Books and Movies

മുകുന്ദൻ ഉണ്ണിയുടെ കഥയിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്..

Pinterest LinkedIn Tumblr

എല്ലാവരും പട്ടിണി കിടക്കുമ്പോൾ നമ്മൾ മാത്രം ഭക്ഷണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.. എന്നാൽ ബാക്കി എല്ലാവർക്കും കിട്ടുന്നുണ്ട് എനിക്ക് മാത്രം കിട്ടുന്നില്ലെങ്കിൽ അത്‌ എന്റെ ശ്രമം ശരിയല്ലാഞ്ഞിട്ടാണ്.

അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണീ തന്റെ ജീവിതത്തിൽ success ആകാൻ വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത ആളാണ്.

അതിന് അയാൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ കാണുമ്പോൾ ഇങ്ങനെയും മനുഷ്യർ ഉണ്ടോ എന്നൊരു ഞെട്ടലോടെ നമ്മൾ ഓർക്കും. പല യൂട്യൂബ് റിവ്യൂ ഇടുന്നവരും പറഞ്ഞത് നമ്മൾ എല്ലാവരും ഉള്ളിന്റെ ഉള്ളിൽ ഇങ്ങനെ ഒക്കെ ആണെന്നൊക്കെയാണ്.

അതിനോട് വിയോജിപ്പ് ഉണ്ടെങ്കിലും ആ സിനിമയിൽ നിന്ന് നമ്മൾക്ക് എടുക്കാവുന്ന ചില കാര്യങ്ങളുണ്ട്.

ജീവിതത്തിൽ വിജയിക്കാൻ വേണ്ട കാര്യങ്ങൾ എല്ലാം കൃത്യമായി ചെയ്തിട്ടും എങ്ങും എത്താതെ നിൽക്കുന്ന മുകുന്ദൻ ഉണ്ണിയെ ആണ് സിനിമ ആരംഭിക്കുമ്പോൾ നമ്മൾ കാണുന്നത്.

അയാൾക്ക്‌ ആരോടും പരിഭവമില്ല സ്വന്തം തീരുമാനങ്ങളും അധ്വാനവും കൊണ്ട് ഒരു ദിവസം പേരും പ്രശസ്തിയും പണവും ഉള്ള ഒരു വക്കീൽ ആയി മാറണം എന്ന് മാത്രമാണ് അയാളുടെ ചിന്ത.

ജീവിതത്തിൽ വിജയം എന്നത് ഓരോരുത്തർക്കും ഓരോന്നായിരിക്കും അത്‌ എന്താണെന്നു കൃത്യമായി കണ്ടെത്താൻ കഴിയണം. ചിലർക്ക് നല്ല ഒരു കുടുംബ ജീവിതമായിരിക്കും ചിലർക്ക് പണവും പ്രതാപവും മറ്റ് ചിലർക്ക് സാമൂഹിക സേവനവും അങ്ങനെ ആ ലിസ്റ്റ് വളരെ വലുതാണ്.

ഇത്‌ കൃത്യമായി അറിയാൻ വയ്യാത്തവരാണ് മറ്റുള്ളവരെ അനുകരിക്കാൻ നോക്കി എങ്ങും എത്താതെ പോകുന്നതെന്ന് തോന്നുന്നു.

എന്തായാലും മുകുന്ദൻ ഉണ്ണിക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ട്. പക്ഷെ എവിടെ എങ്ങനെ തുടങ്ങണം എന്നറിയില്ല. അതിനുള്ള ശ്രമത്തിനിടയിൽ ഉണ്ടായിരുന്ന ജോലി കൂടി നഷ്ടപ്പെട്ടിട്ടും അയാൾക്ക് ഒരു മാറ്റവുമില്ല.

എന്താണോ ദിവസവും ചെയ്തിരുന്നത് അത്‌ തന്നെ തുടർന്നു പോകുന്നു. പിന്നീട് അയാൾ ചെയ്തത് നിരീക്ഷണവും പഠനവുമാണ്.

ഹൃദയം കൊണ്ട് ആഗ്രഹിച്ചാൽ മുഴുവൻ പ്രപഞ്ചവും നമ്മോടൊപ്പം നിൽക്കും എന്ന്‌ പറഞ്ഞത് പോലെ യാദൃശ്ചികമായി മുന്നിൽ വന്ന വഴിയേ അയാൾ സഞ്ചരിക്കാൻ ശ്രമിക്കുന്നുണ്ട്.

അതായത് തന്റെ comfort സോൺ വിട്ടൊരു ശ്രമം. ആദ്യം പരാജയം ആയിരുന്നിട്ട് കൂടെ അതിന്റെ കാരണങ്ങൾ കണ്ടെത്തി എങ്ങനെ മാറാം എന്നാണ് അയാൾ ശ്രമിച്ചത്.

തന്നെ ആരെങ്കിലും ഇങ്ങോട്ട് വന്ന് രക്ഷിക്കുമെന്നോ അല്ലെങ്കിൽ തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്നൊന്നും അയാൾ ഒരിക്കൽ പോലും ചിന്തിക്കുന്നില്ല. ലക്ഷ്യം, ലക്ഷ്യം മാത്രമാണ് അയാളുടെ മുന്നിൽ.

ചില ആളുകളെ കണ്ടിട്ടില്ലേ വലിയ ആഗ്രഹം ഒക്കെ ഉണ്ടാകും എന്നാൽ ഒന്ന് ശ്രമിച്ചിട്ട് നടക്കാതെ വരുമ്പോൾ തന്നെ ആകെ ഡെസ്പ് ആകും. പിന്നെ ബാക്കി എല്ലാവരെയും കുറ്റം പറയും..

ഇവിടെ മുകുന്ദൻ ഉണ്ണിക്ക് ഉണ്ടായ ചിന്തയാണ് ഞാൻ ഏറ്റവും ആദ്യം പറഞ്ഞത്. ഇവിടെ ആർക്കും സമ്പാദിക്കാനോ ബിസിനസ് ചെയ്യാനോ പറ്റുന്നില്ല എല്ലാവരും പട്ടിണിയും ദാരിദ്ര്യത്തിലും ആണെങ്കിൽ ഇവിടെ ഒന്നും നടക്കാൻ വഴിയില്ല…

എന്നാൽ നേരെ മറിച്ചു ഇവിടെ മറ്റുള്ളവർക്ക് അത്‌ പറ്റുന്നുണ്ടെങ്കിൽ എന്ത്‌ കൊണ്ട് എനിക്ക് ആയിക്കൂടാ.. അതിന് അവർ എങ്ങനെയാണ് അത്‌ ചെയ്യുന്നത് എന്ന് പഠിക്കണം. പിന്നെ അത്‌ ചെയ്യാൻ മുകുന്ദൻ ഉണ്ണിയെ പോലെ മെനക്കെട്ട് മറ്റെല്ലാം മാറ്റി വച്ച് അതിന്റെ പിന്നാലെ നടക്കണം.

പിന്നീട് സിനിമയിൽ അയാൾ തന്റെ ഉയർച്ചക്ക് കാണിക്കുന്നത് ഒക്കെ സിനിമയുടെ ഭാഗമാണ്. സ്ഥിരം നന്മമരം നായകൻ എന്ന ക്ലീഷേ ഒഴിവാക്കി നമ്മളെ ഞെട്ടിച്ചു കഥ മുന്നോട്ട് കൊണ്ടുപോകാൻ അതെല്ലാം അനിവാര്യമാണ്.

എന്നിരുന്നാലും മുകുന്ദൻ ഉണ്ണിയുടെ ഡാർക്ക്‌ നെഗറ്റീവ് കഥയിൽ നിന്നും നമ്മൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ട്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.