കൊറോണ പടർന്നു പിടിച്ച സമയത്ത് സർക്കാർ മദ്യപാനികൾക്ക് വേണ്ടി ഒരു ആപ്പ് പുറത്ത് ഇറക്കിയിരിന്നു. അതിന്റെ ടെൻഡർ വിളിച്ചതും കൊടുത്തതും ഒന്നും അറിഞ്ഞിരുന്നില്ല, ഏതാണ്ട് എന്റെ പോലുള്ള ഒരു കമ്പനിക്കാണ് അതിന്റെ ടെൻഡർ കിട്ടിയത്. അതിന്റെ ഫൗണ്ടർമാരെ എനിക്ക് നേരിട്ട് പരിചയം ഇല്ലെങ്കിലും അവരെ അറിയാം.
അങ്ങനെ ഒരു സാധനം ഇറങ്ങാൻ പോകുന്നത് കണ്ടപ്പോൾ എനിക്കും ഒരെണ്ണം പ്ലാൻ ചെയ്യാൻ തോന്നി. എന്നാൽ അവർ ചെയ്തതിലും കൂടുതൽ കുറച്ചു കാര്യങ്ങൾ ഇതിലേക്ക് കൂട്ടിച്ചേർത്താൽ നന്നായിരിക്കും എന്ന് തോന്നി.
ഇതിൽ ബുക്ക് ചെയ്യാൻ പോകുന്ന ആൾക്ക് തന്റെ അടുത്തുള്ള ഏത് കൗണ്ടറിൽ ചെന്നാലും തനിക്ക് ടോക്കൺ കിട്ടാൻ പോകുന്ന സമയം കൂടി അറിയാൻ പറ്റും.. അതുകൊണ്ടുള്ള ഗുണം ഏത് നരകത്തിൽ ചെന്നിട്ടായാലും വേണ്ടിയില്ല എനിക്ക് പെട്ടെന്ന് സാധനം കിട്ടണം എന്ന് ആഗ്രഹം ഉള്ള ചേട്ടന്മാർക് അങ്ങനെ പെട്ടെന്ന് കിട്ടുന്ന നരകം കാണിച്ചു കൊടുക്കാലോ… അവർക്ക് ദൂരം ഒന്നും പ്രശ്നം ആയിരിക്കില്ല…
പിന്നെ വേറെ ഒരു കൂട്ടരുണ്ട് എന്തൊക്ക വന്നാലും എനിക്ക് എന്റെ അടുത്തുള്ള സ്ഥലത്തു നിന്ന് തന്നെ മതി… അതിപ്പോൾ എത്ര താമസിച്ചാലും കുഴപ്പമില്ല.. അങ്ങനെ ഉള്ള മടിയന്മാരെയും നമ്മൾ പരിഗണിക്കണമല്ലോ..
ഇനിയും ഉണ്ട് താൻ വലിയ ഒരു കുടിയൻ ആണെന്ന് സ്വയം ഒരു തോന്നൽ ഉണ്ടാവണേൽ ഇതുവരെ വാങ്ങിച്ചു കൂട്ടിയതിന്റെ ഒരു ‘ History ‘ കാണുന്നത് നല്ലതാ.. അതും ഇതിലുണ്ട്… വല്ലപ്പോഴും അത് തന്നെ തുറന്നു വന്നു..
” മുതലാളി.. പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് മുതലാളി ഒരു ചെറ്റയാണ്.. ഇത് കണ്ടോ മുതലാളി ഇതുവരെ കുടിച്ചതിന്റെ ബില്ലാണ്.. ലക്ഷങ്ങൾ വരും അറിയുമോ…. “
എന്ന് ചോദിക്കുന്ന ഒരു ആപ്പ് ആണ് ഞാൻ കണ്ട സ്വപ്നം.. ഒരേ സമയം പല സ്വഭാവങ്ങൾ ഉള്ള ആളുകളെ സേവിക്കുകയും അതെ സമയം സൈക്കോളജിക്കൽ ആയി അവരെ പലതും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയുന്ന എന്റെ ആപ്പ്.
കുടിക്കുന്നവർക്ക് ഒന്നും power of compounding എന്നത് എന്താണെന്ന് അറിയില്ല. ഒരു മാസം 2000 രൂപ മാസം 15%ആനുവൽ റിട്ടേൺ കിട്ടുന്ന ഒരു നിക്ഷേപത്തിൽ 40 വർഷം ഇട്ടാൽ ഏകദേശം 4.30 കോടി ആകും. ഉള്ളതാണ്. ദിവസവും കുടിക്കുന്ന സ്വഭാവം ഉള്ള ഒരാൾ 200 – 500 രൂപ എല്ലാ ദിവസവും കുടിക്കാൻ ചിലവാക്കുന്നുണ്ട്. എന്ന് പറയുമ്പോൾ മാസത്തിൽ ഏതാണ്ട് 6000 – 15000 രൂപ വരെ. അതിന്റെ ഒരു ചെറിയ അംശം നിക്ഷേപിച്ചാൽ ലഭിക്കുന്ന തുകയാണ് മുകളിൽ പറഞ്ഞതെന്ന് ഓർക്കുക.
ഇങ്ങനെ ആപ്പ് വഴി ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ കണക്ക് നമ്മൾക്ക് ലഭിക്കും. അതുവഴി ഓരോ മാസവും ഇത്ര തുക ഇങ്ങനെ ചിലവാക്കി, കഴിഞ്ഞ വർഷം ഇത്ര എന്നെല്ലാം കണക്കുകൾ കാണിക്കാൻ കഴിയും, അത് മാത്രമല്ല അത്രയും തുക മുകളിൽ പറഞ്ഞത് പോലെ നിക്ഷേപിച്ചിരുന്നെങ്കിൽ അത് ഇത്ര ആയേനെ, വർഷങ്ങൾ കഴിഞ്ഞു ഇത്ര ആകും എന്ന കണക്ക് വേറെയും.
മദ്യപാനം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന ആപ്പ് ഉപയോഗിച്ച് തന്നെ അതിനു എതിരെ ഒരു ബോധവൽക്കരണം കൂടി നടത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇത് കണ്ടു ഉടനെ എല്ലാവരും കുടി നിർത്തും എന്നല്ല, കുറച്ചു പേരെങ്കിലും അതിന്റെ അളവ് ഒന്ന് നിയന്ത്രിക്കാൻ ശ്രമിച്ചാൽ അത്രയും ആയില്ലേ.
സോഷ്യൽ ഡ്രിങ്കിങ് അല്ലെങ്കിൽ എങ്ങനെയാണ് മദ്യം കുടിക്കേണ്ടത് എന്നതിനെ പറ്റി ഇവിടെ ഭൂരിഭാഗം ആളുകൾക്കും അറിയില്ല എന്നുകൂടി ചേർക്കുന്നു.
Comments are closed.