Beginners

ആദ്യത്തെ 10 കസ്റ്റമറെ എങ്ങനെ കണ്ടെത്താം ?

Pinterest LinkedIn Tumblr

2014 ൽ Makeyourcards ആരംഭിക്കുമ്പോൾ website എല്ലാം കോഡ് ചെയ്ത് കഴിഞ്ഞാണ് അതിൽ വിൽക്കാനുള്ള എന്റെ പ്രോഡക്റ്റ് എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നത്.

കസ്റ്റമർ തരുന്ന ഫോട്ടോ കൂടി ചേർന്ന് പ്രിന്റ് അടിച്ച ഗ്രീറ്റിങ് കാർഡ് ആയിരുന്നു എന്റെ പ്രോഡക്റ്റ്. എന്നാൽ അത്തരത്തിൽ ഒരു കാർഡ് എനിക്ക് ഡിസൈൻ ചെയ്യാൻ കഴിയുമോ എന്നോ, ഇനി അങ്ങനെ ചെയ്താൽ തന്നെ അത് പ്രിന്റ് എടുത്ത് കഴിയുമ്പോൾ എങ്ങനെ ഉണ്ടാവും എന്നോ..

ഇനി അഥവാ ഇതെല്ലാം നടന്നാൽ തന്നെ ഇങ്ങനെ ഒരു ഐറ്റം ആരെങ്കിലും വാങ്ങിക്കാൻ തയ്യാറാകുമോ, തയ്യാറായാൽ എത്ര രൂപ വരെ ഇതിനു വേണ്ടി മുടക്കും, ആ തുക കൊണ്ട് എനിക്ക് ലാഭം ലഭിക്കുമോ..

തുടങ്ങിയ ഒരു ചിന്തയും എന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ല. ഒരു ഐഡിയ തോന്നി അന്ന് മുതൽ വെബ്സൈറ്റ് ഉണ്ടാക്കാൻ ആരംഭിച്ചു. അതിന്റെ പണി കഴിഞ്ഞപ്പോ പ്രോഡക്റ്റ് ഇല്ലല്ലോ എന്ന് തോന്നി.

പിന്നെ കഷ്ടപ്പെട്ട് ഒരു ഡിസൈൻ ഉണ്ടാക്കി പ്രിന്റ് അടിച്ചു കാർഡ് ഉണ്ടാക്കി നോക്കി. ഇങ്ങനെ ഒരു ഐഡിയ പറഞ്ഞപ്പോ നിരുത്സാഹാപ്പെടുത്തിയ ഒപ്പം ജോലി ചെയ്യുന്ന കൂട്ടുകാർ എല്ലാം ആ പ്രിന്റ് അടിച്ച കാർഡ് കണ്ടപ്പോൾ കൊള്ളാം എന്ന് പറഞ്ഞു.

ഒരു സുഹൃത്ത് ഒരു കാർഡിന് ഓർഡർ തരികയും ചെയ്തു. ഇത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി, തുടർന്ന് കൂടുതൽ കാർഡുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു.

അങ്ങനെ പരിചയത്തിന്റെ പുറത്ത് കുറച്ചു കാർഡുകൾ വിറ്റ് പോയി എന്നല്ലാതെ വെബ്സൈറ്റ് കൊണ്ട് യാതൊരു അത്ഭുതവും സംഭവിച്ചില്ല. കാരണം വെബ്സൈറ്റ് എങ്ങനെയോ പൂർത്തിയാക്കി എന്നല്ലാതെ അതൊന്ന് പ്രവർത്തിപ്പിച്ചു നോക്കാൻ പോലും എനിക്ക് ധൈര്യം ഇല്ലായിരുന്നു.

തുടർന്ന് 2015 ൽ വെബ്സൈറ്റ് എങ്ങനെ മികച്ച രീതിയിൽ നിർമ്മിക്കാം എന്ന് കുറേകൂടി അറിവുകൾ ലഭിച്ചപ്പോൾ ഒന്നുകൂടി ആദ്യം മുതൽ പൊളിച്ചു അടുക്കാം എന്ന് തോന്നി.

അങ്ങനെ വീണ്ടും നിർമ്മിച്ച വെബ്സൈറ്റ് കാണാനും ഉപയോഗിക്കാനും ഒക്കെ മികച്ചത് ആയിരുന്നു. അതിന്റെ എല്ലാ ഭാഗങ്ങളും ടെസ്റ്റ്‌ ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷമാണ് എങ്ങനെ വെബ്സൈറ്റ് വഴി കാർഡുകൾ വിറ്റു പോകും എന്ന് ആലോചിച്ചത്.

പക്ഷേ അപ്പോഴേക്കും എന്റെ സുഹൃത്തിന്റെ അനിയൻ പഠിക്കുന്ന കോളേജിൽ നിന്ന് അവൻ കുറെ ഓർഡർ പിടിച്ചു തരുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും വെബ്സൈറ്റ് വഴി ആയിരുന്നില്ല.

അങ്ങനെയാണ് വനിതാ മാഗസിൻകാരോട് ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് പറയാൻ അവസരം ലഭിച്ചതും അവർ വാർത്ത ആക്കിയതും ഒരുപാട് sales ലഭിച്ചതും.

പക്ഷേ 2-3 മാസങ്ങൾക്ക് ശേഷം വീണ്ടും ഓർഡർ ലഭിക്കാത്ത അവസ്ഥ ഉണ്ടായി. അത് പിന്നീട് സ്വന്തമായി Digital Marketing, Software development ചെയ്യുന്ന സ്ഥാപനം തുടങ്ങിയപ്പോൾ പരിഹരിക്കാൻ കഴിഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്തപ്പോൾ ഓർഡർ നല്ല രീതിയിൽ വരാൻ തുടങ്ങി.

പക്ഷേ ഇത് ഇങ്ങനെ ആയിരുന്നില്ല ചെയ്യേണ്ടി ഇരുന്നത്. ആദ്യം തന്നെ വെബ്സൈറ്റ് ഉണ്ടാക്കാൻ പോകാതെ പ്രോഡക്റ്റ് ഉണ്ടാക്കി നോക്കാമായിരുന്നു.

ഇവിടെ എനിക്ക് ദൈവാനുഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ആദ്യമായ് ചെയ്ത പ്രോഡക്റ്റ് തന്നെ ആളുകൾക്ക് ഇഷ്ടപ്പെട്ടു, ഓർഡർ ലഭിച്ചു. അങ്ങനെ സംഭവിച്ചില്ലാരുന്നു എങ്കിൽ എന്റെ അത്രയും അധ്വാനം പാഴായി പോയേനെ. ഒരുപക്ഷെ വെബ്സൈറ്റ് മറ്റൊരാൾ ആയിരുന്നു ചെയ്യുന്നത് എങ്കിൽ, അതിനുള്ള പണവും നഷ്ടപ്പെട്ടേനെ.

നമ്മുടെ മനസ്സിൽ ഉള്ള പ്രോഡക്റ്റ് ആളുകൾക്ക് ഇഷ്ടപ്പെടണം, വാങ്ങണം എന്നൊന്നും ഒരു നിർബന്ധവുമില്ല. അപ്പോൾ ചെയ്യേണ്ട കാര്യം എന്നത്,

പ്രോഡക്റ്റ് മാർക്കറ്റിൽ നമ്മൾ തന്നെ കൊണ്ടുപോയി ടെസ്റ്റ്‌ ചെയ്ത് നോക്കണം. അതിന് ആരാണ് നമ്മുടെ ideal കസ്റ്റമർ എന്ന് കണ്ടെത്തണം.

എന്റെ കാര്യത്തിൽ അത് ഏകദേശം 20 – 30 വയസിനു താഴെ ഉള്ള യുവാക്കൾ ആയിരുന്നു, അതിൽ തന്നെ പെൺകുട്ടികൾ ആയിരുന്നു കൂടുതൽ ഓർഡർ ചെയ്തിരുന്നത്. 100 – 200 രൂപ വരെ മുടക്കി കൂട്ടുകാർക്ക് സമ്മാനം വാങ്ങിക്കാൻ ശേഷിയുള്ള ആളുകളെ കണ്ടെത്തി,

അവരെ പ്രോഡക്റ്റ് കാണിക്കുക എന്നതാണ് ആദ്യത്തെ ചുവട്. ആദ്യം കണ്ടവർ ഒന്നും വാങ്ങുന്നില്ല എന്നുണ്ടെങ്കിൽ കൂടുതൽ പേരെ കാണിച്ചു നോക്കുക, എന്നിട്ടും തണുത്ത പ്രതികരണം ആണെങ്കിൽ പ്രോഡക്റ്റ് പോരാ എന്നാണ്.

പക്ഷേ ഇത്തരത്തിൽ നമ്മൾ തന്നെ ഇറങ്ങുമ്പോൾ, കസ്റ്റമേഴ്സ് ആയിട്ട് ഇടപഴകുമ്പോൾ നമ്മൾക്ക് തന്നെ ഒരു ഐഡിയ ലഭിക്കും, എന്താണ് നമ്മുടെ പ്രോഡക്റ്റിൽ കുറവ് ആയിട്ടുള്ളത്, അല്ലെങ്കിൽ എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന്.

അത്തരത്തിൽ മാറ്റങ്ങൾ വരുത്തി വീണ്ടും ശ്രമിക്കുക, ഇങ്ങനെ വില്പന നടക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിനു ശേഷമാണ് ഒരു വെബ്സൈറ്റ് അഥവാ ecommerce ഒക്കെ വേണ്ടി വരുന്നത്.

മാർക്കറ്റ് സ്റ്റഡി എന്ന് പറയുന്ന ഈ സംഭവം ചെയ്ത് നോക്കുമ്പോൾ മാത്രമേ നമ്മുടെ ഐഡിയ എത്രത്തോളം valid ആണെന്ന് നമ്മൾക്ക് കണ്ടെത്താൻ സാധിക്കു.

എത്ര വർഷം കഴിഞ്ഞാലും നമ്മൾ ഇതേ മാതൃക തന്നെയാണ് പിന്തുടരേണ്ടത്. 2 ആഴ്ച മുന്നേ എന്റെ കമ്പനി ഒരു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും Software development service ആരംഭിക്കുക ആണെന്ന് പോസ്റ്റ്‌ ഇട്ടിരുന്നു.

ഇത്രയും വർഷത്തെ എക്സ്പീരിയൻസ് ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ ആദ്യത്തെ 10 കസ്റ്റമറെ കണ്ടെത്തുക എന്നതാണ് പ്ലാൻ. അതിന് വേണ്ടി ശ്രമിക്കുമ്പോൾ നമ്മൾക്ക് വേണ്ട മാറ്റങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.

എന്ത് പ്രോഡക്റ്റ് ആണെങ്കിലും അത് വാങ്ങുന്ന കസ്റ്റമർ എങ്ങനെയുള്ള ആളാണെന്നു define ചെയ്യുക. ഏത് പ്രായത്തിൽ ഉള്ള എന്ത് തരത്തിൽ ജീവിക്കുന്ന എത്ര വരുമാനം ഉള്ള ആൾ ആയിരിക്കണം തുടങ്ങിയ കാര്യങ്ങൾ.

തുടർന്ന് അത്തരത്തിൽ ഉള്ള ഒരു 15 പേരെ നമ്മൾ അന്വേഷിച്ചു കണ്ടെത്തുക, അവരിലേക്ക് എങ്ങനെ എത്തും എന്നതിന് നമ്മുടെ ലോജിക് ഉപയോഗിക്കുക. തുടർന്ന് അവരിലേക്ക് നമ്മുടെ പ്രോഡക്റ്റ് വെറുതെ പരിചയപ്പെടുത്തി ഫീഡ്ബാക്ക് എടുക്കുക.

ഞാൻ ആണെങ്കിൽ ഈ കാര്യം തന്നെ തുറന്ന് പറയുകയാണ് പതിവ്, അതായത് ഇത്തരത്തിൽ ഉള്ള ഒരു പ്രോഡക്റ്റ് നിങ്ങളെ പോലെ ഉള്ള ആളുകളെ ഉദ്ദേശിച്ചു ഇറക്കാൻ പോകുകയാണ്, ഇതൊന്ന് നോക്കിയിട്ട് അഭിപ്രായം പറയുമോ എന്ന് ചോദിക്കും.

ചിലർ നോക്കി വാങ്ങാൻ തയ്യാറാകും, ചിലർ എന്തുകൊണ്ട് വാങ്ങുന്നില്ല തുടങ്ങിയ കാര്യങ്ങളും പറഞ്ഞു തരും.

ഇത്തരത്തിൽ 10 കസ്റ്റമറെ കണ്ടെത്താൻ കഴിഞ്ഞാൽ, അതിന് ശേഷം കൂടുതൽ പേരിലേക്ക് എത്താനുള്ള വഴികൾ ചെയ്താൽ ഒരു സംരംഭം ചെറുതായ് പ്രവർത്തിച്ചു തുടങ്ങും.

പിന്നീട് ഉള്ള എല്ലാ മാർക്കറ്റിംഗ് തന്ത്രങ്ങളിലും നമ്മൾക്ക് അതുവരെ ലഭിച്ച കസ്റ്റമറുടെ എണ്ണവും മറ്റും ഉൾപ്പെടുത്താനും കഴിയും.

പിന്നെ മറ്റൊന്ന് കൂടിയുണ്ട്, ഇത്തരത്തിൽ പോകുമ്പോൾ നമ്മുടെ പ്രോഡക്റ്റ് മാർക്കറ്റിൽ ഉള്ളവർക്ക് വേണ്ടി തേച്ചു മിനുക്കിയ ഒന്നായിരിക്കും. അതിന് ആവശ്യക്കാർ എന്തായാലും ഉണ്ടാവും.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.