Stories

KSG ഉണ്ടായ കഥ

Pinterest LinkedIn Tumblr

എവിടെ നോക്കിയാലും ആശയം, ദിവസവും വേണേൽ ഓരോന്ന് എടുക്കാൻ ഉണ്ടാവും, ഇങ്ങനെ കൈ നിറയെ ആശയങ്ങൾ ഉള്ള വ്യക്തികളെ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ, ആക്കൂട്ടത്തിൽ പെട്ട ഒരാളാണ് ഈ ഞാനും.

ആശയങ്ങൾ ഇങ്ങനെ ഒരുപാട് ഉള്ളവരിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ട്, ചിലർക്ക് അത് ബിസിനസാണ്, എവിടെ നോക്കിയാലും അതിനുള്ള ആശയവും കിട്ടും ബിസിനസും ചെയ്യും പണവും ഉണ്ടാക്കും.

എന്നാൽ മറ്റൊരു കൂട്ടരുണ്ട് ചെറുതും വലുതും ഒക്കെ ആയിട്ട് ഒരുപാട് ആശയങ്ങൾ ഉണ്ടായിരിക്കും, എന്നാൽ അതിൽ പലതും നടക്കാൻ യാതൊരു സാധ്യതയും ഇല്ലാത്തത് ആയിരിക്കും, അല്ലെങ്കിൽ അവരെക്കൊണ്ട് എന്തോ അത് നടപ്പാക്കാൻ കഴിയില്ല, അതിന്റെ കാരണം ഏറ്റവും അവസാനം പറയാം.

ഇങ്ങനെ ആശയം ഉള്ളവർക്ക് അത് ആരോടെങ്കിലും പറയാൻ ഒരു ത്വര കാണൂലെ, രണ്ടാമത്തെ കൂട്ടത്തിൽ ഉള്ളവർക്കു എന്തായാലും കാണും, ആദ്യം പറഞ്ഞ കൂട്ടർക്ക് അതിന്റെ ആവശ്യം ഒന്നും കാണില്ല, അവർ പലതും നടപ്പാക്കി കഴിയുമ്പോ മാത്രമായിരിക്കും മറ്റുള്ളവർ അറിയുന്നത്. അപ്പോ ഞാൻ ഈ രണ്ടാമത്തെ കൂട്ടത്തിൽ പെട്ട ആളാണ്.

എന്നാലും ഒന്നും നടപ്പാക്കാൻ പറ്റാത്ത ആളല്ല, ചിലത് നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാലും ഒരുപാട് ആശയങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഇതെല്ലാം എന്റെ വീട്ടുകാരും സുഹൃത്തുക്കളും ആയിരുന്നു പണ്ട് കേൾക്കാൻ ഉണ്ടായിരുന്നത്. അവരോട് പറയുമ്പോ ഒന്നല്ലെങ്കിൽ നിനക്ക് ഇതിപ്പോ എന്തിന്റെ കേടാണ് എന്നോ അല്ലെങ്കിൽ എന്തെങ്കിലും ഒന്നെങ്കിലും ചെയ്യുമോ എന്നായിരിക്കും അവരുടെ മറുപടി. അങ്ങനെ ഒരിക്കൽ എന്റെ മമ്മിയുടെ ചോദ്യം കേട്ട് വാശി കയറി ഞാൻ ഒരു ആശയം നടപ്പാക്കാൻ ഇറങ്ങി. ഓൺലൈൻ ആയിട്ട് ഗ്രീറ്റിംഗ് കാർഡ് അയക്കാൻ പറ്റുന്ന ഒരു പോർട്ടൽ ആയിരുന്നു അത്.

വെറുതെ ഗ്രീറ്റിങ് കാർഡ് അല്ല, അയക്കുന്ന ആൾക്ക് ഇഷ്ടമുള്ള ഫോട്ടോ ഒക്കെ വച്ചിട്ട് പ്രിന്റ് അടിച്ചു പഴയ രീതിയിൽ പോസ്റ്റൽ ആയിട്ട് ചെല്ലുന്ന ഒരു സംവിധാനം ആയിരുന്നു. 2015 ലെ കാര്യമാണ്, അന്ന് വനിതയിൽ ഒക്കെ വന്നു വാർത്തയായി സംഭവം ക്ലിക്ക് ആയെന്ന് കണ്ടപ്പോ ഞാൻ ജോലിയൊക്കെ രാജി വച്ചു സംരംഭകൻ ആകാനിറങ്ങി.

ബിടെക് എടുത്തതും അതിന് ഇലക്ട്രോണിക്സ് തന്നെ വേണമെന്ന് വാശി പിടിച്ചതും എല്ലാം ഈ ഒരു ആഗ്രഹത്തിന് വേണ്ടിയായിരുന്നു.

അങ്ങനെ ഇറങ്ങി ചെയ്ത ബിസിനസ് 8 നിലയിൽ പൊട്ടി. അപ്പോ മനസിലായി ആശയം വേറെ ബിസിനസ് വേറെ എന്ന്. പിന്നീട് എനിക്ക് ഒന്നും അറിയാൻ പാടില്ലായിരുന്ന ബിസിനസ് പഠിക്കാനും അങ്ങനെ പഠിച്ച കാര്യങ്ങൾ എഴുതിക്കൊണ്ട് ഒരു facebook പേജ് ആരംഭിക്കാനും കഴിഞ്ഞപ്പോ എനിക്ക് വേറെ കുറച്ചു ആളുകളെ കൂട്ടിന് കിട്ടി.

അവർ എന്നെപ്പോലെ തന്നെയുള്ള ആശയങ്ങളുടെ പിന്നാലെ പോകുന്നവർ ആയിരുന്നു. അവരോട് ഓരോ ആശയങ്ങൾ പറയാൻ തുടങ്ങിയപ്പോ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. അങ്ങോട്ട് ഒരെണ്ണം പറയുമ്പോ ഇങ്ങോട്ട് രണ്ടെണ്ണം കേൾക്കാം. അത് മാത്രമല്ല അത്തരം ചർച്ചകൾ എനിക്ക് ഒരുപാട് പ്രയോജനം ചെയ്യാനും തുടങ്ങി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പിന്തുണയും ആവേശവും. എന്റെ ബിസിനസ് ഒക്കെ വീണ്ടും ആരംഭിക്കാനും അത് വളർത്താനും എല്ലാം ഇത്തരം ചർച്ചകൾ ഒരുപാട് ഗുണം ചെയ്തു.

ശരിക്കും പറഞ്ഞാൽ ഇങ്ങനെ എന്നെപ്പോലെ ചിന്തിക്കുന്ന കുറച്ചു പേര് എന്റെ പവർ സോഴ്സ് ആയിട്ട് മാറിയിരുന്നു. അങ്ങനെ എഴുത്തും പഠനവും എല്ലാം ഏതാണ്ട് മൂന്നര കൊല്ലം പിന്നിട്ടപ്പോൾ ഇത്തരം ആളുകളെ കൂട്ടി ഒരു ഗ്രൂപ്പ്‌ ആരംഭിച്ചാലോ എന്നൊരു ആശയം ഉണ്ടായി.

അത് പ്രകാരം ഒരു പേര് ആലോചിച്ചപ്പോൾ കിട്ടിയത് Startup Garrage എന്നായിരുന്നു. ഗൂഗിൾ അടക്കം ലോക പ്രസിദ്ധമായ പല സംരംഭങ്ങളും പിറന്ന സ്ഥലം എന്നതിന് ഉപരിയായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവും അത് തന്നെ ആയിരിരുന്നു. വീട്ടിലെ വണ്ടി സൂക്ഷിക്കുന്നതിനോട് ഒപ്പം അതിന് വേണ്ട ടൂളുകളും കൂടാതെ വീട്ടിലെ എല്ലാ ടൂൾസ് സൂക്ഷിക്കുന്ന ഗാരേജ്.

നമ്മുടെ നാട്ടിൽ ഇല്ലെങ്കിലും വിദേശത്തു എല്ലാം ഉള്ളത് ഒരുപാട് സിനിമകളിലും, കുട്ടി ആയിരുന്നപ്പോൾ കാർട്ടൂൺകളിലും കണ്ട് അത്തരത്തിൽ ഒരെണ്ണം ഒരുപാട് ആഗ്രഹിച്ചിരുന്നു. വിദേശത്തു ഉള്ളവർ എന്തെങ്കിലും നിർമിക്കാൻ കയറുന്നത് തന്നെ അവരുടെ ഗാരേജിൽ ആയിരുന്നു.

അങ്ങനെ ആ പേരും അതിനോടൊപ്പം Kerala എന്നുകൂടെ ചേർത്ത് Kerala Startup Garage 2022 നവംബർ 9ന് രൂപമെടുത്തു.

ആശയങ്ങൾ ചർച്ച ചെയ്യാൻ ഒരിടം, അതായിരുന്നു ഒറ്റ വരിയിൽ KSG എന്ന ചുരുക്ക പേരിൽ പിന്നീട് അറിയപ്പെടാൻ തുടങ്ങിയ Kerala Startup Garage. എന്നാൽ ഈ ആശയം എന്തോ ആളുകൾക്ക് വല്ലാതെ ബോധിച്ചു. ആകെ 200 പേരെ പ്രതീക്ഷിച്ചു എന്റെ പേജിലൂടെ ഗ്രൂപ്പ്‌ പ്രഖ്യാപിച്ച അന്ന് തന്നെ 1200 പേരാണ് ഗ്രൂപ്പിലേക്ക് എത്തിയത്.

അന്ന് മുതൽ ഒരുപാട് ആശയങ്ങൾ ഗ്രൂപ്പിൽ വരാനും തുടങ്ങി, ആകെ മൊത്തത്തിൽ ഒരു ഓളമായിരുന്നു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ധാരാളം വിമർശനങ്ങളും വരാൻ തുടങ്ങി. ആശയം ഉള്ളവരിൽ രണ്ട് കൂട്ടർ ഉണ്ടെന്ന് പറഞ്ഞല്ലോ, അതിൽ ആദ്യത്തെ കൂട്ടത്തിൽ പെട്ടവർ നോക്കുമ്പോൾ കുറെ ചർച്ചകൾ മാത്രം നടക്കുന്നുണ്ട് ആരും ഒന്നും ചെയ്യുന്ന ലക്ഷണമില്ല. രണ്ടാമത്തെ കൂട്ടർക്ക് ഇത് തന്നെ ധാരാളമായിരുന്നു. തങ്ങളെപ്പോലെ ഉള്ളവരെയും അവരുടെ വ്യത്യസ്ത ആശയങ്ങളും തങ്ങളുടെ ആശയങ്ങൾക്ക് കിട്ടുന്ന അത്ഭുതാവാഹമായ പ്രതികരണങ്ങളും അവരുടെ മനസ്സ് നിറച്ചു.

എന്നിരുന്നാലും ഈ വിമർശനങ്ങൾക്ക് പരിഹാരം ഉണ്ടാക്കണം എന്ന ചിന്തയിൽ നിന്നും എനിക്ക് അടുത്ത ആശയം ലഭിച്ചു. KSG യെ ഒരു പ്ലാറ്റഫോം എന്ന രീതിയിൽ കാണുക, അതിൽ ആശയങ്ങൾ ചർച്ച ചെയ്യുമ്പോഴും, അറിവുകളും അനുഭവങ്ങളും പങ്ക് വയ്ക്കുമ്പോഴും നമ്മുടെ അതേ ചിന്താഗതി ഉള്ള ആളുകളെ പരിചയപ്പെടാൻ കഴിയുമല്ലോ.

അങ്ങനെ പരിചയപ്പെടുന്നവർ ഒരുമിച്ചു കൂടി വീണ്ടും ചർച്ചകൾ നടക്കുമ്പോൾ അതിൽ ചിലത് ഒരു സംരംഭമായി മാറാം. ഒരു ആശയം, അത് നടപ്പാക്കാൻ വേണ്ട അറിവുകളും ഒപ്പം കൂടാൻ ഒരെ മനസുള്ള ആളുകളും – ഒരു സംരംഭം ആരംഭിക്കാൻ ഏറ്റവും അടിസ്ഥാനമായി വേണ്ടത് ഈ മൂന്ന് കാര്യങ്ങളാണെന്നും ഇതിന് നിലവിൽ മറ്റൊരു പ്ലാറ്റഫോമും നിലവിൽ ഇല്ലെന്നും കണ്ടിട്ടാണ് ഈ രീതിയിലേക്ക് KSG യെ മാറ്റിയത്.

പ്രതീക്ഷിച്ച പോലെ ആ ആശയം വിജയിച്ചു, ഒരുപാട് സംരംഭങ്ങൾ പുതിയതായി രൂപമെടുക്കുക മാത്രമല്ല ഒരുപാട് പേർക്ക് ധാരാളം ബിസിനസ് ലഭിക്കുകയും ചെയ്തു. ഓൺലൈൻ കൂട്ടായ്മയാണ് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിമർശനങ്ങൾ ഉണ്ടായപ്പോൾ ഫേസ്ബുക്കിന്‌ പുറത്തേക്ക് ഇറങ്ങി 2024 ഫെബ്രുവരി നാലിന് കൊച്ചി ലുലു മാളിൽ വച്ചു ലോകത്തിലെ തന്നെ ആദ്യത്തെ virtual + reality meetup വഴി ഗ്രൂപ്പിലെ നൂറു കണക്കിന് സംരംഭക പ്രേമികൾ ഒത്തുകൂടി. അതിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് നിന്ന് വരെ ഉള്ളവർ ഉണ്ടായിരുന്നു.

പിന്നീട് ഓരോ ജില്ലകൾ കേന്ദ്രീകരിച്ചു Chapters എന്ന പേരിൽ ഉപവിഭാഗങ്ങൾ ആരംഭിക്കുകയും ഗ്രൂപ്പിൽ നിന്ന് തന്നെ ആക്റ്റീവ് ആയ ആളുകളെ അതിന്റെ നേതൃത്വം ഏൽപ്പിക്കുകയും ചെയ്തു. അത് കൂടാതെ ക്ലബ്ബുകൾ എന്ന പേരിൽ മറ്റൊരു വിഭാഗവും ആരംഭിച്ചു. ഫേസ്ബുക് ഗ്രൂപ്പിൽ ചർച്ചകൾ പൊടി പൊടിക്കുമ്പോൾ Chapters ഓരോ ജില്ല തിരിച്ചു മീറ്റിങ്ങുകൾ നടത്തി, ക്ലബ്ബുകൾ പ്രധാനമായും അറിവുകൾ പകരാൻ ക്ലാസുകൾ നടത്താൻ ഉള്ളവയും ആയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ചാപ്റ്റേഴ്സ് വളരെ വേഗത്തിൽ വ്യാപിച്ചു ഇന്ത്യയുടെ പുറത്തേക്ക് വരെ എത്തി.

KSG ഫേസ്ബുക് ഗ്രൂപ്പിൽ ഇപ്പോൾ 40000 അംഗങ്ങളും ചർച്ചകളും അതോടൊപ്പം ധാരാളം സംശയങ്ങളും പോസ്റ്റുകൾ ആയി വരുന്നുണ്ട്, അങ്ങനെയും ഒരുപാട് അറിവുകൾ അംഗങ്ങൾക്ക് ലഭിക്കുന്നു, അതുവഴി ഒരുപാട് സംരംഭങ്ങൾ രൂപമെടുക്കുന്നു.

നിലവിൽ Middle East, UAE എന്നിവിടങ്ങളിലും നമ്മുടെ ചാപ്റ്റേഴ്സ് നല്ല ആക്റ്റീവ് ആയി പോകുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം ഒന്ന് തന്നെ..

ആശയങ്ങൾ പങ്ക് വയ്ക്കുക, അറിവുകൾ പകരുക, കൂടുതൽ ആളുകളെ പരിചയപ്പെടാൻ അവസരങ്ങൾ ഒരുക്കുക..

ഇനി ആദ്യം പറഞ്ഞ കാര്യത്തിനുള്ള ഉത്തരം, അതായത് ചിലർക്ക് ഒരുപാട് ആശയങ്ങൾ ഉണ്ടെങ്കിലും അതൊന്നും എന്തുകൊണ്ട് പ്രാവർത്തികം ആക്കാൻ കഴിയുന്നില്ല എന്നത്.

ഇങ്ങനെ ദിവസവും ആശയം വരുന്നവരിൽ ഒരു വിഭാഗം ചിന്തിക്കാത്ത കുറച്ചു കാര്യങ്ങളുണ്ട്, അവർ ആശയവും അത് നടപ്പായാൽ സമൂഹത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളും മാത്രമേ ചിന്തിക്കുക ഉള്ളു. എന്നാൽ ഒരു ആശയം നടപ്പാകണം എന്നുണ്ടെങ്കിൽ അതിന് വേണ്ടിവരുന്ന ആൾബലം, മറ്റ് ചിലവുകൾ, ഈ ചിലവുകൾ എല്ലാം ഏതെങ്കിലും രീതിയിൽ തിരിച്ചു ലഭിക്കാനുള്ള വരുമാന മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ചൊന്നും ഇവർ ചിന്തിക്കാറില്ല.

ഇനി ചിന്തിച്ചാൽ മാത്രം പോരാ ഇത് നടപ്പാക്കിയാലും പോരാ, അതിൽ നിന്ന് വരുമാനം വന്ന് സ്ഥിരപ്പെടുക എന്നത് വലിയ ഒരു കടമ്പയാണ്. ചുരുക്കി പറഞ്ഞാൽ അതിന്റെ പിന്നിൽ ഒരു ബിസിനസ് മോഡൽ ഉണ്ടാവണം, അത് നടപ്പാക്കാൻ ഉള്ള അറിവും ഉണ്ടാവണം.

ഈ കാര്യങ്ങൾ എല്ലാം കണക്കിലെടുത്തു ഒരു ആശയത്തെ കുറിച്ച് ചിന്തിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ആ ആശയത്തിന് എത്ര വലിപ്പം ഉണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്നത്. ഈ തിരിച്ചറിവ് ഉണ്ടായാൽ ലോകം മാറ്റി മറിക്കുന്ന വലിയ ആശയങ്ങളെ മാറ്റി വച്ചിട്ട് തങ്ങളെക്കൊണ്ട് പറ്റാവുന്ന ആശയങ്ങൾ ഏതൊക്കെ എന്ന് മനസിലാക്കാൻ കഴിയും. അവിടെ നിന്ന് ചെയ്യുന്ന കാര്യങ്ങൾ പ്രവർത്തികമാക്കാനും കഴിയും. എന്ന് കരുതി വലിയ ആശയങ്ങൾ ചെയ്യാൻ കഴിയില്ല എന്നല്ല…

ഈ ചെറിയ ആശയങ്ങൾ നടപ്പാക്കി വരുമാനം വന്ന് തുടങ്ങുമ്പോൾ നമ്മൾക്ക് വലിയ ആശയങ്ങളിലേക്ക് കടക്കാൻ കഴിയും. കൂടെ നിൽക്കാൻ ആളുകളും ഉണ്ടാവും, അതിനു വേണ്ടി മുടക്കാൻ നമ്മുടെ കയ്യിൽ പണവും ഉണ്ടാവും.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.