eCommerce

ഞാൻ eCommerce Store തുടങ്ങിയ കഥ; എന്റെ ആദ്യത്തെ സ്റ്റാർട്ട്പ്പ്

Pinterest LinkedIn Tumblr

കോളേജ് കഴിഞ്ഞു ഒന്നര വർഷം ശ്രമിച്ചിട്ടും എന്തുകൊണ്ട് എനിക്ക് ഒരു ആശയവും ലഭിച്ചില്ല എന്നതിന് പിന്നീടുള്ള മൂന്ന് മാസങ്ങൾ കൊണ്ട് ഉത്തരം ലഭിക്കുക ഉണ്ടായി.

കയ്യിൽ കിട്ടുന്ന വസ്തുക്കൾ വച്ചു എന്തെങ്കിലും നിർമ്മിക്കുക എന്നതിൽ കവിഞ്ഞു പ്രൊഫഷണൽ ആയി ഒന്നും പഠിക്കാൻ ശ്രമിച്ചില്ല എന്നതായിരുന്നു അതിന്റെ പിന്നിലെ പ്രധാന കാരണം.

2013 ഡിസംബറിൽ ആണ് ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലിക്ക് കയറുന്നത്. പ്ലസ് ടുവിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് വളരെ ആസ്വദിച്ചു ചെയ്തത് ആണെങ്കിലും ജോലിക്ക് കയറിയപ്പോൾ അതിനോട് എന്തോ ഒരു വിരക്തി ആയിരുന്നു.

പ്രോഗ്രാമർ ആയാൽ എപ്പോഴും കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കണ്ടേ, അതുകൊണ്ട് ഒരു സംരംഭം തുടങ്ങിയാലും സോഫ്റ്റ്‌വെയർ ആയിട്ട് വേണ്ട ഒരു വസ്തു ആയി ബന്ധം ഉള്ളത് തന്നെ വേണമെന്നായിരുന്നു ഉള്ളിന്റെ ഉള്ളിൽ.

എന്നാലും മൂന്ന് മാസങ്ങൾ കൊണ്ട് പ്രോഗ്രാമിങ്ങും പഠിച്ചെടുക്കാൻ കഴിഞ്ഞപ്പോ ഒരു ആവേശം ഒക്കെ തോന്നി, ഇനി അത് വച്ചു എന്തെങ്കിലും ചെയ്യാൻ പറ്റുമല്ലോ എന്നൊക്കെ ആലോചിച്ചു നടക്കുമ്പോൾ ആണ് ഞാൻ ഒരു കാഴ്ച്ച കാണുന്നത്. എന്റെ അനുജത്തി അവളുടെ കൂട്ടുകാരിയുടെ പിറന്നാളിന് സമ്മാനം കൊടുക്കാൻ സ്വന്തമായി കാർഡ് ഉണ്ടാക്കുകയാണ്.

ബുക്കിൽ നിന്ന് പേപ്പർ കീറിയുള്ള ഈ പരിപാടി ഞാൻ അതിന് മുൻപും കണ്ടിട്ടുണ്ട്, അന്നൊക്കെ ഇവൾക്കിത് എന്തിന്റെ സൂക്കേടാണ് എന്നൊക്കെയാണ് വിചാരിച്ചിട്ടുള്ളത്. പക്ഷെ ഇത്തവണ എന്തോ എന്റെ ഉള്ളിൽ കത്തി. വെറുതെ കടയിൽ പോയി വാങ്ങി കൊടുക്കുന്ന സമ്മാനത്തേക്കാൾ വിലയില്ലേ ഇങ്ങനെ ഇത്തിരി കഷ്ടപ്പെട്ട് ഉണ്ടാക്കി കൊടുക്കുമ്പോൾ.

അങ്ങനെ എങ്കിൽ അതുപോലെ ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയാലോ. ഫോട്ടോ വച്ചു കാർഡ് ഡിസൈൻ ചെയ്യാൻ കൂടി പറ്റിയാൽ നല്ലതല്ലേ. നേരെ ലാപ്ടോപ് എടുത്ത് സംഗതി നടക്കുമോ എന്ന് ഞാൻ പരീക്ഷിച്ചു നോക്കി. പ്രോഗ്രാം വച്ചു ഒരു കാർഡിൽ ഫോട്ടോകൾ സ്ഥാപിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പായി.

പിറ്റേന്ന് ഓഫീസിൽ ചെന്നപ്പോൾ ഞാൻ ഈ ആശയം അവന്മാരോട് പറഞ്ഞെങ്കിലും വലിയ പ്രതികരണം ഒന്നും കിട്ടിയില്ല. ആരെങ്കിലും ഒക്കെ ഇങ്ങനെ സമ്മാനം കൊടുക്കാൻ മെനക്കെടുമോ എന്നാണ് അവർ ചോദിച്ചത്.

പക്ഷെ എനിക്ക് ഇതൊന്ന് പരീക്ഷിക്കണം എന്ന് തന്നെ തോന്നി. ഒരു സോഫ്റ്റ്‌വെയർ എന്നതിൽ കവിഞ്ഞു ഫിസിക്കൽ ആയ ഒരു വസ്തു കൂടെ ഉണ്ടല്ലോ എന്നതാണ് എന്നെ കൂടുതൽ ആകർഷിച്ചത്.

മറ്റ് ചിലവൊന്നും ഇല്ലല്ലോ, കിട്ടിയാൽ കിട്ടി എന്ന രീതിയിൽ ഒഴിവു സമയങ്ങളിൽ ഞാൻ വെബ്സൈറ്റ് ഉണ്ടാക്കാൻ ആരംഭിച്ചു. വെബ്സൈറ്റ് വഴി പേയ്‌മെന്റ് വാങ്ങുന്ന payment gateway ഒക്കെ വേണ്ടിവരും അതൊക്കെ എങ്ങനെ ചെയുന്നത് എന്നൊന്നും ഒരു ഐഡിയയും ഇല്ല, അതിന്റെ സമയം ആകുമ്പോൾ എങ്ങനെ എങ്കിലും ഒപ്പിക്കാം എന്ന ഉറച്ച വിശ്വാസത്തിലാണ് പണി തുടങ്ങിയത്.

എന്റെ പ്ലാൻ വെറുതെ കാർഡ് ഓർഡർ ചെയ്യാൻ കഴിയുന്ന വെബ്സൈറ്റ് അല്ല മറിച്ചു നമ്മുടെ ആവശ്യത്തിന് അനുസരിച്ചു കാർഡ് തന്നത്താനെ ഡിസൈൻ ചെയ്യാൻ കഴിയുന്ന ഒരെണ്ണം ആയിരുന്നു. പല തവണ ചെയ്തത് മുഴുവൻ കളഞ്ഞിട്ട് ഒന്നെന്നു തുടങ്ങേണ്ടി വന്നു, കാരണം വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ലല്ലോ. ചെയ്തു ഒരു വഴിക്ക് എത്തുമ്പോൾ ആണ് അതുവരെ ചെയ്തത് മുഴുവൻ അബദ്ധം ആണെന്നൊക്കെ തിരിച്ചറിയുന്നത്.

എന്തിനേറെ സംഭവം കുറച്ചു ആയപ്പോൾ ആണ് ഇത് ഹോസ്റ്റ് ചെയ്യാനുള്ള സെർവറിനെ പറ്റി ചിന്തിക്കുന്നത്. ഞാൻ പഠിച്ചതും ഇത് ഉണ്ടാക്കിയതുമെല്ലാം .net എന്ന പ്രോഗ്രാമിങ് ലാംഗ്വേജിൽ ആയിരുന്നു. അതിനു ചിലവ് വളരെ കൂടുതൽ ആണെന്ന് കണ്ട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഓഫീസിൽ പുതിയ ആളുകൾ വരുന്നത്. മൂന്ന് പേര് വന്നതിൽ ഒന്നെന്റെ കൂടെ പ്ലസ് ടു പഠിച്ച ബിമലും പിന്നെ സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്ന ലിജോയും ആയിരുന്നു.

ഷിൻസ് വഴി അതിന് മുന്നേ തന്നെ ലിജോ ആയിട്ട് കമ്പനി ആകുകയും ഞങ്ങൾ വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കുകയും ഒക്കെ ചെയ്തിരുന്നു. പ്ലസ് ടു സമയത്ത് എന്നെപോലെ തന്നെ ഓരോ പരീക്ഷണം നടത്തിക്കൊണ്ടിരുന്ന ആളായിരുന്നു ബിമൽ. സ്കൂൾ കഴിഞ്ഞിട്ട് ഇപ്പോൾ കാണുമ്പോൾ അവൻ മറ്റൊരാൾ ആയി മാറിയിരുന്നു. ജട പിടിച്ച നീട്ടി വളർത്തിയ മുടിയും കട്ട കലിപ്പ് ലുക്കും പക്ഷെ ആള് പാവമാണ്. പിന്നെ വന്നത് ഒരു പെങ്കൊച്ചാണ്. തമ്മിൽ നല്ല പരിചയം ഉള്ള ഞങ്ങൾ അഞ്ച് ആണുങ്ങളുടെ കൂടെ അവൾ പിടിച്ചു നിൽക്കാൻ നന്നേ കഷ്ടപ്പെട്ടു.

ഞാൻ പ്രോഗ്രാം ചെയ്യാൻ തുടങ്ങിയത് കൊണ്ട് പുതിയ ഡിസൈനർ ആയിട്ടാണ് ലിജോയുടെ വരവ്. അനുവും ബിമലും വേറെ പ്രോഗ്രാമിങ് ലാംഗ്വേജ് ആയ php ആണ് പഠിച്ചിട്ടുള്ളത്. Php ആണെങ്കിൽ സെർവറിന് അധികം ചിലവില്ല എന്ന് കണ്ടപ്പോൾ അവരോട് ചോദിച്ചു php കൂടി പഠിക്കുക അല്ലാതെ എനിക്ക് വേറെ വഴി ഇല്ലാതെയായി.

പക്ഷെ വിചാരിച്ചതുപോലെ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ അത് പഠിക്കാൻ കഴിഞ്ഞു. കാരണം ഒരെണ്ണത്തിൽ ലോജിക് കിട്ടിയാൽ പിന്നെ ഉള്ളതൊക്കെ വേണമെങ്കിൽ എളുപ്പത്തിൽ പഠിക്കാൻ പറ്റും. അങ്ങനെ വീണ്ടും ആദ്യം മുതൽ മാറ്റി ചെയ്ത് ഞാൻ വെബ്സൈറ്റ് ഒരുവിധം പൂർത്തിയാക്കി.

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ഓർക്കുന്നത്, കാർഡ് ഇതുവരെ ഒരെണ്ണം പോലും ഉണ്ടാക്കി നോക്കിയിട്ടില്ല. അത് എന്നെകൊണ്ട് ഡിസൈൻ ചെയ്യാൻ പറ്റുമെന്നോ അല്ലെങ്കിൽ പ്രിന്റ് എടുത്താൽ എങ്ങനെ ഇരിക്കുമെന്നോ ഒന്നും നോക്കിയിട്ടില്ല. എന്നെപ്പോലെ ഇത്രയും മണ്ടൻ വേറെ ആരും കാണില്ലല്ലോ കർത്താവെ എന്നും വിചാരിച്ചു പിന്നെ അതിന്റെ പിറകിൽ തന്നെ ഇരുന്നു.

ആദ്യമൊക്കെ നല്ലത് പോലെ വിഷമിച്ചു, മനസ്സിൽ വിചാരിച്ചത് പോലെയൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല, എന്നാലും പതിയെ അത്യാവശ്യം തരേക്കേടില്ലാത്ത കുറച്ചു ഡിസൈൻ ഉണ്ടക്കാൻ എനിക്ക് കഴിഞ്ഞു. പ്രിന്റ് ചെയ്തു നോക്കിയപ്പോഴും വലിയ കുഴപ്പമില്ല. എന്നാലും വെബ്സൈറ്റ് വഴി ഒരു ഓർഡർ പോലുമില്ല, അത് നേരെ ചൊവ്വേ വർക്ക്‌ ആകുമോ എന്നുപോലും ഞാൻ നോക്കിയില്ല. നോക്കിയാൽ വർക്ക്‌ ആയില്ലെങ്കിലോ എന്നുള്ള പേടികൊണ്ടാണ് നോക്കാത്തത് എന്നതാണ് കാര്യം. 2014 ൽ ആണ് വെബ്സൈറ്റ് ഉണ്ടാക്കാൻ ആരംഭിക്കുന്നത്, ഇപ്പോൾ 2015 ആയി.

One design made by me

പിന്നെ ഞാൻ അത് നോക്കാൻ പോയില്ല ഏതാണ്ട് ഉപേക്ഷിച്ച മട്ടായിരുന്നു. എന്നാൽ ജൂലൈ ഒക്കെ ആയപ്പോൾ വീണ്ടും ആഗ്രഹം കയറി. ഞാൻ സൈറ്റ് മുഴുവൻ ഒരിക്കൽ കൂടി പൊളിച്ചു പണിതു, payment gateway ഒക്കെ എങ്ങനെയൊക്കെയോ ശരിയാക്കി എടുത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആദ്യത്തേതിൽ ഒരുപാട് കുറവുകൾ ഉണ്ടായിരുന്നു, അതെല്ലാം പരിഹരിച്ചാണ് ഇപ്പോഴത്തേത് ഉണ്ടാക്കിയത്. എന്നിട്ടും ഒരു ഓർഡർ പോലും എനിക്ക് കിട്ടിയില്ല.

എന്നാൽ മറ്റൊരു വഴിക്ക് ഓർഡർ കിട്ടാൻ തുടങ്ങി, ഷിൻസിന്റെ അനിയൻ എന്റെ കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു. അവൻ വഴി കാർഡിന്റെ ഫോട്ടോ കണ്ടിട്ട് ഓരോരുത്തർ ഓർഡർ തരാൻ തുടങ്ങി. സംഭവം വിറ്റ് പോകും എന്ന് കണ്ടപ്പോൾ എനിക്ക് വീണ്ടും ആവേശമായി. വെബ്സൈറ്റ് ഒന്നുകൂടി പുതുക്കി ഇറക്കി, കുറച്ചുകൂടി കാർഡുകൾ ഉണ്ടാക്കി.

ഇങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടെന്ന് ആളുകൾ അറിഞ്ഞാൽ അല്ലേ ഓർഡർ കിട്ടൂ എന്ന ചിന്ത ഉണ്ടായത് അന്നേരമാണ്. എനിക്ക് പരിചയം ഉള്ള ഒരാൾ മനോരമയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ പുള്ളിയോട് ഇതേപ്പറ്റി സൂചിപ്പിച്ചു. പുള്ളി ഓഫീസിൽ പോയി അവതരിപ്പിക്കുകയും ചെയ്തു.

കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് ഒരു ഫോൺ കാൾ വന്നു, വനിതയിൽ നിന്നാണ് എന്താണ് സംഭവം എന്നെല്ലാം അറിയാൻ വേണ്ടിയാണ്. എന്തെങ്കിലും ഫോട്ടോ ഉണ്ടെങ്കിൽ അതുകൂടി അയച്ചേക്കാൻ പറഞ്ഞപ്പോൾ ചെറിയ ഒരു പ്രതീക്ഷ തോന്നി. ഞാൻ ലിജോയേം കൂട്ടി പരിചയം ഉള്ള ഒരാളുടെ mac ബുക്കും വാങ്ങി എനിക്ക് മനസ്സിൽ തോന്നിയ രീതിയിൽ ഒരു ഫോട്ടോയും പിന്നെ കുറച്ചു കാർഡുകൾ പ്രിന്റ് ചെയ്തു വച്ച ഫോട്ടോയും അയച്ചു കൊടുത്തു.

ഏതാണ്ട് ഒരു മാസം കഴിഞ്ഞു നവംബർ അവസാനം, ഒരു ദീർഘയാത്ര കഴിഞ്ഞു വന്ന ഞാൻ ഫോൺ എടുത്ത് നോക്കുമ്പോൾ സ്കൂളിൽ പഠിച്ച ഒരു കൂട്ടുകാരി അയച്ച മെസ്സേജ് കണ്ട് ഞാൻ ഞെട്ടിപ്പോയി. എന്റെ ഫോട്ടോ ഉൾപ്പെടെ വച്ചിട്ടു വനിതയിൽ വന്ന ഒരു ആർട്ടിക്കിളിന്റെ ചിത്രമായിരുന്നു അത്.

Dec 1 – 2015

ഒരുപക്ഷെ വാർത്ത വന്നേക്കാം എന്ന് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എന്റെ ഫോട്ടോ ഉൾപ്പെടെ വരുമെന്ന് ഞാൻ ഒട്ടും കരുതിയതല്ല. ചെറുപ്പത്തിലേ ഒരു ആഗ്രഹം ആയിരുന്നല്ലോ ഇങ്ങനെ ഒരു വാർത്ത വരുന്നത്. ഞാൻ അന്ന് പ്രതീക്ഷിച്ച പോലെ ഒരു സംഭവത്തിന്റെ അല്ലെങ്കിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.

പിറ്റേന്ന് നോക്കിയപ്പോൾ വെബ്സൈറ്റിൽ ഒരു ഓർഡർ വന്നിട്ടുണ്ട്. അത് അതിലും വലിയ തമാശ. കാർഡ് അയക്കേണ്ടത് എന്റെ കൂടെ പ്ലസ് ടുവിന് പഠിച്ച ഒരു കൂട്ടുകാരന് തന്നെയാണ്. അങ്ങനെ വെബ്സൈറ്റ് വഴി എന്റെ ആദ്യത്തെ ഓർഡർ ഞാൻ നന്നായി അയച്ചുകൊടുത്തു.

പിന്നീട് ഉള്ള ദിവസങ്ങളിലും കൂടുതൽ ഓർഡർ കിട്ടാൻ തുടങ്ങി, അപ്പോഴാണ് കൂടെ ഉള്ളവർക്കും ഇത് നടക്കും എന്ന് വിശ്വാസം ആയത്. പക്ഷെ പിന്നെ അങ്ങോട്ട് ഞാൻ പ്രതീക്ഷിച്ചത് പോലെ അല്ലായിരുന്നു. പാക്ക് ചെയ്യുന്നതിൽ വീഴ്ചകൾ ഉണ്ടായി, വെബ്സൈറ്റിൽ പല പ്രശ്നങ്ങൾ. എല്ലാംകൂടി എനിക്ക് നല്ല തിരക്കായി. നേരം വെളുക്കുമ്പോൾ മുതൽ പാതിരാത്രി വരെ പണിയെടുക്കണം എന്നാലും എല്ലാം ഞാൻ നന്നായി ആസ്വദിക്കാൻ തുടങ്ങി. ആദ്യമായി തുടങ്ങിയ പ്രസ്ഥാനം ആണല്ലോ.

ചില ഓർഡർ അടുത്തുള്ള കോളേജിൽ നിന്നൊക്കെ വരും അവർക്ക് അത് നേരിട്ട് എത്തിച്ചു കൊടുക്കണം, ചിലത് രണ്ട് ദിവസത്തിനുള്ളിൽ ഉദ്ദേശിച്ച സ്ഥലത്തു എത്തിക്കണം അങ്ങനെ ഉള്ള റിസ്കുകൾ. എല്ലാം എനിക്ക് പുതിയ പാഠങ്ങൾ ആയിരുന്നു..

പക്ഷെ എല്ലാ പണിയും ഞാൻ തന്നെ ചെയ്യുക എന്നതിൽ കവിഞ്ഞു ഒരാളെ ജോലിക്ക് വക്കാൻ ഒന്നും എനിക്ക് കഴിയുന്നില്ല. പിന്നീട് ഒരിക്കൽ അതിന്റെ കാരണം എനിക്ക് മനസിലായി, ഞാൻ വളരെ വില കുറച്ചാണ് കാർഡുകൾ വിറ്റിരുന്നത്. പ്രിന്റ് ചെയ്യാനും പാർസൽ അയക്കാനും ഉള്ള ചിലവിന്റെ കൂടെ വെറും പത്തോ ഇരുപതോ രൂപയാണ് ഞാൻ ലാഭമായി ഇട്ടിരുന്നത്. ഡിസൈൻ ചെയ്യുക, വെബ്സൈറ്റ് ചിലവ്, പാക്ക് ചെയ്തു അയക്കുക തുടങ്ങിയ പണിക്കൂലി ഞാൻ എങ്ങും കൂട്ടിയിരുന്നില്ല. ഇതാണ് ചിലവുണ്ടെങ്കിലും ജോലിക്ക് ആളെ വയ്ക്കാനോ കൂടുതൽ എന്തെങ്കിലും ചെയ്യാനോ എനിക്ക് കഴിയാതെ പോയത്.

വനിതയിൽ വന്നതിന്റെ എഫക്ട് ഒക്കെ ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ തീർന്നിരുന്നു. കൂടുതൽ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നറിയില്ല, അങ്ങനെ ആ പരിപാടി താൽക്കാലത്തേക്ക് നിർത്തേണ്ടി വന്നു. എന്നാലും വല്ലപ്പോഴും ഒരു ഓർഡർ ഒക്കെ വരും, പക്ഷെ അതുകൊണ്ട് കാര്യം ഒന്നുമില്ലല്ലോ.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.