എന്തെങ്കിലും ഒരു കാര്യം നമ്മൾ ചെയ്യാൻ ഇറങ്ങുമ്പോൾ ഏറ്റവും ആദ്യം തൃപ്തിപ്പെടുത്തേണ്ടത് നമ്മുടെ മനസിനെ തന്നെയാണ്. അല്ലെങ്കിൽ അതിങ്ങനെ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേ ഇരിക്കും.
ജോലി വേണ്ട സംരംഭം മതി എന്ന് തീരുമാനിച്ചപ്പോൾ മുതൽ അതെന്തിന് എന്ന് എന്റെ മനസ് എന്നോട് ചോദിക്കാൻ തുടങ്ങി. അത് മാത്രമല്ല പറ്റാവുന്ന അത്രയും വളരണം എന്നുകൂടി പറഞ്ഞപ്പോൾ പലവിധ ചിന്തകൾ മനസ്സിൽ ആറാടുകയായിരുന്നു..
അത്യാവശ്യം നല്ല രീതിയിൽ ജീവിക്കാൻ ഉള്ളത് എങ്ങനേലും ഉണ്ടാക്കിയാൽ പോരേ, എന്തിനാണ് ഒരുപാട് പണം, ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കിയിട്ട് എന്തിനാണ്.. അടുത്ത തലമുറ ഒരുപക്ഷെ ധൂർത്തടിച്ചു നശിപ്പിക്കുക അല്ലേ ഉള്ളു.. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ..
എല്ലാത്തിനും കൂടെ ഒരു ഉത്തരമേ എനിക്ക് കിട്ടിയുള്ളൂ.. ആകെ ഒരു ജീവിതം അല്ലേ ഉള്ളു.. അതിൽ നമ്മൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുക. വെറുതെ എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിച്ചു തീർക്കുക എന്നതിലും നല്ലതല്ലേ അത് എന്ന എന്റെ മറു ചോദ്യത്തിന് മുന്നിൽ എന്റെ മനസിന് തൽക്കാലം അടങ്ങേണ്ടി വന്നു.
ഒരു പ്രസ്ഥാനം ആരംഭിക്കുക കുറെ പേർക്ക് ജോലി കൊടുക്കുക അതിനും അപ്പുറം എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയിരുന്നില്ല.
എന്നാൽ സ്റ്റാർട്ടപ്പ് എന്താണെന്നു അറിഞ്ഞപ്പോൾ കുറച്ചു കൂടെ സംതൃപ്തി തോന്നി.
ഒരു സാധാരണ ബിസിനസിൽ ലാഭം അഥവാ പണം ആണ് മുന്നിൽ നിൽക്കുന്നതെങ്കിൽ സ്റ്റാർട്ടപ്പിൽ പുതിയ ആശയവും വളർച്ചയുമാണ് മുന്നിൽ നിൽക്കുന്നത്.
അതിനും അപ്പുറം ഇനി മറ്റൊന്നും കാണില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ് ചില ആളുകളെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവർ ബിസിനസ് ചെയ്യുന്നവരാണ്, ലാഭം ഉണ്ടാക്കുന്നവരും ആണ്.. പുതിയ ആശയങ്ങൾ കൊണ്ടുവന്നവരും അല്ലാത്തവരും ഒക്കെ ആണ്. പക്ഷെ..
അവരുടെ പ്രവർത്തികൾക്ക് എന്തോ ഒരു വ്യത്യാസം ശ്രദ്ധയിൽ പെട്ടു. അതെന്താണെന്ന് കണ്ടുപിടിക്കാൻ നന്നേ പണിപ്പെട്ടു. അവരുടെ പ്രവർത്തികൾ ഒക്കെ സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതാണ് എന്നതാണ് ഒടുവിൽ കണ്ടെത്താൻ കഴിഞ്ഞ കാര്യം.
അതാണ് ഒരാൾക്ക് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി – സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുക. അതിന് പല വഴികൾ ഉണ്ടാകാം. എന്നിരുന്നാലും അത് ഏറ്റവും കൂടുതലായി ചെയ്യാൻ കഴിയുന്നത് സംരംഭകർക്ക് ആണ്.
എന്തുകൊണ്ടും മനസിനെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരു ഉത്തരമായി ഇത് എനിക്ക് തോന്നുന്നു. എന്ത് ചെയ്യാൻ കഴിയും എത്ര ചെയ്യാൻ കഴിയും എന്നതെല്ലാം ഇനിയും മുന്നിൽ വലിയ കോട്ടകൾ കെട്ടി നിൽപ്പുണ്ട് എന്നാലും ശ്രമിക്കാൻ മനസിന് ഒരു സന്തോഷമാണ്..
ഏതാണ്ട് പത്തു വർഷം തേടിയിട്ട് കിട്ടിയ ഉത്തരമാണ്.. ഇത്രയും കാലം ഇത് അന്വേഷിച്ചു നടന്നത് വെറുതെ ആയില്ലെന്ന് തന്നെ തോന്നുന്നു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.