്കെ കഴിച്ചു നന്നായി ആസ്വദിച്ചു അയാൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അങ്ങനെ ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം അയാൾ കിടങ്ങൂർ എത്തിച്ചേർന്നു, അപ്പോഴേക്കും പാതിരാത്രി പിന്നിട്ടിരുന്നു. പാലാ റോഡിനെ മുറിച്ചു കടന്ന് അയാളുടെ ബൈക്ക് മറ്റക്കര റോഡിലേക്ക് പ്രവേശിച്ചതും വരാനിരിക്കുന്ന മഴയുടെ അടയാളപ്പെടുത്തലായി ഒരു കൊള്ളിയാൻ മിന്നി.

പെട്ടന്ന് അയാൾ രാവിലെ ജിമ്മിൽ വച്ചുണ്ടായ ഒരു സംസാരം ഓർത്തു, ജിമ്മിലെ നിത്യ സന്ദർശകരായ രണ്ട് സുഹൃത്തുക്കളുണ്ട് അയാൾക്ക്, അതിൽ ഒരാൾ ഫിസിക്സ്‌ പ്രൊഫസറാണ്. ഒരിക്കൽ തുറസായ സ്ഥലത്ത് ഒരു മരത്തിൽ ഇടി വെട്ടിയപ്പോൾ കുറെ ദൂരെ നിന്ന പശു അതിന്റെ ആഘാതത്തിൽ ചത്തു പോയ കാര്യവും അതിന്റെ സയൻസ് ഒക്കെയാണ് അവർ അന്ന് ചർച്ച ചെയ്തത്.

ഇടി വെട്ടുമ്പോൾ നിലത്തുകൂടി വൈദ്യുതി പ്രവഹിക്കും അതിൽ നിന്ന് രക്ഷപെടണം എന്നുണ്ടെങ്കിൽ നമ്മൾ കാലുകൾ ചേർത്തു വച്ച് നിൽക്കണം എന്നൊക്കെയാണ് അവർ പറയുന്ന ശാസ്ത്രം. അല്ലെങ്കിൽ ഒരു സർക്യൂട്ട് അവിടെ രൂപപ്പെടുകയും അതിന്റെ ഫലമായിട്ടാണ് പശുവിനും വൈദ്യുതി ഏറ്റതു എന്നൊക്കെ അവർ പറയുന്ന കേട്ടെങ്കിലും തനിക്ക് അത്ര താല്പര്യമില്ലാത്ത വിഷയം ആയിരുന്നതിനാൽ അതെപ്പറ്റി കൂടുതൽ ഒന്നും ചിന്തിക്കാൻ പോയില്ല.

എന്നാൽ ദേ ഇപ്പോൾ മഴ കൂടി വരികയാണ് കൂടെ നല്ല അസൽ ഇടിയും മിന്നലും, എവിടെയെങ്കിലും കയറി നിൽക്കാതെ തരമില്ല എന്നായപ്പോൾ അയാൾക്ക് ഒരു കടമുറി ശ്രദ്ധയിൽ പെട്ടു. അതിന്റെ മുന്നിൽ കഷ്ടിച്ച് ഒരാൾക്ക് നിൽക്കാൻ പാകത്തിന് ഓടിട്ട മേൽക്കൂര മുന്നിലേക്ക് തള്ളി നിൽപ്പുണ്ടായിരുന്നു.

ആ പരിസരത്തെങ്ങും മറ്റൊരു കെട്ടിടം പോലുമില്ല, വീടുകളുമില്ല, ആകെയുള്ളത് വലിയ റബ്ബർ മരങ്ങളും അതിർത്തികളിൽ മറ്റ് എന്തൊക്കെയോ പടുകൂറ്റൻ വൃക്ഷങ്ങളുമുണ്ട്. ഒരു ഇലക്ട്രിക് പോസ്റ്റ്‌ ഷെഡിന് തൊട്ട് അടുത്തായിട്ടുണ്ട്, അതിൽ ഒടിഞ്ഞു തൂങ്ങിയ കാലുള്ള വഴിവിളക്കിൽ നിന്നുള്ള നേരിയ പ്രകാശം മാത്രമാണ് ഏക വെളിച്ചം.

അയാൾ ബൈക്ക് ഷെഡിന് മുന്നിൽ നിർത്തിയതിനു ശേഷം അവിടെ കയറി നിന്നു. പെട്ടന്ന് ഇടിമിന്നൽ വളരെ രൂക്ഷമായി കൂടാൻ തുടങ്ങി. രാവിലെ കേട്ട അറിവ് തനിക്ക് ഇപ്പോൾ ആവശ്യം വരുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ലായിരുന്നു. തന്റെ കാലുകൾ രണ്ടും ചേർത്തു ചവിട്ടി അനങ്ങാതെ ഏതാണ്ട് മുക്കാൽ മണിക്കൂർ അയാൾ അവിടെ നിന്നു.

പതിയെ മഴ കുറയാൻ തുടങ്ങി, ഇടിമിന്നലിന്റെ ശക്തിയും കുറഞ്ഞു കൊള്ളിയാനിലേക്ക് മാറി, ചാറ്റൽ മഴയിലേക്ക് ഒതുങ്ങിയപ്പോൾ സിജോ പതിയെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. റബ്ബർ മരങ്ങൾക്കിടയിൽ നിന്നും ആർത്തു കരയുന്ന ചിവീടുകളുടെ ശബ്‌ദത്തെ കീറിമുറിച്ചുകൊണ്ട് അയാളുടെ ബൈക്ക് മുന്നോട്ട് ഓടി.

പെട്ടന്ന് അയാൾ ബൈക്ക് നിർത്തി ഒന്ന് തിരിഞ്ഞ് നോക്കി, ഇത്രയും നേരം താൻ അവിടെ ഒറ്റക്ക് ആയിരുന്നോ എന്ന് അയാൾക്കൊരു സംശയം, ആരോ കൂടെ ഉണ്ടായിരുന്നത് പോലെയൊരു തോന്നൽ, എന്നാൽ പെട്ടന്ന് ഓർമ്മ വീണ്ടെടുത്ത് അയാൾ മുന്നോട്ട് പോകാൻ തുടങ്ങി.

സ്ഥിരമായി വരുന്ന വഴി ആയിരുന്നിട്ട് കൂടി അപ്പോൾ നിന്നിരുന്ന ആ കെട്ടിടമോ ആ വഴിയോ അയാൾക്ക് പരിചിതമായി തോന്നിയിരുന്നില്ല, ആ പ്രദേശങ്ങളിൽ കൂടി ഒരേപോലെയുള്ള അനവധി വഴികളും കവലകളും ഉണ്ട്, അതിനാൽ തനിക്ക് വഴി മാറിപ്പോയെന്ന് അയാൾക്ക് മനസിലായി. എന്നിരുന്നാലും കുഴപ്പമില്ല അടുത്ത കവലയിൽ ചെല്ലുമ്പോൾ സ്ഥലം മനസിലാകും അവിടെ നിന്ന് തനിക്ക് അറിയാവുന്ന വഴിയേ പോകാം എന്നയാൾ കരുതി.

ജിപിസ് ഇട്ട് വഴി നോക്കാൻ ഒന്നും പറ്റില്ല കാരണം അവിടെ മൊബൈൽ ഫോണിന് സിഗ്നൽ ഒന്നും കാര്യമായി ലഭിക്കില്ല, അതിനാൽ അയാൾ മുന്നോട്ട് പൊയ്ക്കൊണ്ട് ഇരിക്കുകയാണ്. പോകും തോറും അയാൾക്ക് ഒരു സംശയം, താൻ സഞ്ചരിച്ച വഴികളിൽ കൂടിയാണോ വീണ്ടും വരുന്നതെന്ന്.

അയാൾ അവിടെ ഒരു വലിയ പാറക്കല്ല് കിടന്നതിനെ ഒരു അടയാളമായി കണ്ട് മനസ്സിൽ ഉറപ്പിച്ചതിന് ശേഷം വീണ്ടും യാത്ര തുടർന്നു, എന്നാൽ അയാൾ ഭയപ്പെട്ടത് പോലെ തന്നെയാണ് സംഭവിച്ചതെന്ന് അധികം താമസിക്കാതെ മനസിലായി, ആ പാറക്കല്ല് ദാ വീണ്ടും അയാളുടെ മുൻപിൽ. അയാൾ ഒരിക്കൽ കൂടി മുന്നോട്ട് പോയി പരീക്ഷിച്ചു നോക്കി.

രക്ഷയില്ല, അഞ്ചാറ് കിലോമീറ്റർ ഓടിക്കഴിയുമ്പോൾ ഏതൊക്കെ വഴിയേ തിരിഞ്ഞാലും ഒടുവിൽ അതേ സ്ഥലത്ത് വീണ്ടും വീണ്ടും എത്തുന്നു. വഴി ചോദിക്കാൻ ആണെങ്കിൽ ഒരു മനുഷ്യനെ പോലും കാണാനും സാധ്യതയില്ല, മൂന്ന് നാല് വീടുകൾ കണ്ടതിൽ ഒന്നും ആൾതാമസം ഉള്ള ലക്ഷണവും ഇല്ല.

അങ്ങനെ വിഷമിച്ചു അയാൾ പതിയെ വീണ്ടും മുന്നോട്ട് പോകുമ്പോൾ അതാ ഒരു മനുഷ്യൻ വഴിയിൽ കൂടി പതിയെ നടന്നു പോകുന്നു, അയാൾക്ക് തെല്ലൊരു ആശ്വാസം തോന്നിയെങ്കിലും, ഈ അസമയത്തു അതുപോലെ ഒരു സ്ഥലത്ത് അങ്ങനെ ഒരാളെ കണ്ടതിൽ അല്പം പരിഭ്രമവും തോന്നി. അയാളുടെ അടുത്തേക്ക് ചെന്നപ്പോൾ മനസിലായി അതൊരു വൃദ്ധൻ ആണെന്ന്.

അയാൾ വൃദ്ധന്റെ മുന്നിൽ ബൈക്ക് നിർത്തിയതിന് ശേഷം തനിക്ക് പോകാനുള്ള സ്ഥലത്തേക്കുള്ള വഴി പറഞ്ഞു സഹായിക്കാമോ എന്ന് സഹായം ചോദിച്ചു. വൃദ്ധൻ എത്ര പറഞ്ഞിട്ടും അയാൾക്ക് വഴി മനസിലാകുന്നില്ല, കാരണം അങ്ങനെ ഒരു തിരിവ് ഉള്ളതായി അയാൾ പല പ്രാവശ്യം അതിലെ പോയിട്ടും കണ്ടിട്ടില്ല.

ഒടുവിൽ അയാൾ വൃദ്ധനോട് തന്റെ കൂടെ വന്നു വഴി കാണിച്ചു തരാമോ എന്ന് അഭ്യർത്ഥിച്ചു, അതിന് പകരമായി അയാൾക്ക് പോകേണ്ട സ്ഥലത്ത് കൊണ്ടുചെന്ന് ആക്കാമെന്നും പറഞ്ഞു.

അങ്ങനെ അയാൾ വൃദ്ധനെയും കൊണ്ട് യാത്ര ആരംഭിച്ചു. കുറെ ദൂരം പിന്നിട്ടപ്പോൾ വൃദ്ധൻ ഒരു വഴി കാണിച്ചു കൊടുത്തു, അപ്പോഴാണ് അയാൾ ഞെട്ടുന്നത്, കാരണം അതിനു ചുറ്റുമുള്ള പരിസരം ഒക്കെ ഇപ്പോൾ പല പ്രാവശ്യം കറങ്ങി അയാൾക്ക് നല്ല പരിചയം ആയിരുന്നു എന്നാൽ ഇങ്ങനെ ഒരു വഴി ഉള്ളതായി ഇതുവരെ അയാൾ കണ്ടതുമില്ല..

എന്തായാലും എങ്ങനേലും ഈ നരകത്തിൽ നിന്നൊന്ന് രക്ഷപെട്ടല്ലോ എന്നോർത്തു അയാൾ ആ വഴിയേ തിരിഞ്ഞു. കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ തനിക്ക് പരിചയം ഉള്ള സ്ഥലങ്ങൾ കണ്ട് അയാൾക്ക് സമാധാനമായി. അയാൾ ആശ്വാസത്തോടെ ഓടുന്ന ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ വൃദ്ധനോട് ചോദിച്ചു, അല്ല ചേട്ടനെ ഞാൻ എവിടെയാണ് വിടേണ്ടത്..

മറുപടിയൊന്നും കേൾക്കാൻ പറ്റാത്തിരുന്നപ്പോൾ അയാൾ ഒന്നുകൂടി ഉറക്കെ ചോദിച്ചു, എന്നിട്ടും മറുപടിയില്ല, അയാൾ സൈഡ് മിറർ കൂടി നോക്കിയപ്പോൾ പിന്നിൽ അയാളെ കാണുന്നില്ല, പേടിച്ചു പോയ അയാൾ ബ്രേക്ക് പിടിച്ചു ബൈക്ക് നിർത്തി തിരിഞ്ഞു നോക്കി..

അതേ, ബൈക്കിന്റെ പിറക് ശൂന്യമാണ്.. ആ വൃദ്ധൻ എവിടെപ്പോയി, അയാളെ എന്തോ നല്ല പരിചയം ഉള്ളതുപോലെ തോന്നുന്നു.. സിജോ ഒന്നും മനസിലാകാതെ നിന്നുപോയി…

അമ്മ കതകിൽ മുട്ടി വിളിക്കുന്ന ശബ്ദം കെട്ടാണ് സിജോ ഉണർന്നത്, അമ്മ ചോദിക്കുന്നുമുണ്ട് ഇന്നലെ നീ എപ്പോഴാണ് വന്നത് ഒരുപാട് വൈകിയെന്ന് തോന്നുന്നല്ലോ എന്നെല്ലാം.

സിജോയുടെ കയ്യിൽ വീടിന്റെ താക്കോൽ ഒരെണ്ണം ഉണ്ടാവും, വൈകി വരുന്ന ദിവസങ്ങളിൽ വീട്ടിൽ ആരെയും ഉണർത്താതെയായിരിക്കും അയാൾ വീട്ടിൽ കയറുന്നത്.

ഇന്നലെ വൈകിയോ, എന്താണ് സംഭവിച്ചത്, താൻ സ്വപ്നം വല്ലതും കണ്ടോ, എന്തൊക്കയോ ഓർമ്മകൾ അയാളുടെ ഉള്ളിലൂടെ വന്നു. അപ്പോൾ അത് സ്വപ്നം അല്ലേ.. പെട്ടന്ന് അയാൾ ഫോൺ എടുത്ത് നോട്സ് ആപ്പ് എടുത്തു നോക്കി.

അതിൽ ഇങ്ങനെ എഴുതിയിരുന്നു,

“മഴയിൽ വഴി തെറ്റി, പ്രായമായ ഒരാളെ കണ്ടു, ഇത് സ്വപ്നമല്ല..”

അതോടെ സിജോയ്ക്ക് തലേന്ന് നടന്ന കാര്യങ്ങൾ ഓർമ്മ വരാൻ തുടങ്ങി, വൃദ്ധനായ മനുഷ്യൻ പെട്ടന്ന് അപ്രത്യക്ഷമായതും, പിന്നെ അവിടെ നിന്ന് എങ്ങനെയോ ഒരു വിധത്തിൽ വീട്ടിൽ വന്നു കയറിയതും എല്ലാം..

അവന് പെട്ടന്ന് ടോണിയെ ഓർമ്മ വന്നു, സെക്കന്റ്‌ സാറ്റർഡേ ആണല്ലോ ടോണി വീട്ടിൽ കാണും അവനെ പോയി കാണാം എന്ന് മനസ്സിൽ ഓർത്തു സിജോ എഴുന്നേറ്റു.

ടോണി സിജോയുടെ അടുത്ത കൂട്ടുകാരനാണ്, അവൻ ബാങ്കിൽ ഓഫീസറാണ്. സിജോയുടെ വീട്ടിൽ നിന്നും കേവലം നാലഞ്ച് കിലോമീറ്റർ മാത്രമേ ഉള്ളു ടോണിയുടെ വീട്ടിലേക്ക്.

സിജോ വേഗത്തിൽ ഒരുങ്ങി പുറത്തേക്ക് പോകുന്നതിന് മുൻപായി പ്രാർഥിക്കാൻ നിന്നപ്പോൾ പെട്ടന്ന് അവന്റെ കണ്ണുകൾ അവിടെയുള്ള ഒരു ചിത്രത്തിൽ ഉടക്കി, വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ സിജോയുടെ വല്യപ്പച്ചന്റെ ഫോട്ടോയായിരുന്നു അത്.

പെട്ടന്ന് അവന്റെ ഉള്ളിലേക്ക് ഒരു തോന്നൽ, താൻ ഇന്നലെ കണ്ട വൃദ്ധന്റെ സംസാരവും പെരുമാറ്റ രീതികളും എല്ലാം തന്റെ വല്യപ്പച്ചൻ എങ്ങനെയായിരുന്നോ അതുപോലെ തന്നെയുണ്ടായിരുന്നു. അവൻ ഒരിക്കൽ കൂടി തലേ ദിവസത്തെ സംഭവങ്ങൾ മനസ്സിൽ ഓർത്തു.

വൃദ്ധനെ കണ്ട് ബൈക്ക് നിർത്തിയ സ്ഥലത്ത് ഒരു വഴിവിളക്ക് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ അയാളുടെ മുഖം വ്യക്തമായി കണ്ടതാണ്. ഇതുവരെ കണ്ടിട്ടുള്ള ആരുമായും ഒരു സാമ്യവും ആ മുഖത്തിന് ഇല്ലായിരുന്നു. വൃദ്ധൻ ആണെകിൽ കൂടെ തന്റെ വല്യപ്പച്ചനെക്കാൾ പ്രായം കുറവായിട്ടാണ് തോന്നിയത്.

പക്ഷേ ആ സംസാരം, ബൈക്കിൽ കയറാൻ നേരം പറഞ്ഞ ആ വാചകങ്ങൾ, അത് താൻ ഇതിന് മുൻപ് കേട്ടിട്ടുള്ളത് വല്യപ്പച്ചന്റെ അടുത്ത് നിന്നായിരുന്നു.

തനിക്ക് ലൈസൻസ് കിട്ടാൻ വെറും ഒരു വർഷം കൂടി ഉള്ളപ്പോഴായിരുന്നു വല്യപ്പച്ചൻ മരിക്കുന്നത്, അതിന് മുന്നേ ഒക്കെ വല്യപ്പച്ചനോട് സിജോ പറയുമായിരുന്നു, ലൈസൻസ് ഒന്ന് കിട്ടിക്കോട്ടേ വല്യപ്പച്ചനെയും കൊണ്ട് ബൈക്കിൽ ഇഷ്ടമുള്ള എല്ലായിടത്തും കൊണ്ടുപോകാം എന്ന്.

പക്ഷേ അതിന് അവസരം ലഭിച്ചില്ല.. പക്ഷേ ഇതൊക്കെ എങ്ങനെ, എന്താണ് സംഭവിക്കുന്നത്..

ഇങ്ങനെ ഓരോന്ന് ആലോചിച്ചു സിജോ ടോണിയുടെ വീട്ടിലെത്തി. തലേന്ന് ഉണ്ടായ സംഭവം മുഴുവൻ ടോണിയോട് പറഞ്ഞപ്പോൾ അവനു മൊത്തത്തിൽ ഒരു ആകാംഷയാണ് ഉണ്ടായത്.

“വഴി ആദ്യം തെറ്റിയ സ്ഥലവും, പിന്നെ ആ പുള്ളി നിന്നെ കേറ്റി വിട്ട സ്ഥലവും നിനക്ക് ഓർമ്മയുണ്ടോ?”

ഇതായിരുന്നു ടോണിയുടെ ആദ്യത്തെ പ്രതികരണം.

സിജോ മാപ്പ് എടുത്തു ഏറെക്കുറെ രണ്ട് സ്ഥലങ്ങളും കാണിച്ചു കൊടുത്തു.

“എങ്കിൽ പിന്നെ നമ്മൾക്ക് ഇപ്പോൾ അതിലെ ഒന്ന് പോയി നോക്കിയാലോ?” ടോണി ചോദിച്ചു.

എന്നാൽ അത് വേണോ എന്നായിരുന്നു സിജോയുടെ മറുചോദ്യം. എന്തായാലും അവധിയാണ് ഇന്നത്തേക്ക് പ്രത്യേകിച്ച് പരിപാടി ഒന്നുല്ല നമ്മൾക്ക് ഒന്ന് പോയി നോക്കാം എന്നായി ടോണി.

ടോണിയുടെ ആവേശം കണ്ടപ്പോൾ ഒന്ന് പോയി നോക്കാം എന്നായി സിജോയും. അങ്ങനെ അവർ രണ്ടുപേരും കൂടി ടോണിയുടെ കാറിൽ യാത്രയായി.

പോകുന്ന വഴിക്ക് ടോണിയോട് പറയാൻ സിജോക്ക് മറ്റ് ചില കഥകൾ കൂടി ഉണ്ടായിരുന്നു. അയാൾ പറയാൻ തുടങ്ങി.

“ഡാ, ഞാൻ ഒരു കാര്യം കൂടി പറയണം എന്ന് വിചാരിച്ചതാണ്, പക്ഷേ നീ വിശ്വസിക്കില്ല എന്ന് തോന്നി..”

“അതേ വിശ്വാസം ഇല്ലാത്തോണ്ട് ആണല്ലോ ഇപ്പോൾ നിന്നെയും കൂട്ടി അവിടേക്ക് ഡ്രൈവ് ചെയ്യുന്നത്, നീ പറയടാ കോപ്പേ..”

“അതല്ല ഞാൻ പറഞ്ഞില്ലേ ആ പുള്ളിയെ നല്ല പരിചയം തോന്നിയെന്ന്..”

” ആ നിന്റെ വല്യപ്പനെ പോലെ തോന്നിയെന്നല്ലേ”

“ഇത് ആദ്യത്തെ സംഭവമല്ലാ, പണ്ട് ഞങ്ങൾ ഓഫീസിൽ നിന്ന് മൂന്നാർ ട്രിപ്പ്‌ പോയപ്പോ ഉണ്ടായ കഥ പറഞ്ഞത് ഓർമ്മയില്ലേ?”

“ഏത് ആ വെള്ളച്ചാട്ടത്തിൽ ചാടാൻ പോയതാണോ “

“ആ അത് തന്നെ, അന്ന് ഞങ്ങളെ വഴി തെറ്റിച്ചു ഒരാൾ വിട്ടത് കൊണ്ടാണല്ലോ അന്നത്തെ മലവെള്ളപ്പാച്ചിൽ വന്നപ്പോ ഞങ്ങൾ അതിൽ പെടാതെ പോയത്,…

അന്ന് വഴി തെറ്റിച്ചാ അയാളെ കുറെ തെറി പറഞ്ഞെങ്കിലും, എന്തോ അയാളാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത് “

“എന്തെ, അയാളെയാണോ നീ ഇന്നലെ കണ്ടത്?”

” അല്ല എന്നാലും ഇപ്പോൾ ആലോചിച്ചു നോക്കുമ്പോൾ അയാളുടെ സംസാരവും പെരുമാറ്റവും എല്ലാം ഇയാളെപ്പോലെ തന്നെ ഉണ്ടായിരുന്നു.. “

“അതായത് നിന്റെ വല്യപ്പനെ പോലെ..!”

” ആ ഏറെക്കുറെ.., അയ് വേറൊന്ന് കൂടിയുണ്ട്..!!”

“എന്ത്?”

“അത് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു, പണ്ട് ഒരിക്കൽ ഞാൻ വെളുപ്പിന് ഓടാൻ പോയപ്പോ ഒരു വണ്ടി ഇടിക്കാൻ വന്നു, വന്നു എന്ന് വച്ചാൽ ഇടിക്കാൻ സാധ്യത ഉണ്ടായിരുന്നു, അന്ന് എന്നേ ഒരാൾ റോഡിൽ നിന്നും വലിച്ചു മാറ്റിയിരുന്നു. ഓട്ടത്തിന്റെ ഇടയിൽ ഫോൺ നോക്കാൻ പോയപ്പോൾ പറ്റിയതാണ്. അയാളെയും ഞാൻ ആദ്യമായ് കാണുകയാണ്, പക്ഷേ ഞങ്ങൾക്ക് ഇടയിൽ അധികം സംസാരം ഒന്നും ഉണ്ടായില്ല..”

“അപ്പോൾ അയാളും…!

കൊള്ളാം ഇന്ട്രെസ്റ്റിംഗ്, ചെറുമകനെ രക്ഷിക്കാൻ പല വേഷത്തിൽ വരുന്ന മരിച്ചുപോയ മുത്തശ്ശൻ, ഒരു വെറൈറ്റി കഥ തന്നെ അളിയാ…”

“ഒന്ന് പോടെ..”

അവർ അങ്ങനെ ഓരോന്ന് സംസാരിച്ചു പതിയെ മറ്റക്കര റോഡിലേക്ക് പ്രവേശിച്ചിരുന്നു. അല്പം ദൂരം കൂടി സഞ്ചരിച്ചപ്പോൾ സിജോ ഒരു വഴി ചൂണ്ടി പറഞ്ഞു, “ദാ അതിലെയാണ് ഞാൻ ഈ റോഡിലേക്ക് വന്നു കയറിയത്, ഇവിടെ വച്ചാണ് അയാൾ പിറകിൽ ഇല്ലായെന്ന് എനിക്ക് മനസിലായത്..”

അവർ രണ്ടാളും അവിടെ വണ്ടി നിർത്തി ആ റോഡിലേക്ക് നോക്കി കുറച്ചു നേരം നിന്നു.

പഴയ പ്രേത സിനിമകളിൽ ഒക്കെ കാണുന്നത് പോലെ ഇരു വശവും മരങ്ങൾ തിങ്ങി നിറഞ്ഞ അസൽ ഒരു കാട്ടു പാത, നല്ല വെളിച്ചമുള്ള പകൽ പോലും അതിനുള്ളിൽ ഇരുട്ടാണ്.

അവർ രണ്ട് പേരും മുഖത്തോട് മുഖം ഒന്ന് നോക്കിയതിനു ശേഷം ആ വഴിയിലേക്ക് പ്രവേശിച്ചു. അധികം വൈകാതെ തന്നെ സിജോ കയറി നിന്ന ഷെഡ് അവർക്ക് കാണാൻ കഴിഞ്ഞു, അവിടെങ്ങും ആൾ താമസം ഒന്നും ഇല്ലായിരുന്നു. ആ ഷെഡ് എന്നത് പഴയ ഏതോ കടമുറി ആയിരുന്നു, മുൻവശം കണ്ടാൽ കുഴപ്പം ഒന്നും ഇല്ല, പക്ഷേ കെട്ടിടത്തിന്റെ ഉൾഭാഗം മുഴുവൻ മേൽക്കൂരയൊക്കെ തകർന്ന് കിടക്കുകയാണ്.

അവിടെയൊക്കെ ഒന്ന് പരിശോധിച്ച ശേഷം കുറച്ചു ദൂരം കൂടി മുന്നോട്ട് പോയപ്പോൾ സിജോക്ക് ആദ്യം വഴി മാറി പോയ ജംഗ്ഷനിലും അവർ എത്തി.

ടോണി ചോദിച്ചു, “നമ്മളിപ്പോ ഏതാണ്ട് ഒരു 4 കിലോമീറ്റർ ഓടിയപ്പോ നീ പറഞ്ഞ രണ്ട് സ്ഥലവും കണ്ടു, ഇതിനിടക്ക് ആകെ 2 ചെറിയ ജംഗ്ഷൻ ഉണ്ട്, ഇതിലെ തന്നെയാണോ നീ ഇന്നലെ രാത്രി മണിക്കൂറുകൾ കിടന്ന് ചുറ്റിയത്!”

സിജോയ്ക്ക് അതിന് മറുപടി ഇല്ലായിരുന്നു. പെട്ടന്ന് അവനൊരു കാര്യം ഓർമ്മ വന്നു, അവിടെ അടുത്ത് എവിടെയോ ഒരു അകന്ന ബന്ധത്തിൽ ഉള്ള അങ്കിൾ താമസിക്കുന്നുണ്ട്, ചെറുപ്പത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അവിടെ പോയിട്ടുണ്ട്. അന്നേരമൊക്കെ അങ്കിൾ എന്തൊക്കയോ കഥകൾ അപ്പനോടും അമ്മയോടുമൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.

എങ്കിൽ പിന്നെ അങ്കിളിനെ ഒന്ന് പോയി കണ്ടാലോ എന്നായി ടോണി. സിജോ ഉടനെ അമ്മയെ ഫോണിൽ വിളിച്ചു അങ്കിളിന്റെ നമ്പർ ഒക്കെ വാങ്ങി.

അങ്ങനെ അവർ അങ്കിളിനെ വിളിച്ചു വഴിയൊക്കെ ചോദിച്ചു ഒരു വിധത്തിൽ അങ്കിളിന്റെ വീട്ടിലെത്തി. ഒരു പഴയ ഓടിട്ട തറവാട് ആയിരുന്നു അത്, ഉരുളൻ കല്ലുകൾ നിറഞ്ഞ മുറ്റവും, ജാതിയും പനയും നിറഞ്ഞ തൊടിയും, അതിനു സമീപത്തായി പ്രാവുകളുടെ കൂടും ഒക്കെ സ്ഥാപിച്ച വളരെ ഭംഗിയുള്ള സ്ഥലം. അങ്കിൾ അവിടെ ഒറ്റക്കാണ് താമസം. പിള്ളേരൊക്കെ കാനഡയിലാണ്, അവരുടെ അമ്മയും കാനഡയിലാണ്. സ്ഥിരമായി അവിടെ താമസിച്ചാൽ ശ്വാസം മുട്ടുമെന്ന് പറഞ്ഞു അങ്കിൾ ഇടക്ക് നാട്ടിലേക്ക് പോരും.

അങ്ങനെ വന്നിട്ട് രണ്ട് ദിവസം ആയിട്ടേ ഉള്ളത്രെ, അങ്ങനെ വിശേഷങ്ങൾ ഒക്കെ സംസാരിച്ചതിന് ശേഷം സിജോ കാര്യത്തിലേക്ക് കടന്നു.

അതുവരെ നടന്ന കാര്യങ്ങൾ മുഴുവൻ അങ്കിളിനെ പറഞ്ഞു കേൾപ്പിച്ച ശേഷം രണ്ട് പേരും അങ്കിളിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയാണ് രണ്ട് പേരും.

അങ്കിൾ ചാരു കസേരയിൽ തന്റെ നരച്ച താടിയും തടവി എന്തൊക്കയോ ആലോചിച്ചു ഇരിക്കുകയാണ്.

അങ്ങനെ അല്പ സമയം കഴിഞ്ഞപ്പോൾ അങ്കിൾ പറയാൻ തുടങ്ങി.

“നിങ്ങൾ ഈ പറഞ്ഞ പ്രായമായ ആളുടെ കാര്യം ഞാൻ ആദ്യമായ് കേൾക്കുകയാണ്, എന്നാൽ ചെറുപ്പം മുതലേ വഴി തെറ്റി കറങ്ങുന്ന അനുഭവം ഒരുപാട് പേർ പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ രാത്രിയിൽ സഞ്ചരിക്കുന്ന എല്ലാർക്കും ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതുമില്ല.

വഴി തെറ്റുക മാത്രമല്ല, ചില വിചിത്ര കാഴ്ചകൾ കണ്ടവരും ഉണ്ടത്രേ, പക്ഷേ ആരും ഇങ്ങനെ ഒരാളുടെ കഥ മാത്രം പറഞ്ഞു കേട്ടിട്ടില്ല..”

“എന്ത് കാഴ്ചകളാണ് അങ്കിൾ അവർ കണ്ടത്, ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ”, സിജോ ചോദിച്ചു..

“മ്മ്, അവരിൽ പലരും പറഞ്ഞത് ഇങ്ങനെയാണ്, വഴി തെറ്റി അലഞ്ഞു നടക്കുമ്പോൾ ഒരു വീട് കാണും, വെളിച്ചം കണ്ട് അവിടേക്ക് ചെല്ലുമ്പോൾ മുറ്റത്ത് ഒരു പശു കിടാവ് നിൽക്കുന്നത് കാണും, അവർ അടുത്തേക്ക് ചെല്ലുമ്പോൾ അത് വീടിന്റെ ചുറ്റും ഓടാൻ തുടങ്ങും..

വെറുതെ അങ്ങനെ ഓടുവല്ലാ, ഓരോ തവണയും അത് വീടിനെ വലം ചുറ്റി വരുമ്പോഴും അത് വളരുന്നുണ്ടാകും, അങ്ങനെ ഓടിയോടി അതൊരു മുഴുത്ത പശു ആയി മാറും, അപ്പോഴേക്കും കണ്ടുകൊണ്ട് നിൽക്കുന്നവരുടെ നല്ലജീവൻ പോയിട്ടുണ്ടാകും.

ഇതൊക്കെ ജീവനോടെ രക്ഷപെട്ടവർ പറഞ്ഞ കഥകൾ എന്ന നിലയിലാണ് കേട്ടിരിക്കുന്നത്, അതായത് ഈ പ്രദേശങ്ങളിൽ പണ്ട് മുതലേ ദുരൂഹമായ സാഹചര്യങ്ങളിൽ പെട്ട് മരിച്ചവർ ഒക്കെ ഇങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിച്ചിട്ട് ആയിരിക്കും എന്നൊക്കെയാണ് ഇവിടുത്തെ സംസാരം.

പിന്നെയും ഉണ്ട് വിചിത്ര കാഴ്ച്ചകളുടെ കഥകള്..

പക്ഷേ സത്യം എന്താണെന്ന് ആർക്കറിയാം, എന്തായാലും ഇത്രയും കൊല്ലം ഇവിടെ ജീവിച്ചിട്ടും എനിക്ക് ഇത്തരത്തിൽ ഒരു അനുഭവം പോലും ഉണ്ടായിട്ടില്ല…”

അങ്കിൾ പറഞ്ഞു നിർത്തി…

കുറച്ചു സമയം അങ്കിളിനോട് സംസാരിച്ചു ഇരുന്ന ശേഷം അവർ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി.

വണ്ടിയിൽ കയറിയിട്ടും എന്തോ ആലോചിച്ചു ഇരിക്കുന്ന സിജോയെ കണ്ട് ടോണി ചോദിച്ചു,

“എന്താടെ നീ ഇതുവരെ വിട്ടില്ലേ, ചിലപ്പോൾ നീ പാനിക് ആയതുകൊണ്ട് പുള്ളിയെ ഇറക്കി വിട്ടത് ഓർക്കാഞ്ഞിട്ട് ആയിരിക്കും. വിട്ടു കള, എന്തായാലും മറ്റ് കുഴപ്പങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ..”

എന്നാൽ സിജോ അതിന് മറുപടി ഒന്നും പറഞ്ഞില്ല, അയാളുടെ മനസ്സിൽ മറ്റൊരു ചിന്തയായിരുന്നു..

അടുത്ത വെള്ളിയാഴ്ച ഒരിക്കൽ കൂടി തനിയെ ഇതിലെ വരണം, രാത്രി വൈകി തന്നെ.

അടുത്ത വെള്ളിയാഴ്ച ആകാനായി സിജോ കാത്തിരുന്നു, ഇതിനിടയിൽ ടോണിയും അങ്കിളും രണ്ടുമൂന്നു പ്രാവശ്യം അയാളെ ഫോണിൽ വിളിച്ചിരുന്നു. പക്ഷേ അവരോടൊന്നും തന്റെ പരീക്ഷണത്തെ പറ്റി അയാൾ പറഞ്ഞിരുന്നില്ല.

അങ്ങനെ കാത്തിരുന്ന ദിവസമെത്തി, വെള്ളിയാഴ്ച, അതും കറുത്ത വാവ് ഒത്തു വരുന്ന ഒരു വെള്ളി. അന്ന് തിരക്ക് ഒന്നും ഇല്ലാതിരുന്നിട്ടും അയാൾ വീട്ടിലേക്ക് പോകാതെ തന്റെ റൂമിൽ കാത്തിരുന്നു.

ഏകദേശം പത്തര മണി കഴിഞ്ഞപ്പോൾ അയാൾ തന്റെ ബൈക്കിൽ കയറി, ഓരോ നിമിഷം കഴിയുംതോറും ഉള്ളിലെ പേടി കൂടി വരുന്നുണ്ട് അയാൾക്, പക്ഷേ പേടിയെക്കാൾ വലുത് ഇതിന് പിന്നിലെ സത്യങ്ങൾ അറിയണം എന്ന വാശിയായിരുന്നു. അങ്ങനെ അയാളുടെ ബൈക്ക് ഏകദേശം പന്ത്രണ്ടു മണിയോട് അടുപ്പിച്ചു പാല റോഡിനെ മുറിച്ചു കടന്ന് കിടങ്ങൂരിലേക്ക് പ്രവേശിച്ചു. കുറച്ചു ദൂരം കഴിഞ്ഞു അതാ മറ്റക്കരക്ക് തിരിയുന്ന വഴി.

അയാൾ അവിടെ ബൈക്ക് ഒന്ന് നിർത്തി, ഒരിക്കൽ കൂടി ആലോചിച്ചു, ഇത് വേണോ.. പക്ഷേ വേണ്ടായെന്നു തോന്നിയിട്ട് കൂടി അയാൾക്ക് വണ്ടി അവിടേക്ക് തിരിക്കാൻ മാത്രമേ കഴിയുന്നുള്ളു എന്നുള്ള സത്യം അയാൾ തിരിച്ചറിഞ്ഞു, എന്തോ അദൃശ്യ ശക്തിയുടെ വലയത്തിൽ പെട്ടതുപോലെ അയാൾ യാന്ത്രികമായി ആ റബ്ബർ വനത്തിന് ഉള്ളിലേക്ക് ബൈക്ക് ഓടിച്ചു.

പെട്ടെന്നൊരു കൊള്ളിയാൻ മിന്നി, ആ ഞെട്ടലിൽ അയാൾ ബൈക്ക് ഒന്ന് നിർത്തിയപ്പോൾ, അതാ മുന്നിലൊരു പശുക്കിടാവ് നിൽക്കുന്നു, ഒരു ഞെട്ടലോടെ അയാൾ അങ്കിൾ പറഞ്ഞ കഥ ഓർത്തു, ആ കിടാവ് പതിയെ മുന്നിലേക്ക് നടക്കുകയാണ്, ഇടക്ക് അത് വിചിത്രമായ രീതിയിൽ തിരിഞ്ഞു അയാളെ നോക്കുന്നുമുണ്ട്.

എന്ത് ചെയ്യണം എന്നറിയാതെ അയാൾ സ്തംഭിച്ചു നിൽക്കുകയാണ്. ഒപ്പം മഴയും തുടങ്ങി, കൊള്ളിയാൻ തലങ്ങും വിലങ്ങും പ്രകാശം എത്തിക്കുന്നു. സിജോ നോക്കുമ്പോൾ ഒരു കിടാവല്ല, ചുറ്റുമുള്ള തോട്ടത്തിൽ വീണ്ടും പശുക്കൾ, ഒന്നല്ല, രണ്ടല്ല, പത്തല്ല നൂറു കണക്കിന് പശുക്കൾ, അവയെല്ലാം അയാളെ നോക്കി വിചിത്ര ഭാവത്തിൽ നിൽക്കുകയാണ്. ഓരോ കൊള്ളിയാൻ മിന്നുമ്പോഴും അവയുടെ കണ്ണുകൾ വെട്ടി തിളങ്ങി..

ഭയന്ന് മരവിച്ച അയാൾക്ക് ശ്വാസം എടുക്കാൻ കൂടി കഴിയുന്നില്ല.

പെട്ടന്നാണ് പിന്നിൽ നിന്നൊരു വാഹനത്തിന്റെ മുരൾച്ച അയാൾ കേൾക്കുന്നത്, അതോടൊപ്പം ഒരു വെളിച്ചവും, നിമിഷ നേരംകൊണ്ട് ഒരു ജീപ്പ് പിന്നിൽ നിന്നും പാഞ്ഞെത്തി സിജോയുടെ ബൈക്കിന്റെ മുന്നിലേക്ക് കയറ്റി നിർത്തി, ഒപ്പം കയറെടാ എന്നൊരു അലർച്ചയും, സിജോ നോക്കുമ്പോൾ അങ്കിളാണ്.

അയാൾ ബൈക്കിൽ നിന്നും ചാടിയിറങ്ങി ജീപ്പിലേക്ക് കയറിയതും ജീപ്പ് വളരെ വേഗത്തിൽ പിന്നിലേക്ക് ഓടിച്ചു തിരിച്ചു അതിവേഗത്തിൽ അങ്കിൾ അവിടെ നിന്ന് ഓടിച്ചു പോയി. സിജോയ്ക്ക് പലതും ചോദിക്കണം എന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്ക് വരുന്നില്ലായിരുന്നു.

കുറച്ചു ദൂരം പിന്നിട്ടപ്പോൾ അയാൾക്ക് ആശ്വാസമായി, അയാൾ അങ്കിനോട്‌ ചോദിച്ചു, “അങ്കിൾ എങ്ങനെ ഈ സമയത്തു, ഇവിടെ ഞാൻ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു? ഞാൻ അവിടെ കണ്ടത് അങ്കിൾ പറഞ്ഞ അതാണോ?

അങ്ങനെ പല ചോദ്യങ്ങൾ അയാളുടെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു, എന്നാൽ അങ്കിൾ അതൊന്നും കേട്ട മട്ട് കാണിക്കുന്നില്ല, ഒരു പ്രാവശ്യം സിജോയെ ഒന്ന് നോക്കുക മാത്രം ചെയ്തു. സിജോ പിന്നെയും അതേ ചോദ്യങ്ങൾ പല വട്ടം ആവർത്തിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല.

അങ്ങനെ അവർ അങ്കിളിന്റെ വീട്ടിലെത്തി, ജീപ്പ് നിർത്തിയതും അങ്കിൾ സീറ്റിൽ മയങ്ങി വീണു. ഞെട്ടിപ്പോയ സിജോ പെട്ടന്ന് പുറത്തേക്ക് ഇറങ്ങി മുറ്റത്തുള്ള പൈപ്പിൽ നിന്നും കുറച്ചു വെള്ളമെടുത്ത് അങ്കിളിന്റെ മുഖത്തു തളിച്ചു. അങ്കിളിന് ബോധം തെളിഞ്ഞു വന്നതും, അങ്കിൾ ഒരു ചോദ്യം..

“സിജോ!.. നീ എങ്ങനെ ഇവിടെയെത്തി?!!! ഞാൻ എങ്ങനെ ജീപ്പിൽ??”

വീണ്ടും ഞെട്ടാനുള്ള ത്രാണി സിജോയ്ക്ക് ഉണ്ടായിരുന്നില്ല, അയാൾ ആ പൈപ്പിൽ നിന്ന് തന്നെ കുറച്ചു വെള്ളം എടുത്ത് കുടിച്ച് വരാന്തയുടെ പടികളിൽ ഇരുന്നു. അങ്കിൾ ജീപ്പിൽ നിന്നുമിറങ്ങി വന്നു അയാളുടെ സമീപത്തു ഇരുന്ന് പറഞ്ഞു,

“എല്ലാ ദിവസവും ഏതെങ്കിലും ബുക്ക്‌ വായിച്ചതിന് ശേഷമാണ് ഉറങ്ങുന്നത്, എന്നാൽ ഇന്ന് ബുക്ക്‌ വായിച്ചുകൊണ്ട് ഇരുന്നത് എനിക്ക് ഓർമ്മയുണ്ട് അതിനടിയിൽ എപ്പഴോ മയക്കം വന്നതും ഇപ്പോൾ ഓർമ്മയുണ്ട്, പറ സിജോ.. എന്താണ് ഉണ്ടായത്.. “

സിജോ ഒന്ന് ദീർഘശ്വാസം വിട്ട് നടന്ന സംഭവം മുഴുവൻ പറഞ്ഞു, അത് കേട്ട് സ്തംഭിച്ച് ഇരിക്കാൻ മാത്രമേ അങ്കിളിനും കഴിവായിരുന്നുള്ളു.

അവർ കുറച്ചു നേരം ഒന്നും മിണ്ടാതെ അവിടെ ഇരുന്നു. അന്ന് സിജോ അങ്കിളിന്റെ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു, ഇനിയും രാത്രിയിൽ ആ വഴി ഒരിക്കൽ കൂടി പോകാൻ അയാൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല.

പ്രഭാതമായപ്പോൾ സിജോ എഴുന്നേറ്റ് ഹാളിൽ ഉള്ള സോഫയിൽ വന്നിരുന്നു, അപ്പോഴേക്കും അങ്കിൾ ഒരു ചായ കൊണ്ടുവന്നു സിജോയ്ക്ക് കൊടുത്തിട്ട് ചാരു കസേരയിൽ ഇരുന്നു. ചായ കുടിക്കുന്നതിന് ഇടയിൽ സിജോ മുന്നിൽ കിടന്ന ടീപോയിലെ പുസ്തകത്തിലേക്ക് നോക്കി, “അങ്കിൾ ഒരുപാട് വായിക്കും അല്ലേ..”

അപ്പോഴാണ് അങ്കിളും ആ പുസ്തകം ശ്രദ്ധിച്ചത്, എന്നിട്ട് അങ്കിൾ പറയാൻ തുടങ്ങി, ” ആ ഇത്, ഇതാണ് ഇന്നലെ ഞാൻ വായിച്ചു തുടങ്ങിയത്, ഇതിന്റെ പിന്നിലും ഒരു കഥയുണ്ട്”

സിജോ അങ്കിളിനെ നോക്കി, ദൈവമേ ഇനിയും കഥയോ..

അങ്കിൾ തുടർന്നു, “എനിക്ക് വായന ഇഷ്ടമാണ്, കഴിഞ്ഞ മാസമാണ് ഞാൻ ഇങ്ങോട്ട് വരുന്നത് പ്രമാണിച്ചു കുറച്ചു പുതിയ ബുക്കുകൾ വാങ്ങിയത്. സാധാരണ ഞാൻ നാട്ടിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതൊക്കെ ഓർഡർ ചെയ്യുന്നത്,

എന്നാൽ ഇത്തവണ വന്ന പാർസൽ പൊട്ടിച്ചപ്പോൾ അതിൽ ഞാൻ ഓർഡർ ചെയ്യാതെ കേറി വന്നതാണ് ഇത്. അവനോട് ചോദിച്ചപ്പോൾ അവനും ഉറപ്പിച്ചു പറയുന്നു ഇങ്ങനെ ഒരു ബുക്ക്‌ ഓർഡർ ചെയ്തിട്ടേ ഇല്ലാന്ന്.

വെറുതെ മറിച്ചു നോക്കിയപ്പോ അത് മുഴുവൻ അസംബന്ധങ്ങളാണ്, അതിനാൽ തന്നെ വായിക്കാൻ എനിക്ക് താല്പര്യം ഒന്നും തോന്നിയില്ല.

എന്നാൽ ഇന്നലെ ഷെൽഫിൽ എലി കയറി, ഓടിട്ട വീടായതുകൊണ്ട് ഇവിടെ ഇഷ്ടംപോലെ ഉണ്ട്, അങ്ങനെ രാത്രിയിൽ ഞാൻ പുസ്തകം വായിക്കാൻ ഷെൽഫിന്റെ അടുത്ത് എത്തിയതും എന്നെ കണ്ട് ഓടിയ എലി ഈ പുസ്തകം തള്ളി താഴെയിട്ടു.

ഇതെടുത്തു വയ്ക്കാൻ തുടങ്ങിയതും തുറന്ന് കിടന്ന ഇതിലെ ഒരു ഭാഗം കണ്ട് വായിക്കാൻ ഇരുന്നത് മാത്രേ എനിക്ക് ഓർമ്മയുള്ളു…

പക്ഷേ… അതിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ആലോചിക്കുമ്പോൾ, ഇന്നലെ ഉണ്ടായ സംഭവങ്ങൾ ആയി ചേർത്ത് നോക്കുമ്പോൾ, it makes some സെൻസ്, and….. It scares me a lot…!!!”

“എന്തായിരുന്നു അതിൽ !?”

അങ്കിൾ ആ ബുക്ക്‌ എടുത്ത് ഒരു പേജ് തുറന്ന് സിജോയുടെ നേരെ നീട്ടി. “ദാ കഥയൊന്നുമല്ല കുറെ സിദ്ധാന്തങ്ങളാണ് “

സിജോ ആകാംഷയോടെ അത് വാങ്ങി വായിക്കാൻ തുടങ്ങി..

—- ശരീരം ഉപേക്ഷിച്ചവർ —-

നമ്മുടെ ഈ പ്രപഞ്ചത്തിൽ നമ്മൾ കാണുന്ന കാഴ്ചകളെക്കാൾ കൂടുതൽ കാണാത്ത കാഴ്ചകളാണ് ഉള്ളത്. ജീവിച്ചിരിക്കുന്ന ഒരാളെയെ നമ്മൾക്ക് കാണാൻ കഴിയു, അയാൾ അതിന് മുൻപ് എവിടെ ആയിരുന്നുവെന്നോ മരിച്ചതിനു ശേഷം എവിടേക്ക് പോകുന്നുവെന്നോ നമ്മൾ കാണുന്നില്ല.

ഈ പ്രപഞ്ചം എന്നാൽ കോടിക്കണക്കിനു ആത്മാക്കളുടെ വിഹാരകേന്ദ്രം കൂടിയാണ്, ഒരു ജീവൻ ആരംഭിക്കണം എന്നുണ്ടെങ്കിൽ അച്ഛന്റെയും അമ്മയുടെയും കോശങ്ങൾ മാത്രം പോരാ, അതിലേക്ക് ജീവൻ നൽകാൻ ഒരു ആത്മാവ് കൂടി വേണം.

ജീവൻ നൽകുന്ന ആത്മാവിനു പിന്നെ ആ ശരീരത്തിന്റെ കാഴ്ചകളും ഓർമ്മകളും ആയിരിക്കും ഉണ്ടാവുക. ആ ശരീരം എന്നെങ്കിലും ഉപേക്ഷിക്കേണ്ടി വരുമ്പോൾ ആത്മാവ് വീണ്ടും ചുറ്റി തിരിയാൻ തുടങ്ങും, പിന്നീട് മറ്റ് എവിടെങ്കിലും ഏതെങ്കിലും ഒരു പുതിയ ശരീരത്തിൽ പുതിയ ഓർമ്മകളുമായ് വീണ്ടും അവതരിക്കും. എന്നാൽ അതിന് തന്റെ പഴയ ശരീരത്തിന്റെ ഓർമ്മകൾ ഉണ്ടാവില്ല, രൂപം ഉണ്ടായിരിക്കില്ല, കാരണം രൂപവും അടിസ്ഥാന സ്വഭാവവും ലഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്.

ചിലർ പക്ഷേ എന്നെന്നേക്കുമായി ശരീരങ്ങൾ ഉപേക്ഷിക്കും, അവർ വീണ്ടും പുതിയ ശരീരങ്ങൾ തേടി പോകാതെ കാവൽക്കാരായി നിലകൊള്ളും. അവർക്ക് താത്കാലികമായി ചില വ്യക്തികളുടെ ഉള്ളിൽ കയറാനും അവരുടെ ശരീരത്തെ ഉപയോഗപ്പെടുത്താനും കഴിയും. അവരിൽ ചിലർക്ക് ഏതാനും ചില അമാനുഷിക ശക്തികൾ ഉണ്ടാവും, മറ്റുള്ളവരുടെ മനസിനെ വായിക്കാനും അതുപോലെ നടക്കാൻ പോകുന്ന കാര്യങ്ങൾ തൊട്ട് മുൻപ് ഗണിച്ചറിയാനും ശേഷിയുള്ളവർ ആയിരിക്കും അവർ.

ഇത്തരം ശേഷികൾ അവർക്ക് ലഭിക്കുന്നത് ശരീരത്തിൽ ആയിരുന്ന നാളുകളിൽ അവരുടെ ജീവിത രീതികളിൽ നിന്നുമാണ്.

ഇതിൽ തന്നെ മറ്റൊരു കൂട്ടരുണ്ട്..”

പെട്ടന്ന് പുറത്ത് നിന്നൊരു ഹോൺ ശബ്ദം കേട്ട് അങ്കിൾ പുറത്തേക്ക് ഇറങ്ങി, അവിടെ എന്തോ കാര്യമായി സംസാരം കേട്ടപ്പോൾ സിജോയും പുറത്തേക്ക് ചെന്നു നോക്കി. പത്രം ഇടാൻ വന്ന ആളാണ്, പക്ഷേ ഇത്രയും വൈകി വരുന്നത് എന്തായിരിക്കുമെന്ന് അയാൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. രാത്രിയിൽ ഇങ്ങനെയാണെങ്കിൽ രാവിലെയും ആളുകൾ എങ്ങനെ പുറത്തിറങ്ങും.

ഇങ്ങനെ ഓരോന്ന് ആലോചിച്ചതും, സിജോയെ കണ്ട അങ്കിൾ മുറ്റത്തേക്ക് കൈ ചൂണ്ടി ചോദിച്ചു, “സിജോ, ഇത് കണ്ടില്ലേ നീ!”

അയാൾ മുറ്റത്തേക്ക് നോക്കി, അതാ അവിടെ മുഴുവൻ കുളമ്പടികൾ പതിഞ്ഞിരിക്കുന്നു. ഒന്നും രണ്ടുമല്ല, ഒരുപാട്. അയാൾക്ക് കാര്യം മനസിലായി. എന്നാൽ പത്രമിടാൻ വന്ന ആൾക്ക് ഒന്നും മനസിലായതുമില്ല, അയാളാണ് അങ്കിളിനെ വിളിച്ചു ഇത് കാണിച്ചു കൊടുത്തത്.

പത്രക്കാരൻ പോയി കഴിഞ്ഞപ്പോൾ സിജോയും അങ്കിളും കൂടി കുളമ്പിന്റെ പാടുകൾ വിശദമായി നോക്കാൻ ആരംഭിച്ചു, അവർക്ക് അതിൽനിന്നും ഒരു കാര്യം മനസിലായി, വഴിയിൽ നിന്നും വന്ന കുറെ ജീവികൾ മുറ്റത്ത് പ്രവേശിച്ചു, പക്ഷേ ഒരു പോയിന്റ് എത്തിയപ്പോൾ എല്ലാം തിരിച്ചു പോയിരിക്കുന്നു, വന്നപ്പോൾ ഉള്ളതിനേക്കാൾ വേഗത്തിലാണ് തിരിച്ചു പോയത്, കാരണം തിരിച്ചു പോകുന്ന കുളമ്പടികൾ തമ്മിൽ ദൂര വ്യത്യാസം ഉണ്ട്.

നടന്നു വന്നവ തിരികെ ഓടി പോയതുപോലെ, പണ്ട് ഷെർലക് ഹോംസ് വായിച്ചതിന്റെ ഗുണം ഉണ്ടായെന്നു സിജോ അങ്കിളിനോട് പറയുകയും ചെയ്തു.

അപ്പോ ആരൊക്കയോ നമ്മളെ തിരക്കി ഇന്നലെ രാത്രിയിൽ ഇവിടെ വരെ വന്നിരുന്നു, എന്നാൽ എന്തോ കണ്ടു പേടിച്ചു അവ തിരിച്ചു ഓടിപ്പോയിട്ടുണ്ട്, അല്ലെങ്കിൽ ആരോ അവരെ പേടിപ്പിച്ചു ഓടിച്ചു.

“സിജോ ഇത് കണ്ടോ, എന്ത് കണ്ടിട്ടാണ് അവർ പോയതെന്ന് നോക്കിക്കേ” അങ്കിൾ മറ്റൊരു പാട് ചൂണ്ടി കാണിച്ചു. സിജോ നോക്കിയപ്പോൾ വേറെ ഏതോ ഒരു ജീവിയുടെ കാൽപ്പാട്, അയാൾ ഉടനെ ഫോൺ എടുത്ത് അതിന്റെ ഒരു ഫോട്ടോ എടുത്ത് നെറ്റിൽ സെർച്ച്‌ ചെയ്ത് നോക്കി..

അതിൽ റിസൾട്ട്‌ ഇങ്ങനെ വന്നു

“Tiger footprint”

“കടുവയോ!! ഇവിടെയോ, കാട് പോലും ഇവിടുന്ന് നൂറു കിലോമീറ്റർ അപ്പുറത്താണ്, പിന്നെ എങ്ങനെ!!”

“അല്ലെങ്കിൽ പിന്നെ നമ്മൾ ഇപ്പോൾ കാണുന്നത് എല്ലാം ഭയങ്കര അർഥം ഉള്ള കാര്യങ്ങളാണല്ലോ, സിജോ നിന്റെ ലോജിക് ഒക്കെ എടുത്ത് കള, ഇത് നമ്മൾ ഇതുവരെ കണ്ട ലോകമല്ല”

സിജോ മാപ്പ് എടുത്ത് പെരിയാർ ടൈഗർ റിസേർവിലേക്ക് ഉള്ള ദൂരം നോക്കി, 88 കിലോമീറ്റർ, ഒരു കടുവക്ക് ഒരു ദിവസം താണ്ടാൻ കഴിയുന്ന ദൂരം 37 മൈൽ, അഥവാ 60 കിലോമീറ്റർ.

“അല്ല അങ്കിളെ കണക്ക് പ്രകാരം വേണമെങ്കിൽ ഒപ്പിക്കാം പക്ഷേ ഇതൊക്കെ എന്തോന്ന്!!”

“അല്ല സിജോ നിന്റെ ബൈക്ക് എടുക്കണ്ടേ!!?” അങ്കിൾ ചോദിച്ചു.

“ആ ശരിയാണ് രാവിലെ അതോർത്തു വന്നപ്പോഴാണ് ആ പുസ്തകത്തിൽ എത്തിയത്, എങ്കിൽ വേഗം പോയേക്കാം അല്ലെങ്കിൽ ഇനി നാട്ടുകാർ ചിലപ്പോൾ പോലീസിൽ അറിയിച്ചെന്നൊക്കെ വരും”

അങ്ങനെ അവർ രണ്ടു പേരും കൂടി വീണ്ടും തലേന്ന് സംഭവങ്ങൾ ഉണ്ടായ സ്ഥലത്തേക്ക് ചെന്നു, സിജോയുടെ ബൈക്ക് അവിടെ മറിഞ്ഞു കിടപ്പുണ്ടായിരുന്നു.

“സാധാരണ കോട്ടയംകാർ എല്ലാം സൂര്യൻ ഉദിക്കുന്നതിന് മുന്നേ എഴുന്നേറ്റ് പുറത്തിറങ്ങും, പക്ഷേ ഇവിടെ വെളിച്ചം വീഴാതെ ആരും പുറത്തിറങ്ങാറില്ല, ഒരുപക്ഷെ ഇതൊക്കെ തന്നെയായിരിക്കും കാരണം” അങ്കിൾ പറഞ്ഞു.

ആ പരിസരത്ത് ഒന്നും മറ്റൊന്നും പ്രത്യേകിച്ച് ഉണ്ടായിരുന്നില്ല, അവർ ബൈക്കുമെടുത്തു തിരികെ അങ്കിളിന്റെ വീട്ടിലെത്തി.

അപ്പോഴേക്കും സിജോയ്ക്ക് അമ്മയുടെ വിളിയെത്തി, എവിടായെന്ന് ചോദിച്ചു, താൻ തലേന്ന് വരില്ല ഓഫീസിൽ നിന്നിറങ്ങാൻ വൈകിയെന്ന് സിജോ രാത്രിയിൽ അമ്മയ്ക്ക് മെസ്സേജ് അയച്ചിരുന്നു.

അവരുടെ ചർച്ച വീണ്ടും ആ പുസ്തകത്തെ പറ്റിയായി.

” അങ്കിൾ, അപ്പോൾ ആ പുസ്തകത്തിൽ പറയുന്ന പ്രകാരം ആണെകിൽ അച്ചാച്ചന്റെ ആത്മാവ് പ്രവേശിക്കുന്ന ആളുകളാണോ എന്നേ രക്ഷിക്കാൻ ഓരോ പ്രാവശ്യവും വരുന്നത്!? “

“ആയിരിക്കാം, പക്ഷേ മൂപ്പര് ഒറ്റക്കല്ല എന്നാണ് തോന്നുന്നത്, ഒരു മൂന്ന് തലമുറ പിന്നിലേക്ക് പോയാൽ ഒരാളുണ്ടായിരുന്നു, നമ്മുടെ എല്ലാം കാർന്നോർ ആയിട്ട് വരും, അങ്ങേരാണ് പണ്ടിവിടെ വന്നു ഈ കുന്നിന്റെ മുകളിൽ കാട് വെട്ടിതെളിച്ചു കൃഷി ചെയ്തത്.

ഇപ്പോൾ തന്നെ ഇവിടെ രാത്രിയിൽ പുറത്തിറങ്ങാൻ പറ്റുന്നില്ല, അപ്പോൾ അന്ന് അങ്ങേര് ഇവിടെ കൃഷിക്ക് കാവൽ കിടക്കുമായിരുന്നു എന്നൊക്ക കേട്ടിട്ടുണ്ട്, just imagine his mental strength..!”

തന്റെ മുതുമുത്തച്ഛനെ പറ്റി അത്രയും കേട്ടപ്പോൾ തന്നെ സിജോയ്ക്ക് രോമാഞ്ചം ഉണ്ടാവാൻ തുടങ്ങി.

“അല്ല ഈ കടുവ ഒക്കെ അപ്പോ എങ്ങനെ!?, കുറച്ചു പോയിന്റുകൾ ഇനിയും കിട്ടാൻ ഉണ്ടല്ലോ!” സിജോ പുസ്തകം എടുത്ത് വായിക്കാൻ തുടങ്ങി.

“ശരീരം ഉപേക്ഷിക്കപ്പെട്ടവരിൽ മറ്റൊരു കൂട്ടരുണ്ട്, ശരീരത്തിൽ ജീവിച്ചിരുന്ന സമയത്ത് മറ്റുള്ളവർക്ക് ഉപദ്രവം മാത്രം ചെയ്തിരുന്ന ദുഷ്ടന്മാർ, അവർക്ക് ഒരിക്കൽ ശരീരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ വീണ്ടും പുതിയ ശരീരം തേടി പോകാൻ കഴിയില്ല.

ആത്മാക്കളുടെ ലോകമെന്നാൽ അവിടെ അനുഭവങ്ങൾ ഒന്നുമില്ല, പ്രപഞ്ചത്തിൽ മുഴുവൻ അലഞ്ഞു തിരിഞ്ഞ് നടക്കാം എന്ന് മാത്രം. വീണ്ടും മനുഷ്യ ശരീരം സ്വീകരിച്ചു ജന്മം എടുക്കുമ്പോൾ മാത്രമാണ് അവർക്ക് അനുഭവങ്ങൾ ഉണ്ടാവുന്നത്.

വീണ്ടും അതിന് സാധിക്കാതെ വരുമ്പോൾ അവർക്ക് ജീവിച്ചിരിക്കുന്ന മനുഷ്യരോട് വെറുപ്പ് തോന്നും, അതിൽ തന്നെ നീതിമാൻ ആയിട്ടുള്ളവരോട് ആയിരിക്കും വെറുപ്പ്, പക്ഷേ അവരെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

എന്നാലും ജീവിച്ചിരിക്കുന്ന ദുഷ്ട മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കാൻ അവർക്ക് കഴിയും. ഏതെങ്കിലും മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും അവർക്ക് കഴിയും.

പക്ഷേ ഇത്തരം ആത്മാക്കൾ കൂട്ടമായി ഇറങ്ങുന്ന വേളകളിൽ പ്രത്യേക സാഹചര്യങ്ങൾ ഒത്തു വരുമ്പോൾ നീതിമാന്മാരെയും ഭയപ്പെടുത്താനും അപായപ്പെടുത്താനും അവർക്ക് കഴിയും.

അത്തരത്തിൽ ഏതെങ്കിലും ശാരീരത്തിൽ ഏതെങ്കിലും ഒരു ആത്മാവ് പ്രവേശിച്ചിരിക്കുന്ന സമയത്ത് ആ ശരീരത്തെ ഇല്ലാതെയാക്കിയാൽ ആ ആത്മാവിനു പിന്നൊരു ശരീരത്തിലും പ്രവേശിക്കാൻ കഴിയില്ല”

സിജോ മുഖമുയർത്തി അങ്കിളിനെ നോക്കി ചോദിച്ചു, “ഇതൊക്കെ എന്താണ് അങ്കിളെ! ഇതിൽ പറയുന്ന പ്രകാരം ആണെങ്കിൽ മരിച്ചു പോയവരിൽ രണ്ട് വിഭാഗം ഉണ്ട്, നല്ല ആത്മാക്കളും ദുഷ്ടന്മാരും,

നല്ലവർക്ക് വീണ്ടും പുതിയ ശരീരത്തിൽ ജനിക്കാം, ദുഷ്ടന്മാർക്ക് അത് പറ്റില്ല, മൃഗങ്ങളിൽ പ്രവേശിക്കാം, പിന്നെ നമ്മുടെ ഇന്ദ്രീയങ്ങളെ സ്വാധീനിച്ചു ഇല്ലാത്ത കാഴ്ചകൾ കാണിച്ചും ശബ്ദങ്ങൾ കേൾപ്പിച്ചും നമ്മളെ ഭയപ്പെടുത്താം, നമ്മുടെ ചിന്തകളെ വഴി തിരിച്ചു വിടാനും പറ്റും.

അപ്പോ ഈ വയനാട്ടിൽ കടുവയും ആനയും ഒക്കെ നാട്ടിൽ ഇറങ്ങി സാധാരണ മനുഷ്യരെ ഉപദ്രവിക്കുന്നത് ഒക്കെ ഇങ്ങനെ ആയിരിക്കുമോ!?”

“ഇതിൽ പറയുന്നതല്ലേ നമ്മൾക്ക് എന്തറിയാം!?” അങ്കിളിനും എന്ത് പറയണം എന്നറിയില്ല.

“അപ്പോൾ അന്ന് എനിക്ക് വഴി തെറ്റാൻ കാരണം ഇങ്ങനെ ഒക്കെ ആയിരിക്കും അല്ലേ!

ഒരുപക്ഷെ അന്ന് അത്രയും പശുക്കളെ അവിടെ കണ്ടതും, ചെറിയ കിടാവ് വളർന്ന് വലുതാകുന്ന കാഴ്ച്ച ആളുകൾ കണ്ടു എന്ന് പറയപ്പെടുന്ന കഥകളും ഇപ്രകാരം ആയിരിക്കും.”

“അല്ല അങ്കിളെ, അപ്പോൾ ഈ പുസ്തകം തട്ടി താഴെ ഇട്ടതും ഒരു സാധാരണ എലി ആയിരിക്കില്ല അല്ലേ!?”

“അങ്ങനെ ആയിരിക്കാം”

“ഈ രീതിയിൽ നോക്കിയാൽ അപ്പോ എന്റെ പിറകിൽ ഇരുന്ന ആൾ എങ്ങനെയാണ് കാണാതെ ആയതെന്ന് പറയുന്നില്ലല്ലോ, ഇതിൽ പറയുന്ന പ്രകാരം അപ്രത്യക്ഷമാകാനും ഒന്നും ആർക്കും പറ്റില്ലല്ലോ, കൺകെട്ട് എന്ന് പറയുന്നത് പോലെ ഇല്ലാത്തത് കാണിക്കാൻ അല്ലേ പറ്റു?”

“നീ ആ വഴിക്ക് ഒന്ന് ചിന്തിച്ചു നോക്കിക്കേ, ഒരുപക്ഷെ നീ അവിടെ കണ്ടതും ശരിക്കുള്ള ഒരു വ്യക്തിയെ ആയിരിക്കില്ല, നിന്നെ ബാധിച്ച ഒരു കൺകെട്ട് ആയിരിക്കും അത് “

“എങ്കിൽ പിന്നെ എന്തിനാണ് എന്റെ പിന്നിൽ നിന്നും അപ്രത്യക്ഷനായ പോലെ സംഭവിച്ചത്, വഴിയിൽ ഇറങ്ങുന്നതായി കൂടി തോന്നിപ്പിച്ചിരുന്നെങ്കിൽ ഇത്രയും ഒന്നും ഉണ്ടാവില്ലായിരുന്നല്ലോ!?”

“എല്ലാത്തിനും നിന്റെ പ്രോഗ്രാമിങ് ലോജിക് വച്ച് ഉത്തരങ്ങൾ അന്വേഷിക്കരുത് സിജോ, ചില കാര്യങ്ങൾക്കുള്ള ഉത്തരം നമ്മൾക്ക് കണ്ടെത്താൻ കഴിയില്ല, ഇപ്പോൾ തന്നെ ഈ പുസ്തകം, ഇതൊക്കെ ആര് എഴുതി, ഇതെങ്ങനെ എന്റെ കൈയിൽ വന്നു, അങ്ങനെ എന്തെല്ലാം..

എന്തായാലും ഞാൻ ഈ പുസ്തകം മുഴുവൻ ഒന്ന് അരിച്ചു പെറുക്കാൻ പോകുകയാണ്, എന്തൊക്കെ ഉണ്ടെന്ന് നോക്കട്ടെ, നീ എന്തായാലും ഇനി ഈ വഴിക്ക് രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കേണ്ട”

സിജോ അങ്ങനെ അങ്കിളിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് യാത്ര ആരംഭിച്ചു, പോകുന്ന വഴിക്കെല്ലാം അയാളുടെ ചിന്ത അത് മാത്രമായിരുന്നു, ഇതുവരെ താൻ കണ്ട ലോകമല്ല ഇത്, ഇനിയും ഇവിടെ എന്തൊക്കയോ സംഭവിക്കാൻ പോകുന്നുണ്ട്.

പെട്ടന്ന് അയാൾ ബൈക്ക് ബ്രേക്ക് പിടിച്ചു നിർത്തിയതും മുന്നിലുള്ള വളവിൽ നിന്നും വീശിയെടുത്തു വന്ന ഒരു ബസ് അയാളെ ഇടിക്കാതെ കടന്നു പോയി, എന്നാൽ ബസ് വരുന്നത് അറിഞ്ഞിട്ടല്ല അയാൾ ബ്രേക്ക്‌ പിടിച്ചത്…

ഒപ്പം തന്നിലേക്ക് എന്തോ ശക്തികൾ വന്നതായി അയാൾക്ക് തോന്നുവാൻ തുടങ്ങി.

കഥ അവസാനിച്ചു…

————— ————– ————- —————

[ഇനിയും വായിക്കാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി ഒരു എക്സ്ട്രാ ബോണസ് കൂടി താഴെ ചേർക്കുന്നു]

ദിവസങ്ങൾക്കു ശേഷം ഓഫിസിൽ തന്റെ സുഹൃത്തുക്കളുടെ ഒപ്പം ഇരുന്ന സിജോ തനിക്ക് ഉണ്ടായ അനുഭവങ്ങൾ സുഹൃത്തുക്കളോട് പങ്ക് വയ്ക്കുകയായിരുന്നു.

കഥ തീരാറായപ്പോൾ ഒരു സുഹൃത്ത് ഇടയിൽ കയറി ചോദിച്ചു,

“അല്ല സിജോ, നീ ഈ പറയുന്നതൊക്കെ നിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവമാണോ!!?”

“ഇത്രയും പറഞ്ഞിട്ടും നിനക്ക് അത് മനസിലായില്ലേ?”

“അല്ല ഈ കഥ ഞാൻ വായിച്ചിട്ടുണ്ട്!!”

“എവിടെ?”

“കുറച്ചു ദിവസം മുന്നേ, സോഷ്യൽ മീഡിയയിൽ, ദാ ഇയാളുടെ പ്രൊഫൈലിൽ!!”

“സിജോ ഒരു ഞെട്ടലോടെ സുഹൃത്തിന്റെ ഫോണിൽ ആ കാഴ്ച കണ്ടു ഞെട്ടി”

“മാത്രമല്ല കറുകച്ചാൽ ഉള്ള സിജോ ആരാണെന്നൊക്കെ ചോദിച്ചു ഞാൻ കമന്റും ഇട്ടിട്ടുണ്ടായിരുന്നു!!”

ഉടനെ ബാക്കിയുള്ള സുഹൃത്തുക്കളും ആ ഫോൺ വാങ്ങി അതിലേക്ക് നോക്കി

“ങേ ഇയാളോ, ഇയാൾ കഥ എഴുതുമോ, ഇയാളെ എനിക്ക് അറിയാം, Movie Street പോലെയുള്ള സിനിമ ഗ്രൂപ്പിൽ ഒക്കെ ഓരോ പോസ്റ്റ്‌ ഇട്ട് ഇയാൾ എയറിൽ പോകുന്നത് കണ്ടിട്ടുണ്ട് “

ഉടനെ അടുത്ത ആൾ, “ഇയാളോ ഇയാൾക്ക് ഒരു സ്റ്റാർട്ട്പ്പ് കമ്മ്യൂണിറ്റി ഒക്കെ ഉണ്ടല്ലോ, ആളൊരു സംരംഭകൻ ആണ്, പുള്ളി എന്താണ് ചെയ്യുന്നതെന്ന് മാത്രം ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല!!!”

അപ്പോ അടുത്തയാൾ, “ഇയാളോ!! ഇയാളെ എന്റെ കസിന്റെ കൂടെ കണ്ടിട്ടുണ്ട്, strategist ആണ് കസിന്റെ ബിസിനസ്‌ ആയിട്ട് ബന്ധപ്പെട്ട് എന്തോ ആണ്!!”

സിജോ അന്തം വിട്ട് നിൽക്കുകയാണ്, യാരെടാ ഇവൻ, എന്റെ കഥ ഇവനെങ്ങനെ അറിഞ്ഞു!!!

“ഇനി നീ അങ്കിളിന്റെ വീട്ടിൽ വച്ച് വായിച്ച ബുക്ക്‌ എഴുതിയതും ഇയാൾ ആയിരിക്കുമോ!?” മറ്റൊരാൾ ചോദിച്ചു

സിജോ വേഗം അങ്കിളിനെ വിളിച്ചു ആ ബുക്കിന്റെ പുറകു വശത്തെ ഫോട്ടോ ഒന്ന് എടുത്ത് അയച്ചു തരാൻ പറഞ്ഞു.

കാൾ വച്ചതും അയാളുടെ ഫോണിലേക്ക് ഫോട്ടോ എത്തി.. അത് തുറന്ന് നോക്കിയ സിജോയുടെ കണ്ണുകളിൽ വീണ്ടും ആകാംഷ നിറഞ്ഞു…

കൂട്ടുകാർ എല്ലാം എന്താടാ കാര്യം, പറയെടാ എന്നെല്ലാം പറഞ്ഞുകൊണ്ട് സിജോയുടെ അടുത്തേക്ക് വന്നു.

അപ്പോൾ അയാൾ തന്റെ ഫോണിലെ ഫോട്ടോ അവർക്ക് നേരെ നീട്ടി.. അതിൽ ഇങ്ങനെ എഴുതിയിരുന്നു…

———- ——— ——— ———

Written by,

Anup Jose

ഇനി എന്ത് —–

പ്രിയ സുഹൃത്തുക്കളെ, വഴിയിൽ കണ്ട ആൾ അപ്രത്യക്ഷമാകുന്ന ഒരു ചെറിയ ആശയം തമാശ രൂപേണ എഴുതാൻ തുടങ്ങിയതാണ് ഇതിന്റെ ആദ്യ ഭാഗം, എഴുതി വന്നപ്പോ ആ കഥ അങ്ങനെ ആയി മാറുകയും അതിന് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാൻ കഴിയാത്ത അത്രയും നല്ല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തു.

തുടർന്ന് ബാക്കി മൂന്ന് ഭാഗങ്ങൾ കൂടി എഴുതിയെങ്കിലും ഒരു world building ആണ് ഇപ്പോൾ ചെയ്തിരിക്കുന്നത്.

ആയതിനാൽ ഈ കഥ ഇവിടെ അവസാനിച്ചു എന്ന് കരുതേണ്ട, ഇനിയും ഇതിന്റെ തുടർച്ച എന്നവണ്ണം stand alone short stories മുതൽ നോവൽ, ബുക്ക്‌ വരെ സാധ്യമാണ്, അതുപോലെ short ഫിലിം മുതൽ cinematic universe വരെ

എന്നൊക്കെ പറയണം എന്നുണ്ടെങ്കിലും അത്രയും ഒന്നും സ്വപ്നം കാണാൻ ഞാൻ ആയിട്ടില്ല, അങ്ങനെ ഒന്നും ചിന്തിച്ചിട്ടുമില്ല, എന്നിരുന്നാലും ഇതിന്റെ തുടർച്ചകൾക്ക് വേണ്ടി ഞാൻ ഇനിയും ആത്മാർത്ഥമായി പരിശ്രമിക്കുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.