എന്റെ ഒരു സുഹൃത്ത് ടെക്‌നോപാർക്കിൽ ജോലി ലഭിച്ച് അവിടേക്ക് താമസം മാറി. അവിടെ ഒരു വീട്ടിൽ മറ്റ് ചിലരോടൊപ്പം താമസമാക്കിയ അവന് എന്നും രാവിലെ നടക്കാൻ പോകുന്ന ഒരു ശീലം ഉണ്ടായിരുന്നു.
ഓരോ ദിവസവും കാണുന്ന ഏതെങ്കിലും ഒക്കെ വഴികളിലൂടെ കിലോമീറ്ററുകൾ അവൻ ഒറ്റക്ക് സഞ്ചരിക്കും. അങ്ങനെ ഇരിക്കെ അവൻ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്സിലൂടെ ഒരു ദിവസം പോയപ്പോൾ ഒരു കുളം കണ്ടു. എന്തോ ഒരു പ്രത്യേകത തോന്നിയ അവൻ ആ കുളത്തിലേക്ക് തന്നെ നോക്കി കുറെ നേരം നിശ്ചലനായി നിന്നുപോയി.
അവനു വീണ്ടും നടക്കണം തിരികെ പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും ശരീരം വഴങ്ങാത്ത അവസ്ഥ, അത് മാത്രമല്ല നീന്തൽ വശമില്ലാത്ത അവനോട് ആരോ ചെവിയിൽ മന്ത്രിക്കുന്നത് പോലെ, വെള്ളത്തിൽ ഇറങ്ങു, നല്ല വെള്ളമാണ്.
ഒടുവിൽ അവൻ എങ്ങനെയൊക്കെയോ അവിടെ നിന്ന് തിരികെ താമസിക്കുന്ന വീട്ടിലെത്തി. ബിൽഡിംഗ് ഓണറോട് ഇങ്ങനെ ഒരു വിചിത്ര അനുഭവം ഉണ്ടായത് വിവരിച്ചപ്പോൾ അയാൾ ഒരു കഥ പറഞ്ഞു. ആ കുളമാണ് പ്രസിദ്ധമായ ഹൈമവതി കുളം.
ആ കുളത്തിന്റെ പരിസരത്ത് ഒരു വീടിന്റെ അവശിഷ്ടം കാണാം, അവിടെ പണ്ട് ഏകദേശം ഒരു എഴുപത് വർഷങ്ങൾക്ക് മുൻപ് അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന ഒരു കുടുംബം താമസിച്ചിരുന്നു.
ആ കുടുംബത്തിൽ നല്ല മെലിഞ്ഞു ധാരാളം മുടിയോട് കൂടിയ സുന്ദരിയായ ഒരു യുവതി ഉണ്ടായിരുന്നു, അവളുടെ പേരായിരുന്നു ഹൈമവതി. സുന്ദരിയായ അവൾ മറ്റൊരു വിഭാഗത്തിൽ പെട്ട ഒരു യുവവുമായി പ്രണയത്തിലായിരുന്നു.
ഒരിക്കൽ അവരുടെ ബന്ധം അവളുടെ വീട്ടിൽ അറിഞ്ഞു, വീട്ടുകാർ ആ ബന്ധം എതിർക്കുകയും അവളുടെ കാമുകനെ അടിച്ചു അവശനാക്കി ആ കുളത്തിൽ മുക്കിക്കൊന്നു. ഇതറിഞ്ഞ ഹൈമവതിയും മനസ് നൊന്ത് ആ കുളത്തിൽ തന്നെ ചാടി ജീവനൊടുക്കി.
എന്നാൽ ആഗ്രഹം പൂർത്തിയാകാതെ മരിച്ച അവളുടെ ആത്മാവ് ഗതി കിട്ടാതെ യക്ഷിയുടെ അതുവഴി അലഞ്ഞു തിരിയാൻ തുടങ്ങി. ആ കുളത്തിന്റെ പരിസരത്തു പോകുന്നവർക്കെല്ലാം ഇതുപോലെ വിചിത്രമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ചിലരോട് കുളത്തിൽ ചാടാൻ പറയുന്ന ഒരു ശബ്ദം, ചിലർ കേൾക്കുന്നത് ദൂരെ നിന്നൊരു സ്ത്രീയുടെ ദയനീയമായ കരച്ചിൽ, ചിലർ ആകട്ടെ ദൂരെ രണ്ടാൾ പൊക്കത്തിൽ എന്തോ ഒരു സ്ത്രീരൂപം ഒഴുകിപോകുന്നത് പോലുള്ള കാഴ്ചയാണ് കണ്ടിട്ടുള്ളത്.
ഇത് മാത്രമല്ല ഇത്തരം കഥകൾ കേട്ടിട്ട് ഹൈമവതിയെ വെല്ലുവിളിച്ച കളിയാക്കിയ ചിലരുണ്ട്, അവർക്ക് പിന്നീട് അന്നത്തെ ദിവസം ഉറങ്ങാൻ കഴിയില്ല, രാത്രിയിൽ അവൾ അവരുടെ സ്വപ്നത്തിൽ വന്ന് ഉറക്കം ഉണർത്തും, വിചിത്രമായ പല ചിന്തകളും അവർക്ക് തോന്നും, പുറത്തേക്ക് ഇറങ്ങി വരാൻ ആരോ വിളിക്കുന്നത് പോലെയൊക്കെ എന്നാണ് അനുഭവം തോന്നിയ ചിലർ പറഞ്ഞിട്ടുള്ളത്.
ഇത്രയും ഹൗസ് ഓണർ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ അവന്റെ ഒരു സുഹൃത്തും ഇത് കേട്ട് ചിരിച്ചുകൊണ്ട് കൂടെയുണ്ടായിരുന്നു. യുക്തിവാദിയായ അവനു ചിരി അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ പറഞ്ഞു സാരീയുടുത്ത പാട്ട് പാടുന്ന യക്ഷിയുടെ കാലങ്ങൾ ഒക്കെ കഴിഞ്ഞു ധൈര്യം ഉണ്ടെങ്കിൽ അവനെ ഒന്ന് പേടിപ്പിക്കട്ടെ എന്ന്.
അവനോട് ഹൗസ് ഓണർ പറഞ്ഞു, എന്റെ പൊന്ന് കുഞ്ഞേ എന്റെ പരിചയത്തിൽ തന്നെ ഒരു പത്തു പേരെങ്കിലും ഇങ്ങനെ വെല്ലുവിളിക്കുന്നത് കേട്ടിട്ടുണ്ട്, അവരെയെല്ലാം അവൾ പാഠം പഠിപ്പിച്ചിട്ടുമുണ്ട്, വെറുതെ അവളെ ചൊറിയാൻ നിൽക്കേണ്ട.
ഇന്ന് അവനോട് ഒറ്റക്ക് കിടക്കേണ്ട എന്നും അയാൾ പറഞ്ഞെങ്കിലും അവൻ അയാളെയും കളിയാക്കി ചിരിക്കുകയായിരുന്നു.
അയാൾ ആകട്ടെ അവനു വേണ്ടി മനസ്സിൽ പ്രാർഥിച്ചു തുടങ്ങിയിരുന്നു. കാരണം അന്ന് എന്റെ സുഹൃത്ത് നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു, അവരുടെ കൂടെ ആ വീട്ടിൽ താമസിക്കുന്ന മറ്റ് രണ്ട് പേരും കമ്പനിയിൽ നിന്നും മീറ്റിങ് ആവശ്യത്തിന് ബാംഗ്ലൂർ പോയിരിക്കുകയുമാണ്.
എന്റെ സുഹൃത്ത് അന്ന് അവനു കൂട്ടിന് വേണ്ടി അവിടെ തുടരാം എന്ന് വിചാരിച്ചു പോക്ക് ക്യാൻസൽ ചെയ്യാം എന്ന് കരുതിയതും അവനു നാട്ടിൽ നിന്ന് ഒരു കാൾ വന്നു, അവന്റെ അച്ഛന് പെട്ടന്ന് പനി പിടിച്ചു ആശുപത്രിയിൽ അഡ്മിറ്റ് ആണ് വേഗത്തിൽ വീട്ടിലേക്ക് ചെല്ലാൻ. മറ്റൊരു വഴിയുമില്ലാതെ അവനും നാട്ടിലേക്ക് വണ്ടി കയറി.
അന്ന് രാത്രിയിൽ ധൈര്യവനായ സുഹൃത്ത് സാധാരണ പോലെ പുറത്തൊക്കെ കറങ്ങാൻ പോയ ശേഷം രാത്രിയിൽ വീട്ടിലേക്ക് എത്തി, അവനു ലവ ലേശം ഭയം ഉണ്ടായിരുന്നില്ല, മാത്രമല്ല ഈ സംഭവം അവൻ മറന്നും പോയിരുന്നു.
ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത് പ്രധാന റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് കയറിയാണ്. പരിസരത്തൊക്കെ ഒന്ന് രണ്ട് വീടുകൾ ഉണ്ടെങ്കിലും അല്പം മാറിയാണ് അവ സ്ഥിതി ചെയ്യുന്നത്. ഈ വീടിന്റെ ചുറ്റും ധാരാളം മരങ്ങളുമുണ്ട്.
അവൻ പതിയെ പ്രധാന റോഡിൽ നിന്നും വീട്ടിലേക്കുള്ള വഴിയേ തിരിഞ്ഞു, സാധാരണ ധാരാളം ചീവിടിന്റെ കരച്ചിൽ കേൾക്കുന്നതാണ് പക്ഷേ അന്നെന്തോ സമ്പൂർണ നിശബ്ദതയാണ് അവനെ വരവേറ്റത്. അതൊന്നും കാര്യമാക്കാതെ അവൻ വീട്ടിലെത്തി, വെറുതെ വീടിനെ ഒന്ന് നോക്കിയപ്പോൾ എന്തോ ഒരു മാറ്റം പോലെ.
എന്നാൽ അതൊന്നും കാര്യമാക്കാതെ അവൻ വീട്ടിലേക്ക് പ്രവേശിച്ചു, കുളിച്ചു ഫ്രഷ് ആയി എന്നത്തേയും പോലെ ഫോണിൽ തോണ്ടിയിരുന്നു, കുറെ വീഡിയോ ഒക്കെ കണ്ട ശേഷം ഏകദേശം ഒരു മണി ആയപ്പോൾ ഉറക്കം വന്ന് ഉറങ്ങാൻ കിടന്നു.
പെട്ടന്ന് അവൻ ഉറക്കം ഉണർന്നു തനിക്ക് എന്താണ് പറ്റിയതെന്ന് അവനു മനസിലായില്ല, ദാ ഇപ്പോൾ കിടന്നത് അല്ലേ ഉള്ളു എന്നോർത്തു ഫോൺ എടുത്ത് സമയം നോക്കിയപ്പോൾ മണി മൂന്ന് പിന്നിട്ടിരിക്കുന്നു. അത് മാത്രമല്ല അതി ശക്തമായ കാറ്റും, ചെറിയ മഴയുടെ ശബ്‌ദവും. അവൻ കുറച്ചു നേരം ഫോണിൽ തോണ്ടിയതിനു ശേഷം വീണ്ടും ഉറങ്ങാൻ കിടന്നു, പക്ഷേ ഉറക്കം വരുന്നില്ല.
പെട്ടന്ന് രാവിലെ ഹൗസ് ഓണർ പറഞ്ഞ കാര്യങ്ങൾ ഓരോന്നായി അവന്റെ ഉള്ളിലേക്ക് വരാനും തുടങ്ങി. അത് മാത്രമല്ല ജനലിലേക്ക് നോക്കൂ നോക്കൂ എന്നൊരു ശബ്ദം കേൾക്കുന്നത് പോലെ അവനു തോന്നാൻ തുടങ്ങി.
അതുവരെ പേടി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത അവനു പെട്ടന്ന് കാലിൽ നിന്നൊരു തരിപ്പ് കയറി വരുന്നതായി തോന്നാൻ തുടങ്ങി. അവൻ എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടക്കാനോ മറ്റ് എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധിക്കാനോ കഴിയുന്നില്ലായിരുന്നു.
ഒടുവിൽ അവൻ ജനലിലേക്ക് നോക്കാൻ തുടങ്ങി, അപ്പോൾ അവനു ജനലിലൂടെ പുറത്തേക്ക് നോക്കണം എന്ന് ആഗ്രഹം വരാൻ തുടങ്ങി, എത്ര ശ്രമിച്ചിട്ടും അവനു അത് ഒഴിവാക്കാൻ പറ്റാതായി, ഒടുവിൽ അവൻ തനിയെ എഴുന്നേറ്റ് ജനലിന്റെ അടുത്തേക്ക് പോയി അതിലൂടെ പുറത്തേക്ക് നോക്കി നിമിഷ നേരംകൊണ്ട് ബോധം കെട്ട് താഴെ വീണു.
പിറ്റേന്ന് അവനെ ഫോണിൽ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് എന്റെ സുഹൃത്ത് പറഞ്ഞിട്ട് ഹൌസ് ഓണർ വന്ന് നോക്കുമ്പോൾ വീടിന്റെ വാതിൽ ഒക്കെ തുറന്നു കിടപ്പുണ്ട്, അകത്തു കയറി നോക്കിയ അയാൾ കാണുന്നത് ജനിലിന്റെ മുന്നിൽ നിലത്തു കിടന്ന് ഉറങ്ങുന്ന അവനെയാണ്. അടുത്ത് ചെന്നു നോക്കിയപ്പോൾ പൊള്ളുന്ന പനിയും.
അയാൾ നേരെ അവനെയും കൊണ്ടു ആശുപത്രിയിൽ പോയി, രണ്ട് ദിവസം പിച്ചും പെയ്യും പറഞ്ഞു പകുതി ബോധത്തിൽ കിടന്ന അവൻ മൂന്നാം ദിവസം വിറക്കുന്ന ശബ്ദത്തോടെ അന്ന് ഉണ്ടായ കാര്യം എന്റെ സുഹൃത്തിനോട് വിവരിച്ചു.
ജനിലിലൂടെ പുറത്തേക്ക് നോക്കിയ അവൻ കണ്ട കാഴ്ച്ച ഇപ്രകാരം ആയിരുന്നു. ദൂരെ എന്തോ പുക പോലൊരു രൂപം, ഒന്നുകൂടി അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ പുകയല്ല, പുകയ്ക്ക് ഒരു സ്ത്രീയുടെ രൂപം പോലെ, വീണ്ടും നോക്കിയപ്പോൾ അതിൽ ഒരു മുഖം.
ഒരു സ്ത്രീയുടെ മുഖം അത് അവനെ വെറുതെ നിർവികാരിതയോടെ നോക്കിക്കൊണ്ട് നിൽക്കുകയാണ്. ആ കണ്ണുകളിൽ അവൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭാവം, ഇത്രയും കണ്ടത് മാത്രമേ അവനു ഓർമ്മയുള്ളു, പിന്നെ അവൻ ആ വീട്ടിലേക്ക് പോയിട്ടില്ല, അവന്റെ സാധനങ്ങൾ പോലും മറ്റുള്ളവർ ചേർന്ന് നാട്ടിലേക്ക് എത്തിക്കുകയായിരുന്നു…
Comments are closed.