“എഡ്ഡിയും മുരുകനും പിള്ളേരാ, വരുമെന്ന് വിചാരിച്ചില്ല… കൊള്ളാം….”
വെള്ള മണൽ കൊണ്ട് നിറഞ്ഞ മരുഭൂമി പോലെ തോന്നിക്കുന്ന ആൾപാർപ്പില്ലാത്ത ആ ദ്വീപിലൂടെ ചീറിപ്പാഞ്ഞു വരുന്ന രണ്ട് ജീപ്പുകൾ..
അതിൽ ഒന്നിൽ ഇരുന്നുകൊണ്ട് അയാൾ അത് പറയുമ്പോഴേക്കും അയാളും മറ്റ് ഗുണ്ടകളും അവരുടെ അടുത്ത് എത്തിയിരുന്നു, അയാളാണ് സായിപ്പ് ടോണി, കൊച്ചിയിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ ഗുണ്ടാത്തലവൻ..
ജീപ്പിൽ നിന്ന് ഇറങ്ങിയ അയാളുടെ പിന്നിൽ അവരെല്ലാം അണി നിരന്നുകൊണ്ട് എഡ്ഢിയുടെയും മുരുകന്റെയും അടുത്തേക്ക് നടന്നു വരികയാണ്.
അപ്പോഴും കുറച്ചു പേര് സമീപത്തായി ഒരു വലിയ കുഴി കുത്തിക്കൊണ്ട് ഇരിക്കുകയാണ്..
സായിപ്പ് ടോണിയെയും അയാളുടെ ഗുണ്ടകളെയും കണ്ട എഡ്ഢിയും മുരുകനും എങ്ങനെയെങ്കിലും എല്ലാം പറഞ്ഞു തീർത്തു അവിടെ നിന്നൊന്ന് രക്ഷപെട്ടാൽ മതിയെന്നെ ഒള്ളു..
സായിപ്പിന്റെ ഒരു നോട്ടം കിട്ടിയതും കൂടെ ഉണ്ടായിരുന്ന അസി മുന്നിലേക്ക് ഓടി ചെന്ന് എഡ്ഢിയുടെ കയ്യിലിരുന്ന ബാഗ് വാങ്ങി, അത് വിട്ട് കൊടുക്കുമ്പോഴും എഡ്ഢിയുടെ ഉള്ളിൽ പരിഭ്രമവും ഭയവും എല്ലാം ഉണ്ടായിരുന്നു.
അസി അത് തുറന്ന് ടോണിയുടെ മുന്നിൽ തുറന്ന് കാണിച്ചു, അത് നിറയെ പണമാണ്, ഏതാണ്ട് ഇരുപത് ലക്ഷം രൂപ.
എഡ്ഢിയും മുരുകനും കൂടാതെ ബിലാലും ബിജോയും, മേരി ടീച്ചർ എന്നറിയപ്പെട്ടിരുന്ന മേരി ജോൺ കുരിശിങ്കൽ എന്ന സാമൂഹിക പ്രവർത്തകയുടെ വളർത്തു മക്കൾ ആയിരുന്നു. മേരി ടീച്ചറുടെ ചില സേവന പ്രവർത്തികൾ ഇഷ്ടപ്പെടാതിരുന്ന ചിലർ ടീച്ചറുടെ ജീവൻ എടുക്കാൻ കോട്ടെഷൻ നൽകുന്നു.
ടീച്ചറുടെ മരണത്തെ തുടർന്ന് മൂത്ത മകനായ ബിലാൽ വീണ്ടും നാട്ടിലേക്ക് എത്തുന്നു, ടീച്ചറുടെ രീതികളുമായി ഒത്തു പോകില്ല എന്ന് കണ്ട് ടീച്ചർ അയാളെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു, പക്ഷേ അപ്പോഴും ടീച്ചറുടെ ഉള്ളിൽ നിറയെ അയാളോട് സ്നേഹം മാത്രമായിരുന്നു, അയാൾ ടീച്ചറുടെ അടുത്ത് ആദ്യം വന്ന പ്രിയ പുത്രനായിരുന്നു..
അയാൾ പിന്നീട് എവിടെയായിരുന്നു എന്തായിരുന്നു എന്നൊന്നും നാട്ടിൽ ആർക്കും അറിയില്ല, പക്ഷേ അയാൾ നാട്ടിൽ എത്തുന്ന നിമിഷത്തിൽ അവിടത്തെ ഇൻസ്പെക്ടർ കമ്മിഷണറോട് പറയുന്നുണ്ട് ആള് പിശകാണ് നമ്മുക്ക് പണിയാണ്.
അത് അക്ഷരം പ്രതി ശരി വച്ചുകൊണ്ട് പിറ്റേന്ന് മുതൽ അയാൾ തന്റെ അനുജന്മാരെയും കൂട്ടി മേരി ടീച്ചറുടെ ഘാതകരെ കണ്ടെത്താൻ ഇറങ്ങുകയാണ്. അതിനിടയിൽ കാണുന്ന ഓരോ വ്യക്തികളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും അയാളെപ്പറ്റി നമ്മൾക്കു കൂടുതൽ കാര്യങ്ങൾ മനസിലാകുന്നു.
മേരി ടീച്ചറുടെ ജീവനെടുത്ത ഗുണ്ടകളെ അവർ കണ്ടെത്തി തീർക്കുന്നു, എന്നിരുന്നാലും ആർക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണ് എന്നുള്ള അവരുടെ അന്വേഷണം സായിപ്പ് ടോണിയിലേക്കും ടോണിയെ വളർത്തിക്കൊണ്ട് വന്ന കൊച്ചി മേയറിലേക്കും എത്തിക്കുന്നു.
എന്നാൽ താൻ വിളിച്ചു വരുത്തിയ ആളുകളെ ഇല്ലാതാക്കിയത് ടോണിയെ പ്രകോപിക്കുന്നു, ടോണിയുടെ ഗാങ്ങിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ അവരുടെ ഇളയ സഹോദരനായ ബിജോ മരണപ്പെടുന്നു.
അവിടെ ആ സഹോദരങ്ങൾ ഒന്ന് പതറിപ്പോകുകയാണ്. എഡ്ഢിക്കും മുരുകനും കുടുംബമുണ്ട്, അവർക്ക് വേണ്ടി ഒരു ഒത്തു തീർപ്പിന് സായിപ്പ് ടോണിയുടെ അടുത്ത് സംസാരിക്കാൻ അവർ തയ്യാറാകുന്നു. അങ്ങനെ ടോണി പറഞ്ഞത് പ്രകാരം പണം നൽകി ഒത്തു തീർപ്പാക്കാൻ വന്നതാണ് അവർ രണ്ടാളും അവിടെ.
ബാഗ് തുറന്നു പണം കണ്ട ടോണി എഡ്ഢിയെ നോക്കി ചിരിച്ചുകൊണ്ട് അടുത്ത് വന്ന് നിൽക്കുന്നു.
എഡ്ഢി :- ” ടോണി, ഞങ്ങൾക്ക് ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളു, ദയവു ചെയ്ത് ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്.. “
ടോണി :- “ഉണ്ടാക്കിയാൽ…. “
എഡ്ഢി :- “ഞങ്ങൾക്ക് അതിന് താല്പര്യമില്ല…”
ടോണി :- “എനിക്ക് താല്പര്യമുണ്ട് “
എഡ്ഢി :- ” ടോണി പ്ലീസ്…”
ടോണി :- “കുരിശിങ്കൽ പിള്ളേരോട് എനിക്ക് കുറച്ചു ബഹുമാനം ഉണ്ടായിരുന്നു, ഇവിടെ വരുന്നത് വരെ.. നിങ്ങൾക്കെന്താ ഇത്ര ബുദ്ധിയില്ലാതെയായിപ്പോയത്..”
എഡ്ഢി :- ” ടോണി, ഞങ്ങൾ ഒരു കോമ്പർമൈസിന് വന്നതാണ്.. “
ടോണി :- “അതേ, ടോണി കോമ്പർമൈസിന് വിളിക്കും.. കാശ് മേടിക്കും… പിന്നെ ദേ…”
ആ കുഴിയുടെ നേർക്ക് നോക്കിയിട്ട് ” അതിനകത്തേക്ക്…. “
ഇത് കേട്ട് ഇനി എന്ത് ചെയ്യുമെന്ന് ആകാംഷയോടെ നോക്കിയിരിക്കുന്ന നമ്മളെ ഞെട്ടിച്ചുകൊണ്ട് എഡ്ഢിയുടെ ഭാവം അങ്ങ് മാറുന്നു.. ടോണിയെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് എഡ്ഢി…
“സായിപ്പേ നീ തന്തയില്ലായ്മ കാണിക്കുമെന്ന് ബിലാല് പറഞ്ഞിരുന്നു.. അത് കണ്ടിട്ട് തന്നാ വന്നത്… നീ എന്താ ആദ്യം പറഞ്ഞത്.. ഞങ്ങൾക്ക് ബുദ്ധിയില്ലെന്നോ… മേരി ടീച്ചർ ഞങ്ങളെ നല്ല ബുദ്ധിയുള്ള പിള്ളേരായിട്ട് തന്നെയാ വളർത്തിയത്… നിനക്കില്ലാതെ പോയതും അങ്ങനെ ഒരമ്മയെയാണ്… “
എഡ്ഢി ഇത് പറഞ്ഞു തീരുന്നതും ടോണിയുടെ കൂടെ നിന്ന സകല ആളുകളും അവിടെ നിന്ന് മാറി എഡ്ഢിയുടെയും മുരുകന്റെയും പിന്നിൽ വന്ന് നിൽക്കുന്നു.
താൻ ഒറ്റക്കയെന്ന സത്യം ടോണി പതിയെ തിരിച്ചറിയുന്നു… എഡ്ഢി കൊണ്ടുവന്ന പണം, അത് ഇത്രയും കാലം ടോണിയുടെ ആട്ടും തുപ്പും സഹിച്ചു നിന്ന അവർക്കുള്ളതായിരുന്നു.
പക്ഷേ ടോണി പതറുന്നില്ല, അയാൾ അവരെ ഏറ്റുമുട്ടാൻ വെല്ലുവിളിക്കുന്നു, താൻ തീറ്റ നൽകിയ ഏതവനാണ് തനിക്കിട്ട് പണിയുന്നതെന്ന് കാണട്ടെ എന്ന് പറഞ്ഞയാൾ അവർക്ക് നേരെ നിൽക്കുന്നു..
പെട്ടന്ന് അവർ തലയുയർത്തി ദൂരേക്ക് നോക്കുന്നു…
അവിടേക്ക് ഒരാൾ സാവധാനം നടന്ന് അടുക്കുകയാണ്, ശക്തികൊണ്ട് മാത്രമല്ല ബുദ്ധികൊണ്ടും കളിക്കാൻ അറിയാവുന്ന അവരുടെയെല്ലാം Big Brother, ബിലാൽ ജോൺ കുരിശിങ്കൽ..
തന്നെ ശക്തികൊണ്ട് കീഴടക്കാൻ ടോണി ബിലാലിനെ വെല്ലുവിളിക്കുന്നു, ടോണി ശക്തനാണ്. എന്നാൽ ബിലാലിന്റെ ശക്തി തന്റെ മരിച്ചുപോയ വളർത്തമ്മയോടുള്ള സ്നേഹമായിരുന്നു. അതിന് മുന്നിൽ ടോണിക്ക് അധികനേരം പിടിച്ചു നിൽക്കാൻ കഴിയുന്നില്ല..
അയാൾ ടോണിയെ അടിച്ചു താഴെ ഇടുന്നു, തുടർന്ന് അവർക്ക് വേണ്ടി ടോണി കുഴിച്ച കുഴിയിൽ അവനെ തന്നെ ഇട്ട് മൂടുന്നു..
ഇതുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്രയും സ്റ്റൈലിഷ് മേക്കിങ് കൊണ്ടും മമ്മുക്കയുടെ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ട..
എന്തിനും പോന്ന ഒരു ഗാങ്സ്റ്ററിനെ ബുദ്ധിയും ശക്തിയും കൊണ്ട് കീഴടക്കിയ നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ..
Big B…
Comments are closed.