20 വർഷം മുൻപ് വരെ ഞങ്ങൾ തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വല്യപ്പൻ വച്ച വീടാണ്. അതിന്റെ പിന്നിൽ കുറച്ചു സ്ഥലം കാട് പിടിച്ചു കിടക്കുന്നത് ആയിരുന്നു.
ആഞ്ഞിലിയും പ്ലാവും പുളിയും പോലെ ആകാശം മുട്ടെ വളർന്ന മരങ്ങളുടെ ഇടയിൽ അങ്ങിങ്ങായി തെങ്ങും പിന്നെ കാപ്പി മരങ്ങളും നിന്നിരുന്നു. അതിന്റെ കൂടെ അരക്കൊപ്പം വളർന്ന പുല്ലും കുറ്റി ചെടികളും കൂടി ആകുമ്പോൾ നല്ല അസൽ ഒരു കാടായി.
ഒരു മൂലയിൽ ഇല്ലികൾ കൂട്ടം കൂടി നിൽപ്പുണ്ട്, കാറ്റടിക്കുമ്പോൾ അതിന്റെ ശബ്ദവും കൂടെ ചീവിടിന്റെ മ്യൂസിക് കൂടെ ആകുമ്പോൾ ആകെ ഒരു രസമാണ്.
ഈ കാട്ടിലെ രണ്ട് കാപ്പി മരങ്ങളുടെ മുകളിൽ ഞാൻ ഏറുമാടം ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നു. ഏറുമാടം എന്ന് കേൾക്കുമ്പോൾ ഇടുക്കിയിലും വയനാട്ടിലും ഒക്കെ കാണുന്ന അതിനെ ഒന്നും വിചാരിക്കരുത്.
ഒരു എട്ട് ഒൻപതു വയസുകാരന്റെ സൃഷ്ടി. നിലത്തു നിന്ന് കഷ്ടിച്ച് ഒരു 8 അടി ഉയരത്തിൽ രണ്ടുമൂന്നു കമ്പ് ഒക്കെ കെട്ടി വച്ചു ബാക്കി മരത്തിന്റെ ശികരങ്ങൾ ഒക്കെ വളച്ചൊടിച്ചു ഉണ്ടാക്കിയ ഇച്ചിരി വലിയ കിളിക്കൂട്.
ഈ കാപ്പി മരത്തിനു വലിയ ബലം ഒന്നും ഉള്ളതല്ലാ, പിന്നെ അന്നത്തെ എന്റെ ഭാരം ഇരുപത് കിലോയിലും താഴെ ആയിരുന്നത് കൊണ്ട് മരത്തിനു വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടുണ്ടാകില്ല..
സ്കൂൾ വിട്ട് വന്നാൽ മിക്കവാറും അതിൽ കയറി ഇരിക്കും. അങ്ങനെ ഒരു ദിവസം ഒരു സംഭവം ഉണ്ടായി.
ഞങ്ങളുടെ വീട്ടിൽ ഇടയ്ക്ക് സന്ദർശനത്തിന് വരുന്ന ഒരു ചേടത്തിയുണ്ട്, നാട്ടിലെ പഴയ വയറ്റാട്ടി കൂടിയാണ് ആള്. മുണ്ടും ചട്ടയുമാണ് വേഷം, അലസമായി പാറി പറന്നു കിടക്കുന്ന മുടിയും ചുവന്ന പല്ലും, സംസാരിക്കുമ്പോൾ എന്തോ ഒരു മണവും ഒക്കെ ഉള്ള അവരെ ആദ്യമൊക്കെ കാണുമ്പോൾ പേടിയായിരുന്നു.
പിന്നെ പിന്നെ പേടിയൊക്കെ പോയി, എന്നാലും അവരുടെ മുന്നിലൂടെ പോകാൻ എനിക്ക് ഒട്ടും ഇഷ്ടം ഇല്ലായിരുന്നു.
ഇടയ്ക്ക് വീട്ടിൽ വരും വല്യമ്മച്ചിയുമായിട്ട് സൊറ പറഞ്ഞിരിക്കും, പിന്നെ എന്തെങ്കിലും ചില്ലറ സഹായങ്ങൾ ഒക്കെ വാങ്ങി പോകും.
കൂട്ടത്തിൽ എന്നേ കണ്ടാൽ എന്തെങ്കിലും ഒക്കെ വിളിച്ചു പറയും, പക്ഷെ കുട്ടിയായ എനിക്ക് അതൊക്കെ കേൾക്കുമ്പോ ദേഷ്യം വരും. അതുകൊണ്ടാണ് അവരെ കാണുമ്പോൾ ഞാൻ മാറി നടക്കുന്നത്.
പിന്നെ എപ്പഴോ ആരുടെ ഒക്കെയോ സംസാരത്തിൽ നിന്ന് കേട്ട് എന്റെ മനസ്സിൽ പതിഞ്ഞു പോയ ഒരു കാര്യമായിരുന്നു, ഈ ചേടത്തി ആടിന് തൊട്ടാവാടി പറിക്കാൻ പിന്നാമ്പുറത്തെ കാട്ടിൽ ഒക്കെ പോയിട്ട് അവിടെ നിന്ന് തേങ്ങ ഒക്കെ കൊണ്ടുപോകും എന്ന്.
അങ്ങനെ ഒരു ദിവസം ഞാൻ ഏറുമാടത്തിൽ ഇരിക്കുമ്പോൾ ദേ ചേടത്തി പതിയെ തൊട്ടാവാടി ചെത്താൻ വരുന്നു. എന്റെ ഉള്ളിലെ CID ഉണർന്നു. തേങ്ങ കട്ടോണ്ട് പോകുന്നത് എങ്ങനെ എങ്കിലും തടയണം എന്ന ഉദ്ദേശത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി ഇരുന്നു.
അവർ ആദ്യം അതിലെ ഒക്കെ നടന്ന് കുറച്ചു ചുള്ളി കമ്പുകൾ ഒക്കെ വാരി കൂട്ടി, പിന്നെ പുല്ലിന്റെ ഇടയിലൂടെ എന്തോ തിരഞ്ഞു നടക്കാൻ തുടങ്ങി. അത് തേങ്ങ തന്നെ ഞാൻ ഉറപ്പിച്ചു.
എന്ത് ചെയ്യണം എന്നൊരു പിടിയുമില്ല. പിന്നെ ഞാൻ രണ്ടും കല്പിച്ചു ഒരു ശബ്ദം ഉണ്ടാക്കി.. വേറൊന്നുമല്ല ശൂ ശൂ എന്ന് ഈണത്തിൽ നീട്ടി ഒരു വിളി. ശൂളം പോലെ അല്ല.. എന്നാലും പുള്ളിക്കാരി അത് കേട്ടു..
ഒന്ന് തല പൊക്കി ചുറ്റും നോക്കി. ആരെയും കാണുന്നില്ല.. വീണ്ടും തേങ്ങ തിരയാൻ തുടങ്ങി. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാൻ വീണ്ടും അതേ ശബ്ദം ഒന്നൂടി ഉണ്ടാക്കി. വീണ്ടും പഴയ പോലെ തന്നെ..
എന്നാൽ അടുത്ത പ്രാവശ്യം പുള്ളിക്കാരി കുറച്ചൂടെ സീരിയസ് ആയിട്ട് എടുത്തു, ചുറ്റും നടന്നും എല്ലാം കാര്യമായിട്ട് തിരഞ്ഞു.. മരത്തിൽ ഇരിക്കുന്ന എന്നേ മാത്രം കാണുന്നില്ല. എനിക്കാണേൽ ചിരി വന്നിട്ട് ഒരു രക്ഷയുമില്ല.
ആ അവസരം മുതലാക്കി ഞാൻ ഈണം ഒക്കെ മാറ്റി പിടിച്ചു ഒന്നൂടി കൊടുത്തു.. ഞാൻ നോക്കുമ്പോൾ പുള്ളിക്കാരി കയ്യിൽ ഉള്ള വിറക് ഒക്കെ ഇട്ടിട്ട് കൈ അനക്കാതെ ഒരു ഒറ്റ ഓട്ടം. ശ്വാസം പോലും വിടാതെ വീടിന്റെ മുറ്റം വരെ ശരം വിട്ടപോലെ ഓടി..
മുറ്റത്തു എത്തിയതും അവര് ഓട്ടം നിർത്തി രണ്ട് വശത്തേക്കും ഒന്ന് നോക്കിയിട്ട് അല്പം വേഗത്തിൽ നടന്ന് ഒറ്റ പോക്ക്. ഞാൻ ആണെങ്കിൽ ഇതൊന്നും ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ..
തേങ്ങാ കൊണ്ടുപോകുന്നത് തടഞ്ഞതിന്റെ സന്തോഷം ഒരു ഭാഗത്ത്, പിന്നെ അവരുടെ ഈ റിയാക്ഷനും ഓട്ടവും കൂടി കണ്ടിട്ട് ചിരിച്ചു വശം കെട്ടു.
ഞാൻ ഇത്രയും ഒക്കെ സാഹസം കാണിച്ചിട്ടും ഇത് വീട്ടിൽ പറഞ്ഞപ്പോൾ വഴക്കാണ് കിട്ടിയത്. അത് എന്തിനാണെന്ന് അന്നെനിക്ക് മനസിലായില്ല പിന്നീട് വളർന്നപ്പോൾ മനസിലായി, ചില സഹായങ്ങൾ അങ്ങനെയും കൊടുക്കണം എന്ന്. അതുകൊണ്ട് നമ്മൾക്ക് ഒരു നഷ്ടവും വരില്ല.
പിന്നെ പലരുടെയും കഥകൾ കേട്ടിട്ടുണ്ട്, മോഷ്ടിക്കുമെന്ന് അറിഞ്ഞുകൊണ്ട് അതിന് വേണ്ടി തന്നെ വച്ചു കൊടുക്കുന്ന ചില സഹായങ്ങളെ പറ്റി. അവയൊന്നും മോഷണമല്ല മറിച്ചു നിവർത്തികേടിന്റെ രൂപങ്ങളാണ്. പലപ്പോഴും നമ്മൾ ചുറ്റും ഉള്ളവരെ കാണാതെ പോകുന്നുണ്ട്, എല്ലാവർക്കും സഹായം ചോദിക്കാൻ ഉള്ള മനസ്ഥിതി ഉണ്ടാവണം എന്നില്ല. അവരെ തിരിച്ചറിഞ്ഞു സഹായിക്കുകയാണ് എന്ന തോന്നൽ പോലും ഉണ്ടാക്കാതെ വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിഞ്ഞാൽ കിട്ടുന്ന ഒരു ആത്മസംതൃപ്തി മറ്റൊന്നിലും കിട്ടില്ല.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.