Stories

Every job has its own dignity

Pinterest LinkedIn Tumblr

ഇനി ഒരിക്കൽ കൂടെ ഇത് ചെയ്യാൻ എന്നോട് പറയരുത്.. അഞ്ചാറ് മാസം മുൻപ് തേങ്ങ വെട്ടാൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ കനപ്പിച്ചു പറഞ്ഞതാണ്..

എന്റെ കൂട്ടുകാരോ അല്ലെങ്കിൽ നമ്മടെ ഫാമിലിയിൽ ആരെങ്കിലും ഇത് ചെയുന്നത് പപ്പയ്ക്ക് ഒന്ന് കാണിച്ചു തരാമോ? ചുറ്റും എത്ര വീട് ഉള്ളതാ, അവിടെ ആരെങ്കിലും ചെയ്യുമോ? വേണമെങ്കിൽ പണിക്കാരെ വച്ചു ചെയ്യിപ്പിച്ച പോരേ? ഒന്നാമതെ എനിക്ക് ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുവാണെന്ന എല്ലാവരുടെയും വിചാരം.. ഞാൻ btech പാസ് ആയോന്ന് വരെ സംശയിക്കുന്നവരുണ്ട്.. തലവര ശരിയല്ല എന്ന് പറഞ്ഞു കളിയാക്കിയവരുണ്ട്..

എനിക്ക് ഇവരുടെ എല്ലാം മുന്നിൽ പ്രൂവ് ചെയ്യണം..

ഒരു ജോലിക്കും അപ്പുറത്താണ് എന്റെ ആഗ്രഹം, സ്യുട്ടും കോട്ടുമിട്ട് ഫ്ലൈറ്റിൽ പോയി ബിസിനസ് ചെയ്യണം.. വഴി തെറ്റി പോയിട്ടില്ല എന്ന് കാണിച്ചു കൊടുക്കണം.. ഇങ്ങനെ ഒരു നൂറു ചിന്തകൾ മനസിലൂടെ പോയതുകൊണ്ടാണ് അന്ന് അങ്ങനെ ഒരു ഡയലോഗ് അടിച്ചത്..

പണ്ടാരം btech കഴിഞ്ഞു പുറത്ത് എവിടേലും കൂടി പഠിക്കാൻ പോയിട്ട് നാട്ടിൽ വന്നെങ്കിൽ ഒരു വില ഉണ്ടായേനെ.. അല്ലെങ്കിൽ നല്ല ഒരു കമ്പനിയിൽ ജോലിക്ക് പോയിട്ട് സ്വന്തം സംരംഭം എന്നും പറഞ്ഞു ഇരിക്കുവാണേലും കുഴപ്പമില്ല.. ഇതിപ്പോ കോഴ്സ് കഴിഞ്ഞിട്ട് കൊല്ലം 7 കഴിഞ്ഞു (ഇപ്പോൾ 8).. കുറച്ചു നാൾ ജോലി ചെയ്തു പക്ഷെ ആ കമ്പനിക്ക് ഒന്നും ഒരു ഗ്ലാമർ പോരാന്നു മനസിലാക്കിയത് വളരെ വൈകിയാണ്.. അതുവരെ എനിക്ക് ചെറിയ വാഴ കൃഷി ഉണ്ടായിരുന്നു.. തേങ്ങ വെട്ടാൻ നാണക്കേട് തോന്നിയിട്ടില്ല.. പക്ഷെ സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന് അന്നും ആഗ്രഹം ഉണ്ടായിരുന്നു…

രണ്ട് കാരണങ്ങളാണ് എന്നെ അന്ന് മാറ്റി ചിന്തിപ്പിച്ചത്.. ഒന്ന് അനിയത്തിക്ക് mbbs അഡ്മിഷൻ കിട്ടി.. ബിടെക് അത്യാവശ്യം സപ്പ്ളി ഒക്കെ അടിച്ചു പാസ്സ് ആയി ഒരു ചെറിയ കമ്പനിയിൽ ജോലിക്ക് കയറിയ എന്റെ കാര്യത്തിൽ അതോടെ ഒരു തീരുമാനമായി..

അവൾക്ക് കിട്ടിയതിനു എനിക്ക് സന്തോഷം മാത്രമേ ഉള്ളു, അതിനു ഏറ്റവും കൂടുതൽ അവളെ മോട്ടിവേറ്റ് ചെയ്തതും ഞാൻ തന്നെ ആയിരുന്നു.. പക്ഷെ അതിന് ശേഷം എവിടെ ഏത് ഫങ്ക്ഷന് പോയാലും ഞാൻ എന്താ അദൃശ്യമനുഷ്യൻ ആണോന്ന് ചിന്തിച്ചു പോയി.. അവളുടെ കൂടെ നിൽകുമ്പോൾ പോലും എന്നെ ആരും കാണുന്നില്ല.. അവളോട്‌ സംസാരിക്കാനും അവളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും എല്ലാവരും മത്സരിക്കുന്നു..

അടുത്ത കാരണം കല്യാണപ്രായം ആയി.. വീടും ചുറ്റുപാടും എല്ലാം നല്ലത് തന്നെ.. എന്നിട്ടും ഒരു മനുഷ്യൻ തിരിഞ്ഞു നോക്കുന്നില്ല.. നീ വല്ല പ്രൊബേഷനറി ഓഫീസർ ആയിരുന്നേൽ ഇവിടെ ആളുകൾ ക്യു നിന്നേനെ എന്നും കൂടിയുള്ള അപ്പന്റെ പറച്ചിലും..

ഇതെല്ലാം കേൾക്കുമ്പോൾ എന്റെ ഉള്ളിൽ തീ ആളി കത്തുകയായിരുന്നു… എനിക്കും ഒരു ദിവസം വരും..

അങ്ങനെ സ്വന്തമായിട്ട് ഒരു സംരംഭം തുടങ്ങി പക്ഷെ എട്ടു നിലയിൽ പൊട്ടി… വീണ്ടും ചീത്തപ്പേര്..

വീടിന്റെ പുറത്ത് ഇറങ്ങാതെ കുറെ നാൾ ഇരുന്നു.. ഡിപ്രെഷൻ ഒക്കെ മാറിയപ്പോൾ വീണ്ടും രണ്ടാമത് ഒന്നുകൂടി ശ്രമം.. ഇത്തവണ ഇൻഫോപാർക്കിൽ തന്നെ എത്തിപ്പിടിക്കാൻ ആണ് നോക്കുന്നത്.. മറ്റൊന്നുമല്ല ഗ്ലാമർ കിട്ടാൻ വേണ്ടി തന്നെ…

ഒരു പ്രൊജക്റ്റ്‌ ചെയ്തതിന്റെ വകയിൽ ബീഹാർ വരെ പോകാൻ അവസരം ഉണ്ട്.. പോകേണ്ട ഒരു കാര്യവുമില്ല എന്നാലും ഫ്ലൈറ്റ് പിടിച്ചു അവിടെ പോയി ഒരു ഫോട്ടോ എടുത്താൽ എന്റെ ചീത്തപേരെല്ലാം മാറുമല്ലോ എന്നെല്ലാം കണക്ക് കൂട്ടി ഇരിക്കുന്ന എന്നോടാണ് തേങ്ങ വെട്ടാൻ പറയുന്നേ…

ഇന്ന്.. വീണ്ടും എന്നോട് തേങ്ങ വെട്ടാൻ പറയുന്നു.. വെട്ടികൊണ്ട് ഇരിക്കുമ്പോൾ ആലോചിക്കുന്നു.. എനിക്ക് പ്രിത്യേകിച്ചു നാണക്കേട് ഒന്നും തോന്നുന്നില്ലല്ലോ..

അത് മാത്രമല്ല മാറ്റം.. ഉള്ളിൽ എപ്പഴും സന്തോഷം സമാധാനം.. ആരോടും വാശി തോന്നുന്നില്ല.. ആരെയും ഒന്നും ചെയ്തു കാണിക്കാനും തോന്നുന്നില്ല.. ശരിക്കും freebird..

അങ്ങനെ തേങ്ങ വെട്ടികൊണ്ട് ഇരിക്കുമ്പോൾ ആലോചിച്ചു അങ്ങ് പോയി.. ഒടുവിൽ അതിന്റെ കാരണം കണ്ടുപിടിച്ചു…

എന്റെ സംരംഭം വിജയിച്ചാൽ എനിക്ക് ഒരുപാട് പണം കിട്ടും.. ആഡംബര കാറിൽ കൊച്ചി ഇൻഫോപാർക്കിൽ പോയി വരുന്ന ഞാൻ.. അതും ഡ്രൈവർ, പേർസണൽ അസിസ്റ്റന്റ് ഉൾപ്പെടെ.. രണ്ട് പേർക്കു ജോലി കൊടുക്കുക എന്ന നല്ല ഉദ്ദേശവും ഉണ്ടേ… ഇടയ്ക്ക് വിദേശ യാത്രകൾ.. അങ്ങനെ ഇൻഫോപാർക്കിലെ ഒരു കമ്പനിയുടെ ceo ആയി ഇരിക്കുന്നതിന്റെ ഗ്ലാമർ സൈഡ് മാത്രം ആയിരുന്നു എന്റെ ഫോക്കസ്… അതോടെ എന്റെ ചീത്തപ്പേര് മാറുമെന്നും എല്ലാവരും എന്നെയും മാനിക്കുമെന്നും ഞാൻ കരുതി..

പക്ഷെ അത് അക്കരെ കാണുന്ന പച്ചപ്പ് ആണെന്നും അവിടെ എത്താൻ ഇതെല്ലാം സഹിച്ചു നീന്തണം എന്നും ഞാൻ മനസിലാക്കിയില്ല…

എന്തിന് ഞാൻ ഒരു സംരംഭകൻ ആകാൻ ഇറങ്ങി എന്ന ചോദ്യം പലപ്പോഴും എന്നോട് തന്നെ ചോദിക്കുമായിരുന്നു.. അതിനു കൃത്യമായി ഒരു ഉത്തരം കിട്ടിയപ്പോൾ മറ്റെല്ലാ ചിന്തകളും എന്നിൽ നിന്ന് പോയി..

ആ ഉത്തരം ഇതായിരുന്നു.. ഓർമ്മ വച്ച നാൾ മുതൽ ഓരോന്ന് ഉണ്ടാക്കുന്നത് എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.. കളിപ്പാട്ടങ്ങൾ പൊട്ടിച്ചു അതിന്റെ പാർട്സ് കൂട്ടി വേറെ എന്തെങ്കിലും ഞാൻ ഉണ്ടാകുമായിരിക്കുന്നു.. കോളേജിൽ ചെന്ന് തിയറി സബ്ജെക്ട് തട്ടി മുട്ടി പാസ് ആകുമ്പോഴും ലാബിൽ എനിക്ക് മറ്റൊരു മുഖമായിരുന്നു…

ഇഷ്ടമുള്ള സാധനങ്ങൾ ഉണ്ടാക്കുക.. അതാണ് എന്റെ പാഷൻ.. അത് സ്വന്തം ഇഷ്ടത്തിന് ചെയ്യാൻ സ്വന്തം സംരംഭം അല്ലാതെ മറ്റൊരു വഴിയില്ല.. അതിൽ പൂർണ്ണമായി ശ്രദ്ധിക്കുക.. അതിൽ മാത്രം… നീന്താൻ ഇഷ്ടപെടുന്നവൻ അക്കരെ ചെന്നിരിക്കും.. ഇല്ലെങ്കിലും അവനു നഷ്ടം തോന്നുകയില്ല കാരണം അവനു വീണ്ടും നീന്താൻ അവസരമുണ്ട്… ഇനിയും ഒരുപാട് കര അവനെ കാത്ത് ഇരിപ്പുണ്ട്..

നാളെ എന്റെ കമ്പനി വലിയ ഒരു വിജയം ആയേക്കാം ഒരുപാട് പണം ഉണ്ടായേക്കാം.. പക്ഷെ അതിൽ ഒന്നുമല്ല എന്റെ ഫോക്കസ്… and thats my secret of happiness and that happiness is my success….

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.