ആലപ്പുഴ ഹരിപ്പാട് മുട്ടം എന്ന സ്ഥലത്ത് ജീവിച്ചിരുന്ന കൊച്ചുകുഞ്ഞ് എന്ന ആളായിരുന്നു യഥാർത്ഥത്തിൽ മണിച്ചിത്രത്താഴിൽ നമ്മൾ കണ്ട കാർന്നവർ.
ആ കാലഘട്ടത്തിൽ കേരളത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം ആയിരുന്നു, അവരുടേത്. അങ്ങനെയെങ്കിൽ തെക്കിനിയിൽ ആഹരി രാഗത്തിൽ പാടി, ചിലങ്ക കെട്ടി നൃത്തമാടുന്ന നാഗവല്ലിയുടെ ആത്മാവ് ശരിക്കും ഉള്ളതായിരുന്നോ..
അത് പറയുന്നതിന് മുന്നേ എങ്ങനെ ഈ തറവാട് ഉണ്ടായെന്നും അവർ എങ്ങനെ ഇത്രയും സമ്പത്ത് ആർജ്ജിച്ചെന്നും പറയേണ്ടതായിട്ടുണ്ട്.
ഏതാണ്ട് ഒരു പതിനഞ്ചാം നൂറ്റാണ്ടിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പ്രദേശത്തു രണ്ട് യോദ്ധാക്കൾ ഉണ്ടായിരുന്നു, അന്നത്തെ കേരളം എന്നാൽ മൂന്ന് നാട്ടു രാജ്യങ്ങൾ ആയിരുന്നല്ലോ, അത് മാത്രമല്ല ജാതി വ്യവസ്ഥ കൊടി കുത്തി വാണിരുന്ന കാലവുമായിരുന്നു.
അന്നത്തെ ജാതിവ്യവസ്ഥയിൽ കീഴ്ജാതിയിൽ പെട്ട ഈ യോദ്ധാക്കളുടെ പയറ്റ് തിരുവിതാംങ്കൂർ മുഴുവൻ പ്രസിദ്ധമായിരുന്നു. അങ്ങനെ ഇരിക്കെ തിരുവിതാംങ്കൂർ രാജാവിന് ഇവരുടെ പയറ്റ് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉണ്ടായി, അദ്ദേഹം കുറച്ചു ഭടന്മാരെ ആലപ്പുഴയിലേക്ക് അവരെ കൂട്ടിക്കൊണ്ട് വരുന്നതിനായി അയച്ചു.
എന്നാൽ ഈ ഭടന്മാരുടെ പെരുമാറ്റം വളരെ മോശം രീതിയിൽ ആയിരുന്നതിനാൽ രാജാവിന്റെ ഉദ്ദേശം എന്താണെന്ന് യോദ്ധാക്കൾക്ക് മനസിലായില്ല എന്ന് മാത്രമല്ല അവർ അതിന് വിപരീതമായി ചിന്തിക്കുകയും ചെയ്തു.
കാരണം അന്നത്തെ കാലത്ത് കീഴ്ജാതിയിൽ പെട്ട ആരെങ്കിലും ഏതെങ്കിലും വിദ്യയിൽ കഴിവ് തെളിയിച്ചാൽ മേൽജാതിയിൽ പെട്ടവർ അവരെ ഇല്ലാതാക്കാൻ ശ്രമിക്കുമായിരുന്നു. ഇങ്ങനെ തങ്ങളെ കൊല്ലാൻ കൊണ്ടുപോകാൻ വന്ന ഭടന്മാർ ആണെന്ന് കരുതി ആ യോദ്ധാക്കൾ അവരെ മുഴുവൻ പട വെട്ടി വക വരുത്തി.
എന്നിട്ട് അവർ പരസ്പരം യുദ്ധം ചെയ്ത് വീരമൃത്യു വരിച്ചു. അതെന്തിനാണ് എന്ന് ചോദിച്ചാൽ, അന്നത്തെ ഒരു സമ്പ്രദായമാണ്, യോദ്ധാക്കൾക്ക് മുന്നിൽ മരണം മാത്രമേ രക്ഷയുള്ളൂ എന്ന് വന്നാൽ അവർ പിടി കൊടുക്കില്ല പകരം പരസ്പരം പോരാടി വീരമൃത്യു വരിക്കും, ഇവിടെ തെറ്റിദ്ധാരണയുടെ പുറത്താണെങ്കിലും അവർക്കും അതേ വഴി ഉണ്ടായിരുന്നുള്ളു.
എന്നാൽ കാര്യത്തിന്റെ നിജ സ്ഥിതി മനസിലാക്കിയ ഇവരുടെ ഒരേഒരു സഹോദരി രാജാവിന്റെ അടുത്തെത്തി കാര്യങ്ങൾ അദ്ദേഹത്തെ ബോധിപ്പിച്ചു. ഇതെല്ലാം അറിഞ്ഞ രാജാവിന് ഏറെ വിഷമം ഉണ്ടായി. ഇതിനൊരു പ്രായശ്ചിത്തം എന്ന നിലയിൽ രാജാവ് അവരുടെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് ധനവും നിലവും മറ്റ് സമ്പാദ്യങ്ങളും നൽകുക ഉണ്ടായി.
ആ തറവാട് ആണ് ആലുംമൂട്ടിൽ മന, അഥവാ മണിച്ചിത്രത്താഴിലെ മാടമ്പള്ളി കൊട്ടാരം.
വർഷങ്ങൾക്ക് ശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ നാരായണി അമ്മ എന്ന സ്ത്രീ ഈ മനയുടെ കാരണവർ സ്ഥാനത്തു ഇരിക്കുമ്പോഴാണ് നാഗവല്ലിയുടെ സംഭവങ്ങൾ നടക്കുന്നത്. ഈ നാരായണിയമ്മ ഒരുപാട് കഴിവുകൾ ഉള്ള ഒരു വ്യക്തിയായിരുന്നു, അവർ ഒറ്റക്കായിരുന്നു തറവാടിന്റെ മേൽനോട്ടവും മറ്റ് വ്യാപാരങ്ങളും എല്ലാം നോക്കി നടത്തിയിരുന്നത്.
എന്നാൽ അവർക്ക് പ്രായമായപ്പോൾ ഇതൊക്കെ ഒറ്റക്ക് നോക്കി നടത്താൻ പ്രയാസമായി, അങ്ങനെയാണ് അവർ തന്റെ അർദ്ധസഹോദരൻ ആയിരുന്ന കൊച്ചുകുഞ്ഞിനെ തറവാടിന്റെ മേൽനോട്ടത്തിനായി വിളിച്ചു.
ഈ കൊച്ചുകുഞ്ഞായിരുന്നു സിനിമയിൽ നമ്മൾ കണ്ട ശങ്കരൻ തമ്പി എന്ന ക്രൂരനായ കാരണവർ. എന്നാൽ അതൊക്കെ സിനിമയിൽ മാത്രമാണ് യഥാർത്ഥത്തിൽ ഈ കൊച്ചുകുഞ്ഞു വളരെ നല്ല മനുഷ്യനും അതുപോലെ തന്നെ കാര്യപ്രാപ്തി ഉള്ള വ്യക്തിയും ആയിരുന്നു.
അദ്ദേഹത്തിന്റെ വരവിനു ശേഷം ഈ കുടുംബത്തിന്റെ പ്രശസ്തിയും സമ്പത്തും പത്തും നൂറും ഇരട്ടിയായി വർധിച്ചു. അങ്ങനെ കേരളത്തിലെ ഏറ്റവും സമ്പത്തുള്ള കുടുംബമായി ഇവർ മാറി. അദ്ദേഹത്തിന്റെ കഴിവുകൾ കണ്ട അന്നത്തെ തിരുവിതാംങ്കൂർ രാജാവ് അദ്ദേഹത്തിന് ‘ചാന്നാർ’ സ്ഥാനം നൽകി ആദരിക്കുക വരെയുണ്ടായി.
അങ്ങനെ അദ്ദേഹം കൊച്ചുകുഞ്ഞ് ചന്നാർ ആയി. ആ കാലഘട്ടത്തിൽ കേരളത്തിൽ രണ്ടേ രണ്ട് പേർക്ക് മാത്രമേ കാർ ഉണ്ടായിരുന്നുള്ളു. ഒന്ന് രാജാവിനും പിന്നെ ചാന്നാർക്കും, അതും ആദ്യം വാങ്ങിയതും അത് ഓടിക്കാൻ വേണ്ടി വഴി വെട്ടിയതും ഈ ചാന്നാർ തന്നെയാണ്. അങ്ങനെ പതിയെ പതിയെ ഈ കുടുംബം ചാന്നാറിന്റെ കുടുംബം എന്ന് അറിയപ്പെടാൻ തുടങ്ങി.
എന്നാൽ ഇത് നാരായണിയമ്മക്കും മക്കൾക്കും ഇഷ്ടമായില്ല, നാരായണിയമ്മ ചാന്നാറിനെ കൊണ്ടുവന്നതിന് പിന്നിൽ മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു. അന്ന് മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നതിനാൽ തന്റെ സ്വത്തുക്കൾ തന്റെ മക്കൾക്ക് തന്നെ ലഭിക്കുന്നതിന് വേണ്ടി കൂടിയാണ് ചാന്നാറിനെ തന്നെ സ്വത്തിന്റെ മേൽനോട്ടം അവർ ഏൽപ്പിച്ചത്.
എന്നാൽ പതിയെ പതിയെ കാര്യങ്ങൾ അവരുടെ കൈവിട്ട് പോകാൻ തുടങ്ങിയിരുന്നു. കാരണം ഈ പ്രശസ്തി വർദ്ധിക്കുക മാത്രമല്ല കൊച്ചു കുഞ്ഞ് ചാന്നാറിനെ രാജാവ് പ്രജാസഭയിലെ അംഗം കൂടി ആക്കിയിരുന്നു, എന്ന് പറയുമ്പോൾ ഇന്നത്തെ MLA ഒക്കെ പോലെ.
ചാന്നാറിന്റെ ഒരു പ്രധാന വിനോദമായിരുന്നു കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ വേദി നൽകുക എന്നത്. അതിനായി ആലുംമൂട്ടിൽ മേടയുടെ ഒരു ഭാഗം തന്നെ അദ്ദേഹം ഒഴിച്ചിട്ടിരുന്നു, ആ ഭാഗത്തിന്റെ പേരാണ് ചിത്രശാല, അതായത് നമ്മുടെ സിനിമയിലെ തെക്കിനി.
ഈ ചിത്രശാലയിൽ ഒരുപാട് കലാകാരന്മാർ വന്ന് താമസിച്ചു നൃത്തവും സംഗീതവും എല്ലാം അവതരിപ്പിക്കുകയും ചെയ്തിരുന്നു. അത് കാണാനും ധാരാളം ആളുകൾ വരുമായിരുന്നു.
അങ്ങനെ ഒരിക്കൽ അദ്ദേഹം തഞ്ചാവൂരിൽ ഒരു നൃത്തം കാണാൻ പോകുക ഉണ്ടായി, അവിടെ വച്ച് അദ്ദേഹം കണ്ടെത്തിയ നർത്തകിയായിരുന്നു നാഗവല്ലി. അവരുടെ കഴിവുകൾ കണ്ട് അദ്ദേഹം അവരെ ആലുംമൂട്ടിൽ മേടയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും തുടർന്ന് അവർ അവിടെ താമസിച്ചു നൃത്തം ചെയ്യുമായിരുന്നു.
അത് കാണാനും സമ്മാനങ്ങൾ നൽകാനും ധാരാളം ആളുകൾ അവിടേക്ക് വരികയും ചെയ്യുമായിരുന്നു, കാരണം അത്രത്തോളം കഴിവ് ഉണ്ടായിരുന്നു അവർക്ക്.
ചാന്നാർക്കും അവരെ വലിയ ഇഷ്ടമായിരുന്നു, എന്നാൽ സിനിമയിൽ കാണിച്ചത് പോലെ ഒരു മോശം രീതിയിലുള്ള താല്പര്യം അല്ലായിരുന്നു അദ്ദേഹത്തിന്, മറിച്ചു നാഗവല്ലിയുടെ കഴിവ് കണ്ടിട്ടുള്ള ഒരു ആരാധനയായിരുന്നു. പക്ഷേ അതുവരെ ദാരിദ്ര്യത്തിൽ ജീവിച്ച നാഗവല്ലിയുടെ ചിന്ത മറ്റൊരു രീതിയിലായിരുന്നു. അവർ ചാന്നാറിനോട് വിവാഹ അഭ്യർത്ഥന നടത്തുകയുണ്ടായി.
ചാന്നാറിന് നിലവിൽ മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു, അദ്ദേഹം അവരെ തന്റെ നാലാമത്തെ ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ടും നാരായണിയമ്മ ശാന്തമായി ഇരിക്കുകയാണ് ഉണ്ടായത് കാരണം മരുമക്കത്തായം ഉള്ളതുകൊണ്ട് ചാന്നാർ എത്ര വിവാഹം കഴിച്ചാലും സ്വത്തു മുഴുവൻ തന്റെ മക്കൾക്ക് തന്നെ ലഭിക്കും.
എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു, ചാന്നാർ വിപ്ലവകരമായ ഒരു തീരുമാനം അന്ന് എടുക്കുകയുണ്ടായി. തന്റെ കാലശേഷം എല്ലാ ഭൂരിപക്ഷം സ്വത്തുക്കളുടെയും അവകാശം നാഗവല്ലിയിൽ തനിക്ക് ജനിക്കുന്ന മക്കളുടെ പേരിൽ ആയിരിക്കും എന്നായിരുന്നു അത്.
ഇതിൽ ദേഷ്യം പൂണ്ട നാരായണിയമ്മയുടെ മക്കൾ ചാന്നാറിനെ വകവരുത്താൻ വരെ തീരുമാനിച്ചു, പക്ഷേ അവർക്ക് അതിന് കഴിയുമായിരുന്നില്ല. കാരണം ചാന്നാർ അത്രക്ക് കൂർമ്മ ബുദ്ധിയുള്ള ആളായിരുന്നു, അതിന് മുൻപും പല രീതിയിലുള്ള അക്രമണങ്ങളും പുറത്ത് നിന്ന് അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടുണ്ട് പക്ഷേ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം ചാന്നാർ ചിത്രശാലയിൽ മരിച്ചു കിടക്കുന്നതാണ് എല്ലാവരും കാണുന്നത്. മരിച്ചത് സാധാരണ ഒരാൾ അല്ലല്ലോ, രാജാവിന് തന്നെ വേണ്ടപ്പെട്ട കേരളത്തിലെ ഏറ്റവും പ്രമുഖനായ വ്യക്തികൂടിയാണ്, രാജാവ് അന്വേഷണത്തിനു ഉത്തരവിടുകയും,
ഒടുവിൽ ചാന്നാറിന്റെ മരുമക്കളിൽ ഒരാളായ ശേഖരന്റെ മേൽ കുറ്റം ആരോപിക്കപ്പെടുകയും അയാളെ തൂക്കിലേറ്റുകയും ഉണ്ടായി. എന്നാൽ അവസാന നിമിഷം വരെ അയാൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു തനിക്ക് ഇതിൽ യാതൊരു പങ്കുമില്ല എന്ന്.
ഇതിൽ സംശയം തോന്നിയ ആളുകൾ വീണ്ടും അന്വേഷണങ്ങൾ നടത്തി. അതിൽ ചുരുളഴിഞ്ഞത് വലിയ ഒരു ചതിയുടെ കഥയാണ്. നാഗവല്ലിയെ ചിത്രശാലയിൽ കൊണ്ടുവന്നു താമസിപ്പിച്ചത് പോലെ ചാന്നാർ ഒരു നർത്തകനെയും അവിടേക്ക് കൊണ്ടുവന്നിരുന്നു.
അയാളുടെ പേരാണ് രാമനാഥൻ.
ചാന്നാറിന് നാഗവല്ലിയോട് കടുത്ത ആരാധനയും സ്നേഹവും ഉണ്ടായിരുന്നെങ്കിലും നാഗവല്ലി സ്നേഹിച്ചത് രാമനാഥനെ ആയിരുന്നു, കൂടാതെ ചാന്നാറിന്റെ സ്വത്തിനെയും.
ഒരു ദിവസം രാമനാഥനെയും നാഗവല്ലിയെയും ചിത്രശാലയിൽ വച്ച് ഒരു പ്രത്യേക സാഹചര്യത്തിൽ ചാന്നാർ കാണുകയും താൻ ചതിക്കപ്പെടുകയാണെന്ന് മനസിലാക്കുകയും ചെയ്തു. തുടർന്ന് അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഒരുപാട് കരഞ്ഞു അപേക്ഷിച്ചിട്ടും ചാന്നാർ വഴങ്ങുന്നില്ല എന്ന് കണ്ട നാഗവല്ലി അവിടെ നിന്നും ഒരു വാളെടുത്തു രാമനാഥന് നൽകുകയും, രാമനാഥൻ ചാന്നാറിന്റെ ജീവനെടുക്കുകയും ആയിരുന്നു.
ഇതായിരുന്നു യഥാർത്ഥത്തിൽ ഉണ്ടായ സംഭവം, ഈ സംഭവത്തെ മധു മുട്ടം എന്ന തിരക്കഥാകൃത്ത് അല്പം മാറ്റങ്ങളോടെ അവതരിപ്പിച്ചപ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളിൽ ഒന്ന് പിറന്നു.
പക്ഷേ നായകനായ ചാന്നാർ വില്ലനായി മാറി, ചാന്നാറിനെ ചതിച്ച നാഗവല്ലിയും രാമനാഥനും ക്രൂരതയുടെ ഇരകളായി മാറി. നിങ്ങൾക്ക് ഏത് കഥയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്, ചരിത്രമാണോ അതോ സിനിമയോ…
Comments are closed.