Stories

എന്റെ തിരിച്ചു വരവിന്റെ കഥ

Pinterest LinkedIn Tumblr

2018 ജൂൺ മാസത്തിലെ ഒരു പ്രഭാതം, തലേ ദിവസം വരെ എനിക്ക് പറയാൻ ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നു. എനിക്ക് ഒരു കമ്പനി ഉണ്ടായിരുന്നു, മെയ്‌ 31 ന് അവിടെ നിന്ന് എനിക്ക് പടി ഇറങ്ങേണ്ടി വന്നു. ഇനി മുന്നോട്ട് എന്ത് ചെയ്യുമെന്ന് ചിന്തിച്ചാൽ കണ്ണിൽ ഇരുട്ട് കയറും.

എന്നെകൊണ്ട് ഇനി ഒന്നിനും പറ്റില്ല, എങ്ങനെ ജീവിക്കും എന്നറിയില്ല, കൂടെ പഠിച്ചവർ എല്ലാം നല്ല നിലയിൽ എത്തി, കാർ വാങ്ങുന്നു, വീട് വയ്ക്കുന്നു, വിവാഹം കഴിക്കുന്നു. ഞാനോ എങ്ങും എത്തിപ്പെടാതെ ഉള്ളതെല്ലാം കൊണ്ട് നശിപ്പിച്ചു വീട്ടിൽ ഇരിക്കുന്നു. കൂടുതൽ ചിന്തിക്കാൻ നിൽക്കാതെ മുന്നിലെ മേശയിലേക്ക് മുഖം കമഴ്ത്തി കിടക്കും.. അങ്ങനെ ദിവസങ്ങൾ.. ആഴ്ചകൾ..

എവിടെയാണ് എനിക്ക് പിഴച്ചത് എങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത് എന്ന് ചെറുപ്പം മുതൽ ഒന്ന് rewind ചെയ്തു ഞാൻ നോക്കാൻ ആരംഭിച്ചു…

ചെറുപ്പത്തിൽ എനിക്ക് ഒരൊറ്റ ഹോബി മാത്രേ ഉള്ളായിരുന്നു, സിനിമയിൽ ഒക്കെ എന്തെങ്കിലും gadgets കണ്ടാൽ അത് നിർമിക്കാൻ ശ്രമിക്കുക.. കയ്യിൽ ഉള്ള കളിപ്പാട്ടങ്ങൾ പൊളിച്ചും ആക്രി മുതൽ കയ്യിൽ കിട്ടുന്ന എന്തും ഉപയോഗിച്ച് ശ്രമിക്കുക.

അതും പ്രവർത്തിക്കുന്ന വസ്തുക്കളോടായിരുന്നു കൂടുതൽ താല്പര്യം. ആകെ എന്നേ ആരെങ്കിലും അഭിനന്ദിച്ചിരുന്ന ഒരേഒരു കാര്യവും അതായിരുന്നു. ചിലതൊക്കെ സ്കൂളിൽ കൊണ്ടുപോകും, കൂടെ പഠിക്കുന്നവരും നല്ല പിന്തുണ നൽകുമായിരുന്നു.

ഹൈസ്കൂൾ എത്തിയപ്പോഴും ഇതൊക്കെ തന്നെ എന്റെ പണി, അന്ന് ഞാൻ ശ്രദ്ധിച്ച കാര്യമാണ് എഞ്ചിനീയറിംഗ് പഠിക്കുന്നവർ എന്തെങ്കിലും ഒക്കെ കണ്ടുപിടിത്തം നടത്തി എന്നും പറഞ്ഞു പത്രത്തിൽ വാർത്ത കാണാം. എന്റെ വഴി അത് തന്നെ എന്നുറപ്പിച്ചു പ്ലസ് 2 കഴിഞ്ഞു എഞ്ചിനീയറിങ്ങിനു ചേർന്നു.

എന്നാൽ അവിടെയും കുറെ കാണാതെ പഠിത്തവും പരീക്ഷയും ബഹളവും അല്ലാതെ ഒരു ആശയവും എനിക്ക് കിട്ടിയില്ല. ആകെ ആശ്വാസം practical ലാബുകൾ മാത്രമായിരുന്നു.

കോളേജ് കഴിഞ്ഞു എല്ലാവരും ജോലി നോക്കി പോയപ്പോ ഞാൻ ഒരു നല്ല ആശയം വരുന്നതും നോക്കിയിരുന്നു. ആശയങ്ങൾക്ക് പഞ്ഞം ഒന്നുമില്ല പക്ഷേ അതൊക്കെ നിർമ്മിക്കാം എന്നല്ലാതെ എന്ത് ഉപയോഗം എന്ന് എനിക്കൊരു പിടിയുമില്ല.

ഏതാണ്ട് ഒന്നര വർഷം അങ്ങനെ ഞാൻ the perfect idea for me അന്വേഷിച്ചു നടന്നു. പിന്നെ ഒരു സുഹൃത്ത് വിളിച്ചപ്പോ അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ ഞാനും പോയി ജോലിക്ക് ചേർന്നു.

ആദ്യം web ഡിസൈനർ ആയിട്ട് തുടങ്ങി പിന്നീട് പെട്ടന്ന് തന്നെ .net programming പഠിച്ചു. അപ്പോൾ തന്നെ എനിക്ക് ഒരു ആശയം പൊട്ടിമുളച്ചു, എന്റെ അനുജത്തി അവളുടെ കൂട്ടുകാരിയുടെ ബർത്ത്ഡേയ്ക്ക് സ്വന്തമായി ഗ്രീറ്റിങ് കാർഡ് നിർമ്മിച്ചു കൊടുക്കുന്നു. വെറുതെ കടയിൽ പോയി വാങ്ങുന്നത് പോലെ അല്ലല്ലോ. ആ കാർഡിന്റെ പിന്നിൽ അവൾ ഇടുന്ന effort, അതിന്റെ value എത്രയോ വലുതാണ്.

ഈ concept ഓൺലൈൻ ആക്കിയാലോ എന്നതാണ് എന്റെ ആശയം. അയക്കുന്ന ആളിന് ഒരു വെബ്സൈറ്റ് വഴി ഗ്രീറ്റിംഗ് കാർഡ് ഡിസൈൻ ചെയ്യാൻ അവസരം, ഒരുമിച്ചു ഉള്ള ഫോട്ടോ ഒക്കെ അതിൽ ഉൾപ്പെടുത്താം, സ്വന്തം വാക്കുകൾ പ്രിന്റ് ചെയ്യാം അങ്ങനെ അങ്ങനെ.. (2014 ൽ ആണ് ഇത് സംഭവിക്കുന്നത് )

ഓഫീസിൽ കൂടെ ഉള്ളവരോട് പറഞ്ഞു, ആർക്കും വലിയ interest ഇല്ല, ഇതൊക്കെ ആരെങ്കിലും വാങ്ങുമോ എന്നതാണ് അവരുടെ സംശയം (ഈ പോയിന്റ് ഓർത്തു വയ്ക്കണം ).

എന്നതായാലും എനിക്ക് നഷ്ടപ്പെടാൻ ഒന്നുല്ല, കൂടി വന്ന domain എടുക്കുന്ന ഒരു 1000 രൂപ പോകും, രണ്ടും കല്പ്പിച്ചു ഞാൻ തുടങ്ങി. പരീക്ഷണങ്ങൾ ഒക്കെ വിജയിച്ചു വെബ്സൈറ്റ് ഒരുമാതിരി തീർന്നപ്പോൾ ആണ് ഞാൻ അറിയുന്നത് ഞാൻ ഇതുവരെ ചെയ്ത പ്രോഗ്രാം ഹോസ്റ്റ് ചെയ്യാൻ പതിനായിരം രൂപ വേണ്ടിവരും എന്ന്.

പിന്നെ ഒറ്റ വഴിയേ ഉള്ളു ചിലവ് കുറഞ്ഞ മറ്റൊരു പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കുക. അങ്ങനെ php എന്ന പ്രോഗ്രാം പഠിച്ചു പിറ്റേ ആഴ്ച മുതൽ വീണ്ടും വെബ്സൈറ്റ് നിർമ്മിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ വരുന്ന തടസങ്ങൾ ഒക്കെ 100 കണക്കിനാണ്.

പലതും കാണുമ്പോൾ ഇനി ഒന്നും നടക്കില്ല എന്ന് പല പ്രാവശ്യം ഉറപ്പിച്ചതാണ് പക്ഷേ ശ്രമിക്കുമ്പോൾ എന്തെങ്കിലും ഒക്കെ വഴികൾ തെളിഞ്ഞു വരും. ഇതിനിടയിൽ 3-4 പ്രാവശ്യം ഞാൻ website മുഴുവനായി പൊളിച്ചു പണിതു. കാരണം ഓരോ പ്രാവശ്യവും ചെയ്തു വരുമ്പോൾ പുതിയ ഐഡിയ കിട്ടും.

അങ്ങനെ ഏതാണ്ട് 2015 സെപ്റ്റംബർ ആയപ്പോൾ സംഭവം പ്രവർത്തിക്കാൻ തുടങ്ങി. പക്ഷേ വലിയ ഒരു അബദ്ധം ഞാൻ കാണിച്ചിരുന്നു. ഞാൻ ഒരു programmer ആണല്ലോ, വെബ്സൈറ്റ് പ്രോഗ്രാം ചെയ്ത് പ്രവർത്തിപ്പിക്കുക എന്ന എന്റെ ഒറ്റ ലക്ഷ്യത്തിന് ഇടയിൽ product ഉണ്ടാക്കാൻ മറന്നുപോയി.

അതായത് ഗ്രീറ്റിങ് കാർഡ് ഒരെണ്ണം പോലും ഉണ്ടാക്കി നോക്കിയിട്ടില്ല, അഥവാ ആരെങ്കിലും വാങ്ങുമോ എന്നുപോലും അറിയില്ല. എന്തായാലും ഇത്രയും കഷ്ടപ്പെട്ടത് അല്ലേ അത് കൂടി നോക്കാം എന്ന് കരുതി ഞാൻ തന്നെ ഫോട്ടോഷോപ്പ് വച്ചു കുറച്ചു കാർഡുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു.

കുറച്ചു നാളുകൾ കൊണ്ട് ഒരുവിധം കുഴപ്പം ഇല്ലാത്ത കാർഡ് ഡിസൈൻ ചെയ്യാൻ എനിക്ക് കഴിഞ്ഞു. അപ്പോൾ തന്നെ പലരിൽ നിന്നും ഓർഡറുകൾ എനിക്ക് ലഭിക്കാൻ തുടങ്ങി.

പക്ഷേ എനിക്ക് ഈ വെബ്സൈറ്റ് വഴിയാണ് ഇത് പ്രവർത്തിക്കേണ്ടി ഇരുന്നത്. അതിന് എന്ത് ചെയ്യും എന്നറിയാതെ ഇരിക്കുമ്പോൾ മനോരമയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഞാൻ പറഞ്ഞു.

ആ സുഹൃത്ത് അത് വനിത മാഗസിൻ വിഭാഗത്തിൽ അവതരിപ്പിക്കുകയും അവർ എന്നെ ഫോൺ വഴി ഇന്റർവ്യൂ ചെയ്തു ഫോട്ടോ ഒക്കെ അയച്ചു മേടിച്ചു. അങ്ങനെ 2015 ഡിസംബർ ലക്കം വനിതയിൽ എന്റെ ഈ സംരംഭത്തെ പറ്റി ചെറിയ ഒരു ലേഖനം വന്നു.

ഹൈസ്കൂൾ പഠിക്കുമ്പോൾ ഞാൻ കണ്ട സ്വപ്നം അവിടെ യാഥാർഥ്യമായി. ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു അത്.

അന്ന് തന്നെ എനിക്ക് ഒരു ഓർഡർ ലഭിച്ചു, ഏറെ സന്തോഷത്തോടെ ഞാൻ അത് പാർസൽ ആയി അയച്ചു, പിന്നെയും ഓർഡർ വരാൻ തുടങ്ങി, കൂടെ വെബ്സൈറ്റ്ന്റെ കുറെ പ്രശ്നങ്ങൾ എന്റെ കണ്ണിൽ പെട്ടു. അപ്പോൾ ഒരു ദിവസം എനിക്ക് പുതിയ product ഉണ്ടാക്കണം, ഓർഡർ വന്നാൽ പ്രിന്റ് എടുത്ത് അയക്കണം, വെബ്സൈറ്റ് പുതുക്കണം, ജോലിക്ക് പോകണം, നല്ല കഷ്ടപ്പാട് ഉണ്ടെങ്കിലും അതെല്ലാം ഞാൻ വല്ലാതെ ആസ്വദിച്ചിരുന്നു.

പക്ഷേ ഇതിനെ മുന്നോട്ട് എന്ത് ചെയ്യണം എന്നെനിക് അറിയില്ല, ഒരാളെ ജോലിക്ക് വച്ചാൽ കൊടുക്കാൻ ഉള്ള വരുമാനം ഇതിൽ ഇല്ല, 90 രൂപ ചിലവുള്ള കാർഡ് ഞാൻ 100 രൂപക്ക് ആയിരുന്നു വിറ്റിരുന്നത്.

പിന്നീട് അബദ്ധങ്ങൾ മനസിലാക്കി പല വലുപ്പത്തിൽ ഉള്ളതും ഒക്കെ അവതരിപ്പിച്ചു 200 രൂപ വരെ ചാർജ് ചെയ്യാൻ തുടങ്ങി. എന്നാലും 3 മാസം കഴിഞ്ഞപ്പോ വനിത effect തീർന്നു. ഓർഡർ ഒന്നും ലഭിക്കാതെ ആയി.

വീണ്ടും ഞാൻ എന്റെ സൈലന്റ് ജീവിതത്തിലേക്ക് മടങ്ങി. ഓഫീസിലെ ഒരു മൂലയിൽ ഇരുന്ന് ജോലി ചെയ്യുക വീട്ടിൽ പോകുക. ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട് എന്നുപോലും ആരും അറിയില്ല.

2016 – എന്റെ ജീവിതം മാറ്റി മറിച്ച വർഷം.

ഒതുങ്ങി കൂടി ജീവിച്ചിരുന്ന എന്നെ ഒന്നിലധികം incidents വലിച്ചു പുറത്തേക്ക് ഇട്ടു. എന്നെങ്കിലും ഒരു സംരംഭം എന്ന് ആഗ്രഹം മാത്രമായി നടന്ന എനിക്ക് ജോലി രാജി വച്ചു അതിന് വേണ്ടി ഇറങ്ങേണ്ടി വന്ന കുറെ സംഭവങ്ങൾ.

2017 – എനിക്ക് സ്വന്തമായി എന്തെങ്കിലും തുടങ്ങിയെ പറ്റു, അങ്ങനെ എറണാകുളത്തു ഒരു കമ്പനി തുടങ്ങിയാൽ എന്താണ് അവസ്ഥ എന്ന് അന്വേഷിക്കാൻ ഒരു സുഹൃത്തിന്റെ ചേട്ടന് മെസ്സേജ് അയച്ചു, അങ്ങേര് എന്നോട് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചോദിച്ചു. എനിക്ക് അറിയാവുന്ന പണി website design, പ്രോഗ്രാമിങ്, app development ഒക്കെയാണ് പിന്നെ makeyourcards എന്നൊരു website കൂടി ഉണ്ട്. അതും വേണേൽ അവിടെ ഒരു സ്മാരകം ആയിട്ട് ചില്ലിട്ടു വയ്ക്കാം എന്ന് ഞാൻ മറുപടി കൊടുത്തു.

അതിനു പുള്ളി പറഞ്ഞ മറുപടി എന്നേ ആകെ ഞെട്ടിച്ചു, പുള്ളിക്ക് അവിടെ ഓഫീസ് ചുമ്മാ കിടക്കുവാണ്, എന്റെ കൂടെ പുള്ളിയും പാർട്ണർ ആകാം എന്നതായിരുന്നു ആ മെസ്സേജ്.

എനിക്ക് ഭയങ്കര സന്തോഷമായി, കാരണം ഏതെങ്കിലും കാലത്ത് സംഭവിക്കും എന്ന് കരുതിയ ഒരു കാര്യം യാഥാർഥ്യം ആകാൻ പോകുകയാണ്. എനിക്ക് എങ്ങനെയെങ്കിലും ഒന്ന് ആരംഭിച്ചു കിട്ടിയാൽ മതിയെന്നെ ഉള്ളു. അതുകൊണ്ട് പുള്ളി എന്ത് പറഞ്ഞാലും എനിക്ക് സമ്മതം ആയിരുന്നു.

അങ്ങനെ 2017 ജൂലൈ 4 ന് കാക്കനാട് heavenly പ്ലാസയിൽ എന്റെ കമ്പനി പ്രവർത്തനം ആരംഭിച്ചു. ഒരാളെ പോലും സ്റ്റാഫ് വക്കാൻ ഉദ്ദേശം ഇല്ലാതിരുന്ന ഞാൻ 6 സ്റ്റാഫിനെയും പിന്നെ എന്റെ 2 സുഹൃത്തുക്കളെ working partners കൂടി ആക്കിയാണ് ആരംഭിക്കുന്നത് എന്നോർക്കണം.

എനിക്ക് കേട്ട് മാത്രം പരിചയമുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ആണ് അവിടെ ചെയ്യുന്ന സർവീസ് കൂടെ എനിക്ക് അറിയാവുന്ന പണികളും പിന്നെ makeyourcards പണി അറിയാവുന്ന ഡിസൈനർമാരെ വച്ചും ഒക്കെ ചെയ്യുന്നുണ്ട്. കൂടെ ജിം managenent ഒരു സോഫ്റ്റ്‌വെയറും.

പ്രവർത്തനം ആരംഭിച്ചു ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ എനിക്ക് ഒരു കാര്യം മനസിലായി, എന്തോ പ്രശ്നമുണ്ട്, ഇതൊന്നും അല്ല എനിക്ക് വേണ്ടത് അല്ലെങ്കിൽ ഇങ്ങനല്ല എനിക്ക് വേണ്ടത്. എന്നാൽ ഇതിനെ ഒന്ന് പ്ലാൻ ചെയ്യാൻ എനിക്ക് പറ്റുന്നില്ല.

ഞാൻ പാർട്ണറോട് പറഞ്ഞു എല്ലാം ഉത്തരവാദിത്തവും എനിക്ക് തരാതെ എന്നേ ഫ്രീ ആക്കിയാൽ എല്ലാം ഞാൻ ശരിയാക്കി തരാം.

പക്ഷേ എന്താണ് ഞാൻ ഉദ്ദേശിച്ചത് എന്നൊന്നും ആർക്കും മനസിലാകുന്നില്ലായിരുന്നു. ഓരോ പ്രാവശ്യവും ഈ കാര്യം ഞാൻ പറയുമ്പോൾ എന്റെ തലയിലേക്ക് ഓരോന്ന് കൂടെ അങ്ങേര് വച്ചു തന്നു.

അങ്ങനെ മൂന്നാം മാസത്തിൽ കമ്പനിയുടെ മുഴുവൻ ചുമതലയും എന്റെ തലയിലായി. ആ മാസത്തെ വരുമാനം വെറും 2000 രൂപയും ചിലവ് ലക്ഷത്തിനു മുകളിലുമാണ്. പേഴ്സ് തുറന്നാൽ എന്റെ കയ്യിൽ ഉള്ളത് 100 രൂപയും.

അവിടെ നിന്ന് ഞാൻ എന്തൊക്കയോ കാണിച്ചു, അടുത്ത മാസം 7000 രൂപ ലഭിച്ചു, അതിനടുത്ത മാസം 14, പിന്നെ 28, 56, 2018 മാർച്ച്‌ മാസത്തെ വരുമാനം 1.18 ലക്ഷം രൂപയിൽ എത്തി. എനിക്ക് ഭയങ്കര സന്തോഷമായി കമ്പനി പച്ച പിടിച്ചു എന്ന് ഞാൻ കരുതി.

പക്ഷേ അതിന്റെ അടുത്ത മാസം ഒരു ക്ലയന്റ് payment തന്നില്ല, വീണ്ടും കയ്യിൽ നിന്ന് കാശ് പോയി. May ആയപ്പോഴും അവർ payment തരുന്നില്ല. അവർ ഒരു ഗൾഫ് based കമ്പനിയാണ്, നമ്മൾ ഇവിടെ ചെയ്യുന്ന വർക്ക്‌ അവർ അവിടെ കൂടിയ വിലക്ക് വിൽക്കുന്നു. അതൊന്നും നമ്മൾക്ക് കുഴപ്പമില്ല. പക്ഷേ ചെയ്ത കാര്യത്തിന് പോലും പണം തരാതെ അവർ പ്രഷർ ചെയ്യാൻ തുടങ്ങി.

ഞാൻ പാർട്ണറോട് ചോദിച്ചു അവരെ ഒഴിവാക്കട്ടെ എന്ന്, പുള്ളി പറഞ്ഞു ഒന്നും നോക്കേണ്ട തരാൻ ഉള്ള തുക തന്നാൽ മാത്രമേ ഇനി വർക്ക്‌ ചെയ്യൂ എന്ന് മെയിൽ അയക്കാൻ.

അത് അയച്ചു, അവർ വീണ്ടും കുറെ നമ്പർ ഇട്ടു നോക്കി, ഒടുവിൽ അവർ പോയി.

കമ്പനിയുടെ വരുമാനത്തിന്റെ പകുതി അവർ നൽകുന്നത് ആയിരുന്നു. അവർ പോയതോടെ വീണ്ടും എന്ത് ചെയ്യും എന്ന അവസ്ഥയിൽ ആയി ഞാൻ. ഉറക്കമില്ല, ഒന്നും ആലോചിക്കാൻ പറ്റുന്നില്ല. എല്ലാ ദിവസവും വെളുപ്പിന് 3 മണി ആകുമ്പോൾ കണ്ണ് തുറക്കും. ഉള്ളിൽ ഒരു ആന്തലാണ്.

ഈ പാർട്ണർക്ക് വേറെ ബിസിനസ് ഉണ്ട്, ജോലി ഉണ്ട്, പുള്ളി പക്കാ സേഫ് ആണ്, എന്റെ അവസ്ഥ എനിക്ക് ഒരു നാരങ്ങ വെള്ളം കുടിക്കാൻ പോലും വീട്ടിൽ കാശ് ചോദിക്കേണ്ട അവസ്ഥയാണ്.

അങ്ങനെ ഇരിക്കെ എന്റെ പാർട്ണർ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. അയാൾ ഇതിൽ നിന്ന് പിൻവാങ്ങുകയാണ്. ഇതുവരെ അയാൾ മുടക്കിയ തുക മുഴുവൻ ഞാൻ തിരികെ കൊടുക്കണം എന്ന്.

ആദ്യം എനിക്ക് തോന്നി ഇത്രയും നാൾ ഇത് ഒറ്റക്കല്ലേ നടത്തിയേ, അയാൾ പോണേൽ പോട്ടെ. പക്ഷേ അതിന്റെ ഉള്ളിലെ ചില ട്രാപ്പുകൾ എങ്ങനെയോ എന്റെ കണ്ണിൽ പെട്ടു.

ഞാൻ ആ പണം നൽകാം എന്ന് എഗ്രിമെന്റ് സൈൻ ചെയ്താൽ ഉടനെ എന്നേ വിട്ടിട്ട് പോകാൻ കാത്തിരിക്കുന്ന ക്ലയന്റ്, main 2 സ്റ്റാഫ്‌, ലക്ഷങ്ങളുടെ ബാധ്യത എന്നിവയിൽ എന്റെ കണ്ണ് ഉടക്കിയപ്പോൾ അയാൾ പറഞ്ഞ രണ്ടാമത്തെ ഓപ്ഷൻ ഞാൻ തിരഞ്ഞെടുത്തു.

കമ്പനി പൂട്ടിയേക്കാം. പക്ഷേ അതിന് അയാൾ ഒരുക്കം അല്ലായിരുന്നു, കമ്പനി രണ്ടായി വിഭജിക്കാം എന്ന അയാളുടെ നിർദ്ദേശം എനിക്ക് സ്വീകരിക്കേണ്ടി വന്നു. എന്നാൽ എനിക്ക് അവകാശപ്പെട്ടത് എന്തൊക്കെ എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു മാനസിക അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെട്ടിരുന്നു.

2018 may 31

ആകെ അവിടെ നിന്ന് കിട്ടിയ 2 കമ്പ്യൂട്ടറും എടുത്ത് സ്റ്റാഫിനെ പോലും കാണാൻ നിൽക്കാതെ തോറ്റവനെ പോലെ തല കുനിച്ചു ഞാൻ അവിടെ നിന്ന് പടിയിറങ്ങി.

പുള്ളി പറഞ്ഞത് പോലെ ഞാൻ ഒരു മടിയൻ ആണോ, എന്നെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ലേ.. ഇങ്ങനെയുള്ള ചിന്തകൾ കൊണ്ട് എന്നെത്തന്നെ മൂടി മേശയിൽ ബോധം കെട്ട് ഞാൻ കിടന്നു…

ആ സമയത്ത് എന്റെ കസിൻ എനിക്ക് അയച്ചു തന്ന ഒരു ചിത്രം

ഇതാണ് ആദ്യത്തെ അധ്യായം. കഥ ഇനിയാണ് ആരംഭിക്കുന്നത്.

അതിനു ശേഷം എന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അത്ഭുതങ്ങൾ മാത്രമായിരുന്നു. ചെറുപ്പം മുതലേ ഉള്ള എന്റെ ചെറിയ നേട്ടങ്ങൾ ആലോചിച്ചു കൊണ്ടും മോട്ടിവേഷൻ വീഡിയോകൾ കണ്ടുകൊണ്ടും ഒരു തിരിച്ചു വരവിനു വേണ്ടി ഞാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. പക്ഷേ അവയൊക്കെ കുറച്ചു നേരത്തേക്ക് മാത്രമേ ആശ്വാസം തന്നിരുന്നുള്ളു.

ഭാവിയിലേക്ക് നോക്കുമ്പോൾ ഇനി എന്ത് ചെയ്തു ജീവിക്കും എന്നതായിരുന്നു എന്റെ പേടി. എന്ത് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചാലും അത് പരാജയപ്പെടുന്നതും വീണ്ടും നഷ്ടങ്ങൾ വരുന്നതും മാത്രമായിരുന്നു മനസിലേക്ക് വരുന്നത് മുഴുവൻ.

എന്റെ ഈ അവസ്ഥയിൽ നിന്ന് കര കയറാൻ സഹായിച്ചത് രണ്ട് കാര്യങ്ങളാണ്. അതിൽ ഒന്ന് വെറുതെ ഇരുന്ന സമയം കൂടുതൽ ഒന്നും ചിന്തിക്കാതെ ഇടവക പള്ളിയുടെ ഡയറക്ടറി ഒന്ന് ഓൺലൈൻ ആക്കിയാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നും അതിനായ് ഒരു ശ്രമം നടത്തി. അതിന് വേണ്ടി അഡോബ് xd എന്നൊരു സോഫ്റ്റ്‌വെയർ പഠിക്കുക കൂടി ചെയ്തു. അതിനു വേണ്ടി പണി എടുക്കുമ്പോൾ നെഗറ്റീവ് ചിന്തകൾ എന്നിൽ നിന്നും അകന്ന് നിന്നിരുന്നു.

വെറുതെ ഇരിക്കുമ്പോഴാണല്ലോ അത്തരം ചിന്തകൾ നമ്മുടെ മനസിനെ കീഴടക്കുന്നത്. എന്തായാലും ഞാൻ ഉണ്ടാക്കിയ ഒരു മാതൃക സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവർക്കും തുടർന്ന് പള്ളിയിൽ ചെന്ന് അവിടെ ഉള്ള അധികാരികളെ കാണിച്ചപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു.

എന്റെ ഭാഗ്യത്തിന് അപ്പോഴാണ് ഇടവകയുടെ മേൽനോട്ടത്തിനായി പുതിയ വികാരിയച്ഛൻ മാറി വരുന്നത്. അച്ഛന് അധികം പ്രായം ഇല്ലായിരുന്നു എന്നതും ടെക്നോളജി ഒക്കെ ഇഷ്ടം ആയിരുന്നു എന്നതും എനിക്ക് അനുകൂല ഘടകങ്ങളായി. അങ്ങനെ അച്ഛന്റെ പിന്തുണയോടെ സുഹൃത്തുക്കളെ കൂട്ടി ഒരിക്കൽ കൂടി ഒരു ശ്രമത്തിനായി ഇറങ്ങി. ഭാവിയിലേക്ക് കൂടുതൽ ചിന്തകൾ ഒന്നുമില്ലായിരുന്നു, ഈ ഒരു പ്രൊജക്റ്റ്‌ ചെയ്യണം അതിന് ശേഷം കമ്പനി പിരിച്ചു വിടും.

അങ്ങനെ 2018 നവംബർ 15 ന് അടുത്തുള്ള ടൗണിലെ ഏറ്റവും വാടക കുറഞ്ഞ ഒരു റൂമും വാടകയ്ക്ക് എടുത്ത് Infusions Global എന്ന് കമ്പനിക്ക് പേരുമിട്ട്, MyParishDiary എന്ന പോർട്ടലും ആപ്പും എല്ലാം ചേർന്ന പ്രൊജക്റ്റ്‌ ചെയ്യാൻ ആരംഭിച്ചു.

2019 ജനുവരി, അന്ന് ഞങ്ങളുടെ ഇടവക പള്ളിയിൽ വലിയ ഒരു പരിപാടി നടക്കുകയാണ്, ഇടവകയുടെ വാർഷിക ആഘോഷം. അതുവരെ നടത്തിയിട്ടില്ലാത്ത രീതിയിൽ ഒരുപാട് കലാപരിപാടികളും മറ്റുമായി വളരെ വലിയ ഒരു പ്രോഗ്രാം. ആ പ്രോഗ്രാമിൽ MyParishDiary യുടെ ഔപചാരിക ഉത്ഘാടനം ചെയ്യണം എന്നൊരു ആഗ്രഹം എനിക്ക് തോന്നി, വികാരി അച്ഛനോട് പറഞ്ഞപ്പോ, അച്ഛന് പൂർണ്ണ സമ്മതം. എന്നോട് പ്രസന്റേഷൻ ചെയ്യാനുള്ള സംഗതികൾ തയ്യാറാക്കിക്കൊള്ളാൻ പറഞ്ഞു.

പരിപാടി നടക്കുന്നതിന്റെ തലേ ദിവസമാണ് ഇത് സംഭവിക്കുന്നത്. ഏതാനും കുറച്ചു മണിക്കൂറുകൾക്ക് ഉള്ളിൽ വീഡിയോ, ബോർഡ് എന്നിവ തയ്യാറാക്കുക എന്നത് സാധിക്കുന്ന കാര്യമല്ല. പക്ഷേ അവിടെയും അത്ഭുതങ്ങൾ സംഭവിച്ചു, പെട്ടന്ന് തോന്നിയ ചില സൂത്രപ്പണികൾ വഴി വളരെ വേഗത്തിൽ അവയൊക്കെ തയ്യാറാക്കി നൽകാൻ എനിക്ക് കഴിഞ്ഞു.

പിറ്റേ ദിവസം പ്രോഗ്രാം കാണാൻ ഒരുപാട് പേര് വന്നിട്ടുണ്ടായിരുന്നു. ഏതാണ്ട് 4000 ആളുകൾ ഉള്ള വലിയ ഇടവക ദേവാലയമാണ് ഞങ്ങളുടേത്, വലിയ മൈതാനം നിറയെ ആളുകൾ.

എന്റെ പ്രൊജക്റ്റ്‌ സ്റ്റേജിൽ അവതരിപ്പിക്കുന്നത് നന്നായി കാണാൻ മൈതാനത്തിന് ഏറ്റവും പിന്നിലായി നിന്ന എന്നേ തേടി ഒരു വിളിയെത്തി.

വികാരി അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ ആയിരുന്നു, എന്നേ കണ്ട അച്ഛൻ പറഞ്ഞു അടുത്തത് നിന്റെ പ്രൊജക്റ്റ്‌ പ്രസന്റേഷൻ ആണ്, സ്റ്റേജിൽ കയറിക്കോളണം. മറുത്തൊന്നും പറയേണ്ട എന്ന് അച്ഛൻ ആംഗ്യവും കാണിച്ചിട്ട് പൊയ്ക്കോളാൻ പറഞ്ഞു.

അങ്ങനെ അത്രയും ആളുകളുടെ മുന്നിൽ എന്റെ പേര് മൈക്കിലൂടെ മുഴങ്ങി, യന്ത്രം കണക്കെ സ്റ്റേജിലേക്ക് ഞാനും കയറി, അതോടൊപ്പം എന്റെ ഉദ്യമങ്ങളെ പ്രശംസിച്ചു കൊണ്ടുള്ള വികാരി അച്ഛന്റെ ഏതാനും വാക്കുകളും.

വിഷിഷ്‌ഠ അതിഥിയായ എത്തിയ ശ്രീ മാണി പുതിയിടം അച്ഛന് ബോർഡ് നൽകിക്കൊണ്ട് പ്രൊജക്റ്റ്‌ ഉത്ഘാടനം നിർവഹിക്കാൻ അങ്ങനെ എനിക്ക് അവസരം ലഭിച്ചു.

ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച ആ പരിപാടിയിൽ നിന്നും ആത്മവിശ്വാസം എന്റെ ഉള്ളിലേക്ക് ഇരച്ചു കയറുന്നത് എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.

ഇനി എന്നേ സഹായിച്ച രണ്ടാമത്തെ കാര്യം, റോബർട്ട്‌ കിയോസാക്കി എന്നൊരാളുടെ കുറച്ചു വീഡിയോ കാണാൻ ഇടയായി, അതിൽ നിന്നെല്ലാം പഠിച്ച പാഠങ്ങൾ, പ്രിത്യേകിച്ചു multiple sources of income എന്ന വിഷയം ഒക്കെ എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി. ഒന്നിൽ ആശ്രയിക്കുമ്പോഴാണ് പരാജയങ്ങൾ ഉണ്ടാവുമ്പോൾ പ്രതിസന്ധികൾ ഉണ്ടാവാൻ കാരണമെന്നും, അറിയാവുന്ന പല വഴികൾ ശ്രമിക്കണം എന്നും അങ്ങനെ ഞാൻ പഠിച്ചു.

തുടർന്ന് ഞാൻ മനസിലാക്കിയ ഒരു വലിയ അറിവാണ്, എനിക്ക് പരാജയം ഉണ്ടാവാൻ കാരണം അറിവുകൾ ഇല്ലായിരുന്നു എന്നതാണ്, പ്രോഗ്രാമിങ് പഠിച്ചു എത്ര ലോജിക് കിട്ടി എന്ത് നിർമ്മിക്കാൻ കഴിഞ്ഞു എന്നിരുന്നാലും അതിനെ ഒരു സംരംഭം ആക്കി മാറ്റാൻ ബിസിനസ് പഠിക്കണം. പിന്നീട് പഠിക്കാൻ ഉള്ള ഒരു ത്വര ആയിരുന്നു എന്നിൽ മുഴുവൻ.

Multiple ഇൻകം സോഴ്സിൽ നിന്നും inspired ആയി സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് വർക്കുകളും, makeyourcards ന്റെ ഓർഡറുകളും MyParishDiary പ്രോജെക്ടിനു ഒപ്പം കൊണ്ടുപോയിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത അത്ഭുതം സംഭവിക്കുന്നത്, യാദൃശ്ചികമായി സംരംഭകൻ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ makeyourcards എന്ന ecommerce സ്റ്റോർ ആരംഭിച്ച കഥ എഴുതി ഇടുകയും അതിന് ധാരാളം പ്രതികരണങ്ങളും അഭിനന്ദനങ്ങളും വന്നതിനെ തുടർന്ന്, എന്റെ കൂടുതൽ അനുഭവങ്ങൾ പഠിച്ച കാര്യങ്ങൾ ഒക്കെ പങ്ക് വച്ചുകൊണ്ട് എന്റെ സ്വന്തം പേരിൽ ഒരു പേജ് ആരംഭിക്കുകയും ചെയ്തു.

അന്നത്തെ ചില എഴുത്തുകളും പ്രതികരണങ്ങളും

പേജിന്റെ വളർച്ചയോടൊപ്പം ഒരുപാട് ആളുകളെ പരിചയപ്പെടാനും അതുവഴി കൂടുതൽ അറിവുകൾ നേടാനും എനിക്ക് കഴിഞ്ഞു.

ഇതേ സമയം Makeyourcards ന്റെ ഒരു പ്രോഡക്റ്റ് ശ്രദ്ധയിൽ പെട്ടിട്ട് ഒരാൾ എന്നേ ബന്ധപ്പെടുക ഉണ്ടായി, എന്റെ ഒരു സുഹൃത്തിന്റെ ബന്ധുവാണ്, അദ്ദേഹം കാനഡയിൽ ജോലി ചെയ്യുന്നതിനോട് ഒപ്പം അത്യാവശ്യം ഡിസൈൻ വർക്കുകൾ പിടിച്ചു ചെയ്യാറുണ്ട് അത്തരം വർക്കുകൾ ഏൽപ്പിച്ചാൽ ചെയ്ത് കൊടുക്കാമോ എന്നൊരു ഓഫർ ആയിരുന്നു അത്.

ചെറിയ രീതിയിൽ ആണെങ്കിലും അതിനും ഒരു ടീമിനെ ഏർപ്പാടാക്കി അത്തരം വർക്കുകളും പിന്നീട് ചെയ്തു പോന്നു. അതിനെ 2024 ൽ Mirabel Designs എന്ന പേരിൽ മറ്റൊരു ബ്രാൻഡ് ആക്കി മാറ്റുക ഉണ്ടായി. പ്രയാസമേറിയ ഡിസൈൻ വർക്കുകൾ ചെയ്യുക, ഏത് ഡിസൈൻ കാണിച്ചു തന്നാലും അതിനെ കോപ്പി ചെയ്യുക തുടങ്ങിയ സർവീസുകളാണ് അതിന്റെ സവിശേഷത.

2020 ൽ Infusions Global ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി രജിസ്റ്റർ ചെയ്യപ്പെടുകയും തുടർന്ന് ആ വർഷം തന്നെ ഏറെ നാളത്തെ ശ്രമത്തിന് ഒടുവിൽ കൊച്ചി ഇൻഫോപാർക്കിൽ ഇന്ക്യൂബഷൻ ലഭിക്കുകയും ചെയ്തു.

എന്റെ പേജിൽ ഉള്ള എഴുത്തുകൾ വഴി കണ്ട ആളുകളിൽ നിന്നും മനസിലാക്കിയ ഒരു കാര്യമാണ്, നമ്മുടെ നാട്ടിൽ ബിസിനസ് ചെയ്യാൻ ഒന്നെങ്കിൽ ഒരു ഗോഡ്ഫാദർ ഉണ്ടായിരിക്കണം അല്ലെങ്കിൽ ജന്മനാ അതിന്റെ അഭിരുചി ഉണ്ടാവണം. ഇത് രണ്ടും ഇല്ലാത്തവർക്ക് ധന നഷ്ടം മാനഹാനി എന്നിവ ഉറപ്പാണ്. സംശയങ്ങൾ ചോദിക്കാനും പഠിക്കാനും ഉള്ളിൽ ഉള്ള ആശയങ്ങൾ പങ്ക് വയ്ക്കാനും ഒരു വേദിയുമില്ല.

ഇതിന് എന്റെ കയ്യിൽ സൊല്യൂഷൻ ഒന്നും ഉണ്ടായിരുന്നില്ല, എന്നാലും ആശയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി ഒരു ചെറിയ ഗ്രൂപ്പ്‌ ആരംഭിക്കണം എന്ന ഉദ്ദേശത്തിൽ 2022 നവംബർ മാസത്തിൽ Kerala Startup Garage എന്ന പേരിൽ ഒരു ഗ്രൂപ്പ്‌ ആരംഭിക്കുക ഉണ്ടായി. തുടർന്ന് എന്റെ പേജിൽ പങ്ക് വച്ച പോസ്റ്റ്‌ വഴി അന്നേ ദിവസം തന്നെ 1200 പേരോളം ഗ്രൂപ്പിൽ അംഗങ്ങളായി എത്തുക ഉണ്ടായി.

സാധാരണ ബിസിനസ് ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്തമായി പരസ്യങ്ങൾ ഒഴിവാക്കി ആശയങ്ങൾ ചർച്ച ചെയ്യുന്ന KSG എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗ്രൂപ്പിനെ ആളുകൾക്ക് ഒരുപാട് ഇഷ്ടമായി, ഗ്രൂപ്പിലേക്ക് ഓരോ ദിവസവും ആളുകൾ വന്നുകൊണ്ടേ ഇരുന്നു. അങ്ങനെ ആശയങ്ങൾ ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനും എല്ലാം ഉള്ള ഒരു വേദിയായി KSG വളർന്നു. അതുവഴി ധാരാളം സംരംഭങ്ങൾ രൂപമെടുക്കുകയും ചെയ്യുന്നു.

KSG Facebook ഗ്രൂപ്പിന് പുറത്തേക്ക് ഇറങ്ങി ആദ്യത്തെ മീറ്റപ്പ് നടത്തിയപ്പോൾ

തുടർന്ന് എല്ലാ ജില്ലകളിലും ഗ്രൂപ്പുകൾ കമ്മിറ്റികൾ എന്നിവ ആരംഭിക്കുകയും ഫേസ്ബുക്കിന്‌ പുറത്തായി ധാരാളം പരിപാടികൾ സംഘടിപ്പിക്കുകയും ഉണ്ടായി. എന്റെ പേജ് വഴിയും ഗ്രൂപ്പ്‌ വഴിയും പരിചയപ്പെട്ടവരെ ഒപ്പം കൂട്ടിയാണ് ഇത്തരത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. തുടർന്ന് 2024 ൽ KSG യെ KSG Foundation എന്ന പേരിൽ ഒരു NGO ആയി രജിസ്റ്റർ ചെയ്യുക ഉണ്ടായി.

എന്റെ പരാജയങ്ങളും അറിവിന്‌ വേണ്ടിയുള്ള അലച്ചിലുകളും ഒരു സ്റ്റാർട്ട്പ്പ് പ്രൊജക്റ്റ്‌ വേണമെന്നുള്ള ആഗ്രഹവും അന്വേഷണവും എന്നേ കൊണ്ട് എത്തിച്ചത് Flight Experience എന്ന പ്രോജെക്ടിലാണ്.

2024 ൽ തന്നെ വീണ്ടും ഡിജിറ്റൽ മാർക്കറ്റിംഗ് ആരംഭിച്ചു കൂടാ എന്ന ചിന്തയിൽ നിന്നും DNA അഥവാ Digital Narrative Ads എന്ന പേരിൽ അതിനും തുടക്കം കുറിക്കുക ഉണ്ടായി.

കോളേജിന് ശേഷം ഒരു ജോലി വേണ്ട, എന്റെ ജീവിത ലക്ഷ്യം എന്താണെന്ന് കണ്ടെത്തണം, 9-5 വരെ ഒരു ജോലിയുമായി ഇരിക്കുക എന്നതിനപ്പുറം എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന ചിന്തകളുടെയും അന്വേഷണങ്ങളുടെയും അവസാനം ഞാൻ എത്തി നിൽക്കുന്നത് ഇവിടെയാണ്. ഇതാണ് ഞാൻ എത്തി ചെരേണ്ടിയിരുന്ന ഇടമെന്ന് ഞാൻ വിശ്വസിക്കുന്നു, അല്ലെങ്കിൽ ഇവിടെ എത്തിയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു.

KSG ൽ വന്നതിനു ശേഷം സ്റ്റാർട്ട്പ്പ് ആയി മാറിയ ക്ലിയോമെഡിന്റെ പ്രോഡക്റ്റ് ഉത്ഘാടനം ചെയ്യാൻ അവസരം ലഭിച്ചു

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.